Last Updated: August 09, 2025
"റിയര്‍ വ്യൂ" / Ar.Sudheer Balakrishnan - National Treasurer (IAA) / Published in Designer + Builder on June 01, 2025
ജലസംരക്ഷണത്തിനായി വാസ്തുശില്പികള്‍ മുന്നിട്ടിറങ്ങണം

പഞ്ചഭൂതങ്ങളായ ആകാശം, ഭൂമി, വായു, ജലം, അഗ്നി എന്നിവയില്ലെങ്കില്‍ മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും അസ്തിത്വം ഉണ്ടാകില്ലെന്നതാണ് വസ്തുത. പഞ്ചഭൂതങ്ങളെ അതതിന്‍റെ സ്വത്വം അറിഞ്ഞ് കൃത്യമായ അനുപാതത്തില്‍ നിര്‍മ്മിതിക്കകത്ത് സന്നിവേശിപ്പിക്കുക എന്ന താണ് ഒരു വാസ്തുശില്പിയുടെ പ്രാഥമിക ധര്‍മ്മം. അതോടൊപ്പം ഇവ മലിനീകരിക്കപ്പെടാതിരിക്കാനും ഇവയെ അനാവശ്യമായി ചൂഷണം ചെയ്യാതിരിക്കാനും വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയും വേണം. റോഡ് നിര്‍മ്മാണം, ഓട നിര്‍മ്മാണം, നദികളുടെ സ്വാഭാവികഒഴുക്കിനെ തടഞ്ഞുകൊണ്ടുള്ള അണക്കെട്ട് നിര്‍മ്മാണം എന്നിങ്ങനെയുള്ള മാനുഷിക ഇടപെടലുകള്‍ പ്രകൃതി ചൂഷണത്തിന്‍റെ ഉദാഹരണങ്ങളാണ്. യഥാര്‍ത്ഥത്തില്‍ വര്‍ണ്ണരഹിതമായ ജലം ഓടയിലൂടെ കറുത്ത നിറത്തില്‍ ഒഴുകുന്നത് മലിനീകരണത്തിന്‍റെ നേര്‍സാക്ഷ്യമാണ്. നിറം മാറുന്നതോടെ ജലം ഉപയോഗശൂന്യമാകും എന്നതാണ് വസ്തുത. മനുഷ്യന്‍റെ അതിര് കടന്ന അധിനിവേശമാണ് ശുദ്ധജലത്തെ മലിനമാക്കുന്നത്. മാനുഷിക ഇടപെടലുകള്‍ പരിധിക്കപ്പുറമായാല്‍ പഞ്ചഭൂതങ്ങളില്‍ ഏറ്റവും പ്രതികരണശേഷി കുറഞ്ഞ ജലം പോലും പ്രളയകാലത്തെ പോലെ സംഹാര താണ്ഡവമാടും. പരിസ്ഥിതി ബോധം എന്ന സംസ്ക്കാരം രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരുന്ന നമ്മുടെ മുന്‍തലമുറ ജലത്തെ ദൈവമായി കരുതി ആരാധിച്ചിരുന്നു. ആധുനിക മനുഷ്യനാകട്ടെ ജലശ്രോതസ്സുകളെ പല വിധത്തില്‍ മലിനമാക്കി കൊണ്ടിരിക്കുകയാണ്. ഈ പ്രവണത ജലത്തിന് വേണ്ടിയുള്ള മഹായുദ്ധങ്ങള്‍ക്ക് വഴി തെളിക്കും.

ജലം ഇല്ലെങ്കില്‍ മനുഷ്യനില്ല. അതുകൊണ്ട് ജലത്തെ ബോധപൂര്‍വ്വം സംരക്ഷിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. കെട്ടിടത്തിന് അകത്തെ ജലവിനിയോഗം കുറയ്ക്കുന്നത് സംന്ധിച്ച് ഗവേഷണം നടക്കുന്നുണ്ടെങ്കിലും, പൊതുമണ്ഡലത്തില്‍ ജലസംരക്ഷണത്തെക്കുറിച്ച് കാര്യമായ അവഗാഹമില്ല. സിങ്കപ്പൂരില്‍ മൂന്ന് ദിശകളിലും നിന്ന് മഴ വെള്ളം കടലിലേക്ക് ഒഴുക്കിയിരുന്ന മഴവെള്ളച്ചാലുകളെ ആവശ്യാനുസാരം മണ്ണിട്ട് നികത്തി നദി പോലെ ആക്കിയെടുത്തതിന്‍റെ ഒരു മാതൃക അടുത്തിടെ നടന്ന മണ്‍സൂണ്‍ ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജലം സമയമെടുത്ത് കടലിലേക്കെത്താന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തപ്പോള്‍ മഴവെള്ളച്ചാലിലും പരിസരത്തും ജലജീവികളുടെയും പാമ്പുകളുടെയും കിളികളുടെയും സാന്നിധ്യമുണ്ടാകുകയും അവിടം ഒരു പാര്‍ക്കായി മാറുകയും ചെയ്തു. വെള്ള ത്തിന്‍റെ നന്മ നമ്മള്‍ കണ്ടെത്തിയാല്‍ നമുക്കും നന്മയുണ്ടാകും എന്നതിന്‍റെ തെളിവാണ് ആ ആര്‍ക്കിടെക്റ്റിന്‍റെ അനുഭവം.

നാല്‍പ്പത്തിനാല് നദികളൊഴുകുന്ന കേരളത്തില്‍ ജലത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്നോട്ടു വരണം. ബിസ്കറ്റ് കഴിച്ചതിന് ശേഷം കവര്‍ വലിച്ചെറിയുന്ന ലാഘവത്തോടെയാണ് ഇന്ന് നമ്മള്‍ വെള്ളം ഉപയോഗിക്കു ന്നത്. ജലസംരക്ഷണത്തിനായി രാഷ്ട്രീയകക്ഷിഭേദമെന്യേ തോമസ് ഐസക്കിനെയും കുമ്മനംരാജശേഖരനെയും പോലുള്ള പൊതുപ്രവര്‍ത്തകര്‍ മുന്നോട്ടുവരുന്നത് പ്രശംസനീയമാണ്. കേന്ദ്രസര്‍ക്കാരിന്‍റെ നമാമി ഗംഗാ പ്രോജക്റ്റ്, പ്രയാഗിലെ കുംഭമേളയുടെ സമയത്ത് യുപിസര്‍ക്കാര്‍ കൈക്കൊണ്ട ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ പ്രതീക്ഷയ്ക്ക് വകനല്‍കുന്നുണ്ട്. ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതിന് കൂടി വേണ്ടിയാണെന്ന ബോധത്തോടെ ജല സംരക്ഷണത്തിനായി നമുക്കെല്ലാവര്‍ക്കും കൈ കോര്‍ക്കാം.

ആര്‍ക്കിടെക്റ്റ് സുധീര്‍ ബാലകൃഷ്ണന്‍

എഎഎൈ ദേശീയ ട്രഷറര്‍.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.