അതിവേഗം വളരുന്ന ഒരു നഗരത്തിലെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതെങ്ങനെ
തൃപ്പൂണിത്തുറയില്‍ കഴിഞ്ഞ മാസം ഇരുപത്തഞ്ചാം തീയതി കെ-സ്കോപ്പ് 25 എന്ന പേരില്‍ കെഎംഇഎ കോളേജ് ഓഫ് ആര്‍ക്കിടെക്ചറിന്‍റെ
വാര്‍ഷിക ഡിസൈന്‍ എക്സിബിഷനില്‍ നടന്ന പാനല്‍ ചര്‍ച്ചയുടെ പ്രസക്ത ഭാഗങ്ങള്‍ :
നമ്മുടെ നഗരങ്ങള്‍ അതിവേഗം വളരുകയാണ്. അതിനൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍
വികസിക്കുകയും, ആകാശത്തിന്‍റെ അതിരുകള്‍ മാറുകയും, നഗരജീവിതം അനുദിനം
കൂടുതല്‍ സങ്കീര്‍ണ്ണമാകുകയും ചെയ്യുന്നുമുണ്ട്. എന്നാല്‍ നഗരങ്ങള്‍ വളരുന്തോറും അവയുടെ സാംസ്കാരിക പൈതൃകം, നഗരവാസികളുടെ ഗതകാല സ്മരണകള്‍, നഗരവാസികളില്‍
ആഴത്തില്‍ വേരൂന്നിയ സ്വത്വങ്ങള്‍ എന്നിവ നഷ്ടമാകുന്നില്ലെന്ന് നമുക്ക് എങ്ങനെ ഉറപ്പിക്കാന്‍ കഴിയും? മാറ്റങ്ങള്‍ അനിവാര്യമായൊരു കാലഘട്ടത്തിലെ പൈതൃകത്തിന്‍റെ കാവലാളുകളാണ് ഇന്ന് നാം.
വളര്‍ച്ചയെ ചെറുക്കാതെ തന്നെ പൈതൃകത്തെ ഉത്തരവാദിത്വത്തോടെ രൂപപ്പെടു ത്തുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മളാണ്.
ഇന്ത്യയിലെ ചരിത്ര നഗരങ്ങളോട് കിടപിടിക്കുന്ന നഗരങ്ങള്‍ ലോകത്തെവിടെയുമില്ല. അത്തരം പ്രദേശങ്ങളുടെ ഭാഗധേയം നിര്‍ണയിക്കാന്‍ ചുമതലപ്പെട്ട വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ
മൂലം പലപ്പോഴും നമ്മുടെ പൈതൃക സംരക്ഷണ തന്ത്രങ്ങള്‍ പാളിപ്പോകാറുണ്ട്. പൈതൃക ബിംബങ്ങളുടെ സമഗ്രമായ പട്ടിക സൂക്ഷിക്കാന്‍ പലപ്പോഴും നമുക്ക് കഴിയാറില്ല. സ്മാരകങ്ങളെ സംരക്ഷിക്കാന്‍
കാണിക്കുന്ന ആര്‍ജ്ജവമല്ല, സചേതനമായ പൈതൃക ബിംബങ്ങളെ കൃത്യമായി സംരക്ഷിക്കാനുള്ള സന്നദ്ധതാണ് വേണ്ടത്.
വര്‍ത്തമാന കാലഘട്ടത്തില്‍ പൈതൃകത്തിനുള്ള പ്രസക്തി കൃത്യമായി മനസ്സിലാക്കാന്‍ നമുക്ക് സാധിക്കണം. ഉത്തരവാദിത്വപൂര്‍ണ്ണവും സുസ്ഥിരവുമായ സാംസ്കാരിക ടൂറിസം ശരിയായ രീതിയില്‍ നടപ്പാക്കിയാല്‍
ഉണ്ടാകുന്ന സാമ്പത്തിക ലാഭം സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി നേരിട്ട് ഉപയോഗിക്കാന്‍ നമുക്ക് കഴിയും. കേരളത്തിലെ പൈതൃക കേന്ദ്രങ്ങള്‍ക്ക് വേണ്ടി കൃത്യമായ നയങ്ങള്‍ രൂപീകരിക്കുകയും വികസിപ്പിക്കുകയും
നടപ്പാക്കുകയും ചെയ്യാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണം. ആധുനിക കാലഘട്ടത്തിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് പൈതൃക കേന്ദ്രങ്ങളെ കൃത്യമായി പരിവര്‍ത്തിപ്പിക്കാനും നമുക്ക് കഴിയണം.
വ്യത്യസ്ത സമൂഹങ്ങളില്‍ അടിസ്ഥാനതലത്തില്‍ നടപ്പാക്കിയാലേ നിയമങ്ങളും നിയന്ത്രണങ്ങളും പ്രസക്തമാവുകയുള്ളൂ.
ആര്‍ക്കിടെക്റ്റ് രാഖി മറിയം ജോണ്‍സണ്‍
സിറ്റി ഫ്യൂച്ചേഴ്സ് ഡിസൈന്‍ കൊളാബറേറ്റീവ്, കൊച്ചി.