Project Specifications

വിശുദ്ധഗ്രന്ഥങ്ങള്‍ അനുസരിച്ച് ദൈവത്തിൻ്റെ പൂന്തോട്ടമാണ് ഏദെന്‍. സ്വാസ്ഥ്യവും, ശാന്തത യുമുള്ള ഇടം. ആനന്ദം നിറയുന്ന വിചിത്രകല്‍പ്പനകളുടെ ദേശം. നിലവാരത്തിനൊപ്പം പ്രശാന്തി യും, പ്രസന്നതയും നിറയുന്ന ഈ പാര്‍പ്പിടവും, ലാന്‍ഡ്‌സ്‌കേപ്പും ഏദെന്‍ എന്ന പേരിനോട് ചേര്‍ന്ന് പോകുന്നതും അതു കൊണ്ട് തന്നെയാണ്. ഒമാനില്‍ ബിസിനസ് ചെയ്യുന്ന ജോമോനും കുടുംബത്തിനും വേണ്ടി ഇദ്ദേഹത്തിന്റെ സുഹൃത്തായ ആര്‍ക്കിടെക്റ്റ് ബിജു ബാലനാണ് (ദി ലോറെല്‍സ്, കോഴിക്കോട്) ഏദെന്‍ എന്ന പേരിനോട് എല്ലാ അര്‍ത്ഥത്തിലും നീതി പുലര്‍ത്തുന്ന ഈ വീടും പരിസരവും ഒരുക്കിയത്. തുറവൂര്‍ – പള്ളിപ്പുറം റൂട്ടിലുള്ള ഈ വീട് ഒേരക്കറില്‍ 5000 സ്‌ക്വയര്‍ഫീറ്റിലാണ്.

ലാന്‍ഡ്‌സ്‌കേപ്പിലേക്ക് നോക്കൂ

പ്രധാന റോഡില്‍ നിന്ന് തുടങ്ങുന്ന വിശാലമായ പുരയിടത്തില്‍ ലാന്‍ഡ്‌സ്‌കേപ്പ് ഏരിയയും, കൃഷിയിടവും ഉള്‍ക്കൊള്ളുന്നു. റോഡിനോട് ചേര്‍ന്ന് വിശാലവും, പിന്നീട് ഇടനാഴി മട്ടിലും നീളുന്ന ലാന്‍ഡ്‌സ്‌കേപ്പ് പരപ്പാര്‍ന്ന വീട്ടുമുറ്റത്തെത്തുന്നു. വീട് പുരയിടത്തിന്റെ പിന്നിലേക്ക് സ്ഥാനപ്പെടുത്താനുള്ള ആര്‍ക്കിടെക്റ്റിന്റെ തീരുമാനമാണ് സ്വാഭാവികത മുന്നിട്ടു നില്‍ക്കുന്ന നല്ലൊരു ലാന്‍ഡ്‌സ്‌കേപ്പ് ഒരുക്കാന്‍ കാരണമായത്. അതിനാല്‍ വീടിന് അകത്തും പുറത്തും സ്വകാര്യതയും ശാന്തതയും ഉറപ്പാക്കാനായി. താഴ്ന്ന ഭൂനിരപ്പുള്ള പുരയിടം വീടിനുവേണ്ടി അല്‍പ്പം ഉയര്‍ത്തി ചെയ്തു. വെള്ളക്കെട്ട് നിറഞ്ഞ ചില ഭാഗങ്ങള്‍ സ്വാഭാവിക വാട്ടര്‍ ബോഡിയായി നിലനിര്‍ത്തിക്കൊണ്ടുതന്നെ അരികുകെട്ടി ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗമാക്കി. മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ലാന്‍ഡ്‌സ്‌കേപ്പ് വേണ്ടിടങ്ങളില്‍ ചെരിച്ചാണ് (SLOPING PATTERN) ഒരുക്കിയത്.

പച്ചപ്പിന് പ്രാധാന്യമുള്ള ലാന്‍ഡ്‌സ്‌കേപ്പില്‍ കോണ്‍ക്രീറ്റ് ബ്രിക്ക് കൊണ്ടാണ് വാഹനങ്ങള്‍ കയറാനുള്ള പാതയും നടവഴിയും ഒരുക്കിയത്. വഴിയും റോഡും ഒഴികെയുള്ള ഭാഗം ചരല്‍ ക്കല്ലും മറ്റുമിട്ടാണ് ഭംഗിയാക്കിയത്. ഇതിനാല്‍ മണ്ണിലേക്ക് നന്നായി വെള്ളം ഇറങ്ങും. ജലാശയത്തിനു മുകളിലുള്ള പാലം പണിയാന്‍ പഴയ മരത്തടികള്‍ ഉപയോഗിച്ചു . ബഫല്ലോ ഗ്രാസിന്റെ പുല്‍ത്തകിടി ഒരുക്കി. പൂക്കളും ഹരിതാഭയും നിറയ്ക്കുന്ന ഹെലിക്കോണിയ പ്ലാന്റും, കടലച്ചെടിയും മതില്‍ക്കെട്ടിനോട് ചേര്‍ന്ന് തിങ്ങിവളരുന്നത് ലാന്‍ഡ്‌സ്‌കേപ്പിനെ സ്വാഭാവികതയുള്ള, വന്യമായൊരു മനോഹാരിതയിലേക്ക് കൊണ്ടു പോകുന്നു. തനി നാടന്‍ ലാന്‍ഡ്‌സ്‌കേപ്പിലെ വൈരുദ്ധ്യ സൗന്ദര്യമാണ് മുറ്റത്ത് നട്ട അറേബ്യന്‍ പാം. ഏറ്റവും മിനിമലിസ്റ്റി ക്കായ അകത്തളം ഒരുക്കിയതിലൂടെ അകത്തുനിന്നു പോലും ലാന്‍ഡ്‌സ്‌കേപ്പിലേക്ക് ശ്രദ്ധ തിരിച്ചുവിടുക എന്നതു കൂടിയാണ് ആര്‍ക്കിടെക്റ്റിന്റെ ഉദ്ദേശ്യം.

മിനിമത്തിലൂടെ മാക്‌സിമം

വീടിനകത്ത് ലാളിത്യം നിറച്ച്, പുറത്ത് മനോഹരമായ പരിസരക്കാഴ്ചകള്‍ ഒരുക്കുകയാണ് ഏദെന്‍ എന്ന വീട്. വീടിന്റെ ബാഹ്യരൂപം ഒതുങ്ങിയതും അകത്തളം വിശാലവുമാണ്. കന്റംപ്രറി ശൈലിയിലുള്ള വീടിന്റെ മുഖപ്പ് തന്നെ ഉദാഹരണം. രണ്ടു വശത്തും രണ്ട് ബോക്‌സുകള്‍. ഇരുവശത്തുനിന്നും ‘L’ ആകൃതിയില്‍ അകത്തേയ്ക്ക് ഉള്‍വലിഞ്ഞിരിക്കുകയാണ് വീട് എന്ന് തോന്നും. മൊത്തത്തിലുള്ള സുതാര്യതയും, കനക്കുറവും വീടിന്റെ ആദ്യകാഴ്ചയില്‍ തന്നെ അനുഭവിക്കാം. വീടിന്റെ മുന്‍വശത്ത് ചുമരുകളില്ല തന്നെ. പകരം ടഫന്‍ഡ് ഗ്ലാസ് നല്‍കി, നെടുനീളത്തില്‍ ജാലകവിരികള്‍ നല്‍കി ചൂടിന് തടയിടുകയും ചെയ്തു. വെന്റിലേഷന്‍ സാധ്യമാകാന്‍ ഗ്ലാസിനിടയില്‍ ജനലുകള്‍ നല്‍കിയിട്ടുണ്ട്. ഫ്‌ളോറിങ്ങിലും ഫര്‍ണിച്ചറിലും ഉപയോഗിച്ച സ്വാഭാവിക മെറ്റീരിയലുകള്‍ തന്നെയാണ് ഈ വീടിന്റെ പ്രത്യേകതയും, മേന്‍മയും എല്ലാം. പഴയ തടികള്‍ പുനരുപയോഗിക്കാം എന്ന ആശയത്തിലൂന്നി, അതിനായി പഴയ ബോട്ടു വാങ്ങി പൊളിച്ച് തടി പുനരുപയോഗിച്ചതുമാണ് ഇവിടെ പുതുമ കൊണ്ടു വന്നത്. വീടിന്റെ സ്ട്രക്ചര്‍, പൂമുഖ വാതില്‍, മുന്‍ഭാഗത്തെ ജാലകങ്ങള്‍ എന്നിവിടങ്ങളിലും, ഗോവണിയിലും മാത്രമേ ഇറക്കുമതി ചെയ്ത മലേഷ്യന്‍ റോസ് വുഡ് ഉപയോഗിച്ചുള്ളൂ. മറ്റിടങ്ങളിലെല്ലാം പഴയ ‘ബോട്ട് വുഡ്’ തന്നെ ഉപയോഗിച്ചു.

ബോട്ട്‌വുഡിനൊപ്പം ബാലിസ്‌റ്റോണും

സിറ്റൗട്ടില്‍ നിന്ന് കയറുന്ന ഫോര്‍മല്‍ ലിവിങ് ഏരിയ ഓപ്പണായി ഒരുക്കി. ഡൈനിങ് ഏരിയയും, ബാര്‍ സ്‌പേസും ഒറ്റ ബ്ലോക്കില്‍ ഒരുക്കി. ബാര്‍ ഏരിയയ്ക്ക് അടുത്തായി മെയിന്‍ കിച്ചനും അവിടെ നിന്ന് തറ ലെവല്‍ അല്‍പ്പം താഴ്ന്ന് വര്‍ക്ക് ഏരിയയും അതിനടുത്തായി സെര്‍വെന്റ്‌സ് റൂമും യൂട്ടിലിറ്റി സ്‌പേസും നല്‍കി. ബാര്‍ ഏരിയയോട് ചേര്‍ന്ന് അടുത്ത ബ്ലോക്കിലേക്കുള്ള പാസേജ് ആണ്. പാസേജിന്റെ ഒരു ഭാഗം ഇന്റേണല്‍ കോര്‍ട്ട് യാര്‍ഡും സിറ്റിങ്ങ് സ്‌പേസുമാണ്. പാസേജിന്റെ മറുഭാഗത്ത് ഗോവണിയ്ക്ക് ചുവടെയും കോര്‍ട്ട് യാര്‍ഡ് ഉണ്ട്. കോര്‍ട്ട് യാര്‍ഡുകള്‍ പിന്നിട്ടും ഇടനാഴി നീളുന്നത് മാസ്റ്റര്‍ ബെഡ്‌റൂമിലേക്കും , പ്രെയര്‍ ഏരിയയിലേക്കുമാണ്. ഒന്നാം നിലയില്‍ അപ്പര്‍ഫാമിലി ലിവിങ്, ഗസ്റ്റ് ബെഡ്‌റൂം, കുട്ടികള്‍ക്കുള്ള രണ്ട് ബെഡ്‌റൂമുകള്‍, സിറ്റിങ് ഏരിയ ഉള്‍പ്പെടുന്ന രണ്ട് ബാല്‍ക്കണി സപേസുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. ബോട്ട് വുഡിന് പുറമേ ടൈലുകളുടെയും, ക്ലാഡിങ്ങിന്റെയും തെരഞ്ഞെടുപ്പ് ഈ വീടിന്റെ സ്വാഭാവികതയില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇന്‍ഡോനേഷ്യയില്‍ നിന്ന് കൊണ്ട് വന്ന ബാലി സ്‌റ്റോണും, അഗ്നിപര്‍വ്വത സ്‌ഫോടന ഫലമായുള്ള ലാവ ഉറഞ്ഞ് ഉണ്ടാകുന്ന ലാവാ സ്റ്റോണും ആണ് ഇതില്‍ മുന്നിട്ട് നില്‍ക്കുന്നത്. പല മെറ്റീരിയലുകള്‍ ഇടകലര്‍ന്ന് വരുന്ന ഫ്‌ളോറിങ്ങില്‍ ബാലി സ്‌റ്റോണും, പോളിഷ് ചെയ്ത കോട്ടാസ്‌റ്റോണും, പുനരുപയോഗിച്ച തടിയും കാണാം. ചുരുക്കം ഇടങ്ങളില്‍ മാത്രമേ പോളിഷ് ഫിനിഷ് ഉപയോഗിച്ചിട്ടുള്ളൂ. അതും രാസഘടകങ്ങളില്ലാത്ത , സ്വാഭാവിക പോളിഷ് മാത്രം. ഇറ്റലിയില്‍ നിന്ന് കൊണ്ടുവന്ന വാട്ടര്‍ ബേസ്ഡ് ആയ ഇക്കോ ഫ്രണ്ട്‌ലി പോളിഷ് ആണ് ഇവിടെ എല്ലായിടത്തും ഉപയോഗിച്ചത്. അപ്പര്‍ ലിവിങ്ങ് ഏരിയയില്‍ ഒഴികെ എല്ലായിടത്തും, കട്ടിലുകളും ഫര്‍ണിച്ചറും ഒരുക്കിയത് പഴയ തടിത്തരങ്ങള്‍ കൊണ്ടാണ്. ഡൈനിങ് ടേബിള്‍, ഗ്രൗണ്ട് ഫ്‌ളോറിലെ കോര്‍ട്ട്‌യാര്‍ഡില്‍ പണിത കോഫിടേബിള്‍ എന്നിവയെല്ലാം യാതൊരു ഫിനിഷിങ്ങും ഇല്ലാത്ത വിധം ക്രമീകരിച്ചിരിക്കുകയാണ്.

സ്വാഭാവികതയുടെ അനുഭവം

സീലിങ് വര്‍ക്കുകളില്ലാത്ത വീടാണിത്. അകത്തളങ്ങളില്‍ നാട്ടു വെളിച്ചം സുലഭമാണെങ്കിലും, സീലിങ്ങില്‍ സ്‌പോട്ട് ലൈറ്റുകള്‍ ഉള്‍പ്പെടുത്തി. ലാന്‍ഡ്‌സ്‌കേപ്പിലെ രാത്രി ദൃശ്യം ചേതോഹര മാക്കാന്‍ വീട്ടിലേക്കുള്ള നടവഴിയില്‍ ഹൈഡിങ് ലൈറ്റുകളും ഉണ്ട്. വാട്ടര്‍ ബോഡിയില്‍ ഉള്‍പ്പെടെ മറഞ്ഞിരിക്കുന്ന ലൈറ്റുകള്‍ തെളിക്കുന്നതോടെ വിശാലമായ വെളിച്ചത്തിന്റെ ലോകം രാത്രിയില്‍ വെളിവാകുന്നു. അകത്തളങ്ങളിലെ ചുമരുകള്‍ ഹൈ ലൈറ്റ് ചെയ്തത് ലാവാ സ്റ്റോണ്‍, പരുക്കന്‍ കോണ്‍ക്രീറ്റ് പ്ലാസ്റ്ററിങ് എന്നിവ മാത്രം ഉപയോഗിച്ചാണ്. ബാര്‍- പ്രയര്‍ ഏരിയകളിലെ ചുമരില്‍ നല്‍കിയ റെഡ് ബ്രിക്കുകള്‍ ബാലിയില്‍ നിന്ന് കൊണ്ടു വന്നതാണ്. പെണ്‍കുട്ടിയുടെ പിങ്ക് തീമിലുള്ള മുറിയില്‍ ഉള്ള വാള്‍ വര്‍ക്ക് മാത്രമാണ് കളര്‍ഫുള്‍ ആയ ഘടകം. ഈ വര്‍ക്കുള്‍പ്പെടെ ബെഡ്‌റൂമുകളിലും , ഇടനാഴിയിലെ ചുമരുകളിലും നല്‍കിയ ക്യാന്‍വാസിലൊരുക്കിയ വാള്‍ വര്‍ക്കുകള്‍ വീട്ടുമസ്ഥന്റെ സുഹൃത്ത് ചെയ്തതാണ്. ഒരു കോമണ്‍ ടോയ്‌ലറ്റും ബെഡ്‌റൂമുകളുമായി അറ്റാച്ച് ചെയ്ത നാല് ടോയ്‌ലറ്റുകളും ഇന്‍ഡോനേഷ്യന്‍ ടൈലു കള്‍ ഉപയോഗിച്ച് തന്നെ ചെയ്തു. വീട്ടിലെ സജീവ ഇടമായ അടുക്ക ളയുടെ കബോഡുകള്‍ മാത്രം ആധുനിക മെറ്റീരിയലുകള്‍ ഉപയോഗിച്ച് ഒരുക്കി. പ്ലൈവുഡില്‍ മൈക്ക ഫിനിഷുള്ള ഡ്രോയ റുകളും കബോഡുകളുമാണ് ഇവിടെ നല്‍കിയത്. അകത്തളത്തില്‍ ശ്രദ്ധ കവരുന്ന കാഴ്ചകള്‍ മനപൂര്‍വ്വം ഒഴിവാക്കിയിട്ടുണ്ട്. അകത്തളം വീട്ടുകാര്‍ക്ക് സ്വാസ്ഥ്യവും സമാധാനവും പകരട്ടെ യെന്നും കാഴ്ചകള്‍ക്കായി ഏദന്‍തോട്ട ത്തിലേക്ക് കണ്ണോടിക്കൂ എന്നുമാണ് ആര്‍ക്കി ടെക്റ്റ് ബിജു ബാലന്‍ പറയുന്നത്. സൗഹൃദങ്ങള്‍ക്കപ്പുറം വീട്ടുടമസ്ഥനും ആര്‍ക്കി ടെക്റ്റും തമ്മിലുള്ള ആഴത്തിലുള്ള പരസ്പരധാരണയുടെ പ്രതിഫലനം കൂടിയാണ് ‘ഏദെന്‍’.

Leave a Reply

Your email address will not be published. Required fields are marked *