പ്രകൃതിക്ക് മുന്‍തൂക്കം നല്‍കി ഒരുക്കിയ ഗാര്‍ഡന്‍ ഹൗസ്‌

പ്രകൃതിയും പാര്‍പ്പിടവും അതിരുകള്‍ മറന്ന് കൂടികലരുന്നുണ്ടിവിടെ. വീടിനൊപ്പം സ്വച്ഛമായ, ഹരിതാഭമായ ഒരു പരിസ്ഥിതി കൂടി സൃഷ്ടിച്ചെടുക്കുകയായിരുന്നു ഈ പ്രോജക്റ്റിന്റെ വാസ്തുശില്‍പ്പികള്‍.

ചുറ്റുപാടിനെ മാറ്റിനിര്‍ത്തി ഒരു താമസ സൗകര്യവും പൂര്‍ണ്ണമാകുന്നില്ല എന്ന് സ്ഥാപിക്കുന്നു ഈ ഗാര്‍ഡന്‍ ഹൗസ്. ഡോ. ജോജോ ഇനാസിക്കും കുടുംബത്തിനു വേണ്ടി ഡി എര്‍ത്ത് ടീം (കോഴിക്കോട്) ആണ് ഈ ഭവനം ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ചത്.

കോഴിക്കോട് പെരുമണ്ണയില്‍ 12 സെന്റ് പ്ലോട്ടില്‍ 2,477 സ്‌ക്വയര്‍ഫീറ്റിലാണ് ഈ വീട്.

വീടും പ്രകൃതിയും ഒന്നാകുമ്പോള്‍

പരിസ്ഥിതിയോടു സംവദിക്കുന്നതും സാമൂഹ്യാവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതുമാകണം നിര്‍മ്മിതികളെന്നത് വാസ്തുകലയുടെ അടിസ്ഥാന തത്ത്വങ്ങളിലൊന്നെങ്കിലും നിര്‍മ്മിതി ഒരു വീടാകുമ്പോള്‍ പ്ലോട്ടിന്റെ ആകൃതി, വീട്ടുടമസ്ഥരുടെ താത്പര്യങ്ങള്‍ എന്നിവയെല്ലാം ഇക്കാര്യത്തെ സ്വാധീനിക്കും.

വീട്ടുകാരുടെ അഭിരുചിയും, ഭൂപ്രദേശവും എല്ലാം അനുകൂലമാകുകയായിരുന്നു, ഇവിടെ. കെട്ടിടത്തിനും ചുറ്റുപാടിനും വേര്‍തിരിവു സൃഷ്ടിക്കുന്ന വിഭജനങ്ങള്‍ കഴിയുന്നതും ഒഴിവാക്കിയാണ് ഈ വീട് ഒരുക്കിയത്.

മൂന്നു വശങ്ങളിലും പലതരം ചെടികള്‍ തിങ്ങി നിറയും വിധമുള്ള ലാന്‍ഡ്‌സ്‌കേപ്പ് തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

പൂക്കളുള്ള ചെടികളേക്കാള്‍, പച്ചപ്പിന്റെ ഇരുളിമയുള്ള, കാണുമ്പോള്‍ തന്നെ തണുപ്പുണരുന്ന, പരുക്കനായ ചെടിത്തോട്ടമാണിത്. കൃത്യമായി ക്രമീകരിക്കപ്പെട്ട തോട്ടത്തിനേക്കാള്‍ വള്ളിപ്പടര്‍പ്പുകളും, കുറ്റിച്ചെടികളും, ചെറിയമരങ്ങളും, പുല്ലും എല്ലാം നിറഞ്ഞു നില്‍ക്കുന്നു, ഈ തോട്ട ത്തില്‍.

ഇതേ ഗൗരവം തന്നെയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്ന നടവഴികള്‍ക്കും മുറ്റത്തി നുമെല്ലാം. മിനുക്കമുള്ളതോ, തിളങ്ങുന്നതോ ആയ ഒരു മെറ്റീരിയലും ഉപയോഗിച്ചിട്ടില്ല.

പരുക്കന്‍ ചരല്‍ക്കല്ലുകളും, സ്വാഭാവിക സ്റ്റോണുകളും മാത്രമേയുള്ളു. അനാവശ്യ പ്രദര്‍ശന ഘടകങ്ങള്‍ തീരെ കലരാത്ത ബാഹ്യരൂപമാണിവിടെ. അന്തര്‍മുഖത്വം ഉള്ള വീടെന്നും പറയാം.

ഉയര്‍ന്ന ഭൂനിരപ്പില്‍, നീളന്‍ പ്ലോട്ടാണ് ഉണ്ടായിരുന്നത്. അതു കൊണ്ടു തന്നെ മുഖപ്പിന്റെ കാഴ്ച പരമാവധി ഒതുക്കി വീട് മൂന്നു ലെവലില്‍ ചെയ്തു. നല്ല ഉയരമുള്ള, കുത്തനെ ചെരിഞ്ഞിരിക്കുന്ന റൂഫുകളാണ് നല്‍കിയത്.

വീട് മൂന്നു ഭാഗങ്ങളില്‍ നിന്നും ഗാര്‍ഡന്‍ കോര്‍ട്ട്‌യാര്‍ഡിലേക്ക് തുറക്കുന്ന രീതിയിലാണ്. മിക്കയിടത്തും വീടിനും , പുറത്തെ തോട്ടത്തിനും ഇടയില്‍ ഗ്ലാസ് ഡോറിന്റെ വിഭജനം മാത്രമേയുള്ളൂ.

കാലാവസ്ഥയ്ക്ക് യോജിക്കുന്ന, അധികം പരിചരണമില്ലാതെ തന്നെ നന്നായി വളരുന്ന മരങ്ങളും ചെടികളുമാണ് തോട്ടത്തില്‍ ഉളളത്. ഈ വീടിന്റെ കാഴ്ചകവരുന്ന മര്‍മ്മ പ്രധാനഭാഗം ഈ ഗാര്‍ഡന്‍ കോര്‍ട്ട്‌യാര്‍ഡ് തന്നെയാണ്.

വെളിച്ചമുള്ള അകത്തളം

രണ്ടു കാറുകള്‍ നിര്‍ത്തിയിടാന്‍ കഴിയുന്ന കാര്‍പോര്‍ച്ചും, വീടിന്റെ മറ്റ് ഏരിയകളെ ബാധിക്കാത്ത വിധത്തില്‍ കണ്‍സള്‍ട്ടേഷന്‍ മുറിയും ഉള്‍ക്കൊള്ളിക്കുകയെന്നതായിരുന്നു ഡിസൈനിലെ മുഖ്യ വെല്ലുവിളി.

വീട്ടിലേക്ക് രണ്ടു പ്രവേശനമാര്‍ഗ്ഗങ്ങള്‍ ഒരുക്കിയാണ് ഇതിന് പരിഹാരം കണ്ടത്. കാര്‍പോര്‍ച്ചിന്റെ വലതു വശത്ത് കൂടിയുള്ള പ്രവേശനം കണ്‍സള്‍ട്ടേഷന്‍ റൂമിലേക്കാണ്. സന്ദര്‍ശകര്‍ക്ക് ഉള്ള കാത്തിരിപ്പുമുറിയും കണ്‍സള്‍ട്ടേഷന്‍ റൂമിനോട് ചേര്‍ന്നുണ്ട്.

അകത്തളത്തിലേക്കുള്ള പ്രവേശനം കാര്‍പോര്‍ച്ചിന്റെ ഇടതു വശത്തുള്ള സിറ്റൗട്ടിലൂടെ ആണ്. പുറംകാഴ്ചകളെ മറയ്ക്കാത്ത അകത്തളമായത് കൊണ്ട് തന്നെ പുറംചുമരുകള്‍ കുറവാണ്. എക്‌സ്‌റ്റേണല്‍ കോര്‍ട്ട്‌യാര്‍ഡിലേക്ക് ഓപ്പണിങ് ഉള്ള ഏരിയകളിലെല്ലാം സ്ലൈഡിങ് ഡോറുകളാണ് നല്‍കിയത്.

ഓപ്പണ്‍ ഹാളായി ഒരുക്കിയ ലിവിങ്- കം ഡൈനിങ് ഏരിയയിലേക്കാണ് സിറ്റൗട്ടില്‍ നിന്ന് പ്രവേശനം. ലിവിങ്- ഡൈനിങ് ഏരിയകളുടെ ഒരു വശം മുഴുവന്‍ പുറം ചുമരിന് പകരം സ്ലൈഡിങ് ഡോറുകള്‍ നല്‍കി കോര്‍ട്ട്‌യാര്‍ഡിന് അഭിമുഖമായി ഒരുക്കിയിരിക്കുന്നു.

കിച്ചന്‍ ഒരുക്കിയതും പുറത്തെ ഗാര്‍ഡന് അഭിമുഖമായാണ്. അടുക്കളത്തോട്ടത്തിലേക്ക് തുറന്നിരിക്കുന്ന രീതിയിലാണ് ബ്രേക്ക്ഫാസ്റ്റ് കൗണ്ടര്‍ ഒരുക്കിയത്.

വര്‍ക്ക് ഏരിയയും കിച്ചന്റെ ഭാഗമായി ഉണ്ട്. ഇതിനു പുറമേ ഒരു ബെഡ്‌റൂം കൂടി ഗ്രൗണ്ട് ഫ്‌ളോറിലുണ്ട്. ഒന്നാംനിലയിലാണ് ബാത്ത് അറ്റാച്ച്ഡ് ആയ രണ്ട് ബെഡ്‌റൂമുകളും, അപ്പര്‍ ലിവിങ്ങും.

രണ്ടാമ ത്തെ ലെവലിലെ മേല്‍ക്കൂരയുള്ള ടെറസ്, റിക്രിയേഷന്‍ സ്‌പേസ് ആയി ഉപയോഗിക്കാം. പോളിഷ് ചെയ്ത കോട്ടാ സ്‌റ്റോണും, വുഡ് പാനലും ഉപയോഗിച്ചാണ് ഫ്‌ളോറിങ് ചെയ്തത്.

അപ്പര്‍ ലിവിങ്ങിലും, മാസ്റ്റര്‍ ബെഡ്‌റൂമിലും മാത്രമാണ് വുഡന്‍ ഫ്‌ളോറിങ്ങ് നല്‍കിയത്. ക്ലേ ടൈലും, സ്റ്റീല്‍ പട്ടികയും ഉപയോഗിച്ചാണ് മെയിന്‍ റൂഫ് ചെയ്തത്.

പ്രത്യേക സീലിങ്ങ് വര്‍ക്കുക ളൊന്നു മില്ല. ഇരുള്‍ മരത്തിന്റെ തടി കൊണ്ട് ജനല്‍ ഫ്രെയിമുകള്‍ ചെയ്തു. ജാലകങ്ങള്‍ക്ക് പുറമേ മേല്‍ക്കൂരയില്‍ പലയിടത്തായി ഉള്‍പ്പെടുത്തിയ ഗ്ലാസ് റൂഫ് ടൈല്‍ അകത്തളങ്ങളില്‍ സ്വാഭാ വിക വെളിച്ചം ആവോളം പകരുന്നു.

ഹാങ്ങിങ്- ചുമര്‍ ലൈറ്റുകളും ഇതിന് പുറമേയുണ്ട്. കുഷ്യന്‍ ഉള്‍പ്പെടുത്തിയ ഇരിപ്പിടങ്ങളും മറ്റ് പരമാവധി ഒഴിവാക്കി തേക്ക് തടിയുടെ ഫര്‍ണിച്ചര്‍ സ്വാഭാവിക ഭംഗി വെളിവാകും മട്ടില്‍ ക്രമീകരിച്ചത് ലാളിത്യത്തിന് പുറമേ പൗരാണിക പ്രൗഢിയും കൊണ്ടു വരുന്നു.

ഫര്‍ണിച്ചര്‍ എല്ലാം കസ്റ്റമൈസ്ഡ് ആയി ഒരുക്കിയതാണ്. ആവ ശ്യങ്ങള്‍ എല്ലാം പരിഗണിച്ചതിനൊപ്പം സ്വാഭാവിക ലാന്‍ഡ്‌സ്‌കേപ്പിന്റെ ആവശ്യകത തിരിച്ചറിഞ്ഞ്, പ്രകൃതിക്ക് പരമാവധി മുന്‍തൂക്കം നല്‍കി ഒരുക്കിയ വീട് ആണിതെന്ന് ആര്‍ക്കിടെക്റ്റുകളായ നിഷാനും വിവേകും വ്യക്തമാക്കുന്നു.

ഫോട്ടോഗ്രാഫി : ബിജു ഇബ്രാഹിം

About editor 84 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*