വെള്ളം കയറാത്ത വീട്

നദീതീരത്താണെങ്കിലും വീടിനുള്ളില്‍ വെള്ളം കയറാത്ത വിധത്തില്‍ രൂപകല്പ്പന ചെയ്ത ഈ വീട്, ഭൂമിക്കും കാലാവസ്ഥയ്ക്കും കോൂറിനും അനുസൃതമാണ്

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വീടു നഷ്ടമായവര്‍ക്കായി ‘കെയര്‍ ഹോം’ പദ്ധതി പ്രകാരം സര്‍ക്കാര്‍ സഹായത്തോടെ സഹകരണ വകുപ്പ് നിര്‍മ്മിച്ചു നല്‍കിയ വീടുകളിലൊന്നാണിത്.

ഹരിപ്പാടിന് സമീപം ചെറുതനയില്‍ ഉള്ള ഗോപാലകൃഷ്ണനും കുടുംബത്തിനും വേണ്ടി ഒരുക്കിയ ഈ വീട് താഴ്ന്ന പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ ഉയര്‍ത്തിക്കെട്ടി നിര്‍മ്മിച്ചിട്ടുള്ളതാണ്.

ALSO READ:നാലുമാസം കൊണ്ടൊരു രൂപമാറ്റം

ഈ വീടിന്‍റെ ഒരു വശത്ത് പമ്പയാറും മറുവശത്ത് വെള്ളമൊഴുകുന്ന കനാലുമാണ്. ഇതിനു രണ്ടിനും നടുവിലുള്ള തുരുത്തിലാണ് 550 ചതുരശ്രയടിയില്‍ ഒരുക്കിയിട്ടുള്ള ഈ വീട്. നിര്‍മ്മാണത്തിനു ശേഷം ഈ വര്‍ഷവും ഇവരുടെ പ്ലോട്ടില്‍ വെള്ളം കയറി എങ്കിലും, ഇവരുടെ പുത്തന്‍ വീടും ഈ വീട്ടുകാരും സുരക്ഷിതരാണ്.

കോളേജ് ഓഫ് എഞ്ചിനീയറിങ് തിരുവനന്തപുര (സി.ഇ.ടി.) ത്തെയാണ് സര്‍ക്കാര്‍ ഈ ദൗത്യം ഏല്‍പ്പിച്ചത്. ഏകദേശം 400 ഓളം വീടുകളുടെ രൂപകല്‍പന സി.ഇ.ടി. ഇതുമായി ബന്ധപ്പെട്ട് ചെയ്തിട്ടുണ്ട്.

YOU MAY LIKE: ഇഷ്ടവര്‍ണ്ണങ്ങളില്‍

ആര്‍ക്കിടെക്റ്റും ദുരന്ത നിവാരണ വിദഗ്ധനും പരിശീലകനുമായ ഡോ. മനോജ് കുമാര്‍ കിണിയുടെ (സി.ഇ.ടി. തിരുവനന്തപുരം) രൂപകല്പനയാണീ വീട്. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന്‍റെ ഭാഗമായി നദീതീരങ്ങളില്‍ സുരക്ഷിതമായി താമസിക്കാന്‍ കഴിയുന്ന വിധത്തിലുള്ള വീടിന്‍റെ പ്ലാനാണ് അദ്ദേഹം തയ്യാറാക്കി നല്‍കിയത്.

മൂന്നു മുറികളും ഹാളും അടുക്കളയുമുള്ള വീടിന് 10.75 ലക്ഷം രൂപയാണ് ചെലവു വന്നത്. സ്ഥലത്തിന്‍റെ പ്രത്യേകതകള്‍ മൂലമാണ് ഇത്രയും തുക ചെലവായത്. വീടിരിക്കുന്ന സ്ഥലത്തേക്ക് റോഡില്ല, അതിനാല്‍ വാഹനമെത്തുകയില്ല.

ALSO READ: തികച്ചും ലളിതം, തികച്ചും കന്റംപ്രറി!

കുറച്ചു ദൂരെ നിന്നും വെള്ളത്തിലൂടെ വഞ്ചിയില്‍ സാധനങ്ങള്‍ എത്തിച്ചാണ് വീടു പണിതത്. ഇത്തരത്തിലുള്ള പല ചെലവുകള്‍ കൂടി വന്നതു കൊണ്ടാണ് വീടിന് ഇത്രയും തുക ചെലവു വന്നത്.

ചുറ്റിനും വെള്ളമാണ്; ഭൂമി കുഴിക്കുക എന്നത് ചിന്തിക്കാന്‍ വയ്യാത്ത സാഹചര്യമായിരുന്നു ഇവിടെ. ഫൗണ്ടേഷനുവേണ്ടിയോ, സെപ്റ്റിക് ടാങ്കിനോ പോലും മണ്ണു കുഴിക്കാന്‍ വയ്യാത്ത അവസ്ഥ. വീടിന് ഭാരം പരമാവധി കുറയ്ക്കേണ്ടിയിരുന്നു.

പില്ലര്‍ കെട്ടി അതിനു ചുറ്റിനും റിങ് ഇറക്കി ഡ്രൈമിക്സ് ഇട്ട് കോളം തീര്‍ത്തു. 12 പില്ലറുകള്‍ ഉണ്ടായിരുന്നു. ഇവയ്ക്ക് എല്ലാറ്റിനും കിണര്‍ റിങ് കൊടുത്ത് സംരക്ഷണം നല്‍കി.

YOU MAY LIKE: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

കുത്തിയൊലിച്ചെത്തുന്ന വെള്ളത്തിന്‍റെ മര്‍ദ്ദത്തിലായിരുന്നു ആദ്യമുണ്ടായിരുന്ന വീട് തകര്‍ന്നത്. അത്തരം സാഹചര്യമൊഴിവാക്കാനാണ് പില്ലറിനു ചുറ്റിനും റിങ്ങുകള്‍ ഇറക്കി സംരക്ഷണം നല്‍കിയത്.

ഇവയ്ക്ക് ഇടയിലൂടെ വെള്ളം ഒഴുകി പോകും ഇപ്പോള്‍. റിങ്ങിനുള്ളില്‍ റബ്ബിള്‍ വേസ്റ്റ് ഇട്ട് നിറച്ചു. കോളത്തെ കണക്റ്റ് ചെയ്ത് ബീം കെട്ടി. അതിനു മുകളില്‍ സ്ലാബ് തീര്‍ത്തു. അതിനു മുകളിലാണ് വീട്. അടിഭാഗം തുറന്നു കിടക്കുകയാണ്.

വീടിന്‍റെ നിര്‍മ്മാണം എപ്പോക്സി കോട്ടിങ് ചെയ്ത സ്റ്റീല്‍ ഫ്രെയിമും എയ്റോകോണ്‍ ബ്രിക്കുകളും ഉപയോഗിച്ചാണ്. തീരെ ഭാരം കുറഞ്ഞ, വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന തരം ബ്രിക്കാണിത്.

സ്റ്റീല്‍ഫ്രെയിം വര്‍ക്കില്‍ തീര്‍ത്ത മേല്‍ക്കൂരയ്ക്ക് പോളിയുറിത്തീന്‍ ഫോം നിറച്ച സാന്‍വിച്ച് ഷീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനു ഭാരം കുറവും വെള്ളത്തില്‍ പൊന്തികിടക്കുന്നവയും അതിനു മുകളില്‍ കയറിനില്‍ക്കാന്‍ കഴിയും വിധം ബലം ഉള്ളവയുമാണ്.

YOU MAY LIKE: മിനിമല്‍ കന്റംപ്രറി ഹോം

കഴിഞ്ഞ തവണ ഉണ്ടായ അത്രയും ശക്തമായ രീതിയില്‍ അല്ലായെങ്കിലും ഇപ്രാവശ്യവും ഗോപാലകൃഷ്ണന്‍റെ വീടിനുചുറ്റിനും വെള്ളമുയര്‍ന്നു. എങ്കിലും ഈ കുടുംബത്തിനു വീടുവിട്ട് ഇറങ്ങേണ്ടി വന്നില്ല.

തങ്ങള്‍ക്ക് ലഭിച്ച വീടിനോടും സൗകര്യങ്ങളോടും ഇവര്‍ ഏറെ ഇണങ്ങിക്കഴിയുന്നു. സര്‍ക്കാര്‍ തങ്ങള്‍ക്ക് ലഭ്യമാക്കിയ ഈ സൗകര്യം വളരെ പ്രയോജനകരമാണെന്നും ഗോപാലകൃഷ്ണനും കുടുംബവും സന്തോഷത്തോടെ പറയുന്നു.

തങ്ങളെപ്പോലെ മറ്റുള്ളവര്‍ക്കും ഇത്തരം വീടുകള്‍ ലഭ്യമാക്കണമെന്നു തന്നെയാണ് ഇവരുടെയും നിര്‍ദ്ദേശം. ഇത്തരം വീടുകളുടെ ഗുണങ്ങള്‍ എല്ലാവരും മനസിലാക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഈ വീടു നിര്‍മ്മാണത്തെക്കുറിച്ചു പറയുമ്പോള്‍ ഡോ. മനോജ് കിണിക്ക് പറയുവാനുള്ളത് ജനങ്ങള്‍ക്കിടയില്‍ ഗൃഹവാസ്തുകലയെക്കുറിച്ചും, ഗൃഹസാക്ഷരതയെക്കുറിച്ചും ഉണ്ടായിരിക്കേണ്ട, അല്ലെങ്കില്‍ അവരെ ബോധ്യപ്പെടുത്തി കൊടുക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ്.

“പ്രളയാനന്തരമാണിതിന്‍റെ നിര്‍മ്മിതി. സ്ഥലമുള്ളവര്‍, ഇല്ലാത്തവര്‍, സ്ഥലമുണ്ടായിട്ടും ആധാരം തുടങ്ങിയ രേഖകള്‍ ഇല്ലാത്തവര്‍, സ്ഥലത്തിന് പല അവകാശികള്‍ ഉള്ളവര്‍ എന്നിങ്ങനെ ദുരിതത്തിലകപ്പെട്ടു പോയ ആളുകളുടെ സാഹചര്യങ്ങള്‍ വളരെ വ്യത്യസ്തമാകാം.

ഈ വീട് പണിയേണ്ടി വന്നത് സ്ഥിരമായി വെള്ളത്തിന്‍റെ സാന്നിധ്യമുള്ള സ്ഥലത്താണ്. ഇവരുടെ ജീവിതം, ജീവിത സാഹചര്യങ്ങള്‍ എല്ലാം വെള്ളവുമായി ബന്ധപ്പെട്ടതാണ്. താറാവ് കൃഷി, കോഴി വളര്‍ത്തല്‍, മത്സ്യബന്ധനം തുടങ്ങിയവയാണ് ഇവരുടെ ജീവിതമാര്‍ഗ്ഗങ്ങള്‍.

ഇത്തരമൊരു ചുറ്റുപാടില്‍ നിന്നും അവരെ പറിച്ചുമാറ്റി മറ്റൊരിടത്തു പുനഃപ്രതിഷ്ഠിക്കാന്‍ പറ്റില്ല. കാരണം അവര്‍ക്ക് മറ്റൊരിടത്തു പോയി ജീവിക്കാന്‍ സാധ്യമല്ല.

വെള്ളത്തിനിടയിലും അവരുടെ ചുറ്റുപാടുകള്‍ മനസ്സിലാക്കി, ആവശ്യങ്ങള്‍ മനസ്സിലാക്കി, ഈര്‍പ്പമില്ലാത്ത ഒരു ‘ഡ്രൈ സ്പേസ്’. അതാണ് ഗോപാലകൃഷ്ണനെപ്പോലുള്ളവര്‍ക്ക് വേണ്ട താമസസ്ഥലം. വീടിനടിയില്‍ അവരുടെ താറാവ്, കോഴി വളര്‍ത്തലുകള്‍ നടത്താം.

കുത്തിയൊലിച്ച് എത്തുന്ന വെള്ളം ഈ വീടിനുമേല്‍ മര്‍ദ്ദം നല്‍കുന്നില്ല. തൂണുകള്‍ക്കിടയിലൂടെ വെള്ളം ഒഴുകിപ്പോകും. വീടിനുള്ളിലേക്ക് വെള്ളം അത്ര എളുപ്പം കയറുകയില്ല.

പ്രളയം പോലൊരു സാഹചര്യമുണ്ടായാല്‍ തന്നെ വീടിന്‍റെ മുകളില്‍ കയറി നില്‍ക്കുവാന്‍ കഴിയും. ഇത്തരത്തിലുള്ള പ്രാദേശികവും തനതു വാസ്തുകലാ സംബന്ധിയുമായ ഡിസൈനുകളാണ് ഇനി ഉണ്ടാവേണ്ടത്.

ദൗര്‍ഭാഗ്യവശാല്‍ കോണ്ടൂര്‍ പ്ലാനിങ് അടിസ്ഥാനമാക്കിയുള്ള ഒരു രൂപരേഖയും, മാര്‍ഗ്ഗ നിര്‍ദ്ദേശവും, പ്ലാനും പദ്ധതിയുമൊന്നും നമുക്കിവിടെ ഇല്ല. ഉള്ള സ്ഥലം എവിടെയാണോ അവിടെ നമുക്ക് ഇഷ്ടമുള്ള രീതിയില്‍ അങ്ങ് വീടുവയ്ക്കുകയാണ് പതിവ്.

ഈ രീതി മാറണം. ഭൂമിക്കും, കാലാവസ്ഥയ്ക്കും, കോണ്ടൂറിനും അനുസരിച്ചുള്ള വീടു നിര്‍മ്മാണ മാര്‍ഗ്ഗരേഖ ഇനിയെങ്കിലും ഉണ്ടാക്കിയെടുക്കണം. പൊതുവെ കേരളത്തില്‍ ഇന്നു കാണുന്ന നീര്‍ത്തടങ്ങള്‍ പണ്ടത്തെ പാലിയോ റിവറിന്‍റെ ഭാഗമാണ്.

അവ വെള്ളമൊഴുകിയിരുന്ന വഴികളാണ്. പലപ്പോഴായി നാം ഈ വയലുകളെല്ലാം നികത്തി അവിടെ പലവിധ നിര്‍മ്മാണങ്ങള്‍ നടത്തി; ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു. ഇതാണ് നമ്മള്‍ ചെയ്ത തെറ്റ്.

ഇനിയെങ്കിലും ഇത്തരം സ്ഥലങ്ങള്‍ വാങ്ങുകയോ, വില്‍ക്കുയോ, വീടു കെട്ടുകയോ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. പ്രശ്നങ്ങള്‍ ഉണ്ടായശേഷം പരിഹാരം കാണുന്നതിനേക്കാള്‍ നല്ലതല്ലേ പ്രശ്നം ഉണ്ടാവാതിരിക്കാന്‍ നോക്കുന്നത്.

ഗോപാലകൃഷ്ണനു വേണ്ടി ചെയ്ത ഈ വീടുപോലുള്ള പദ്ധതികള്‍ എല്ലായിടത്തും പറ്റുകയില്ല. ഇവിടുത്തെ പരിസ്ഥിതിയില്‍ മാത്രം സാധിക്കുന്ന ഒന്നാണിത്. പക്ഷേ, ഇതുപോലെ ഓരോ പരിസ്ഥിതിക്കും പറ്റുന്ന സവിശേഷ നിര്‍മ്മാണ രീതികള്‍ നമുക്ക് രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കും.

എന്‍റെ മാത്രം പ്രയത്നം കൊണ്ട് സാധ്യമായ ഒന്നല്ല ഇതൊന്നും. ഇതൊരു കൂട്ടായ യത്നമായിരുന്നു. ആദ്യന്തം അതിനു കൂടെ നിന്നവരെ ഹൃദയപൂര്‍വ്വം സ്മരിക്കാതെ വയ്യ” ആര്‍ക്കിടെക്റ്റ് ഡോ. മനോജ് കിണി പറയുന്നു.

Project Details

  • Architect: Dr.manoj Kumar Kini (Principal, Kerala State Institute of Design, Kollam)
  • Structural Consultants: Prof. Biju V & Prof.Sabu, Dept. of Civil Engineering, CET, Trivandrum )
  • Project Type: Residential House
  • Client: Gopalakrishnan
  • Location: Cheruthana, Harippad
  • Year Of Completion: 2018
  • Area: 550 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*