മിതത്വമാണ് മുഖശ്രീ

കൊളോണിയല്‍ ക്ലാസിക്കല്‍ ശൈലികള്‍ സ്വാംശീകരിച്ചൊരുക്കിയ വീട്. വീടിനകത്തും പുറത്തും വെണ്‍മയ്ക്ക് നല്‍കിയ പ്രാമുഖ്യം ക്ലാസിക് ശൈലിയുടെ തുടര്‍ച്ചയാണ്

കൊളോണിയല്‍ ക്ലാസ്സിക്കല്‍ ശൈലികള്‍ സ്വാംശീകരിച്ചൊരുക്കിയ വീടിന്‍റെ ശില്‍പ്പി ആര്‍ക്കിടെക്റ്റ് ദീപ്തി ആര്‍. നായര്‍ (ഡി.ജെ.ആര്‍ക്കിടെക്ചര്‍,കൊച്ചി) ആണ്. പ്ലോട്ടിന്‍റെ കിടപ്പനുസരിച്ച് തെക്കുപടിഞ്ഞാറ് ഭാഗത്തായാണ് വീടൊരുക്കിയത്.

പരമ്പരാഗത അമേരിക്കന്‍ ശൈലിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്ചുറ്റുമതിലില്‍ പിക്കറ്റ് ഫെന്‍സുകള്‍ സ്ഥാപിച്ചിരിക്കുന്നു. ദേശീയ പാതയോരത്തുനിന്ന് വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന വീട്ടിലേക്ക് പടിഞ്ഞാറുഭാഗത്തെ പ്രധാന ഗേറ്റിലൂടെയാണ് പ്രവേശനം.

ജനസാന്ദ്രതയേറിയ പ്രദേശമായതിനാല്‍ തെക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ ചുറ്റുമതില്‍ ഉയരം കൂട്ടി നിര്‍മ്മിച്ചാണ് സ്വകാര്യത ഉറപ്പുവരുത്തിയത്. ആശയ വിനിമയം സുസാധ്യമാക്കുന്നതിനായി ബന്ധുഗൃഹങ്ങള്‍ സ്ഥിതിചെയ്യുന്ന വടക്കും കിഴക്കും ഭാഗങ്ങളില്‍ ചുറ്റുമതില്‍ ഉയരം കുറച്ച് നിര്‍മ്മിച്ച് പെഡസ്ട്രിയന്‍ ഗേറ്റുകളും നല്‍കിയിട്ടുണ്ട്.

പ്ലാന്‍റര്‍ ബോക്സുകള്‍ സ്ഥാപിച്ചാണ് സമീപത്തെ വാണിജ്യ സ്ഥാപനത്തില്‍നിന്ന് വീട്ടിലേക്കുള്ള കാഴ്ച മറച്ചത്. സെറ്റ്ബാക്ക് ഏരിയയില്‍ സ്റ്റീല്‍ ഗ്ലാസ് കോമ്പിനേഷനില്‍ നിര്‍മ്മിച്ച പോര്‍ച്ചിലും വീട്ടുമുറ്റത്തുമായി ഒരേസമയം മൂന്ന് കാറുകള്‍ നിര്‍ത്തിയിടാനാകും.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

മഴവെള്ള സംഭരണിയും ശുദ്ധജല ടാങ്കും കാര്‍പോച്ചിനടിയിലാണ് സ്ഥാപിച്ചത്. ഇവയ്ക്കുമുകളില്‍ ഇന്‍റര്‍ലോക്ക് ടൈല്‍ വിരിച്ചിരിക്കുന്നു. ഒട്ടും സ്ഥലം പാഴാക്കാതിരിക്കാനായി ഏകദേശം വീടിന്‍റെ അടിത്തറയ്ക്കടിയില്‍ വരുന്ന വിധത്തിലാണ് സെപ്റ്റിക് ടാങ്ക് സ്ഥാപിച്ചത്.

നാച്വറല്‍ സ്റ്റോണ്‍ ക്ലാഡുചെയ്ത ഷോവാള്‍, ലൂവറുകള്‍, ക്ലോവര്‍ വിന്‍ഡോ, സണ്‍ഷേഡിലെ സ്റ്റീല്‍ ബ്രാക്കറ്റുകള്‍, ബാല്‍ക്കണിയില്‍ നല്‍കിയ പര്‍ഗോള എന്നിവയാണ് എലിവേഷനിലെ ഡിസൈന്‍ എലമെന്‍റുകള്‍.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

മുകള്‍നിലയുടെ മുന്‍ഭാഗത്തുള്ള ബാത്റൂമിന്‍റെ കാഴ്ച മറയ്ക്കാനാണ് ക്ലോവര്‍ വിന്‍ഡോ എലിവേഷന്‍റെ ഭാഗമാക്കിയത്. വീടിനകത്തും പുറത്തും വെണ്‍മയ്ക്ക് നല്‍കിയ പ്രാമുഖ്യം ക്ലാസ്സിക് ശൈലിയുടെ തുടര്‍ച്ചയാണ്.

അമിതാലങ്കാരങ്ങളോ ആര്‍ഭാടത്തിന്‍റെ കെട്ടുകാഴ്ചകളോ അകത്തളത്തില്‍ ഒരിടത്തുമില്ല.

ഉപയുക്തത ആധാരമാക്കി ഒരുക്കിയ ഓഫീസ് മുറിയിലേക്കും മിതമായ ഒരുക്കങ്ങളുള്ള ഫോര്‍മല്‍ ലിവിങ്ങിലേക്കും നയിക്കുന്ന രണ്ട് കവാടങ്ങളാണ് വീടിന്‍റെ പൂമുഖത്തുള്ളത്.

തുറസ്സായ നയത്തില്‍ ഒരുക്കിയ ഡൈനിങ്ങ് ഏരിയയാണ് വീട്ടകത്തെ വിവിധ ഇടങ്ങളെ കൂട്ടിയിണക്കുന്നത്. ഓഫീസ് റൂമില്‍നിന്ന് ഡൈനിങ്ങിലൂടെ വീടിനുള്ളിലേക്ക് കടക്കാനാകും. തടിപ്പടവുകളും മൈല്‍ഡ് സ്റ്റീലില്‍ തീര്‍ത്ത കൈവരിയുമാണ് ഗോവണിക്ക്.

ഗോവണിച്ചുവട്ടിലാണ് നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ്ങുള്ള വാഷ് ഏരിയ ക്രമീകരിച്ചത്. വാഷ് ഏരിയയ്ക്ക് സമീപമുള്ള സര്‍വന്‍റ്സ് ടോയ്ലറ്റ്, മോട്ടോര്‍ സ്പേസ്, ചെറിയ സ്റ്റോറേജ് ഏരിയ എന്നിവിടങ്ങളിലേക്കും വീടിന് പുറത്തുനിന്നാണ് പ്രവേശനം.

YOU MAY LIKE: ന്യൂട്രല്‍ തീം

ഗോവണിച്ചുവട്ടില്‍ ഇന്‍വെര്‍ട്ടര്‍, പ്ലാന്‍റര്‍ ബോക്സ് എന്നിവയ്ക്കു കൂടി ഇടം നല്‍കിയിട്ടുണ്ട്. ഇവിടുത്തെ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സ്റ്റെയര്‍ റൂമിന് മുകളിലാണ് സ്ഥാപിച്ചത്.

ബ്ലാക്ക് ഗ്രനൈറ്റ് കൗണ്ടര്‍ടോപ്പും വാള്‍ടൈല്‍ ബാക്ക്സ്പ്ലാഷും മറൈന്‍ പ്ലൈവുഡില്‍ തീര്‍ത്ത ക്യാബിനറ്റുകളുമുള്ള ‘ഘ’ ഷേപ്പ് കിച്ചനനുബന്ധമായി രണ്ട് വര്‍ക്കേരിയകളുമുണ്ട്.

പോളി കാര്‍ബണേറ്റ് ഷീറ്റ് മേല്‍ക്കൂരയുള്ള വര്‍ക്കേരിയകളുടെ ഭിത്തി പൂര്‍ണമായും അടച്ചുകെട്ടുന്നതിനുപകരം ഗ്രില്ലിട്ടിരിക്കുകയാണ്. കിടപ്പുമുറികളില്‍ വുഡന്‍ ലാമിനേറ്റും മറ്റിടങ്ങളില്‍ വിട്രിഫൈഡ് ടൈലുമാണ് ഫ്ളോറിങ്ങിനുപയോഗിച്ചത്.

ALSO READ: ആധുനികമായ നവഭാവം

നാല് ബാത് അറ്റാച്ച്ഡ് ബെഡ്റൂമുകളാണ് ഈ ഇരുനില വീട്ടിലുള്ളത്. വെനീര്‍ പി യു കോമ്പിനേഷനിലുള്ള ബില്‍റ്റ് ഇന്‍ വാഡ്രോബുകളും വര്‍ക്ക്സ്പേസും ഉള്‍ച്ചേര്‍ന്ന കിടപ്പുമുറികളില്‍ ഉപയുക്തതയ്ക്കാണ് പ്രാമുഖ്യം.

മാസ്റ്റര്‍ ബെഡ്റൂമിനകത്തെ ചൂട് കുറയ്ക്കുന്നതിനുവേണ്ടിയാണ് വീടിന്‍റെ തെക്കുപടിഞ്ഞാറുമൂലയില്‍ കാവിറ്റി വാള്‍ നല്‍കിയത്. താഴത്തെ നിലയിലെ ശുചിമുറികളുടെ പ്ലംബിങ് ലൈനുകള്‍ സംഗമിക്കുന്ന ഈ ഭിത്തിയുടെ ഭാഗം മുകള്‍ നിലയില്‍ വാഡ്രോബ് സ്പേസായാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

താരതമ്യേന ചെറിയ പ്ലോട്ടില്‍ നിലകൊള്ളുന്ന വീട് ജനസാന്ദ്രതയേറിയ പ്രദേശത്തെ കാലാവസ്ഥയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിക്കൊണ്ടാണ് ഒരുക്കിയത്.

പൂര്‍ണമായും ചെരിച്ചു വാര്‍ക്കുന്നതിനു പകരം ഫ്ളാറ്റ് റൂഫിനു മുകളില്‍ ട്രസ്വര്‍ക്ക് ചെയ്ത് സെറാമിക് റൂഫ് ടൈലുകള്‍ പാകിയതിനാല്‍ വീട്ടകത്തെ ചൂട് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

വീട്ടുമുറ്റത്ത് ഇളം നിറത്തിലുള്ള ഇന്‍റര്‍ലോക്ക് പേവിങ്ങ് ടൈലുകള്‍ പാകിയതും ചൂട് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ്. ലോണ്‍ഡ്രി സ്പേസ് ഒരുക്കിയിട്ടുള്ള ആറ്റിക്സ്പേസ് ഒരു പാര്‍ട്ടിഹാളായും പരിവര്‍ത്തിപ്പിക്കാം.

അതിഥികളുടെ സൗകര്യാര്‍ത്ഥം ഇവിടുത്തെ ഓപ്പണ്‍ ടെറസില്‍ ടോയ്ലറ്റ്, വാഷ് ഏരിയ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഗേബിള്‍ ജനാലയും ഡോര്‍മെര്‍ ജനാലയും സ്ഥാപിച്ചാണ് ആറ്റിക് സ്പേസില്‍ മികച്ച വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കിയത്.

Project Details

  • Architect: Ar. Deepthi R. Nair (DJ Architecture, Edappally, Ernakulam)
  • Project Type: Residential House
  • Client: Manuel Kachiramattom
  • Location: Edappally, Ernakulam
  • Year Of Completion: 2018
  • Area: 2722 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*