എലഗന്റ് ലുക്ക് + മിനിമലിസം= ‘നോട്ടിക്കല്‍’ തീം

Project Specifications

കാലത്തിന് ചേരുന്ന പുതുമ തിരയുകയാണ് ഇന്നത്തെ ഓഫീസ് ഇടങ്ങളെല്ലാം. അതിനാല്‍ തന്നെ ഔദ്യോഗിക തൊഴിലിടങ്ങള്‍ ജീവസ്സുറ്റതാക്കുന്നതില്‍ ഓഫീസ് ഇന്റീരിയറിന്റെ പങ്ക് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.

ഓഫീസാണെങ്കിലും വീടുകള്‍ ആണെങ്കിലും തീം അടിസ്ഥാനമാക്കിയുള്ള അകത്തളമെന്നത് ഇന്ന് ഒട്ടും അസാധാരണമല്ല.

എന്നാല്‍ വ്യത്യസ്തമായൊരു തീം പരീക്ഷിക്കുന്നതിനൊപ്പം, എല ഗന്റ് ലുക്കും, മിനിമലിസവും പാലിക്കുകയാണ് കൊച്ചി കടവന്ത്ര ജവഹര്‍ നഗറിലുള്ള ഈ ഓഫീസ് ഇന്റീരിയര്‍.

‘നോട്ടിക്കല്‍’ എന്ന പദം സമുദ്രദൂരവുമായി ബന്ധപ്പെട്ട് നമുക്ക് പരിചി തമാണെങ്കിലും ‘നോട്ടിക്കല്‍’ തീം അത്ര കേട്ടിരിക്കണമെന്നില്ല. ഷിപ്പിങ് ബിസിനസ്സ് രംഗത്തുള്ള ആന്ത്രപ്പേര്‍ വാട്ടര്‍ വെയ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥന്‍ അലക്‌സ് ആന്ത്രപ്പേറിനു വേണ്ടി ഒരുക്കിയ ഓഫീസിന്റെ ഇന്റീരിയറിന് എന്തു കൊണ്ടും ചേരുന്നു, ഈ തീം.

2017-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈനേഴ്‌സിന്റെ (IIID) യങ് പ്രാക്ടീസ് ഓഫ് ദി ഇയര്‍ നാഷണല്‍ അവാര്‍ഡ് നേടിയ ആര്‍ക്കിടെക്റ്റ് ആതിര ലാലിച്ചന്‍ സക്കറിയാസും ആര്‍ക്കിടെക്റ്റ് ഭൈരവ് ബി.ആറും (1 ലീപ്പിംഗ് ഫ്രോഗ് സ്റ്റുഡിയോ, ബാഗ്ലൂര്‍) ചേര്‍ന്നാണ് 2000 സ്‌ക്വയര്‍ഫീറ്റില്‍ നൂതന ആശയത്തോടെയുള്ള ഈ ഓഫീസ് ഇന്റീരിയര്‍ ഒരുക്കിയത്.

എലഗൻ്റ്

വീട്ടുടമസ്ഥര്‍ക്ക് സമുദ്രമേഖലയുമായി ബന്ധപ്പെട്ട ബിസിനസ് ആയതു കൊണ്ടു തന്നെ ഷിപ്പിങ് കണ്ടെയ്‌നറുകളുടെ കോറുഗേറ്റഡ് മെറ്റല്‍ ഷീറ്റുകള്‍ എളുപ്പത്തില്‍ ലഭ്യമായിരുന്നു.

പല നിറത്തില്‍ പെയിന്റടിച്ച ഈ ഷീറ്റുകളാണ് വാള്‍ പാര്‍ട്ടീഷന്റെ സ്ഥാനത്ത് ഉപയോഗിച്ചത്. ജി.ഐ ഫ്രെയ്മുകളില്‍ ഉറപ്പിച്ച ഇത്തരം ഷീറ്റ് വാളുകള്‍ കണ്ടെയ്‌നര്‍ ഏരിയയെ ഓര്‍മിപ്പിക്കുന്നു. കണ്ടെയ്‌നര്‍ ഷീറ്റുകളില്‍ കാണുന്ന എഴുത്തുകള്‍ പോലും ഇവിടെ ചുമരുകളില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.

സുതാര്യത ആവശ്യമുള്ള ഇടങ്ങളില്‍ ടഫന്‍ഡ് ഗ്ലാസ് ഉപയോഗിച്ചു. ലിഫ്റ്റ് ലോബി, വെയ്റ്റിങ് ഏരിയ, റിസപ്ഷന്‍, ഓപ്പണ്‍ വര്‍ക്കിങ് സ്റ്റേഷന്‍, പ്രൈവറ്റ് വര്‍ക്കിങ് സ്റ്റേഷന്‍, പാന്‍ട്രി ഏരിയ, സി.ഇ.ഒ – ഡയറക്ടര്‍ ഓഫീസുകള്‍, ടോയ്‌ലറ്റ് എന്നീ സ്‌പേസുകളാണ് ഓഫീസിലുള്ളത്. ഓരോ സ്‌പേസിനും യോജിക്കും വിധമുള്ള പല ആകൃതിയിലുള്ള ടേബിളുകള്‍ കസ്റ്റമൈസ്ഡ് ആയി ഒരുക്കി.

പ്ലൈവുഡും, എം.ഡി.എഫും ആണ് ഉപയോഗിച്ച മെറ്റീരിയലുകള്‍. എന്നാല്‍ കസേരകള്‍ റെഡിമെയ്ഡ് വാങ്ങുകയായിരുന്നു. റസ്റ്റിക്ക് ലുക്ക് തോന്നുന്ന ഫ്‌ളോറിങ് വുഡന്‍ ലാമിനേറ്റഡ് ടൈല്‍ കൊണ്ടാണ് ഒരുക്കിയത്.

മാനേജറുടെ ക്യാബിന്‍, വി.ഐ.പി ഏരിയ എന്നിവിടങ്ങളില്‍ ഫ്‌ളോര്‍ കാര്‍പെറ്റ് വിരിച്ചു. സീലിങ് വര്‍ക്കുകള്‍ എല്ലായിടത്തും ഉണ്ട്. ഓപ്പണ്‍ വര്‍ക്കിങ് സ്റ്റേഷനിലെ പ്രൊജക്ഷന്‍ രീതിയിലുള്ള സീലിങ് എം.ഡി.എഫിന് വെനീര്‍ ഫിനിഷ് നല്‍കി ഒരുക്കിയതാണ്.

പരമ്പരാഗത രീതിയില്‍ മച്ച് പോലെ തോന്നിക്കുന്ന വെയ്റ്റിങ് ലോബിയിലെ സീലിങ്ങ് പ്ലൈവുഡ്- വെനീര്‍ ഫിനിഷില്‍ ചെയ്തിരിക്കുന്നു.

ഡെക്ക് പോലെ

ഒരു കണ്ടെയ്‌നര്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുന്നത് പോലെ തോന്നും ‘ഓള്‍ ഹാന്‍ഡ്‌സ് ഓണ്‍ ഡെക്ക്’ എന്നെഴുതിയിരിക്കുന്ന, വര്‍ക്കിങ്ങ് സ്റ്റേഷന്റെ ഒരു ഭാഗത്തെ ഭിത്തി കണ്ടാല്‍.

ഇവിടെ കപ്പലിന്റെ ഡെക്കിനോട് സാമ്യതയുള്ള വുഡന്‍ ഫ്‌ളോറിങ്ങും നല്‍കിയിരിക്കുന്നു. രണ്ട് അടുക്കിലുള്ള മെറ്റല്‍ പാര്‍ട്ടീഷനും, ഗ്ലാസ് വൂള്‍ ഇന്‍സുലേഷനും പ്രൈവറ്റ് വര്‍ക്ക് സ്റ്റേഷന്‍ സൗണ്ട് പ്രൂഫായി നിലനിര്‍ത്തുന്നു.

റസ്റ്റിക്ക് ഗ്രേ കളറും, ബെയ്ജ് നിറവും ചേരുന്ന കോമ്പി നേഷനാണ് പൊതുവെയുള്ളത്. ബാംഗ്ലൂരില്‍ നിന്ന് കൊണ്ടു വന്ന തൂക്കു വിളക്കുകള്‍ വെളിച്ചത്തിനു പുറമേ ആന്റിക്ക് രീതിയിലുള്ള ഷോ എലമെന്റും ആകുന്നുണ്ട്.

ജാലകങ്ങള്‍ക്ക് റോമന്‍ ബ്ലൈന്‍ഡ്‌സ് ആണ് ഉപയോഗിച്ചിട്ടുള്ളത്. ”നിലവിലുണ്ടായിരുന്ന ഒരു കമേഴ്‌സ്യല്‍ സ്‌പേസിലെ വാടക കെട്ടിടമാണ് ആന്ത്രപ്പേര്‍ വാട്ടര്‍ വെയ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ് സ്‌പേസായി ഇന്റീരിയര്‍ ചെയ്ത് ഒരുക്കിയിരിക്കുന്നത്.

ഇതൊരു ഷിപ്പിങ്ങ് കമ്പനിയുടെ ഓഫീസ് ആയതു കൊണ്ട് തന്നെ ആ മേഖലയുമായി ബന്ധപ്പെട്ട മെറ്റീരിയലുകളും, ഡിസൈന്‍ പാറ്റേണുകളും മാത്രം തെരഞ്ഞെടുത്ത് ഉപയോഗി ക്കുക യായി രുന്നു.

അര്‍ദ്ധവൃത്താകൃതിയുള്ള കെട്ടിടം ആയതു കൊണ്ട് ഇന്റീരിയറും സ്വാഭാവികമായി അതേ ആകൃതിയിലാണ്. മെയിന്‍ ഫ്രണ്ട് ഓഫീസ് ‘A’ എന്നും, വര്‍ക്ക് സ്‌പേസ് ‘B’ അഥവാ ബാക്ക് ഓഫീസ് എന്നും കൃത്യമായി വിഭജിച്ചാണ് പ്ലാന്‍ ഒരുക്കിയത്.

ഓരോ ഇടത്തിന്റേയും അന്തരീക്ഷം കൂടിക്കലരാത്ത വിധം, പൊതു- സ്വകാര്യ ഇടങ്ങളെ തനതായി നിലനിര്‍ത്താന്‍ ഇന്റീരിയര്‍ ഡിസൈനിലൂടെ കഴിഞ്ഞിട്ടുണ്ട്”. ആര്‍ക്കിടെക്റ്റ് ആതിരാ സക്കറിയാസ് വ്യക്തമാക്കുന്നു.

ഫോട്ടോഗ്രാഫി : ഗാരെത്ത് ഹൂവര്‍


About editor 18 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*