ഗ്രിഡ്: ആര്‍ക്കിടെക്ചറിലേക്കുള്ള ആദ്യ ചുവട്

ആദ്യമായി പനമ്പിള്ളി നഗര്‍ അവന്യൂവിലെ ഡിസൈന്‍ കമ്പൈനിന്‍റെ ഓഫീസില്‍ ചെന്നപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒരു തയ്യാറെടുപ്പുമില്ലായിരുന്നു. രമേഷ് സാറിന് കീഴില്‍ അപ്രന്‍റീസായി ജോലി കിട്ടാനുള്ള ഇന്‍റര്‍വ്യൂവിനായി കോണ്‍ഫറന്‍സ് റൂമില്‍ കാത്തിരുന്നപ്പോള്‍ അവിടെ സ്ഥാപിച്ചിരുന്ന സീറോ മലബാര്‍ അതിരൂപതാ ആസ്ഥാനത്തിന്‍റെ മോഡല്‍ ആണ് ഞാന്‍ ശ്രദ്ധിച്ചത്.

ഞാന്‍ ഇന്നും അത് ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്. 1996-ല്‍ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിയായിരിക്കേ അപ്രന്‍റിസ്ഷിപ്പിന് ഡിസൈന്‍ കമ്പൈനില്‍ എത്തിയ ഞാന്‍ ബിരുദാനന്തരം മൂന്ന് വര്‍ഷത്തോളം അവിടെ ജോലി ചെയ്തു.

സുരേഷ് സാറും എന്‍റെ മെന്‍ററായിരുന്ന ജേക്കബ് ചെറിയാനും കുറച്ച് ജൂനിയര്‍ ആര്‍ക്കിടെക്റ്റുകളും ഡ്രാഫ്റ്റ്സ്മാന്‍മാരും സഹായികളും ഒത്തുചേരുന്നതായിരുന്നു അന്ന് ഡിസൈന്‍ കമ്പൈന്‍.

അന്നുണ്ടായിരുന്ന മറ്റു പല സ്ഥാപനങ്ങളെയും നിഷ്പ്രഭമാക്കുന്ന രീതിയിലുള്ള, അവരേക്കാളുമൊക്കെ പത്തുമടങ്ങെങ്കിലും ഉയര്‍ന്ന ആര്‍ക്കിടെക്ചര്‍ നിലവാരം അന്നേ രമേഷ് സര്‍ കാഴ്ചവച്ചിരുന്നു.

മറ്റു പല ആര്‍ക്കിടെക്റ്റുകളില്‍ നിന്നും വ്യത്യസ്തമായി രമേഷിന്‍റെയും സുരേഷിന്‍റെയും രീതികള്‍ പ്രശംസനീയവും അനുകരണീയവുമാണ്.

മറ്റുള്ളവര്‍ക്ക് പ്രചോദനം ഉള്‍ക്കൊള്ളാവുന്ന തരത്തില്‍, അബദ്ധങ്ങള്‍ക്ക് പഴുതില്ലാത്തതും വളരെ ഫലപ്രദമായതുമായ ഉത്തരങ്ങള്‍ കണ്ടെത്തുന്ന അവര്‍ അവരെപ്പോലെ തന്നെ ലോകം രൂപകല്‍പന ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട ജൂനിയര്‍ ആര്‍ക്കിടെക്റ്റുകളെ ഇക്കാര്യങ്ങളില്‍ ഏറെ സഹായിക്കുകയും ചെയ്തിരുന്നു.

‘ഡിസൈന്‍ കമ്പൈന്‍ സ്കൂളില്‍’ നിന്ന് പഠനം പൂര്‍ത്തിയാക്കിയ മിക്കവരും അവരുടെ ഈ തത്ത്വങ്ങള്‍ പിന്നീടുള്ള കരിയറിലും പിന്തുടരുന്നുണ്ടെന്നത് സത്യമാണ്.

ഒട്ടുമിക്ക ഡിസൈന്‍ കമ്പൈന്‍ പ്രോജക്റ്റുകളിലും വളരെ യുക്തിപൂര്‍വ്വം ഉള്‍പ്പെടുത്തിയിരുന്ന ‘മോഡുലര്‍ ഗ്രിഡ്’ സംവിധാനം അവരുടെ പ്രത്യേകതകളിലൊന്നാണ്.

ഡിസൈന്‍ തയ്യാറാക്കുമ്പോള്‍ ഉണ്ടാകുന്ന ചില പ്രതിബന്ധങ്ങള്‍ തരണം ചെയ്യാനാണ് ഗ്രിഡ് ഉപയോഗിച്ചിരുന്നത്. ചില സുപ്രധാന പ്രോജക്റ്റുകളുടെ ഷീറ്റുകള്‍ മറിച്ചു നോക്കുമ്പോള്‍ (അവയില്‍ ചിലത് ഈ പുസ്തകത്തിലുണ്ടാകും) ഓരോ ഡിസൈനിനു പിന്നിലും ഉപയോഗിച്ച ഗ്രിഡ് സിസ്റ്റം ഇന്നും എന്‍റെ മനസ്സിലേയ്ക്ക് വരും.

‘ജെ സി’ എന്നു ഞങ്ങള്‍ സ്നേഹത്തോടെ വിളിക്കുന്ന ആര്‍ക്കിടെക്റ്റ് ജേക്കബ് ചെറിയാനാണ് ഗ്രിഡ് സംവിധാനത്തിന്‍റെ സവിശേഷതയെപ്പറ്റി എന്നെ ഏറെ പഠിപ്പിച്ചത്.

തുടര്‍ന്ന് ഡിസൈന്‍ ഡീറ്റെയിലിന്‍റെ അത്ഭുതലോകത്തേയ്ക്ക് ഇറങ്ങിച്ചെന്ന ഞാന്‍ ഫങ്ഷണല്‍ ഗ്രിഡില്‍ അന്തര്‍ലീനമായ യഥാര്‍ത്ഥ സൗന്ദര്യം തിരിച്ചറിയുകയായിരുന്നു.

ഡിസൈന്‍ കമ്പൈന്‍ ഓഫിസ്

22.5x 90cm ഗ്രിഡിനെപ്പറ്റി ഡിസൈന്‍ കമ്പൈനില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും തന്നെ അറിയാമായിരിക്കും. മറ്റു പല ഗ്രിഡുകളും ഉപയോഗിച്ചിരുന്നെങ്കിലും റെഡിസന്‍ഷ്യല്‍ പ്രോജക്റ്റുകള്‍ക്ക്
22.5x 90cm ഗ്രിഡ് ഉപയോഗിക്കുക എന്നത് അവരുടെയൊക്കെ ഔദ്യോഗിക ജീവിതത്തില്‍ അക്കാലത്ത് ഒരു ഫാഷന്‍ തന്നെയായിരുന്നു.

ബ്രിക്ക് മൊഡ്യൂളിനെ അടിസ്ഥാനമാക്കിയ ഈ വിവിധോദ്ദേശ്യ ഗ്രിഡ് ഒരേസമയം വ്യത്യസ്തവും എന്നാല്‍ ഭംഗിയുള്ളതുമായ ലേഔട്ട് മാതൃകകള്‍ തയ്യാറാക്കാന്‍ സഹായകരമായിരുന്നു. ഡിസൈനിന്‍റെ സൗന്ദര്യമായിരുന്നു എന്നും ഡിസൈന്‍ കമ്പൈനിന്‍റെ പ്രത്യേകത.

വീടിന്‍റെ ഘടനാപരമായ സംവിധാനം, വാതിലുകളും ജനലുകളും ലൂവറുകളും ഇണക്കിച്ചേര്‍ക്കുന്ന രീതി, മറ്റു ദൃശ്യഘടകങ്ങളുടെ സ്ഥാനം, ഫ്ളോര്‍ ടൈല്‍ ലേഔട്ട്, മുറികളുടെ സ്ഥലപരമായ നിലവാരം തുടങ്ങിയവ മോഡുലാര്‍ ഗ്രിഡ് കൃത്യമായി ഉപയോഗിക്കുന്നതു കൊണ്ട് ഉറപ്പാക്കാനാകും.

കേരളത്തിന്‍റെ പരമ്പരാഗത ആര്‍ക്കിടെക്ചറിന്‍റെ അവിഭാജ്യഘടകമായിരുന്നെങ്കിലും അക്കാലത്തെ പല ആര്‍ക്കിടെക്റ്റുകളും ഈ ഗ്രിഡ് സംവിധാനത്തിന് വലിയ ശ്രദ്ധ നല്‍കിയിരുന്നില്ല, അഥവാ അതേക്കുറിച്ച് ബോധവാന്മാരായിരുന്നില്ല എന്ന് എനിക്ക് തോന്നുന്നു.

അലുമിനിയം ഗട്ടറുകളും മഴവെള്ളം ഊര്‍ന്നു വീഴാനായി തൂക്കിയിട്ട ചങ്ങലകളും ഡിസൈന്‍ കമ്പൈന്‍ രൂപകല്‍പന ചെയ്ത വീടുകളുടെ പ്രത്യേകതയായിരുന്നു. ഇത് പില്‍ക്കാലത്ത് സംസ്ഥാനത്ത് പല കെട്ടിടങ്ങളിലും വ്യാപകമായി (ചിലപ്പോഴെങ്കിലും ഭീകരമായി) ഉപയോഗിച്ചു പോരുന്നുണ്ട്.

‘കൃത്യമായ അര്‍ത്ഥമുള്ളതും വിന്യാസത്തില്‍ സ്ഥിരതയുള്ളതും പ്രായോഗികമായി മനസ്സിലാകുന്നതുമായ രൂപകല്‍പനയാണ് എനിക്ക് ഇഷ്ടമെന്ന്’ മാസിമോ വിഗ്നെലി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

രമേഷ് തരകന്‍റെ പ്രോജക്റ്റുകള്‍ ഉറപ്പായും ഇത്തരത്തിലുള്ളതാണ്. ഒരു ജൂനിയര്‍ ആര്‍ക്കിടെക്റ്റ് എന്ന നിലയില്‍ ഡിസൈനിങ്ങിന്‍റെ തുടക്കം മുതല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതു വരെ ചില പ്രോജക്റ്റുകളുടെ ഭാഗമാകാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

രമേഷ് സര്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രീതി ഗംഭീരമാണ്. അദ്ദേഹത്തിന്‍റെ മനസ്സിലുള്ള ഡിസൈന്‍ ആശയത്തിന്‍റെ യുക്തിയും സാംഗത്യവുമൊക്കെ അദ്ദേഹം വിശദീകരിച്ചു കൊടുക്കുന്നത് ക്ലയന്‍റുകള്‍ ശ്രദ്ധയോടെ കേട്ടിരിക്കുമായിരുന്നു.

ശ്രദ്ധാപൂര്‍വ്വമുള്ള ആംഗ്യവിക്ഷേപങ്ങളിലൂടെയും ഇടവേളകള്‍ നല്‍കിയുമൊക്കെയുള്ള അദ്ദേഹത്തിന്‍റെ അവതരണം സശ്രദ്ധം കേട്ടിരിക്കുന്ന ക്ലയന്‍റുകള്‍ രമേഷ് സര്‍ തങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കുമെന്ന പൂര്‍ണ്ണവിശ്വാസത്തോടെയാണ് ഓഫീസ് വിടുക.

പ്രൊഫഷണല്‍ ഫീസിന്‍റെ കാര്യത്തില്‍ ക്ലയന്‍റുകളുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു വിലയേറിയ കാര്യവും അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടുണ്ട്.

ഒരു ഡിസൈന്‍ തയ്യാറാക്കാന്‍ ആര്‍ക്കിടെക്റ്റ് സഹിക്കുന്ന അധ്വാനവും കഷ്ടപ്പാടും മനസ്സിലാക്കാതെയായിരിക്കും ഇന്നത്തെ സമൂഹത്തില്‍ പലപ്പോഴും പലരും പെരുമാറുന്നതും സേവനങ്ങള്‍ക്ക് വിലയിടുന്നതും.

അത്തരത്തില്‍ ഒരു ക്ലയന്‍റ് (പേര് വെളിപ്പെടുത്തുന്നില്ല) പ്രോജക്റ്റിന്‍റെ അവസാന ഘട്ടത്തില്‍ ഫീസിന്‍റെ കാര്യത്തില്‍ രമേഷ് സാറിനോട് തര്‍ക്കിക്കുകയാണ്.

ഒരു കുലുക്കവുമില്ലാതെ രമേഷ് സാര്‍ തിരിച്ചു ചോദിച്ചു “നിങ്ങള്‍ ഒരിക്കലെങ്കിലും ഒരു ഡോക്ടറെ കണ്ടിട്ടുണ്ടോ? അദ്ദേഹത്തിന്‍റെ ഫീസിനെപ്പറ്റി അദ്ദേഹത്തോട് തര്‍ക്കിച്ചിട്ടുണ്ടോ? ഒരിക്കലും ഒരു പ്രൊഫഷണലിനോട് അയാളുടെ ഫീസിനെപ്പറ്റി തര്‍ക്കിക്കാന്‍ പാടില്ലെന്നത് ഒരു അലിഖിത നിയമമാണ്.”

ഇതോടെ ക്ലയന്‍റ് മുഴുവന്‍ പണവും നല്‍കി തിരിച്ചു പോയി. ഇതിലും മികച്ച ഒരു വാദം ഞാന്‍ ഇതിനു മുമ്പും പിമ്പും കേട്ടിട്ടില്ല.

പുഴയിലൂടെ ധാരാളം വെള്ളം ഒഴുകിപ്പോയിരിക്കുന്നു. തുടക്കക്കാലത്തെ നേട്ടങ്ങള്‍ ഏതൊരാളുടെയും പ്രൊഫഷണല്‍ ജീവിതത്തിന് അടിത്തറ പാകുകയെന്നത് സ്വാഭാവികമാണ്. ഇന്ന് ടികെഎം സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ ഡീന്‍ ആയി ജോലി ചെയ്യുന്ന ഞാന്‍ ഏറെ അഭിമാനത്തോടും ഗൃഹാതുരത്വത്തോടും കൂടിയാണ് കുട്ടികളെ ‘ഗ്രിഡ് സിസ്റ്റം’ പഠിപ്പിക്കുന്നത്.

ഗ്രിഡ് സംവിധാനത്തിന്‍റെ ഗുണങ്ങളെപ്പറ്റിയും അത് എങ്ങനെ ജോലി മെച്ചപ്പെടുത്തുമെന്നും ഞാന്‍ കുട്ടികളോട് പറഞ്ഞു കൊടുക്കുന്നത് ഡിസൈന്‍ കമ്പൈനിലെ എന്‍റെ അനുഭവപാഠത്തില്‍ നിന്നാണ്.

ഒരു ആര്‍ക്കിടെക്റ്റിന്‍റെ അറിവിന്‍റെയും കഴിവിന്‍റെയും മനോഭാവത്തിന്‍റെയും പ്രതിഫലനമാണ് ഓരോ സൃഷ്ടിയും.

രമേഷ് സര്‍, താങ്കള്‍ പകര്‍ന്നു നല്‍കിയ മൂല്യങ്ങള്‍ക്ക് ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കും; ഡിസൈന്‍ കമ്പൈനില്‍ നിന്ന് ഇനിയുമനേകം മനോഹരമായ, സ്ഥായിയായ ഡിസൈനുകളുണ്ടാകട്ടെ.

ലേഖകന്‍: ഡീന്‍, ടി.കെ.എം. സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍, കൊല്ലം

About editor 261 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*