ജനസാന്ദ്രതയും സുസ്ഥിരഭവനങ്ങളും
പ്രകൃതിസൗന്ദര്യം, സംസ്കൃതി, രുചിയേറിയ ഭക്ഷണം, മികവുറ്റ വാസ്തു
കല എന്നിവയ്ക്ക് കേള്‍വികേട്ട സംസ്ഥാനമാണ് കേരളം. ഈര്‍പ്പവും ചൂടും
(Tropical Monsoon Climate) ഉള്ള സവിശേഷമായ കാലാവസ്ഥ; അകത്തളത്തെ
പരോക്ഷമായി തണുപ്പിക്കുന്ന വരാന്തകള്‍, സുഗമമായ വായുസഞ്ചാരമുള്ള മുറികളും
അവയ്ക്കിണങ്ങുന്ന വിവിധ ആകൃതികളിലുള്ള ജനലുകളും വാതിലുകളും, നടുമുറ്റങ്ങള്‍, മച്ചുകള്‍ എന്നിവയെ
കേരളീയ വാസ്തു കലയുടെ അവിഭാജ്യ ഘടകമാക്കി തീര്‍ത്തിട്ടുണ്ട്.
ഇന്നത്തെ കേരളീയ ഭവനങ്ങള്‍ പുറംകാഴ്ചയിലും ഫിനിഷുകളിലും സൗകര്യങ്ങളിലും ആധുനികമാണെങ്കിലും
വിശാലമായ മതില്‍ക്കെട്ടിനകത്ത് ഉള്ള ഒരു വീട് എന്ന മലയാളിയുടെ സ്വപ്നത്തിന് മാറ്റമൊന്നും തന്നെ വന്നിട്ടില്ല.
ഇത്തരത്തിലുള്ള പരമ്പരാഗത സങ്കല്പവുമായി ഇനി എത്ര നാള്‍ കഴിയുമെന്ന് സ്വയം ചോദിക്കേ സമയം ഒരര്‍ത്ഥത്തില്‍ ആസന്നമായി കഴിഞ്ഞു.
2011 ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററില്‍ 860 പേര്‍ എന്നതാണ്, അതായത് ഒരു ചതുരശ്ര കിലോമീറ്ററി
ല്‍ 382 പേര്‍ എന്ന ദേശീയ ശരാശരിയെക്കാള്‍ 225 മടങ് കൂടുതല്‍. കേരളത്തിന്‍റെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്തെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററില്‍
1508 പേര്‍ എന്നതാണ്. ദേശീയ ശരാശരിയെക്കാള്‍ 395 ശതമാനം കൂടുതലാണ് ഈ ജനസംഖ്യ. 2011ലെ സെന്‍സസ് പ്രകാരം 47.7 ശതമാനമായിരുന്നു കേരളത്തിലെ നാഗരികജനത.
2001നും 2011നും ഇടയില്‍ ഈ അനുപാതത്തില്‍ 21.74 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന റസിഡന്‍ഷ്യല്‍ ഏരിയകളില്‍ ചെറു പ്ലോട്ടുകളിലുള്ള ഭവനങ്ങളുടെ
പ്രസക്തി ഏറി വരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പടുകൂറ്റന്‍ വീടുകള്‍ പണിയാനുള്ള സ്ഥലം എത്ര കാലം നമുക്ക് ലഭ്യമാകും? അങ്ങനെയുള്ള
നിര്‍മ്മിതികള്‍ സുസ്ഥിരമല്ലെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. കാലാവസ്ഥക്കും സാമൂഹിക
സാംസ്കാരിക ആവശ്യകതകള്‍ക്കും അനുയോജ്യമായ പാര്‍പ്പിടം ഒരുക്കുന്നതില്‍ കേരളീയര്‍
വേണ്ടത്ര ശ്രദ്ധിച്ചിട്ടുണ്ടോ? അതിന് ഒരുക്കമാണോ?
വരേണ്യ വര്‍ഗ്ഗത്തിനു വേണ്ടി അല്ലാതെ, ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ഉയരുന്ന
അപ്പാര്‍ട്ട്മെന്‍റുകളും അപ്പാര്‍ട്ട്മെന്‍റ് സമുച്ചയങ്ങളും പലപ്പോഴും ആദ്യമേ സൂചിപ്പിച്ച പരോക്ഷ താപനിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തവയാണ്. ആ കുറവിനെ കുറിച്ച്
ആരും ചിന്തിക്കുന്നുമില്ല. തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ വിശേഷിച്ച് വിയറ്റ്നാമും മലേഷ്യയും,വളരെക്കാലമായി ഇത്തരം വിഷയങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ് അതേ പാത
പിന്തുടര്‍ന്ന് കേരളീയരും ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ സ്വാസ്ഥ്യം ഉറപ്പുവരുത്തുന്ന ചെറു ഭവനങ്ങള്‍ ഒരുക്കുന്നതെങ്ങനെ എന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
അത്തരം ചെറുഭവനങ്ങള്‍ കൂടുതലായി ഡിസൈന്‍ ചെയ്യാനുള്ള സാമൂഹിക പ്രതിബദ്ധത ആര്‍ക്കിടെക്ചറല്‍ സമൂഹത്തിനുണ്ട്. അതിന് ആക്കം കൂട്ടുന്ന ഗവേഷണങ്ങളും
തീരുമാനങ്ങളും ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
- ആര്‍ക്കിടെക്റ്റ് അപര്‍ണ സതീഷ്,
- അസിസ്റ്റന്‍റ് പ്രൊഫസര്‍,ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ആര്‍ക്കിടെക്ചര്‍ & പ്ലാനിങ്,
കോളേജ് ഓഫ് എഞ്ചിനീയറിങ്,ട്രിവാന്‍ഡ്രം