• Sep 20, 2018
  • Editor
  • Comments Off on പച്ചപ്പിനിടയില്‍ ഒരു ചെറിയ വെണ്ണക്കല്‍ക്കൊട്ടാരം പോലെ ഒരു വീട്! ഇതു ഗുരുദക്ഷിണ
  • Designer + Builder, Dream Home, Walk-Through
  • 1339 Views

Project Specifications

ഹൈസ്‌ക്കൂളില്‍ തന്നെ പഠിപ്പിച്ച അദ്ധ്യാപകന്‍ അദ്ദേഹത്തിനായി ഒരു വീട് ഡിസൈന്‍ ചെയ്തു കൊടുക്കണം എന്ന് വിളിച്ചു പറഞ്ഞപ്പോഴേ അനൂപിന്റെ മനസ്സില്‍ അതിന്റെ പ്ലാന്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.

ജോയ് ആന്റണി തന്റെ ആവശ്യങ്ങള്‍ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്ന അനൂപി നെ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ അതുള്‍ക്കൊള്ളാന്‍ ശിഷ്യന് അധികസമയം വേണ്ടിവന്നില്ല. ഒരു ക്ലയന്റ് എന്ന തോന്നല്‍ മാറ്റിനിര്‍ത്തിക്കൊണ്ട് തന്റെ ഗുരുവിന് ഒരു ദക്ഷിണ എന്ന ചിന്ത യോടെയാണ് അനൂപ് വീട് ഒരുക്കിയെടുത്തത്.

ഒരേക്കര്‍ വരുന്ന ഭൂമിയില്‍ പ്ലോട്ടിന് ഒരു വശ ത്താ യിട്ടാണ് വീട് പ്ലാന്‍ ചെയ്തത്. പരമ്പരാഗത വാസ്തുവനുസരിച്ച് വീടിന് സ്ഥാനം കണ്ടതിനാലാണ് വീടിന്റെ സ്ഥാനം ഒരു വശത്തേയ്ക്ക് മാറിയത്.

മാത്രമല്ല, ജോയ് ആന്റണിയുടെ തറവാട് വീട് ഈ വീടിരിക്കുന്ന സ്ഥലത്ത് നിന്നും 100 അടി പിറകിലായി സ്ഥിതി ചെയ്യുന്നുമുണ്ട്. വീടിന്റെ കാര്‍പോര്‍ച്ചിന്റെ ഒരു വശത്തു കൂടി തറവാട് വീട്ടിലേയ്ക്ക് ഒരു വഴിയും നല്‍കിയിരിക്കുന്നു.

കന്റംപ്രറി-കൊളോണിയല്‍

അങ്കമാലിയില്‍ മള്ളുശ്ശേരിയ്ക്കടുത്ത് സ്ഥിതി ചെയ്യുന്ന 4600 സ്‌ക്വയര്‍ഫീറ്റിലുള്ള ഈ വീട് പച്ചപ്പിനിടയില്‍ ഒരു ചെറിയ വെണ്ണക്കല്‍ക്കൊട്ടാരം പോലെ എടുത്തു നില്‍ക്കുന്നു.

കന്റംപ്രറി, കൊളോണിയല്‍ ശൈലിയിലെ ചില ഘടകങ്ങള്‍ ഉള്‍ച്ചേര്‍ത്തു കൊണ്ടാണ് വീട് ഒരുക്കിയിരിക്കുന്നത്. എക്സ്റ്റീരിയറില്‍ പാകിയിരിക്കുന്ന കരിങ്കല്‍പാളികളുടെ നടപ്പാതകളും, വെള്ള പെബിളുകളും, ബേബി മെറ്റലുമെല്ലാം എക്സ്റ്റീരിയറിന്റെ ആഢ്യത്വം ഇരട്ടിപ്പിക്കുന്നു.

അംഗങ്ങള്‍ കൂടുതല്‍ ഉള്ളതിനാല്‍ ഒന്നില്‍ കൂടുതല്‍ കാര്‍പോര്‍ച്ചുകള്‍ വേണമെന്ന് ആന്റണിസാര്‍ ആദ്യമേ അനൂപിനോട് നിഷ്‌ക്കര്‍ഷിച്ചിരുന്നു.

സ്‌ക്വയര്‍ടൈപ്പ് പാറ്റേണിലുള്ള ഡിസൈന്‍ എലമെന്റുകളും, ആര്‍ച്ച് മാതൃകകളും, വൃത്താകൃതിയിലെ പടിക്കെട്ടും, പില്ലറുകളും, എല്ലാം കന്റംപ്രറി-കൊളോണിയല്‍ ശൈലിക്ക് മാറ്റ് കൂട്ടുന്ന ഘടകങ്ങളാണ്. റോഡിലേയ്ക്ക് കാഴ്ച കിട്ടുന്ന വിധത്തില്‍ വേണം.

വീട് ഒരുക്കാന്‍ എന്നും, ചുറ്റുമുള്ള കൃഷിസ്ഥലങ്ങള്‍ വീടിനകത്തിരുന്നു കാണാന്‍ ഉതകുംവിധം ആവണം വീടിന്റെ തുറവികള്‍ എന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

വളപ്പിലുള്ള ജാതി മരങ്ങളെല്ലാം വീടിന് ചുറ്റും അതിരിടുന്ന മട്ടില്‍ നിലനിര്‍ത്തിക്കൊണ്ടാണ് വീട് പണിതത്. നീളന്‍ വരാന്തയും വലിയ ജനലുകളും എല്ലാം വീടിന്റെ പുറംഭംഗി കൂട്ടുന്നു. അകംപുറം വെണ്‍മയ്ക്ക് മുന്‍തൂക്കം നല്‍കിയതും കൊളോണിയല്‍ ശൈലിയെ പിന്തുണയ്ക്കുന്നു.

കസ്റ്റംമെയ്ഡ്

ഡ്രോയിങ് റൂം, ഫാമിലി ലിവിങ്, ഗസ്റ്റ് ലിവിങ്, കിച്ചന്‍, 5 ബെഡ്‌റൂമുകള്‍, എക്‌സ്റ്റേണല്‍ കോര്‍ട്ട്‌യാര്‍ഡ് ഇത്രയുമാണ് ഉള്ളിലെ ഒരുക്കങ്ങള്‍. സിറ്റൗട്ടില്‍ നിന്നും നേരേ പ്രവേശിക്കുന്ന ലിവിങ് ഏരിയയിലെ സജ്ജീകരണങ്ങള്‍ അല്‍പ്പം വ്യത്യസ്തമാണ്.

ഇരുവശവുമായി നല്‍കിയിരിക്കുന്ന ലിവിങ് റൂം സോഫ, യൂട്ടിലിറ്റി കണക്കിലെടുത്ത് പ്രത്യേകം പണികഴിപ്പിച്ചതാണ്. ഇരുവശത്തേയും നീളന്‍ ജനാലകള്‍ പ്രകൃതിയിലെ പച്ചപ്പിലേയ്ക്കുള്ള കാഴ്ചയുടെ ദൂരം കുറയ്ക്കുന്നു.

അധിക ഫര്‍ണിച്ചറിനോ, കൗതുക വസ്തുക്കള്‍ക്കോ ഇടം നല്‍കാതെയുള്ള ഡിസൈന്‍ നയം ഒരു ‘ക്ലീന്‍ ഫീല്‍’ പ്രദാനം ചെയ്യുന്നു.

വാതില്‍ തുറക്കുമ്പോള്‍ തന്നെ കാണാവുന്ന രീതിയില്‍ ഒരുക്കിയ രൂപക്കൂട് അകത്തളങ്ങളെ പ്രസന്നമാക്കുന്നു. സീലിങ്ങിലെ നീളമുള്ള സ്ട്രിപ്പുകളും അവയിലെ എല്‍ ഇ ഡി സ്‌പോട്ട് ലൈറ്റുകളും മുറികളുടെ ആംപിയന്‍സ് കൂട്ടുന്നു.

തടി, വെനീര്‍, ജിപ്‌സം എന്നിവ കൊണ്ടാണ് സീലിങ് വര്‍ക്ക്. ഫാമിലി ലിവിങ്ങില്‍ നിന്നുമാണ് മുകളിലേയ്ക്കുള്ള സ്റ്റെയര്‍കേസിന് ഇടം നല്‍കിയത്. സ്റ്റെയര്‍കേസിന്റെ അടിയിലായിട്ടാണ് ടിവി യൂണിറ്റ്. കസ്റ്റംമെയ്ഡ് ഫര്‍ണിച്ചറാണ് ഇവിടെ ഉപയോഗിച്ചത്.

സ്റ്റെയര്‍ ഏരിയയില്‍ നിന്നും വരുന്ന പ്രകാശം ഡൈനിങ്ങിനേയും ഫാമിലി ലിവിങ്ങിനേയും പ്രകാശപൂരിതമാക്കുന്നു. രാത്രിയില്‍ അല്ലാതെ ഇലക്ട്രിക്കല്‍ ലൈറ്റുകളുടെ ആവശ്യം വരുന്നില്ല.

ഫാമിലി ലിവിങ്ങില്‍ ഭിത്തിയില്‍ ബോക്‌സ് പോലെ ഗ്ലാസിന്റെ ചെറിയ ഓപ്പണിങ്ങുകള്‍ നല്‍കിയത് എല്‍ഇഡി ലൈറ്റ് ഫിറ്റിങ്ങുകള്‍ പോലെ തോന്നിപ്പിക്കുന്നു. ഇവ നാച്വറല്‍ ലൈറ്റിന്റെ ശോഭ ഉള്ളിലേക്കെത്തിക്കാനുദ്ദേശിച്ചുള്ളതാണ്.

എല്ലാം മിനിമം

സിംപിള്‍ ഫോമിലാണ് ഫര്‍ണിച്ചറും ഫര്‍ണിഷിങ്ങും എല്ലാം ഒരുക്കിയത്. സ്‌പേസ് ഉണ്ടെന്നു കരുതി, വേണ്ടതും വേണ്ടാത്തതും എല്ലാം വാങ്ങിക്കൂട്ടി വീട് ഒരുക്കാന്‍ ഡിസൈനറും വീട്ടുടമസ്ഥനും തയ്യാറായിരുന്നില്ല.

വര്‍ണ്ണങ്ങള്‍ക്ക് അമിത പ്രാധാന്യം കല്‍പ്പിക്കാതെയാണ് ഡിസൈന്‍ ചെയ്തത്.ഉപയോഗമില്ലാത്തതായി ഒരു സ്ഥലവും വരരുത് എന്ന ലക്ഷ്യത്തോടെയാണ് ആദ്യാന്തം രൂപകല്പനയും നിര്‍വ്വഹണവും മുന്നോട്ടുനീങ്ങിയത്.

ഡൈനിങ്ങിന്റേയും ലിവിങ്ങിന്റേയും ഇടയിലായിട്ടാണ് രൂപക്കൂട് പണികഴിപ്പിച്ചിട്ടുള്ളത്. ഇവിടെ നിന്നും നേരെ നോക്കിയാല്‍ പ്രധാന വാതില്‍ കാണാം. 6 പേര്‍ക്ക് ഇരിക്കാവുന്ന ഡൈനിങ് ടേബിളും കസേരകളും എല്ലാം ആര്‍ഭാടം ഒഴിവാക്കി ഡിസൈന്‍ ചെയ്‌തെടുത്തു.

ഡൈനിങ് സ്‌പേസില്‍ നിന്നും പുറത്തെ പെബിള്‍ കോര്‍ട്ടിലേയ്ക്ക് സ്ലൈഡിങ് ഡോറാണ് നല്‍കിയത്. ഇവിടെ കോഫിടേബിളിന് സ്ഥാനം കൊടുത്തു കൊണ്ട് റിലാക്‌സേഷന്‍ ഏരിയയാക്കി മാറ്റി. സ്റ്റോണ്‍ക്ലാഡിങ്ങും പച്ചപ്പിന്റെ സാന്നിദ്ധ്യവും ഈ ഏരിയയെ മനോഹരമാക്കുന്നുണ്ട്.

മൂന്ന് കിടപ്പുമുറികള്‍ക്കും താഴെനിലയിലാണ് സ്ഥാനം. ഉപയുക്തത കേന്ദ്രീകരിച്ചുള്ള ഡിസൈന്‍ നയമാണ് എല്ലാ കിടപ്പുമുറികളിലും പിന്തുടര്‍ന്നിരിക്കുന്നത്.

ജനലിനോട് ചേര്‍ന്നു വരുന്ന ഭാഗത്ത് ഇരിപ്പിടസൗകര്യമൊരുക്കി. അതിനു താഴെയും സ്റ്റോറേജ് സൗകര്യങ്ങള്‍ കൊടുത്തു. പരമാവധി ഇടങ്ങള്‍ യൂട്ടിലിറ്റി സ്‌പേസുകളാക്കി ഒരുക്കിയതിനാല്‍ എല്ലാ മുറികളും വിശാലമാണ്. കട്ടിലിനടിയില്‍ വരെ സ്റ്റോറേജ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒതുങ്ങിയ അടുക്കള

‘ഇ’ ഷെയ്പ്പിലുള്ള കിച്ചന്‍ പരമാവധി സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഒരുക്കിയത്. ഒന്നും പ്രൊജക്റ്റ് ചെയ്ത് നില്‍ക്കാതെ, എല്ലാം ഒരേ നിരയില്‍ ഒതുക്കി ഡിസൈന്‍ ചെയ്‌തെടുത്തു.

ബ്രേക്ക്ഫാസ്റ്റ് ടേബിളിനും കിച്ചനില്‍ സ്ഥാനമുണ്ട്. കൗണ്ടര്‍ടോപ്പിന് ബ്ലാക്ക് ഗ്രനൈറ്റാണ്. ഷട്ടറുകള്‍ക്ക് മള്‍ട്ടിവുഡും, ഹിഞ്ചസുകള്‍ക്ക് സ്റ്റീലും ആണ് ഉപയോഗിച്ചത്.

മുകളിലെ കര്‍വ്വാകൃതിയിലുള്ള ബാല്‍ക്കണിയില്‍ നിന്നും നോക്കിയാല്‍ പ്രദേശത്തെ കൃഷിയിടങ്ങള്‍ മുഴുവന്‍ കാണാന്‍ സാധ്യമാണ്. ഒരു സിറ്റിങ് ഏരിയ കൂടി ഒരുക്കിയിരിക്കുന്ന ഇവിടം പ്രകൃതിഭംഗി മറയില്ലാതെ ആസ്വദിക്കാന്‍ സാധ്യമാക്കുന്ന ഏരിയയാണ്.

സ്ട്രക്ചര്‍ ഡിസൈനിന്റെ ചെലവ് 82 ലക്ഷം, ഇന്റീരിയറിന് 27 ലക്ഷം, ലാന്റ്‌സ്‌കേപ്പും ഔട്ട്ഹൗസും ഒരുക്കുന്നതിന് 6 ലക്ഷം ഇത്രയുമാണ് വീടിന് ചെലവായത്.

തന്റെ ആഗ്രഹത്തിനൊത്ത് വീട് നിര്‍മ്മിക്കാന്‍ ജോയ് ആന്റണിയ്ക്ക് ബഡ്ജറ്റ് ഒരു പരിമിതി ആയിരുന്നില്ല. അതിനാല്‍ ആവശ്യങ്ങളും ആഗ്രഹങ്ങളും ഉപയുക്തതയ്ക്ക് അടിസ്ഥാനമാക്കി ഗുരുവിന്റെ നിലപാടുകളെ പിന്തുണയ്ക്കാന്‍ അനൂപിനും സാധിച്ചു.

Comments are closed.