അനുകരണീയമായ അര്‍ബന്‍ ഹൗസ്

4 സെന്‍റില്‍ ഒരു വീടിന്‍റെ മുഴുവന്‍ ആവശ്യങ്ങളെയും ഒപ്പം ഒരു ഓഫീസിന്‍റെ സൗകര്യങ്ങളും ഇണക്കിച്ചേര്‍ത്തിരിക്കുന്ന ട്രോപ്പിക്കല്‍ ഹൗസ്.

വളരുന്ന നഗരങ്ങള്‍; അതനുസരിച്ച് കുറഞ്ഞു വരുന്ന ഭൂലഭ്യത. വീടുവയ്ക്കുവാനായാലും മറ്റ് നിര്‍മ്മിതികള്‍ക്കായാലും ശരി വലിയ നഗരങ്ങളില്‍ ഡിസൈനിങ്ങിന് വലിയ പ്രാധാന്യമുണ്ട്.

കൊച്ചിയും അതില്‍ നിന്നു വ്യത്യസ്തമല്ല. ആര്‍ക്കിടെക്റ്റ് കൃഷ്ണന്‍ വര്‍മ്മയും വനേസ വര്‍മ്മയും സൗത്ത് പനമ്പിള്ളി നഗറില്‍ ഒരുക്കിയ അവരുടെ റസിഡന്‍സ് കം ഓഫീസിന്‍റെ ഡിസൈന്‍ വരും കാലങ്ങളില്‍ ഏറെ ശ്രദ്ധ ലഭിക്കുവാന്‍ ഇടയുള്ള ഒന്നാകുന്നു.

YOU MAY LIKE: പ്രകൃതിയിലലിഞ്ഞ വീട്

കാരണം ഇത്തരം ഡിസൈനുകളും നിര്‍മ്മാണ രീതികളും അര്‍ബനിസത്തിന്‍റെ ആവശ്യകതയായി മാറിയിരിക്കുന്നു. 4 സെന്‍റില്‍ ഒരു വീടിന്‍റെ മുഴുവന്‍ ആവശ്യങ്ങളെയും ഒപ്പം ഒരു ഓഫീസിന്‍റെ സൗകര്യങ്ങളും ഇണക്കിച്ചേര്‍ത്തിരിക്കുന്ന ട്രോപ്പിക്കല്‍ ഹൗസ്.

പരിസ്ഥിതി, കാലാവസ്ഥ, ഭാവിയില്‍ സമീപത്തുള്ള പ്ലോട്ടില്‍ വരാനിടയുള്ള നിര്‍മ്മാണം, ചുറ്റിനും നിലവിലുള്ള മറ്റ് കെട്ടിടങ്ങളെയും പരിഗണിച്ച് ഈ പ്ലോട്ടിലേക്കുള്ള കാറ്റിന്‍റെയും വെളിച്ചത്തിന്‍റെയും ഗതിക്ക് തടസ്സം വരാതെയും വീടിന്‍റെ കാഴ്ചാ പ്രാധാന്യത്തെ ബാധിക്കാത്ത വിധത്തിലുമാണ് രൂപകല്പന എന്നതാണ് ശ്രദ്ധേയമായ വസ്തുത.

4 സെന്‍റില്‍ വീടിനു പുറമേ വിശാലമായ ഒരു ലാന്‍ഡ്സ്കേപ്പിനു സാധ്യതയില്ല. അതുകൊണ്ട് ചുറ്റുമതിലിനും ഗേറ്റിനും വലിയ ഡിസൈന്‍ പ്രാധാന്യം നല്‍കിയില്ല. ഇന്നു കാണുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി ഉയരം കുറച്ചു നല്‍കി.

ALSO READ: ബ്യൂട്ടി മീറ്റ്സ് സിംപ്ലിസിറ്റി

സമീപത്തുള്ള പ്ലോട്ടിലെയും അയല്‍പക്കത്തെ വീടിന്‍റെ ലാന്‍ഡ്സ്കേപ്പിലെ ഹരിതാഭയേയും വിരുന്നിനു വിളിച്ചു. അവയുമായി നിത്യസൗഹൃദം സ്ഥാപിച്ചു. ഗേറ്റിന്‍റെ ഡിസൈനില്‍ ചില പരമ്പരാഗത ഡിസൈന്‍ എലമെന്‍റുകള്‍ കാണുവാനാകും.

ഇതുതന്നെ വീടിന്‍റെ ചുമരിലും പകര്‍ത്തിയിട്ടുണ്ട്.
സ്ട്രക്ചര്‍ ഡിസൈന്‍ ഉയരം കൂട്ടിയും കുറച്ചും രണ്ട് ബ്ലോക്കുകളായിട്ടാണ്. ഉയരം കൂടിയ ബ്ലോക്ക് തെക്ക് പടിഞ്ഞാറും ഉയരം കുറഞ്ഞ ബ്ലോക്ക് വടക്ക് കിഴക്ക് ഭാഗത്തും.

ഇതില്‍ ഉയരം കൂടിയ ബ്ലോക്ക് ഉയരം കുറഞ്ഞ ബ്ലോക്കിന് ദിവസം മുഴുവന്‍ തണലേകും വിധമാണ്. ഉയരം കുറഞ്ഞ ബ്ലോക്കിലാണ് ലിവിങ്, ഡൈനിങ് തുടങ്ങിയ ഫാമിലി ഏരിയകള്‍ക്ക് സ്ഥാനം.

സ്റ്റെയര്‍കേസ്, ടോയ്ലറ്റുകള്‍ ഇവയൊക്കെ ഉയരം കൂടിയ ബ്ലോക്കിലും. ഉച്ചയ്ക്ക്ശേഷമുള്ള ശക്തമായ സൂര്യതാപം വരിക, പടിഞ്ഞാറ് ദിശയില്‍ നിന്നായതിനാല്‍ ആ ഭാഗത്ത് ഫാമിലി ഏരിയകള്‍ ഒഴിവാക്കി പകരം എപ്പോഴും ആവശ്യമില്ലാത്ത ഇടങ്ങള്‍ നല്‍കി.

സ്ട്രക്ചറിന്‍റെ ഭാഗമായി ജനാലകള്‍ അധികമൊന്നുമില്ല; പകരം നാച്വറല്‍ വെന്‍റിലേഷനു പ്രാധാന്യം നല്‍കി. ഇത് വെയിലിനു തടയിടുകയും ഒപ്പം കാറ്റിനു സ്വാഗതമോതുകയും ചെയ്യും.

വലിയ ജനാലകള്‍ ഒഴിവാക്കി പകരം ഒറ്റപാളി ജനാലകള്‍ ഒരു ബോക്സിനുള്ളില്‍ നല്‍കി. നേരിട്ടു സൂര്യപ്രകാശം പതിക്കാത്ത വിധമാണ് ഈ ജനാലകളുടെ സ്ഥാനവും ഡിസൈനും.

ഇവയ്ക്ക് ഗ്ലാസ് ഷട്ടറിന്‍റെ പിന്നിലായി പെര്‍ഫറേറ്റഡ് ഷീറ്റും നല്‍കി. കൊതുകില്‍ നിന്നുള്ള സംരക്ഷണം മാത്രമല്ല ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. വെയിലിനു തടയിടാനും കാറ്റിനു കടന്നുവരുവാനും കൂടിയാണ്.

കാലാവസ്ഥയോടും പരിസ്ഥിതിയോടും ഇണങ്ങി നില്‍ക്കുന്നതിനാലും ചൂടുതടയുന്നതിനാലും വീടിനുള്ളില്‍ എസിയുടെ ഉപയോഗമില്ല. തികച്ചും ഓപ്പണ്‍ നയത്തിലുള്ള പ്ലാനാണ് സ്വീകരിച്ചിട്ടുള്ളത്.

ഡബിള്‍ റൂഫാണ് മേല്‍ക്കൂരയ്ക്ക്. കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ ലോഫ്റ്റ് നല്‍കി ഇന്‍സുലേറ്റഡ് ഷീറ്റ് റൂഫും നല്‍കിയിരിക്കുന്നു. കോണ്‍ക്രീറ്റ് റൂഫിന്‍റെ മുകളില്‍ സോളാര്‍ പാനലിനും ഇടം നല്‍കിയിരിക്കുന്നു.

പൊള്ളയായ കളിമണ്‍ ബ്ലോക്കുകളും പോളി യൂറിത്തീന്‍ സാന്‍ഡ്വിച്ച് പാനലുകളും ഉപയോഗിച്ച് ഇന്‍സുലേറ്റ് ചെയ്ത് ചൂടു കുറച്ചിരിക്കുന്നു.

സ്ലോപിങ് മാതൃകയില്‍ നല്‍കിയിരിക്കുന്ന കോണ്‍ക്രീറ്റ് റൂഫിന്‍റെ അഗ്രത്ത് പൈപ്പ് ഉപയോഗിച്ച് പാത്തി നല്‍കി മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം ശേഖരിച്ച് ഗ്രൗണ്ട് വാട്ടര്‍ റീച്ചാര്‍ജ് ചെയ്യുവാനുള്ള സംവിധാനവും ഇവിടെ സ്വീകരിച്ചിട്ടുണ്ട്.

ഭാവിയില്‍ ഈ സംവിധാനം ഏറെ പ്രയോജനകരമാവും. എല്ലായര്‍ത്ഥത്തിലും ഇതൊരു ട്രോപ്പിക്കല്‍ ഹൗസാണ്. സാധാരണ വീടുകളില്‍ കാണുന്നതുപോലെയുള്ള വരാന്തയോ, ജനാലകളോ, വാതിലുകളോ ഒന്നുമില്ല ഇവിടെ.

YOU MAY LIKE: രാജകീയം: ആര്‍ക്കിടെക്റ്റ് ജേക്കബ് ചെറിയാന്‍

അകത്തളങ്ങളില്‍ ഭാരപ്പെട്ട ഡിസൈന്‍ എലമെന്‍റുകള്‍ ഒന്നും തന്നെയില്ല. മുകളിലും താഴെയുമായി മൂന്നു കിടപ്പുമുറികള്‍. ഗ്രൗണ്ട് ഫ്ളോറിലെ ഫോയറില്‍ നിന്നും വീടിനുള്ളിലെ എല്ലാ ഏരിയകളിലേക്കും പ്രവേശിക്കാം.

ഒരു ടിപ്പിക്കല്‍ ഓഫീസും വീടും അല്ല ഇത്. ഗ്രൗണ്ട് ഫ്ളോറിലെ ഗസ്റ്റ് ബെഡ്റൂമാണ് ഓഫീസിന്‍റെ ഭാഗമായ ചര്‍ച്ചകള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. ഓഫീസ് ഏരിയ ഒരു സ്റ്റുഡിയോ മാതൃകയിലാണ്.

YOU MAY LIKE: മായാജാലക ഭംഗി

ഓപ്പണ്‍ കിച്ചന്‍ വിത്ത് ഡൈനിങ് ആണിവിടെ. കിച്ചന്‍റെ ആകെ വലിപ്പം 50 സ്ക്വയര്‍ ഫീറ്റാണ്. ഫസ്റ്റ് ഫ്ളോറിലെ മാസ്റ്റര്‍ ബെഡ്റൂമിന്‍റെ ഭാഗമായി ഹരിതാഭമായ ഓപ്പണ്‍ ടെറസ് നല്‍കിയിരിക്കുന്നു. ഇത് വിവിധാവശ്യങ്ങള്‍ക്ക് ഉപകരിക്കും വിധമാണ്.

അകത്തളങ്ങളില്‍ അധികവും സിമന്‍റ് ഫിനിഷിന്‍റെ ചാരനിറമാണ്. ബാത്റൂം, വാഷ് ഏരിയ എന്നിവിടങ്ങളില്‍ മാത്രം നീല നിറത്തിനു പ്രാധാന്യം നല്‍കിയിരിക്കുന്നു. ഫര്‍ണിഷിങ് ഇനങ്ങള്‍, പെയിന്‍റിങ് എന്നിവയിലൊക്കെ വര്‍ണ്ണങ്ങള്‍ നിറച്ചിരിക്കുന്നു.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

ഫര്‍ണിച്ചര്‍ ഓരോ ഏരിയയ്ക്കും അനുയോജ്യമായി ഡിസൈന്‍ ചെയ്തവയാണ്. നിലത്ത് ബ്ലാക്ക് ഓക്സൈഡിന്‍റെ ഡിസൈന്‍ വൈവിധ്യം കാണാം. ഭാവിയില്‍ അകത്തളത്തിന് എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ വളരെ എളുപ്പമാണ്.

ആര്‍ക്കിടെക്റ്റിന്‍റെ സ്വന്തം വീടായതിനാല്‍ തങ്ങളുടേതായ ചിന്തകളും ആശയങ്ങളും പലതും നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് ഇവര്‍ക്ക്. അകത്തളങ്ങളിലെ ഓരോ സാമഗ്രികളും ഫര്‍ണിച്ചര്‍, ഫര്‍ണിഷിങ്, പരമ്പരാഗത കരകൗശലവസ്തുക്കള്‍, എന്തിന് സ്വിച്ചുകള്‍ പോലും ബ്രാസില്‍ സ്വയം നിര്‍മ്മിച്ചവയാണ്.

പരസ്പരം പരിധികളില്ലാതെ കൂട്ടിച്ചേര്‍ന്നു കിടക്കുന്ന അകത്തളങ്ങള്‍. വൈറ്റ് കളറിന്‍റെ തലയെടുപ്പോടെയുള്ള എലിവേഷനും ഉള്ളില്‍ ശാന്തവും തികച്ചും ലളിതവുമായ ഗൃഹാന്തരീക്ഷം ‘കാം & ക്വയറ്റ്’ എന്നു പറയാം.

ALSO READക്ലാസിക്ക്-എത്നിക്ക് അകത്തളം

ഈ വീടിന്‍റെ ഏസ്തെറ്റ്ക്സിനെ ‘ചിയറോസ് ക്യൂറോ’ എന്നു വിശേഷിപ്പിക്കാം. ഒരു ഒബ്ജക്റ്റിന്‍റെ ഷേഡിനെ ഹൈലൈറ്റ് ചെയ്യുമ്പോള്‍ അതിന്‍റെ സബ്ജക്റ്റ് കൂടുതല്‍ തെളിമയാര്‍ന്നതാവും; ശ്രദ്ധേയമാവും. ഇതാണ് ചിയറോസ് ക്യൂറോ തിയറിയുടെ ആശയം.

ഈ വീട് അതിന്‍റെ ചുറ്റുപാടുകളോടും 4 സെന്‍റ് എന്ന പരിമിതിയിലെ സൂക്ഷ്മ കാലാവസ്ഥാ ഘടകങ്ങളോടും നന്നേ ഇണങ്ങുന്നു; സുഖകരമായ ജീവിതാന്തരീക്ഷം പ്രദാനം ചെയ്യുന്നു.

രൂപത്തിലും ഭാവത്തിലും ആംപിയന്‍സിലും വീടുപകരുന്ന ജീവിതാനുഭവത്തിലും എല്ലാം അര്‍ബന്‍ സ്വഭാവം മുന്നിട്ടു നില്‍ക്കുന്ന ഈ വീടിനെ പ്രോട്ടോടൈപ്പ് എന്നാണ് ആര്‍ക്കിടെക്റ്റ് പറയുന്നത്.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

വരും കാലങ്ങളില്‍ നാഗരിക വസതികള്‍ക്ക് അനുകരണീയമായ മാതൃകയായി, ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തി പ്രായോഗികമായി നടപ്പിലാക്കാവുന്ന ഒരു നിര്‍മ്മാണ, ഡിസൈന്‍ രീതിയാണിത്.

Project Facts

  • Architects: Ar. Krishnan Varma & Ar. Vanessa Varma
  • Project Type: Residential house
  • Owner: Krishnan Varma
  • Location: Panampilly Nagar, Kochi
  • Year Of Completion: 2018
  • Area: 1700 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 218 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*