തിരക്കുപിടിച്ച ജീവിതം നയിക്കുന്ന ന്യൂ ജനറേഷന്‍; പല കാര്യങ്ങള്‍ക്കും പരാശ്രയം വേണ്ടിവരുന്ന ഓള്‍ഡ് ജനറേഷന്‍. ഇരുകൂട്ടര്‍ക്കും സ്വന്തം വാസസ്ഥലം തന്നെ എല്ലാ കാര്യങ്ങള്‍ക്കും പര്യാപ്തമായ വിധത്തില്‍ സുസജ്ജമാണ് ആധുനിക അപ്പാര്‍ട്ട്‌മെന്റ് /വില്ലാ സമുച്ചയങ്ങള്‍. ഇന്ധനം, സമയം, പണം തുടങ്ങിയവ ലാഭിക്കാമെന്നതു മാത്രമല്ല തികച്ചും സുരക്ഷിതം കൂടിയാണ് ഇവ എന്നതാണ് ആളുകളെ ഫ്‌ളാറ്റുകളിലേക്കും വില്ലകളിലേക്കും ആകര്‍ഷിക്കുന്ന മുഖ്യ ഘടകം. നഗരത്തില്‍ രണ്ടോ മൂന്നോ സെന്റ് ഭൂമി വാങ്ങണമെങ്കില്‍ പോലും നല്ലൊരു തുക കണ്ടെത്തണം. വീടു വയ്ക്കാന്‍ ലക്ഷങ്ങള്‍ വേറെയും. ഈ ചെലവുകള്‍ എല്ലാം തട്ടിച്ചു നോക്കുമ്പോഴും ഗ്രൂപ്പ് ഹൗസിങ്ങിന് പ്രിയമേറുന്നു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം സ്വിമ്മിങ് പൂള്‍, സ്വിമ്മിങ്പൂളിനോട് ചേര്‍ന്ന് കഫറ്റേരിയ, ബില്യാര്‍ഡ്‌സ്-ബ്രിഡ്ജ് ടേബിളുകള്‍,സ്‌ക്വാഷ്‌കോര്‍ട്ട്,ട്രാന്‍സിറ്റ് ഹോം, എ.സി, ഫിറ്റ്‌നസ് സെന്റര്‍,എച്ച് ഡി പ്രൊജക്ടറുകളുള്ള എ.സി. മിനിതിയേറ്റര്‍, രാജകീയമായ ലോബികള്‍, ആംഫിതിയേറ്റര്‍, റെസ്റ്റോറന്റ് എന്നിവയെല്ലാമടങ്ങുന്നതാണ് പല ഹൈടെക് കെട്ടിടങ്ങളും. ഒരു കോമ്പൗണ്ടില്‍ തന്നെ നിരവധി ടവറുകളിലായി സിംഗിള്‍, ഡബിള്‍, ത്രിബിള്‍ എന്നിങ്ങനെ ബെഡ്‌റൂമുകളുടെ എണ്ണത്തിലും ഏരിയയിലും വ്യത്യാസമുള്ള ഫ്‌ളാറ്റുകളും വിവിധ അളവുകളിലുള്ള പ്ലോട്ടുകളില്‍ വെവ്വേറെ ഡിസൈനുകളിലുള്ള വില്ലകളും ഉണ്ടാവും. നല്ല പ്രോജക്റ്റ് തിരിച്ചറിയാന്‍ ഗുണനിലവാരത്തിന് ബില്‍ഡര്‍ക്കു നല്‍കുന്ന ക്രിസില്‍ തുടങ്ങിയ റേറ്റിങ്ങുകള്‍ ഒരളവുവരെ ഉപഭോക്താക്കള്‍ക്ക് സഹായകരമാകുന്നു.

ഫ്‌ളാറ്റുകളെ സംബന്ധിച്ചിടത്തോളം സുരക്ഷ വളരെ പ്രധാനമാണ്. അനധികൃതമായി ഫ്‌ളാറ്റിനകത്തേക്ക് ആരും പ്രവേശിക്കാതിരിക്കാനുള്ള സെക്യൂരിറ്റി സംവിധാനം നിര്‍ബന്ധമാണ്. സ്വത്തിനും ജീവനും സുരക്ഷാഭീഷണികള്‍ ഏറിവരികയും വീടുകളിലെ അംഗങ്ങള്‍ കുറവാകുകയും, അന്തേവാസികള്‍ പ്രായമായവര്‍ മാത്രമാകുകയും ചെയ്യുന്ന ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ തികഞ്ഞ സുരക്ഷിതത്വമാണ് ഫ്‌ളാറ്റുകളും വില്ലാപ്രോജക്റ്റുകളും തെരഞ്ഞെടുക്കുവാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകം. മിക്ക ഫ്‌ളാറ്റുകളിലും വീഡിയോ ക്യാമറാ സൗകര്യവും ഉണ്ട്. റിസപ്ഷനില്‍ എത്തുന്ന വിരുന്നുകാരനെ വീഡിയോ ക്യാമറയിലൂടെ കണ്ട് ബോധ്യപ്പെട്ടതിനുശേഷം മാത്രം വീട്ടിലേക്ക് ക്ഷണിച്ചാല്‍ മതിയാകും. കോമ്പൗണ്ട് മുഴുവന്‍ സിസി ടിവി ക്യാമറാ നിരീക്ഷണത്തിലും സെക്യൂരിറ്റി ഗാര്‍ഡുകളുടെ നിയന്ത്രണത്തിലുമാകയാല്‍ അനധികൃത പ്രവേശനം ഉണ്ടാകുകയില്ല തന്നെ.

കെട്ടിടത്തിന് ഭൂകമ്പപ്രതിരോധശേഷി ഉറപ്പുവരുത്തുക എന്നത് ഒറ്റവീടിന്റെ കാര്യത്തിലാകുമ്പോള്‍ ഏറെ ചെലവേറിയതാകും. എന്നാല്‍ ഫ്‌ളാറ്റ് -വില്ലാ സമുച്ചയങ്ങള്‍ ഇക്കാര്യം ഉറപ്പാക്കിയിരിക്കും. അഗ്നിസുരക്ഷയുടെ കാര്യവും ബഹുനില കെട്ടിടങ്ങളില്‍ കൂടുതല്‍ കര്‍ശനമായി പാലിക്കപ്പെട്ടിരിക്കും.

ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

ഫ്‌ളാറ്റ് വാങ്ങുമ്പോള്‍ കാര്‍പാര്‍ക്കിങ്ങിന് ആവശ്യമായ സ്ഥലം, കെട്ടിടത്തിലേക്കുള്ള അപ്രോച്ച്, റോഡിന്റെ വീതി എന്നിവ ഉറപ്പാക്കണം. വെള്ളം, വൈദ്യുതി, ഗ്യാസ് ഇവയ്‌ക്കെല്ലാം പൊതുവിതരണ സമ്പ്രദായമാണോ എന്നത് ശ്രദ്ധിക്കണം. ചുരുങ്ങിയത് രണ്ടുകാറെങ്കിലും പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യം ഒരു ഫ്‌ളാറ്റ് ഉടമയ്ക്ക് ഉണ്ടാവണമെന്നതാണ് ലക്ഷ്വറി ഫ്‌ളാറ്റുകളുടെ നിര്‍മ്മാണത്തില്‍ പതിവുള്ള നിബന്ധന.

ലിഫ്റ്റുകളുടെ എണ്ണത്തിലും കാര്യമായ ശ്രദ്ധ വേണം. ഫ്‌ളാറ്റുകളുടെ എണ്ണത്തിനനുസരിച്ച് ലിഫ്റ്റുകളുടെ എണ്ണവും കൂടിയിരിക്കും. സൈഡ് ലിഫ്റ്റ് നിര്‍ബന്ധമാണ്.
ഫ്‌ളാറ്റിന്റെ കോമണ്‍ഏരിയയ്ക്ക് എല്ലാവരും തുല്യ അവകാശികളാണ്.അതുകൊണ്ട് കാര്‍പെറ്റ് ഏരിയകളുടെ കൂടെ കോമണ്‍ഏരിയ കൂട്ടിച്ചേര്‍ത്താണോ മൊത്തം അളവ് പറഞ്ഞിരിക്കുന്നത് എന്ന് വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കണം. മുപ്പത് ഫ്‌ളാറ്റുകള്‍ അടങ്ങിയിട്ടുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിന് പൊതുവായുള്ള ഒരു ക്ലബ്ബ് റൂം ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ തൊട്ടടുത്ത ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ ആരാണെന്നുപോലും അറിയില്ല എന്ന ഫ്‌ളാറ്റുനിവാസികളെക്കുറിച്ചുള്ള തെറ്റിദ്ധാരണയൊക്കെ ഇന്ന് മാറിയിരിക്കുന്നു. ഏതൊരാഘോഷത്തിനും ഒത്തു കൂടാനുള്ള ഇടങ്ങളാണ് ക്ലബ് ഹൗസുകള്‍. മലയാളികള്‍ക്കു നഷ്ടപ്പെട്ടു പോയ കൂട്ടുകുടുംബാന്തരീക്ഷം ഉറപ്പാക്കാന്‍ ഇത്തരം ഗ്രൂപ്പ് ഹൗസിങ് സംവിധാനങ്ങള്‍ സഹായിക്കും. ഒരേ സാമ്പത്തിക, സാമൂഹിക തലത്തിലുള്ളവരായിരിക്കും ഒരു സമുച്ചയത്തിലെ അന്തേവാസികള്‍ എന്നത് നല്ല അന്തരീക്ഷം സൃഷ്ടിക്കും.

ഡോക്യുമെന്റേഷനുകള്‍ എന്തെല്ലാം?

ഫ്‌ളാറ്റുകള്‍ വാങ്ങുന്നതിനുമുമ്പ് സ്ഥലത്തിന്റെ ആധാരവും മറ്റ് പ്രമാണങ്ങളും ഒരു വിശ്വസ്തനായ വക്കീലിനെ കാണിച്ച് ക്ലിയറന്‍സ് നടത്തേണ്ടതാണ്. കഴിയുന്നതും ആധാരങ്ങളുടെയും മറ്റ് പ്രമാണങ്ങളുടെയും ഒറിജിനല്‍ തന്നെ കാണണമെന്ന് പറയുന്നതും, പണി തുടങ്ങാന്‍ പോകുന്ന ഫ്‌ളാറ്റ് ആണ് വാങ്ങുന്നതെങ്കില്‍ അപ്രൂവ്ഡ് ബില്‍ഡിങ് പ്ലാന്‍ ആവശ്യപ്പെടുന്നതും അത്യാവശ്യമാണ്. ബില്‍ഡറുടെ വിശ്വാസ്യതയും പാരമ്പര്യവും മുഖ്യ ഘടകമാണ്. മുമ്പ് പണി തീര്‍ന്നിട്ടുള്ള പ്രോജക്റ്റുകളും അതിന്റെ ഉടമസ്ഥരേയും സന്ദര്‍ശിച്ച് ഇവ ഉറപ്പ് വരുത്താം.

നിലംനികത്തി കെട്ടിടം പണിയാന്‍ പാടില്ലെന്നുള്ള നിയമവ്യവസ്ഥകള്‍ പോലുള്ള ചില കാണാക്കുരുക്കുകള്‍ പല പ്രോജക്റ്റുകളേയും പാതിവഴിയില്‍ തളച്ചിട്ടിരിക്കുന്നത് നമുക്കറിയാം. ഒരു നിര്‍മ്മാണ പദ്ധതിയില്‍ പണം മുടക്കുന്നതിനു മുമ്പേ രജിസ്ട്രാഫീസില്‍ നിന്ന് ‘നോ എന്‍കംമ്പ്രന്‍സ്’ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് പ്രസ്തുത പ്രോജക്റ്റ് എന്തെങ്കിലും ബാങ്ക് ഇടപാടുകളിലോ, കോടതി വ്യവഹാരങ്ങളിലോ പെട്ടിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താം. കോര്‍പ്പറേഷന്റേയും മുനിസിപ്പാലിറ്റിയുടെയും പഞ്ചായത്തിന്റെയും നിയമങ്ങള്‍ പാലിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം.

ഡിസൈനിങ് ഉപയുക്തതയോടെ

കാലത്തെ അതിജീവിക്കേണ്ടവയാണ് ബഹുനിലകെട്ടിടങ്ങള്‍. അതുകൊണ്ട് അതിനുതകുന്ന രീതിയില്‍ ആവണം സ്ട്രക്ച്ചര്‍ ഡിസൈന്‍. ഒരിഞ്ച് സ്ഥലം പോലും പാഴാക്കരുത്, നഷ്ടപ്പെടുത്തരുത്.സര്‍ക്കുലേഷന്‍ ഏരിയ, എല്ലാവര്‍ക്കും പൊതുവായി ഉള്ളതാണ്. ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങുന്ന സ്‌ക്വയര്‍ ഫീറ്റ് ഏരിയ സര്‍ക്കുലേഷനുവേണ്ടി മാത്രം ചെലവഴിക്കുന്നതില്‍ അര്‍ത്ഥമില്ല. ലിഫ്റ്റ്, സ്റ്റെയര്‍ ഇവ രണ്ടും ഒരു സെന്റര്‍ഫ്‌ളോറായി നല്‍കിയിട്ടുണ്ടെങ്കില്‍ ഒരുപാട് ഗുണങ്ങള്‍ ഉണ്ട്. ഫയര്‍, ഇലക്ട്രിക്ക് തുടങ്ങിയ സര്‍വീസുകളും ഇതോട് കൂട്ടിച്ചേര്‍ക്കാം. മെയിന്റനന്‍സ് സമയത്ത് അന്തേവാസികള്‍ക്ക് ശല്യമുണ്ടാവില്ല. നിര്‍മ്മാണച്ചെലവും കുറയും. സ്വീവേജ് സംവിധാനം,കൃത്യമായ ഡ്രയിനേജ് സിസ്റ്റം, ഖര മാലിന്യ സംസ്‌ക്കരണം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഫ്‌ളാറ്റുകളില്‍ കൃത്യമായ സംവിധാനം ഉണ്ടായിരിക്കും.കാരണം ഇപ്പോള്‍ ഇവയെല്ലാം നിര്‍മ്മാണ നിയമങ്ങള്‍ക്ക് വിധേയമായ കാര്യങ്ങളാണ്. ശുദ്ധജലത്തിന്റെ ലഭ്യതയാണ് ബഹുനിലകെട്ടിടങ്ങളുടെ ഒരു പ്രധാന പ്രശ്‌നം.അതിനുള്ള സംവിധാനങ്ങള്‍ ബില്‍ഡര്‍ ഉറപ്പാക്കിയിരിക്കണം. ഫ്‌ളാറ്റുകളിലെ കിച്ചന്റെ ചിമ്മിനി, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവ മെച്ചപ്പെട്ടതായിരിക്കണം. ഒരു അടുക്കളയുടെ പുക മറ്റൊരു അടുക്കളയിലേക്ക് പോകാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ ഡിസൈനില്‍ ഉണ്ടാകേണ്ടതാണ്.ഫ്‌ളാറ്റുകളുടെ നിര്‍മ്മാണഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ് ടോയ്‌ലറ്റ് ഡക്റ്റുകളുടെ നിര്‍മ്മാണം. മെയിന്റനന്‍സ് ആവശ്യമായി വന്നാല്‍ പെട്ടെന്ന് വൃത്തിയാക്കാന്‍ പറ്റുന്ന രീതിയിലായിരിക്കണം അതിന്റെ സ്ഥാനം.

ഒരു പ്രോജക്റ്റിന്റെ ഡിസൈനിലും നിര്‍വ്വഹണത്തിലും ഉള്‍പ്പെട്ടിട്ടുള്ള ആര്‍ക്കിടെക്റ്റുകള്‍, സ്ട്രക്ചറല്‍ എഞ്ചിനീയര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍ എന്നിവര്‍ ആരെന്ന് പരിശോധിക്കുന്നത് മൊത്തം പ്രോജക്റ്റിന്റെ ഗുണനിലവാരത്തെക്കുറിച്ച് മുന്‍കൂട്ടി വിലയിരുത്താന്‍ സഹായകരമാകും. മികച്ച പ്രൊഫഷനലുകളെ തെരഞ്ഞെടുക്കുക വഴി ബില്‍ഡര്‍ക്ക് തന്റെ പ്രോജക്റ്റിന്റെ ഉന്നത നിലവാരം ഉറപ്പാക്കാനുമാകും.

Leave a Reply

Your email address will not be published. Required fields are marked *