Project Specifications

യുവത്വത്തിന്റെ പ്രസരിപ്പാര്‍ന്ന ഒരു കുടുംബത്തിനു വേണ്ടി തികച്ചും മോഡേണ്‍ ആയ നയത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന യുവത്വം തുടിക്കുന്ന ഈ വീട് തൃശൂരില്‍ കോലഴിക്കടുത്താണ്. അകവും പുറവും സദാ ലാന്‍ഡ്‌സ്‌കേപ്പുമായി സംവദിക്കുന്ന രീതിയില്‍ ഈ വീടൊരുക്കിയിരിക്കുന്നത് ആര്‍ക്കിടെക്റ്റ് ബിജോ വര്‍ഗ്ഗീസാണ് (ഡിസൈന്‍ ഡീ കോഡ്, കാക്കനാട്).

സുതാര്യനയം

അകത്തും പുറത്തും നിറയുന്ന പച്ചപ്പാണ് ഈ വീടിന്റെ സവിശേഷത. ഗൃഹനാഥന്‍ ശ്രീനാഥ് കപ്പലിലാണ് ജോലി ചെയ്യുന്നത്. കൃത്യമായ ഇടവേളകളില്‍ മാത്രം നാട്ടിലെത്തുന്നയാളാണ് ഇദ്ദേഹം. പരിപാലനം എളുപ്പമാകുന്ന, ഊര്‍ജ്ജസ്വലമായഅന്തരീക്ഷമൊരുക്കുന്ന വീടാവണം എന്നതായിരുന്നു ഇവരുടെ ആവശ്യം. ഗൃഹനായിക ഷെറിന്‍ ശ്രീനാഥ് സിവില്‍ എഞ്ചിനീയറായതിനാല്‍ വീടിനെക്കുറിച്ചും ഡിസൈനിനെക്കുറിച്ചുമെല്ലാം വ്യക്തമായ ധാരണയുണ്ടായിരുന്നു. കുറച്ചു ദിവസം വീട് അടഞ്ഞുകിടന്നാലും മുഷിയാത്ത, എളുപ്പം വൃത്തിയാക്കുവാന്‍ കഴിയുന്ന തരത്തിലൊരു വീടിനോടായിരുന്നു താല്പര്യം. തികച്ചും കന്റംപ്രറി ഡിസൈന്‍ നയത്തിലാണ് ഇന്റീരിയറും എക്സ്റ്റീരിയറും ഒരുക്കിയിട്ടുള്ളത്. 3477 സ്‌ക്വയര്‍ ഫീറ്റിലാണ് വീട്.

നേര്‍രേഖകളുടെ സമന്വയത്തിലൂടെയാണ് എലിവേഷന്റെ ഡിസൈന്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ഡാര്‍ക്ക്, ഗ്രേ, വൈറ്റ്, വുഡന്‍ ബ്രൗണ്‍ നിറങ്ങളുടെ ചേരുവയാണ് വീടിന്. തുറന്നതും വിശാല മായതു മായ അകത്തളങ്ങളില്‍ മിതത്വമാര്‍ന്ന ഡിസൈന്‍ നയങ്ങള്‍ക്കാണ് പ്രാധാന്യം. 14 സെന്റായിരുന്നു പ്ലോട്ട് എന്നതില്‍ ആവശ്യത്തിനു സ്ഥല വിസ്തൃതിയുണ്ടായിരുന്നു.

ഫോക്കസ് ഫര്‍ണിച്ചര്‍

ഫര്‍ണിച്ചറിലും ഫര്‍ണിഷിങ്ങിലും ഓഫ് വൈറ്റ് നിറങ്ങളും ആവശ്യാനുസരണം സ്വകാര്യത തീര്‍ക്കുവാന്‍ കഴിയുംവിധം സ്ലൈഡിങ് ഗ്ലാസ് ഡോറുകളുമുള്ള ഗസ്റ്റ് ലിവിങ് ഏരിയയില്‍ ഫര്‍ണിച്ചറിന് എടുപ്പു നല്‍കുവാനായി ഫ്‌ളോറിങ്ങിന് അല്പം ഇരുണ്ട നിറമാണ് സ്വീകരിച്ചത്. മിതത്വമാണ് ഡിസൈനിങ്ങിന്റെ അടിസ്ഥാന നയം. ലാന്‍ഡ്‌സ്‌കേപ്പ് കോര്‍ട്ട്‌യാര്‍ഡിന്റെ സാമീപ്യം ലിവിങ് ഏരിയയ്ക്കു ജീവന്‍ പകരുന്നു.

കേന്ദ്രബിന്ദുവായി കോര്‍ട്ട്‌യാര്‍ഡ്

വീടിന്റെ മധ്യഭാഗത്താണ് ലാന്‍ഡ്‌സ്‌കേപ്പ് കോര്‍ട്ട്‌യാര്‍ഡിന്റെ സ്ഥാനം. ലിവിങ്, ഡൈനിങ്, കിടപ്പുമുറികള്‍, മുകളിലേക്കുള്ള സ്റ്റെയര്‍കേസ് എന്നിവയെല്ലാം നാച്വറല്‍ ലൈറ്റ് കടന്നു വരുന്ന ഈ കോര്‍ട്ട്‌യാര്‍ഡിനു ചുറ്റിനുമാണ്. ഈ തുറന്ന നയവും കോര്‍ട്ട്‌യാര്‍ഡും അകത്തളങ്ങള്‍ക്ക് വിശാലതയും ആകര്‍ഷണീയതയും പച്ചപ്പിന്റെ ഭംഗിയും സമ്മാനിക്കുന്നു. കോര്‍ട്ട്‌യാര്‍ഡിന്റെ മൂന്നു വശങ്ങളിലും പാസ്സേജാണ്. അകത്തളങ്ങളുടെ കേന്ദ്രബിന്ദുവാണ് ഈ ഏരിയ.
അകത്തളങ്ങളുടെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകളിലൊന്നാണ് സ്റ്റെയര്‍കേസിന്റെ ഡിസൈന്‍. കോര്‍ട്ട്‌യാര്‍ഡിനു ചുറ്റും അവിടുത്തെ കാഴ്ചകള്‍ ആസ്വദിച്ച് മുകളിലേക്കുള്ള സ്റ്റെപ്പുകള്‍ കയറാം. നിലത്തുനിന്നുമുള്ള ഒരു ഭാഗം കോണിപ്പടികളും ഫസ്റ്റ് ലാന്‍ഡിങ് കഴിഞ്ഞുള്ള ഭാഗം കാന്റിലിവര്‍ മാതൃകയിലുമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സമീപത്തെ ഭിത്തി ഗ്രേ കളര്‍ സ്റ്റോണ്‍ കൊണ്ട് ക്ലാഡിങ് ചെയ്തിരിക്കുന്നത് കൂടുതല്‍ എടുപ്പു നല്‍കുന്നുണ്ട്. റൂഫില്‍ നിന്നും ഊര്‍ന്നു വീഴുന്ന സൂര്യപ്രകാശം അകത്തളങ്ങളെ മൊത്തം പ്രകാശമാനമാക്കുന്നു.

ഫാമിലി ലിവിങ് പുറത്തേക്ക് പടര്‍ന്ന്

ഫര്‍ണിച്ചര്‍ കൊണ്ട് ഏരിയകള്‍ വേര്‍തിരിച്ചിട്ടുള്ള ഫാമിലി ലിവിങ്ങും ഡൈനിങ് ഏരിയയും ആവശ്യമുള്ള പക്ഷം സ്വകാര്യത ഉറപ്പാക്കാന്‍ കഴിയുംവിധം സ്ലൈഡിങ് ഡോറോടുകൂടിയാണ് തീര്‍ത്തിരിക്കുന്നത്. ഫര്‍ണിച്ചറിനും, സീലിങ്ങിനും, ലൈറ്റിങ്ങിനും പ്രാധാന്യം നല്‍കി യിരി ക്കുന്നു. ഗ്രേ, വൈറ്റ് നിറങ്ങള്‍ക്കിടയില്‍ വുഡന്‍ ബ്രൗണ്‍ നിറം എടുത്തു നില്‍ക്കുന്നുണ്ട്. ഡൈനിങ്ങിന്റെയും ഫാമിലി ലിവിങ്ങിന്റെയും പുറത്തായി ഒരുക്കിയിരിക്കുന്ന വുഡന്‍ ഡെക്ക് ലാന്‍ഡ്‌സ്‌കേപ്പും വീടും തമ്മിലുള്ള ലയനം സാധ്യമാക്കുന്നു. വലിയ ഗ്ലാസ് ഭിത്തികളാണ് ഇവിടെ നല്‍കിയിരിക്കുന്നത് അതിനാല്‍ സ്ലൈഡിങ് ഡോര്‍ മാതൃകയില്‍ നല്‍കിയിരിക്കുന്ന ഇവ തുറന്നു വച്ചാല്‍ ലാന്‍ഡ്‌സ്‌കേപ്പ് വീടിനുള്ളിലേക്ക് എത്തും. വീടിനു പിന്നില്‍ പച്ചപ്പു നിറഞ്ഞ പാടമാണ്. അതിനാല്‍ ഹൃദ്യമായ ഇത്തരം കാഴ്ചകളും ഒപ്പം കാറ്റും വെളിച്ചവും വീടിനുള്ളില്‍ എത്തിക്കാന്‍ ഈ ഗ്ലാസ് ഡോറുകള്‍ക്ക് കഴിയുന്നുണ്ട്.

താഴെയും മുകളിലുമായി നാലു കിടപ്പുമുറികളാണ് ഉള്ളത്. മാസ്റ്റര്‍ ബെഡ്‌റൂം താഴെ നിലയി ലാണ്. മുകള്‍നിലയില്‍ സ്റ്റെയര്‍കേസ് കയറി ചെല്ലുന്ന ഏരിയയില്‍ ആണ് ഹോം തീയേറ്റര്‍ സംവിധാനം കൂടി നല്‍കിയിട്ടുള്ളത്. വേണമെങ്കില്‍ ഇതൊരു മുറിയാക്കി ചെയ്യാമായിരുന്നു. എന്നാല്‍ പരിപാലനം എളുപ്പമാവണം എന്നുള്ള ക്ലയന്റിന്റെ നിര്‍ദ്ദേശം പാലിച്ച് അത് ഒഴിവാക്കുകയായിരുന്നു എന്ന് ആര്‍ക്കിടെക്റ്റ് അഭിപ്രായപ്പെട്ടു. ഈ ഏരിയയ്ക്കു സമീപം, ഒരുക്കിയിട്ടുള്ള കോര്‍ട്ട്‌യാര്‍ഡും അതിലെ ചെറു മരവും എലിവേഷനില്‍ പോലും കാഴ്ച വിരുന്ന് തീര്‍ക്കുന്നുണ്ട്. അകത്തും പുറത്തും പ്രഥമസ്ഥാനം പച്ചപ്പിനു തന്നെ.

ഡ്രൈ, വെറ്റ് എന്നിങ്ങനെ രണ്ടു കിച്ചനുകളാണ് ഇവിടെയുള്ളത്. വര്‍ക്കിങ് കിച്ചന്‍, സ്റ്റോറേജ്, സര്‍വന്റ്‌സ് ഏരിയ ഒക്കെ ചേര്‍ന്ന് അല്പം ഒതുങ്ങി സ്വകാര്യതയോടെയാണ്. പാന്‍ട്രി കിച്ചന്‍ ആകട്ടെ ഫാമിലി ലിവിങ്, ഡൈനിങ് ഏരിയകളിലേക്ക് തുറക്കുംവിധം ഓപ്പണ്‍ കൗണ്ടറോടു കൂടിയതും.

ന്യൂട്രല്‍ കളറുകള്‍, മിതമായ ഒരുക്കങ്ങള്‍, ആവശ്യത്തിനു മാത്രം ക്യൂരിയോസ് ഇനങ്ങള്‍, ലൈറ്റിങ്ങിന്റെ സമൃദ്ധി അതും നാച്വറല്‍ ലൈറ്റിന്റെയും ഇലക്ട്രിക് ലൈറ്റിന്റേയും. ഉള്ളിലും പുറമെയും നിറയുന്ന പച്ചപ്പും മിതമായ ഒരുക്കങ്ങളുമൊക്കെയായി പുതുതലമുറയ്ക്കു പറ്റിയ വിധം ഡിസൈന്‍ ചെയ്തിരിക്കുന്ന വീട്.

Comments are closed.