പരിസരമറിഞ്ഞ് വീട്

നിലവിലുണ്ടായിരുന്ന പഴയ വീട് പൊളിച്ചു കളഞ്ഞ് പ്ലോട്ടിലുണ്ടായിരുന്ന കിണറിനെ സംരക്ഷിച്ചുകൊണ്ടാണ് പുതിയ വീടിന്‍റെ നിര്‍മ്മാണം

കന്‍റംപ്രറി ശൈലിയെങ്കിലും ബോക്സ് മാതൃകകള്‍ ഒഴിവാക്കി പകരം നേര്‍രേഖകളെ കൂട്ടുപിടിച്ച് വളരെ പ്ലെയ്ന്‍ ആയ ഒരു ഡിസൈന്‍ നയം സ്വീകരിച്ചുകൊണ്ട് ആര്‍ക്കിടെക്റ്റ് സോണു ജോയ് (ഡെന്‍സ് ആര്‍ക്കിടെക്റ്റ് എറണാകുളം, തിരുവനന്തപുരം) രൂപകല്പന ചെയ്തിട്ടുള്ള ഈ വീട് അത് സ്ഥിതി ചെയ്യുന്ന പ്ലോട്ടുമായി ലയിച്ചു ചേര്‍ന്നാണ് കിടക്കുന്നത്.

വീടിന്‍റെ മുന്നിലെ ലാന്‍ഡ്സ്കേപ്പിനെ ഏറെ പ്രയോജനപ്പെടുത്തി എന്നുമാത്രമല്ല വീടിന്‍റെ ഒരു ഭാഗമായി തന്നെയാണ് സജ്ജമാക്കിയിട്ടുള്ളത്. നിലവിലുണ്ടായിരുന്ന പഴയ വീട് പൊളിച്ചു കളഞ്ഞ് പ്ലോട്ടിലുണ്ടായിരുന്ന കിണറിനെ സംരക്ഷിച്ചുകൊണ്ടാണ് പുതിയ വീടിന്‍റെ നിര്‍മ്മാണം.

ഇരിപ്പിട സൗകര്യങ്ങളും മറ്റും നല്‍കിക്കൊണ്ടാണ് മുന്‍മുറ്റം ഒരുക്കിയിട്ടുള്ളത്. വീടിനുള്ളിലിരുന്നാലും ചുറ്റുപാടുമുള്ള പ്രകൃതിയുടെ വരദാനങ്ങളെല്ലാം അനുഭവിക്കാനാകുന്നുണ്ട് വീട്ടുകാര്‍ക്ക്.

അതിനു കഴിയുംവിധം സുതാര്യവും തുറസായതുമായ ഇടങ്ങള്‍. ഗ്രേ, വൈറ്റ്, ബ്രൗണ്‍ നിറങ്ങളുടെ ചേരുവകള്‍ക്ക് ഒപ്പം നേര്‍രേഖകളുടെ ഡിസൈന്‍ ചേര്‍ത്ത് ഒരുക്കിയിട്ടുള്ളതാണ് എലിവേഷന്‍. മുന്‍ഭാഗത്തു മാത്രമല്ല വശങ്ങളിലും പിന്നിലുമെല്ലാം മുറ്റത്തിന്‍റെയും അടുത്തുള്ള പാടത്തിന്‍റെയും സാമീപ്യം അറിയുവാനാകുന്നുണ്ട്.

വീടിന്‍റെ പിന്നാമ്പുറത്ത് പരന്നു കിടക്കുന്ന പാടശേഖരങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന കാറ്റുമുണ്ട്. വീടിന്‍റെ ഭാഗമായ വരാന്തകള്‍ പരിസരക്കാഴ്ചകള്‍ ഏറെ ആസ്വാദ്യകരമാക്കുന്നു.

അകത്തളങ്ങള്‍ തുറന്നതും പ്ലെയ്ന്‍ ഡിസൈനിങ് നയമുള്‍ക്കൊണ്ട് രൂപകല്പന ചെയ്തവയുമാകുന്നു. ആര്‍ക്കിടെക്ചര്‍ ഡിസൈനിങ്ങിന്‍റെ സ്വാഭാവിക സവിശേഷതകളില്‍ നിന്നും ഉരുത്തിരിഞ്ഞ ഭംഗിയാണ്.

കൃത്രിമമായ ഡിസൈന്‍ എലമെന്‍റുകളോ, ഹൈലൈറ്റുകളോ ഒന്നുമില്ല. ഡ്രോയിങ് ഏരിയയുടെ ഭാഗമായ വാട്ടര്‍ ബോഡിയാണ് അകത്തളങ്ങളെ കുളിര്‍പ്പിക്കുന്നത്. ഈ ഏരിയയുടെ റൂഫാകട്ടെ നാച്വറല്‍ ലൈറ്റ് കടന്നുവരുന്ന സംവിധാനങ്ങളോടെയാണ്.

റൂഫിലെ ഈ പര്‍ഗോള സംവിധാനം വീടിനുള്ളിലെ ചൂടുവായുവിനെ പുറന്തള്ളി വീട്ടകം കുളിര്‍മയുള്ളതാക്കുന്നു. ഇരിപ്പിടങ്ങള്‍ തികച്ചും കസ്റ്റമൈസ്ഡും ലളിതവുമായ ഡിസൈനോടു കൂടിയവയുമാകുന്നു.

ഡൈനിങ് ഏരിയയുടെ പാര്‍ട്ടീഷനാകുന്നത് ലൂവറുകള്‍ ചേര്‍ന്ന ഡിസൈന്‍ എലമെന്‍റാണ്. ആവശ്യമുള്ള പക്ഷം ഇവ തുറന്നു വയ്ക്കുവാന്‍ കഴിയും.

തുറന്നു വയ്ക്കുമ്പോള്‍ വീടിനുള്ളിലെ പൊതു ഇടങ്ങളെല്ലാം ചേര്‍ന്ന് അകത്തളം വളരെ വിശാലവും അതിര്‍വരമ്പുകള്‍ ഇല്ലാത്തതുമാകുന്നു. ഡൈനിങ് ഏരിയയ്ക്കു സമീപമാണ് വുഡും സ്റ്റീലും ഗ്ലാസും ചേര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ള കാന്‍റിലിവര്‍ മാതൃകയിലുള്ള സ്റ്റെയര്‍കേസിന്‍റെ സ്ഥാനം.

സ്റ്റെയര്‍കേസിന്‍റെ ഭാഗത്തുമാത്രം ഒരു ചുമരിന് അല്പം വൈബ്രന്‍റായ ചുമപ്പുനിറം നല്‍കിയിരിക്കുന്നു. മുകള്‍നിലയുമായി ആശയവിനിമയം സാധ്യമാക്കുന്ന തരത്തില്‍ തുറസായാണ് സ്റ്റെയര്‍കേസ്.

താഴെയും മുകളിലുമായാണ് നാലുകിടപ്പുമുറികള്‍. മാസ്റ്റര്‍ ബെഡ്റൂമും പാരന്‍റ്സ്റൂമും താഴെയും, കുട്ടികളുടെ മുറിയും ഗസ്റ്റ് ബെഡ്റൂമും മുകളിലുമാണ്.

കിച്ചനും ഡൈനിങ്ങും പരസ്പരബന്ധിതമാണ്. ബ്രേക്ക് ഫാസ്റ്റ് കൗണ്ടര്‍ വഴി കിച്ചനെയും ഡൈനിങ്ങിനേയും ബന്ധിപ്പിച്ചിരിക്കുന്നു.

ഓരോരോ ഇടങ്ങളിലേയും ലൈറ്റിങ്ങും ലൈറ്റിങ് സംവിധാനങ്ങളും ശ്രദ്ധേയം തന്നെ. തുറന്ന ഇടങ്ങള്‍, ഇന്‍റീരിയര്‍ ഡെക്കറേഷന്‍ ഒഴിവാക്കിയുള്ള സ്വാഭാവികമായ ഒരുക്കങ്ങള്‍, നാച്വറല്‍ ലൈറ്റ്, പച്ചപ്പ്, വെള്ളത്തിന്‍റെ സാന്നിധ്യം എന്നിവയൊക്കെയാണ് ഇന്‍റീരിയര്‍ ഡിസൈനിങ്ങിന്‍റെ ചേരുവകള്‍.

ക്രോസ് വെന്‍റിലേഷനുകളാണ് വീടിനു മൊത്തത്തില്‍ സ്വീകരിച്ചിട്ടുള്ളത്. കാറ്റ്, വെളിച്ചം എന്നിവയുടെ ഗതിവിഗതികള്‍ മനസ്സിലാക്കി ഓറിയന്‍റേഷന്‍ പാലിച്ചു കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന വീടിനുള്ളില്‍ പലയിടത്തും ഫ്ളോറിങ്ങിലെ വ്യത്യസ്ത മെറ്റീരിയലുകള്‍ കൊണ്ടാണ് ഏരിയകള്‍ വേര്‍തിരിച്ചിട്ടുള്ളത്.

അകത്തും പുറത്തും തികച്ചും സ്വാഭാവികമായ ഒരുക്കങ്ങള്‍, ഡിസൈനുകള്‍ അവ വീടിനെ പരിസരവുമായി ഇണക്കി നിര്‍ത്തുന്നു.

Project Details

  • Architect : Ar. Sonu Joy, { Dens Architect , Ernakulam & Trivandrum}
  • Project Type : Residential House
  • Client : Shiju Mathew
  • Location : Kozhencherry, Pathanamthitta
  • Year Of Completion : 2019
  • Area :  3300 Sq.Ft
About editor 301 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*