മധ്യവര്‍ത്തി; പ്രൗഢിയും സുതാര്യതയും കൈകോര്‍ക്കുന്ന ആധുനിക ഭവനം

ഒരു വീടിന്‍റെ പരിധികളുടെയും പരിമിതികളുടെയും പൊളിച്ചെഴുത്താണ് ഈ വസതി. യാഥാര്‍ത്ഥ്യത്തിന്‍റെ ഇരുകരകളെ ഒരു മധ്യവര്‍ത്തി പോലെ കോര്‍ത്തിണക്കുന്നു ഇവിടം.

കാലങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിനു ശേഷം മടങ്ങിയെത്തിയ ക്ലയന്‍റിന് നാടിന്‍റെ സ്വാസ്ഥ്യത്തിനൊപ്പം വിദേശസംസ്കാരത്തിന്‍റെ നിലവാരവും സമൃദ്ധിയും ആധുനികതയും ഉള്‍ക്കൊണ്ടുള്ള ഒരു വസതി ആവശ്യമായിരുന്നു.

അതുകൊണ്ടു തന്നെ നാടിന്‍റെയും പുറംനാടിന്‍റെയും വൈരുദ്ധ്യങ്ങളെ ബന്ധിപ്പിക്കുന്ന മധ്യവര്‍ത്തിയാകുന്നു ഈ വീട്. റിസോര്‍ട്ട് പോലെ ഉല്ലാസദായകാനുഭവവും പ്രൗഢിയുടെയും സുതാര്യതയുടെയും ഹരിതാഭയുടെയും സമ്മിശ്രഭാവവും ഉണ്ടിവിടെ.

നാടിന്‍റെ ഗുണങ്ങളും രാജ്യാന്തര ഘടകങ്ങളും ഇടകലരുന്ന സങ്കരഭംഗി സൃഷ്ടിച്ചിരിക്കുന്നത് ആര്‍ക്കിടെക്റ്റുകളായ രാജശേഖരന്‍, കുഞ്ചന്‍ ഗര്‍ഗ് (ആര്‍.ജെ.ബി ആര്‍ക്കിടെക്ച്ചര്‍ സ്റ്റുഡിയോ, കൊച്ചി) എന്നിവര്‍ ചേര്‍ന്നാണ്.

വീടിന്‍റെ ഘടനയും ലാന്‍ഡ്സ്കേപ്പിന്‍റെ ഭാഗമായി ഒരുക്കിയ പച്ചപ്പിന്‍റെ ധാരാളിത്തവും ചേര്‍ന്ന് പ്രതീതമാകുന്ന സ്വാഭാവികതയും ഭംഗിയുമാണ് ഈ വീടിന്‍റെ യഥാര്‍ത്ഥ തുടിപ്പും ജീവനും.

റിസോര്‍ട്ട് പോലെയുള്ള എക്സ്റ്റീരിയറിനെ സാധൂകരിക്കുന്നതാണ് അകത്തളങ്ങളോരോന്നും. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് അടുത്ത് ദേശീയപാതയോട് ചേര്‍ന്ന സ്ഥലത്താണ് വീടെങ്കിലും ഈ തിരക്കുകളും അസ്വസ്ഥതകളും ഒട്ടും ബാധിക്കാത്ത വിധമാണ് ലാന്‍ഡ്സ്കേപ്പ് ചെയ്തത്.

കാറ്റും വെളിച്ചവും കയറിയിറങ്ങുന്ന തുറസ്സായതും നീളമുള്ളതുമായ വിശാലത പൊതുഇടങ്ങള്‍ക്കുണ്ട്. ഗ്ലാസ് ഭിത്തികളും വെളിച്ചവും സുതാര്യതയുമുള്ള ഇടനാഴികളും നടുമുറ്റങ്ങളും സ്പേസുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു.

പ്ലോട്ടിന്‍റെ സങ്കീര്‍ണതകളെ അവസരമാക്കി മാറ്റിയാണ് ഈ വീടൊരുക്കിയത്. പബ്ലിക്ക്- പ്രൈവറ്റ് സ്പേസുകളെ വേര്‍തിരിച്ച് ഇടങ്ങള്‍ ക്രമീകരിച്ചു.

കിഴക്കു വശത്ത് വലിയ ഗാര്‍ഡന്‍ കോര്‍ട്ട് ഒരുക്കി. ഈ കോര്‍ട്ടിന്‍റെ മൂന്നു ഭാഗത്തായി പടര്‍ന്ന നിലയിലാണ് വീടിന്‍റെ ഇടങ്ങള്‍. കാര്‍ പാര്‍ക്കിങ് – എന്‍ട്രി ഏരിയകള്‍ തെക്കുഭാഗത്തും വലിയ വരാന്തയോട് കൂടിയ മെയിന്‍ ബ്ലോക്ക് പടിഞ്ഞാറു ഭാഗത്തും കിച്ചന്‍ ബ്ലോക്ക് വടക്കുഭാഗത്തും സ്ഥാനപ്പെടുത്തി.

സിറ്റൗട്ട്, രണ്ട് ലിവിങ് ഏരിയകള്‍, ഫാമിലി ലിവിങ് കം ഡൈനിങ് സ്പേസ്, ബാത്ത് അറ്റാച്ച്ഡായ മൂന്നു ബെഡ്റൂമുകള്‍, കിച്ചന്‍, വര്‍ക്കേരിയ എന്നിവയാണ് ഈ വീട്ടിലെ ഇടങ്ങള്‍. പടിഞ്ഞാറ് ഭാഗത്തെ മെയിന്‍ ബ്ലോക്കിലാണ് മൂന്നു കിടപ്പറകളും.

കാലാവസ്ഥാഭേദങ്ങളും പകലിന്‍റെ നിഴലുകളും വീടിനുമുകളില്‍ പ്രതിഫലിപ്പിക്കുന്ന വൃക്ഷസസ്യജാലങ്ങള്‍ കുടപിടിക്കുമ്പോള്‍ പോലും, വെളിച്ചത്തിന്‍റെ ഇടമാകുന്നു ഈ വസതി.

Project Details

  • Architect: Ar.Rajasekharan Menon & Ar. Kunjan Garg (RGB Architecture Studio, Cochin)
  • Project Type: Residential House
  • Client: Korakunju and Mini Kora
  • Location: Kariyadu, Angamaly
  • Year Of Completion: 2018
  • Area: 3229.17 Sq. Ft.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*