Architect : Hassan Gaffer

March 18th, 2014
ഒറ്റ ശൈലിയില്‍

ഓരോ ശൈലിയിലും പാലിക്കേണ്ട രൂപകല്‍പ്പനാ തത്ത്വങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. തിരഞ്ഞെടുക്കുന്ന ശൈലിക്കനുസൃതമായ നയങ്ങളാവണം പ്രൊജക്റ്റിലുടനീളം സ്വീകരിക്കേണ്ടത്. ഇരുശൈലികളുടെ മിശ്രണമാണെങ്കില്‍ അവ പരസ്പരം ചേര്‍ന്നു പോകേണ്ടതുണ്ട്. ഒരേ ഒരു ശൈലി എന്നുതീരുമാനിച്ചാല്‍ കലര്‍പ്പു പാടില്ല താനും. സമകാലിക ശൈലി മാത്രം സ്വീകരിച്ചുകൊണ്ട് 10 സെന്റിന്റെ പ്ലോട്ടില്‍ 3000 സ്‌ക്വയര്‍ഫീറ്റില്‍ ഒരു വീട് പണിതപ്പോള്‍ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഒരേ ശൈലി തന്നെ പിന്തുടരാന്‍ ആര്‍ക്കിടെക്റ്റ് ഹസ്സന്‍ ഗാഫര്‍ ശ്രമിച്ചു. മറ്റേതെങ്കിലുമൊരു ശൈലിയില്‍പ്പെട്ടവ എവിടേയും കൊണ്ടുവരാതെ നൂറുശതമാനവും കന്റംപ്രറി എന്ന ആശയമാണ് ഈ വീട്ടില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.
ഡോക്ടര്‍ റഫീക്കിനും കുടുംബത്തിനും വേണ്ടി പെരുമ്പാവൂരില്‍ ചുങ്കംവേലി എന്ന സ്ഥലത്ത്  ഒരുക്കിയ വീടിന്റെ രൂപകല്‍പനയില്‍ വളരെ മിനിമവും ലളിതവുമായ ഡിസൈന്‍ നയങ്ങള്‍ക്കാണ് ആര്‍ക്കിടെക്റ്റ് ഹസ്സന്‍ ഗാഫര്‍ മുന്‍തൂക്കം നല്‍കിയത്. ഗ്രേ-വൈറ്റ് കളര്‍ കോമ്പിനേഷനും, പര്‍ഗോള ഡിസൈനും എല്ലാം സമകാലിക ശൈലിയുടെ ഘടകങ്ങളാണ്. വീടിനു മുന്നിലെ ലാന്റ്‌സ്‌കേപ്പും വളരെ ഒഴുക്കനാണ്. ‘അലങ്കാരങ്ങളേക്കാള്‍ അധികം ഉപയുക്തത എന്ന ആശയത്തിലൂന്നിയായിരിക്കണം ഓരോ ഇടവും ഡിസൈന്‍ ചെയ്യേണ്ടത് എന്ന ഡോക്ടര്‍ റഫീക്കിന്റെ ആവശ്യം മുന്‍നിര്‍ത്തിയാണ് കന്റംപ്രറി ഡിസൈന്‍ തെരഞ്ഞെടുത്തത്’. ആര്‍ക്കിടെക്റ്റ് ഹസ്സന്‍ ഗാഫര്‍ പറയുന്നു. അനാവശ്യമായ പാര്‍ട്ടീഷനുകളും, അലങ്കാരങ്ങളുമൊക്കെ മാറ്റിനിര്‍ത്തിയാണ് ഉള്‍ത്തളങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജനലുകള്‍ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നത് മൂലം പുറത്തെ കാഴ്ചവിരുന്നിനൊപ്പം കാറ്റും വെളിച്ചവും കൂടി ഉള്ളിലേക്കെത്തുന്നുണ്ട്. ഇളം നിറങ്ങള്‍ നല്‍കിയതിനാല്‍ ഇന്റീരിയറിലാകെ വിശാലത തോന്നുന്നു. പകല്‍ സമയത്ത് ഈ വീട്ടില്‍ ലൈറ്റ് ഇടേണ്ട ആവശ്യകത വരുന്നതേയില്ല.
ലളിതമായ ഒരുക്കങ്ങള്‍ മാത്രമാണ് നാല് ബെഡ്‌റൂമുകളിലും പിന്തുടര്‍ന്നിരിക്കുന്നത്. വാഡ്രോബും മറ്റ് സ്റ്റോറേജ് സൗകര്യങ്ങളുമൊക്കെ ഏര്‍പ്പെടുത്തിയിരിക്കുന്നത്, ഉള്ള സ്ഥലത്ത് പരമാവധി സൗകര്യങ്ങള്‍ എന്ന കാഴ്ചപ്പാടോടെയാണ്. അപ്പര്‍ലിവിങില്‍ നിന്നും താഴേയ്ക്ക് അനായാസം കാഴ്ച എത്തും വിധമാണ് ലിവിങ്ങിന്റെ ഡിസൈന്‍ നിര്‍വഹണം. കൈവരികള്‍ക്ക് ചെറുതേക്കും ഗ്ലാസും കൊടുത്തു. സ്റ്റെപ്പിന് മാര്‍ബിളും. സ്റ്റെയറിന്റെ താഴെ പരമാവധി സ്റ്റോറേജ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ഫ്‌ളോറിങ്ങിന് മുഴുവന്‍ ഇറ്റാലിയന്‍ മാര്‍ബിളാണ് നല്‍കിയത്. ചില ഏരിയകള്‍ ഹൈലൈറ്റ് ചെയ്യാന്‍ വാള്‍പേപ്പര്‍ നല്‍കിയതല്ലാതെ അമിതാലങ്കാരങ്ങളൊന്നും എങ്ങും തന്നെ ഏര്‍പ്പെടുത്തിയിട്ടില്ല. വീട്ടുടമ ഡോക്ടറായതിനാല്‍ ഒരു കണ്‍സള്‍ട്ടേഷന്‍ മുറി കൂടി ഇവിടെയുണ്ട്. പ്രധാന പ്രവേശന കവാടത്തില്‍ നിന്നും പ്രവേശിക്കാവുന്ന വിധത്തിലാണ് അവിടേക്കുള്ള വാതില്‍ പൊതുവേ യൂണിഫോമിറ്റി തോന്നും വിധമാണ് ഡിസൈന്‍ നിര്‍വഹണം.
ഏതാണ്ട് 15 മാസം കൊണ്ട് എല്ലാ ജോലികളും തീര്‍ത്ത് താമസിക്കാന്‍ കഴിഞ്ഞു എന്ന് ഡോക്ടര്‍ റഫീക്ക് പറയുന്നു. മനസില്‍ വരഞ്ഞ വീടിന്റെ സങ്കല്പത്തിന് മങ്ങല്‍ ഏല്‍പ്പിക്കാതെയാണ് ആര്‍ക്കിടെക്റ്റ് ഹസന്‍ ഗാഫര്‍ വീട് പൂര്‍ത്തീകരിച്ചു തന്നത് എന്നതില്‍ ഡോക്ടറും കുടുംബവും സംതൃപ്തരാണ്. തെരഞ്ഞെടുത്ത ഡിസൈന്‍ നയത്തില്‍ പാളിച്ചകള്‍ സംഭവിക്കാതെ പൂര്‍ത്തീകരിച്ചുവെന്നതില്‍ ആര്‍ക്കിടെക്റ്റും.

Leave a Reply

Your email address will not be published. Required fields are marked *