ഘടികാരങ്ങളില്ലാത്ത ഓഫീസ്

ബിജി നാരായണന്‍

ന്യൂയോര്‍ക്കിലെ ഡിസൈന്‍ മാനേജ്മെന്‍റ് പഠനകാലത്ത്, 2011ല്‍, ഒരിക്കല്‍ ഗൂഗിള്‍ ഓഫീസ് സന്ദര്‍ശിക്കാന്‍ എനിക്ക് അവസരമുണ്ടായി. സഹപാഠിയായിരുന്ന എവലിന്‍ ഒരു ‘ഗൂഗിള്‍ ജീവനക്കാരി’ ആയിരുന്നതിനാല്‍ ഞങ്ങളുടെ ഒരു ക്ളാസ്സ് പ്രോജക്ട് ചര്‍ച്ച അവിടെ വച്ചാണ് നടത്തിയത്.

ജീവനക്കാര്‍ക്ക് ജോലിസമയത്ത് യഥേഷ്ടം ഉപയോഗിക്കാനായി സ്നാക്കുകളും ജ്യൂസും നിറച്ചു വച്ച പാന്‍ട്രികള്‍, ചാരിക്കിടക്കാനും വേണ്ടിവന്നാല്‍ ഉറങ്ങാനുമുള്ള ബീന്‍ ബാഗുകള്‍, സോഫകള്‍, പല തരത്തിലുള്ള ഗെയിമുകള്‍ക്കും ബ്രെയിന്‍ സ്റ്റോര്‍മിംഗ് സെഷനുകള്‍ക്കും സൗകര്യപ്പെടുത്തിയ ക്യാബിനുകള്‍…

ഇവയൊക്കെ കണ്ടു രസിച്ച്, പ്രോജക്റ്റ് ചര്‍ച്ച നടത്തി, വിശാലമായ ഫുഡ്കോര്‍ട്ടില്‍ നിന്നു ഭക്ഷണവും കഴിച്ച് ഏതാണ്ട് അഞ്ചു മണിക്കൂറോളം അതിനുള്ളില്‍ ചെലവഴിച്ചിറങ്ങിയപ്പോഴേക്കും, ക്ളാസ്സില്‍ ഏറ്റവും ക്രിയേറ്റിവ് ആയി പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്ന എവലിന്‍റെ പ്രചോദനം യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു എന്ന് ഞങ്ങള്‍ക്കെല്ലാം വ്യക്തമായിക്കഴിഞ്ഞിരുന്നു.

അപ്പോള്‍ എനിക്കോര്‍മ്മ വന്നത്, തൊണ്ണൂറുകളില്‍ ഞാന്‍ ജോലി ചെയ്തിരുന്ന ഡിസൈന്‍ കമ്പൈനിന്‍റെ പനമ്പിള്ളി നഗറിലെ ഓഫീസാണ്. താരതമ്യം അല്‍പം കടന്നുപോയില്ലേ എന്നു തോന്നാം.

എങ്കിലും, ഇതില്‍ അത്രക്ക് അതിശയോക്തിയില്ലെന്നു ഞാനുള്‍പ്പെടെ അവിടെ ജോലി ചെയ്തിട്ടുള്ള പലരും നിസ്സംശയം പറയും. ഭൗതിക സൗകര്യങ്ങളുടെ കാര്യങ്ങളിലല്ല ഡിസൈന്‍ കമ്പൈനും ഗൂഗിളും തമ്മില്‍ ഇങ്ങനെയൊരു താരതമ്യത്തിന് മുതിര്‍ന്നത്.

മറിച്ച്, തൊഴിലിടത്തെ മികച്ച അന്തരീക്ഷവും സംസ്കാരവും മൊത്തത്തിലുള്ള ഗുണമേന്‍മയേയും ജീവനക്കാരുടെ ഉദ്പാദനക്ഷമതയേയും എങ്ങനെ ഉയര്‍ത്തുന്നു എന്ന കാര്യത്തിലാണ്. എന്നാല്‍ ഒരു വ്യത്യസ്തതയുണ്ട്; ഡിസൈന്‍ കമ്പൈനില്‍, ഘടികാരങ്ങളേയില്ലായിരുന്നു.

യഥാര്‍ത്ഥത്തില്‍ അത് തന്നെയാണ് ഡിസൈന്‍ കമ്പൈനിനെ സംബന്ധിച്ച, എന്നെ എന്നും വിസ്മയിപ്പിച്ച സംഗതിയും. കാര്യക്ഷമതക്ക് ‘സമയം’ എന്ന ഘടകം ഒഴിവാക്കി വേറെ തന്നെ ഒരു സമവാക്യമാണ് അവിടെ ഉപയോഗിച്ചിരുന്നതെന്നു തോന്നും.

ആര്‍ക്കിടെക്റ്റുകളും ക്ലയന്‍റുകളും ഇത്രമേല്‍ റിലാക്സ്ഡ് ആയിരുന്ന മറ്റ് സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നോ എന്ന് സംശയമാണ്.

ആര്‍ക്കിടെക്റ്റ് രമേഷ് തരകനും ആര്‍ക്കിടെക്റ്റ് ജേക്കബ് ജോര്‍ജ്ജും നയിച്ച അന്നത്തെ ഡിസൈന്‍ കമ്പൈനില്‍, ഗുണനിലവാരവും പൂര്‍ണ്ണതയും ഉറപ്പാക്കിയിരുന്ന മികവിനോടുള്ള പ്രതിബദ്ധതക്ക് സമയപരിധികള്‍ ഒരിക്കലും വിലങ്ങുതടിയായിരുന്നില്ല.

പനമ്പിള്ളി നഗര്‍ അവന്യുവിലുള്ള ഒരു ഇരുനില വീടിന്‍റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന, അത്യാഡംബരങ്ങളൊന്നുമില്ലാത്ത ആ ഓഫീസില്‍ നിന്നുമാണ് തൊഴിലിനും ജീവിതത്തിനും വേണ്ട നിര്‍ണ്ണായകമായ ചില പാഠങ്ങള്‍ പകര്‍ന്നുകിട്ടിയത്.

മികച്ച ഗുണമേന്‍മക്ക് യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നതായിരുന്നു എന്‍റെ ആദ്യത്തെയും അവസാനത്തെയും ഡിസൈന്‍ കമ്പൈന്‍ പാഠം.

സ്വയം അതെത്രമാത്രം വിജയപ്രദമായി പകര്‍ത്താന്‍ സാധിച്ചു എന്ന് നിശ്ചയമില്ലെങ്കിലും, ഗുണമേന്‍മ (qualtiy) എന്നത് അടിസ്ഥാനപരമായി ഒരു മനോഭാവമാണെന്ന് മനസ്സിലാക്കിയത് അവിടെ ജോലിചെയ്ത കാലഘട്ടത്തിലാണ്.

ഇവിടെ കോളേജില്‍ നിന്നും ഇന്‍റേണ്‍ഷിപ്പിനു പോയി വരുന്ന വിദ്യാര്‍ത്ഥികള്‍ പലരും അവരുടെ ഓഫീസ് വിശേഷങ്ങള്‍ എന്നോട് പങ്കുവക്കാറുണ്ട്.

നല്ല അനുഭവങ്ങള്‍ കേള്‍ക്കുന്നുണ്ടെങ്കിലും, ഇടക്ക് കഴിവുള്ള ചില കുട്ടികള്‍ക്ക് പോലും നേരിടേണ്ടിവന്ന പ്രയാസങ്ങള്‍ അവര്‍ വിശദീകരിക്കുമ്പോള്‍, ഡിസൈനിങ്ങിലും വരക്കുന്നതിലും വരുത്തുന്ന ഓരോ തെറ്റിനും കണക്കുപറഞ്ഞ് ശമ്പളത്തില്‍ നിന്നും പിടിക്കുന്ന അയവും മയവുമില്ലാത്ത ഓഫീസ് സംസ്കാരത്തെക്കുറിച്ച് പറയുമ്പോള്‍, ഡിസൈന്‍ കമ്പൈനിനെയും രമേഷ് സാറിനേയും നന്ദിയോടെ മാത്രമേ സ്മരിക്കാന്‍ കഴിയൂ.

സന്ദര്‍ഭവശാല്‍ പറയട്ടെ, ഒരിക്കല്‍ ഒന്നിനും എങ്ങുമെത്താത്ത തുച്ഛമായ ശമ്പളത്തെക്കുറിച്ച് പറഞ്ഞ നര്‍മം ഗൗരവമായെടുത്ത്, ചോദിക്കാതെ തന്നെ എനിക്കൊപ്പം എല്ലാവരുടേയും ശമ്പളം വര്‍ദ്ധിപ്പിച്ചതും ഒരിക്കലും മറക്കാനാവാത്ത സംഭവങ്ങളിലൊന്നാണ്.

ഡിസൈന്‍ കമ്പൈനില്‍ ‘ശ്രേഷ്ഠം’ എന്നു വിശേഷിപ്പിക്കാവുന്ന ഒരു തൊഴില്‍ സംസ്കാരമുണ്ടായിരുന്നു. സമയവും പ്രയത്നവും നിക്ഷേപിച്ച്, ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുത്ത് സൃഷ്ടിച്ചെടുത്ത, അര്‍ത്ഥപൂര്‍ണ്ണമായ രൂപകല്‍പന പ്രക്രിയയായിരുന്നു ഡിസൈന്‍ കമ്പൈനിന്‍റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്.

ആ പ്രക്രിയ മികച്ച കെട്ടിടങ്ങളും സ്പേസുകളും സൃഷ്ടിക്കുന്നതില്‍ പലരേയും തങ്ങളുടെ കരിയറില്‍ ഉടനീളം സഹായിച്ചിട്ടുണ്ട്. ഇടപാടുകളില്‍ പുലര്‍ത്തിയിരുന്ന വിശ്വാസം, മാന്യത, സുതാര്യത, ബഹുമാനം, എന്നീ മൂല്യങ്ങളെല്ലാം ചേര്‍ത്തു സൃഷ്ടിച്ച രമ്യാന്തരീക്ഷമായിരിക്കണം ഡിസൈന്‍ കമ്പൈനിനെ ഒരുപാടു പേര്‍ ജോലിചെയ്യാനിഷ്ടപ്പെട്ട ഒരിടമാക്കിത്തീര്‍ത്തത്.

അപൂര്‍വ്വമായിട്ടാണെങ്കിലും ഈ വിശ്വാസം ചിലരെങ്കിലും തകര്‍ക്കാനിടയായി. അന്ന്, സ്ഥാപനത്തിന്‍റെ തലവന്‍ എന്ന നിലയില്‍ രമേഷ് സാര്‍ എടുത്ത കണിശവും എന്നാല്‍ മാന്യവുമായ നിലപാടുകള്‍, തീരുമാനങ്ങളെടുക്കുന്നതില്‍ എന്നെ പലപ്പോഴും സ്വാധീനിച്ചിട്ടുണ്ട്.

ആ തീരുമാനങ്ങള്‍, സ്ഥാപനത്തിന്‍റെ പൊതുനയത്തില്‍ നിന്നുമുള്ള വ്യതിചലനങ്ങളെ ഉള്‍ക്കൊള്ളുന്നതിനേക്കാള്‍ പുറന്തള്ളുന്നതാണ് തൊഴില്‍ സംസ്കാരം നിലനിര്‍ത്താന്‍ ഉപകരിക്കുന്നതെന്നും പഠിപ്പിച്ചു.

സര്‍വ്വോപരി, തൊഴിലിടങ്ങളിലെ വിശാലമനസ്കതയെ ചൂഷണം ചെയ്യരുതെന്ന വിലപ്പെട്ട പാഠവും. വ്യക്തിപരമായി പറഞ്ഞാല്‍ ഡിസൈന്‍ കമ്പൈന്‍ ദിനങ്ങള്‍ എന്‍റെ കരിയര്‍ ചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിച്ച പ്രചോദനത്തിന്‍റെ ഏടുകളായിരുന്നു.

ബി. ആര്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ഉടനേ ജോലിക്കു ചേരുമ്പോള്‍ ആര്‍ക്കും ഉണ്ടാകുന്ന സാധാരണ വിഹ്വലതകളെ പാടേ നീക്കം ചെയ്ത് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിനു പിന്നില്‍ നല്ല സഹപ്രവര്‍ത്തകരും പ്രചോദനാത്മകമായ ഓഫീസ് അന്തരീക്ഷമായിരുന്നുവെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു ഗൂഗിള്‍ ഓഫീസ് സന്ദര്‍ശനം അന്നെനിക്ക് സാധ്യമാക്കിയത്.

ഡിസൈനിലെ പൂര്‍ണ്ണതക്കു വേണ്ടി, അതിലെ വിശദാംശങ്ങള്‍ സമയമെടുത്ത് തൃപ്തിയാകുംവണ്ണം പഠിച്ച് ചെയ്യാന്‍ അവധി ദിവസങ്ങളില്‍ പോലും ഞാനുള്‍പ്പെടെ പലരും ഓഫീസില്‍ വന്ന് ധാരാളം സമയം ചിലവിട്ടിരുന്നത് ഓര്‍മ്മയുണ്ട്.

എല്ലാവരിലും ഒരു കിൃശേിശെര ാീശ്മേശേീി ഉണ്ടാക്കിയെടുക്കാന്‍ സഹായകമായ ആ തൊഴിലന്തരീക്ഷം ഇന്നു നാം വര്‍ത്തിക്കുന്ന ചുറ്റുപാടില്‍ പുന:സൃഷ്ടിച്ചെടുക്കുന്നതിന്‍റെ അപ്രായോഗികതയെപ്പറ്റി വെറുതെ ചിന്തിച്ചു പോകുന്നു.

മറ്റു പല പ്രൊഫഷണല്‍ വിദ്യാഭ്യാസങ്ങളിലും എന്ന പോലെ ആര്‍ക്കിടെക്ചറിലും പ്രവൃത്തിപരിചയത്തിന്‍റേയും പരിശീലനത്തിന്‍റേയും പങ്ക് ഒഴിച്ചുകൂടാനാകാത്തതാണെങ്കിലും, ഇത്രമേല്‍ വ്യക്തിപരമായ ‘മെന്‍ററിംഗ്’ മറ്റു മേഖലകളില്‍ വിരളമാണ്.

അക്കാരണത്താല്‍, കോളേജിലെ അധ്യാപകരോടൊപ്പം തന്നെ പ്രാക്ടീസിങ് ആര്‍ക്കിടെക്റ്റുകളും വിദ്യാര്‍ത്ഥികളുടെ ഗുരുക്കന്‍മാരായി മാറുന്നു.

എന്നിരുന്നാലും ആര്‍ക്കിടെക്റ്റ് രമേഷ് തരകനും അദ്ദേഹത്തിന്‍റെ ചില സമകാലികരും പകര്‍ന്നു നല്‍കിയതുപോലുള്ള ശിക്ഷണം ഇക്കാലത്ത് അപൂര്‍വ്വമായി മാത്രമേ ചെറുപ്പക്കാര്‍ക്ക് ലഭിക്കാറുള്ളൂവെന്നത് എത്രയോ നിരാശാജനകമാണ്.

ഇന്ന് പ്രതിവര്‍ഷം കേരളത്തില്‍ നിന്നു മാത്രം 1500 ലധികം കുട്ടികള്‍ ഗ്രാജ്വേറ്റ് ചെയ്യുന്ന ഈ പ്രൊഫഷനില്‍, കാലം ധാരാളം മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു എന്ന വാസ്തവത്തോട് ഇനിയും പൊരുത്തപ്പെടേണ്ടിയിരിക്കുന്നു.

ഇന്‍റേണുകളോ, ചെറുപ്പക്കാരായ ആര്‍ക്കിടെക്റ്റുകളോ ആകട്ടെ, എത്രപേര്‍ക്ക് തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ പ്രധാന ആര്‍ക്കിടെക്റ്റ് ഇക്കാലത്തൊരു പ്രചോദനമാകുന്നുണ്ടാവും? ഒരു വ്യക്തി എന്ന നിലയിലും, വാസ്തുശില്പി എന്ന നിലയിലും?

ഈ ചോദ്യമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം നിന്ന് ചിന്തിക്കുമ്പോഴും ഡിസൈന്‍ കമ്പൈനിനെയും രമേഷ് സാറിനേയും പ്രസക്തമാക്കുന്നത്.

ഒരു സ്ഥാപനം കരുത്താര്‍ജ്ജിക്കുന്നതില്‍, അതിന്‍റെ ഭാഗമാകുന്ന ഓരോ വ്യക്തിയും, ബാഹ്യമായി നിര്‍ബന്ധിക്കപ്പെടാതെ തന്നെ, ഗുണമേന്‍മയോട് പ്രതിബദ്ധതയുള്ള, ആത്മവിശ്വാസമുള്ള പ്രൊഫഷണലുകളായി മാറുന്നതിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞിടത്താണ് ഡിസൈന്‍ കമ്പൈനിന്‍റേയും രമേഷ് സാറിന്‍റേയും മഹത്വവും വിജയവും കാണാന്‍ സാധിക്കുക.

ഡിസൈന്‍ കമ്പൈനിന്‍റെ ഓഫീസിന്‍റെ നല്ല ഓര്‍മ്മകളില്‍ കുറേയേറെ തമാശകളും, രസകരവും ബൗദ്ധികവുമായ ചര്‍ച്ചകളും കൂടി നിറഞ്ഞുനില്‍ക്കുന്നു.

ദി ഗോഡ് ഓഫ് സ്മോള്‍ തിങ്സ്, താജ് മഹലിനു മുമ്പില്‍ വച്ചുനടത്തിയ യാനിയുടെ സംഗീത വിരുന്ന്, അത് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തപ്പോള്‍ പരസ്യങ്ങള്‍ സൃഷ്ടിച്ച അലോസരം, ക്ളിന്‍റന്‍റെ രണ്ടാമൂഴം, പലരുടേയും ഫേവറിറ്റ് ബുക്കായിരുന്ന ക്യാച്ച് 22 എന്നിങ്ങനെ പോകുന്നു അന്നത്തെ ചര്‍ച്ചാവിഷയങ്ങള്‍.

മനസ്സിലിപ്പോഴും ഘടികാരങ്ങളില്ലാത്ത ഡിസൈന്‍ കമ്പൈനിന്‍റെ ഓഫീസ് മുറികളിലെങ്ങും പടര്‍ന്നിരുന്ന ഫില്‍റ്റര്‍ കോഫിയുടെ ഹൃദ്യമായ ഗന്ധവും രുചിയുമുണ്ട്: കൂടെ എന്നും, അപൂര്‍വ്വമായ ആ ഹൃദയവിശാലതയുടെ ഊഷ്മളതയും.

ലേഖിക: ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്മെന്‍റ്, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ആര്‍ക്കിടെക്ചര്‍, കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ ട്രിവാന്‍ഡ്രം, തിരുവനന്തപുരം

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 261 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*