ബദലുകള്‍ക്കുവേണ്ടിയുള്ള അന്വേഷണങ്ങള്‍ പലപ്പോഴും ചെന്നെത്തുക മുമ്പ് നില വിലുണ്ടായിരുന്ന ചില നല്ല മാതൃകകളിലാണ്. ഉദാഹരണത്തിന് ബദല്‍ ഭക്ഷണ രീതി യ്ക്കായുള്ള നമ്മുടെ അന്വേഷണം ജൈവകൃഷിയിലേക്കും വിഷമില്ലാത്ത ഭക്ഷ്യ വസ്തുക്കളിലേയ്ക്കും നമ്മെ നയിക്കുന്നു. രാസവള കീടനാശിനി പ്രയോഗങ്ങള്‍ കൊണ്ട് നശിച്ചു പോയ കൃഷിരീതിയില്‍ നിന്ന് നമ്മുടെ മണ്ണിനെയും വെള്ളത്തെയും വീണ്ടെടുക്കുന്ന ബദല്‍ കൃഷിരീതിയ്ക്കായുള്ള നമ്മുടെ അന്വേഷണം പരമ്പരാഗത കൃഷിരീതിയുടെ ഗുണവശങ്ങളിലേയ്ക്ക് നമ്മെ എത്തിയ്ക്കുന്നു. അതേസമയം ആധുനിക യന്ത്ര സംവിധാനങ്ങളുടേയും സാങ്കേതികവിദ്യയുടെയും ഉപയോഗത്തിലൂടെ പരമ്പരാഗത കൃഷിരീതിയെ കൂടുതല്‍ മികച്ചതാക്കാനും നമുക്ക് സാധിക്കുന്നുണ്ട്.

വീട് നിര്‍മ്മാണത്തില്‍ ബദലുകള്‍ക്കുവേണ്ടിയുള്ള അന്വേഷണം ഇന്ന് നമ്മുടെ നിലനില്‍പ്പിന്റെ തന്നെ വിഷയമായി മാറിയിട്ടുണ്ട്. കേരളീയരുടെ അമിതമായ വീട് നിര്‍മ്മാണ ഭ്രമവും, റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ ഭീകര ചൂഷണവും, സര്‍ക്കാരിന്റെ വികസന നിര്‍മ്മാണങ്ങളും എല്ലാംകൂടി കരിങ്കല്ല്, മണല്‍, മരം തുടങ്ങിയ നിര്‍മ്മാണ വസ്തുക്കളുടെ സര്‍വ്വനാശത്തിലേയ്ക്ക് കേരളത്തെ അതിവേഗം അടുപ്പിച്ചു കൊണ്ടിരിക്കുന്നു.

”രാവിലെ അമ്മയോ, ചെറിയമ്മയോ തൊടിയിലേയ്ക്കിറങ്ങും, അന്നത്തെ ഉച്ചയൂണിന് ആവശ്യമായ ഒരു പിടി പയറോ പടവലങ്ങയോ രണ്ടു ചേമ്പിന്‍ താളോ, പച്ചമുളകോ നുള്ളിയെടുക്കും. ലളിതവും രുചികരവും പോഷക മൂല്യമുള്ളതുമായ ഉച്ചയൂണ് തയ്യാറാക്കും”. മോഹിപ്പിയ്ക്കുന്ന ഗൃഹാതുരത്വത്തോടെയാണ് എംടി വാസുദേവന്‍നായര്‍ സാധാരണക്കാരായ മലയാളികളുടെ ഭക്ഷണ രീതിയെപ്പറ്റി ഇങ്ങനെ എഴുതിയിട്ടുള്ളത്. അതുപോലെ തന്നെ ലളിതമായിരുന്നു സാധാരണക്കാരായ മലയാളികളുടെ വീട് നിര്‍മ്മാണരീതിയും. ചുറ്റുവട്ടത്ത് നിന്ന് ലഭ്യമായ മണ്ണ്, കല്ല്, കുമ്മായം, തെങ്ങിന്‍തടി, മുള, കവുങ്ങ്, ഓല, ഓട് ഇതൊക്കെയാണ് സാമാന്യം ഭേദപ്പെട്ട വീടുകള്‍ക്കുപോലും ഉപയോഗിച്ചിരുന്ന നിര്‍മ്മാണ സാമഗ്രികള്‍. കാലം മാറി അതുപോലൊരു നിര്‍മ്മാണ രീതിയിലേയ്ക്ക് മാറുകയെന്നത് ചിന്തിയ്ക്കാന്‍ പോലും ഇന്ന് മലയാളികള്‍ക്ക് കഴിയില്ല. തിരിച്ചു പോക്കല്ല, തിരിച്ചറിവാണ് നമുക്ക് വേണ്ടത്.

വര്‍ദ്ധിച്ചു വരുന്ന ചൂട്, നിര്‍മ്മാണ വസ്തുക്കളുടെ ലഭ്യതക്കുറവ്, പുതിയ വസ്തുക്കളുടെ വര്‍ദ്ധിച്ച വില, സ്‌പേസിന്റെ അമിതമായ ഉപഭോഗം, ഒട്ടും പരിസ്ഥിതി സൗഹൃദപരമല്ലാത്ത നിര്‍മ്മാണരീതി ഇതുകൊണ്ടൊക്കെ വീട് നിര്‍മ്മാണം പ്രശ്‌നഭരിതമായിരിക്കുന്ന ഇക്കാലത്ത് ‘ബദലുകള്‍’ വന്നേ പറ്റൂ.

മണ്ണ് ഇത്രയധികം തെറ്റിദ്ധരിയ്ക്കപ്പെട്ടിട്ടുള്ള ഒരു നിര്‍മ്മാണവസ്തു കേരളത്തിലെന്നല്ല, ലോകത്ത് വരെയുണ്ടായിട്ടുണ്ടാവില്ല. ഉറപ്പില്ല, ചിതല്‌വരും, വെള്ളം തട്ടിയാല്‍ ഒലിച്ചുപോകും, നിര്‍മ്മാണത്തിന് അധികസമയമെടുക്കും എന്നിങ്ങനെയുള്ള കാരണങ്ങള്‍ നിരത്തി ഒരുതരം വെറുപ്പോടെ നമ്മള്‍ മണ്ണിനെ മാറ്റിനിര്‍ത്തുന്നു. എന്നിട്ട് വലിയ ബലമുണ്ടെന്ന് അവകാശപ്പെടുന്ന നിര്‍മ്മാണ വസ്തുക്കളുപയോഗിച്ച് പേടിപ്പിയ്ക്കും വിധം കൊട്ടാരങ്ങള്‍ പണിത് അതിന്റെയുള്ളില്‍ നാം ചുട്ട്‌പൊള്ളുന്നു.

മനുഷ്യന്‍ അവന്റെ പ്രാചീന കാലം തൊട്ട് ഇന്ന് വരെ വീട് നിര്‍മ്മാണത്തിനായി മണ്ണ് ഒരു പ്രധാന വസ്തുവായി ഉപയോഗിച്ച് വരുന്നു. ന്യൂ മെക്‌സിക്കോയിലെ അതിസുന്ദരമായ സെന്റ് ഫ്രാന്‍സിസ് അസീസി ചര്‍ച്ച്, ഇറാനിലെ ചോങ്ങ സാന്‍ബില്‍ (Chogha Zanbil), പെറുവിലെ ചാന്‍ചാന്‍ (Chan Chan), ഇറാനിലെ സിറ്റാഡെല്‍ ഓഫ് ബാം (Citadel of dam), യെമനിലെ ഷിബാം (Shibam) ഇറാനിലെത്തന്നെ സിറ്റാഡല്‍ ഓഫ് റായെന്‍ (Citadel of Rayen), പിന്നെ ഈയടുത്ത് ഐഎസ് തീവ്രവാദികള്‍ ബോംബിട്ട് തകര്‍ത്ത മാലിയിലെ ഡീജെനി മോസ്‌ക് (Djenne Mosque) എന്നിവ മണ്ണിന്റെ ഉറപ്പും, പ്രാധാന്യവും കാണിക്കുന്ന പഴയകാല സുന്ദര മണ്‍നിര്‍മ്മിതികളാണ്.

കേരളത്തിലേയ്ക്ക് തിരിച്ച് വരുകയാണെങ്കില്‍ ഇവിടേയും കാണാം, വളരെയധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ധാരാളം മണ്‍വീടുകള്‍. പക്ഷെ അവയൊക്കെ മണ്ണാണെന്ന് തിരിച്ചറിയുവാന്‍ പറ്റാത്തവിധം കുമ്മായം കൊണ്ട് പൂശിയിരിക്കുന്നതായി കാണാം. എന്നാല്‍ ആദിവാസികള്‍ അവരുടെ മണ്‍വീടുകള്‍ മണ്ണായിത്തന്നെ നിലനിര്‍ത്തി വന്നു. ഇങ്ങനെയുള്ള ഇടത്തരം, വലിയ മണ്‍വീടുകള്‍ മിക്കവയും കുമ്മായം കൊണ്ട് പൂശിയിരിക്കുന്നതിനാല്‍, ഇന്ന് മണ്‍ഭിത്തികളുടെ ഉറപ്പിനെക്കുറിച്ചു നേരിട്ടുള്ള അറിവ് ഇന്നത്തെ തലമുറയ്ക്ക് എത്രമാത്രം ഉണ്ടായിട്ടുണ്ടെന്ന് സംശയമുണ്ട്. ഇന്ന് മണ്‍വീടുകള്‍ നിര്‍മ്മിക്കുന്ന യൂജിന്‍ പണ്ടാല, ജി. ശങ്കര്‍, പി.ബി. സാജന്‍, വിനു ഡാനിയല്‍ തുടങ്ങിയ ആര്‍ക്കിടെക്റ്റുകള്‍ മണ്‍ ഭിത്തികള്‍ കുമ്മായംകൊണ്ടോ, സിമന്റ് കൊണ്ടോ പൂശാതെ, മണ്ണ് മണ്ണായി നിലനിര്‍ത്തുന്നതുമൂലം ഒരു പരിധിവരെ ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നുണ്ട്.

ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒരു നിര്‍മ്മാണ വസ്തുവല്ല മണ്ണ്; മറിച്ച് കാലം തെളിയിച്ച, ഉറപ്പുള്ള ഒരു നിര്‍മ്മാണവസ്തുവാണ്. ശാസ്ത്രീയമായി അടിത്തറ ഉണ്ടാക്കാത്തതിനാല്‍ മണ്ണ് ഒരു പരിധിവരെ പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെടുന്നുണ്ട്. ശരിയായ മണ്ണ് കണ്ടെത്തല്‍, ആവശ്യമുള്ള കെട്ടുറപ്പിനുള്ള (binding), കൂട്ടുകള്‍ (ഇലച്ചാറുകള്‍, തൊലിക്കറ, ശര്‍ക്കര, കടുക്ക മുതലായവ) അനുയോജ്യമായ നിര്‍മ്മാണ രീതി (Appropriate Technology), എന്നിവ ഒത്തുചേര്‍ന്നാല്‍ നല്ല ഉറപ്പുള്ള മണ്‍വീടുകള്‍ ഉണ്ടാക്കാം.

മണ്ണ് കൊണ്ടുള്ള വിവിധ തരം നിര്‍മ്മാണ രീതികള്‍

1. കോബ് (Cob), 2. സണ്‍ ഡ്രൈഡ് ബ്രിക്ക് (Sun dried  brick), 3. റാംഡ് എര്‍ത്ത് കണ്‍സ്ട്രക്ഷന്‍ (Rammed Earth Construction), 4. കംപ്രസ്ഡ് സ്റ്റെബിലൈസ്ഡ് ബ്ലോക്ക് ( Compressed stabilised block), 5. വാട്ടില്‍ & ഡബ് (Wattle & daub) എന്നിവയാണ്. കാലാവസ്ഥയ്ക്കും, സ്ഥലത്തിനും അനുയോജ്യമായ ഏത് രീതിയും വീട് നിര്‍മ്മാണത്തില്‍ തെരഞ്ഞെടുക്കാവുന്നതാണ്.

മുമ്പ് സൂചിപ്പിച്ചത് പോലെ മണ്‍വീടുകള്‍ക്ക് എന്തുകൊണ്ട് തുടര്‍ച്ചയുണ്ടായില്ല? ആര്‍ക്കിടെക്റ്റ് ലാറി ബേക്കറുടെ വരവോടെയാണ് ഞങ്ങളൊക്കെ മണ്‍വീടുകളെക്കുറിച്ച് വീണ്ടും ശ്രദ്ധിക്കുന്നത്. അതിനു മുമ്പ് ഒരു നിശബ്ദ ശ്രദ്ധമാത്രമായിരുന്നുവെന്നു പറയാം. ഇഷ്ടിക കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ബേക്കറിന്റെ മണ്‍നിര്‍മ്മിതികള്‍ പക്ഷേ കേരളത്തില്‍ കുറവായിരുന്നുവെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ മണ്ണിനെക്കുറിച്ചുള്ള പുസ്തകമാണ് എനിക്ക് ഒരു തിരിച്ചറിവ് ഉണ്ടാക്കിയത്. കൂടാതെ ഫ്രാന്‍സിലെ ക്രാറ്റേര്‍ (CRATERE) എന്ന സംഘടനയുടെ മണ്ണിനെക്കുറിച്ചുള്ള പുസ്തകവും, പോണ്ടിച്ചേരിയിലെ ുീുുീവിന്റെ പുസ്തകവും സ്വാധീനിച്ചിട്ടുണ്ട്. ഈ കാലത്താണ് യൂജിന്‍ പണ്ടാല അദ്ദേഹത്തിന്റെ സുന്ദരമായ ശൈലിയില്‍ മണ്‍വീടുകള്‍ നിര്‍മ്മിച്ച് മണ്‍വീടുകളുടെ പുനഃപ്രവേശനം സാധ്യമാക്കിയത്.

15 വര്‍ഷത്തിലേറെയുള്ള എന്റെ മണ്‍വീടുകളുടെ നിര്‍മ്മാണ പരിചയത്തില്‍ പറയുകയാണെങ്കില്‍, മണ്ണിനെ മഴയില്‍ നിന്നും വെയിലില്‍ നിന്നും, സംരക്ഷിക്കുന്ന രീതിയിലാവണം നിര്‍മ്മാണം. ഇത് മനസ്സിലാക്കിത്തരുവാന്‍ ബേക്കറിന് ഒറ്റ ഒരു വലിയ കുട മതിയായിരുന്നു, (അദ്ദേഹത്തിന്റെ ‘മഡ്’ എന്ന പുസ്തകത്തിന്റെ കവര്‍) മഴ നനയാതെയാണെങ്കില്‍ മണ്‍ നിര്‍മ്മിതികള്‍ കാലാകാലങ്ങളോളം നിലനില്‍ക്കുമെന്നുറപ്പ്.

ആദിശക്തി തിയേറ്ററിനു വേണ്ടിയുണ്ടാക്കിയ ആര്‍ട്ടിസ്റ്റ് ഗസ്റ്റ് ഹൗസ് ആയിരുന്നു എന്റെ ആദ്യ മണ്‍നിര്‍മ്മിതി. ഏകദേശം 5300 സ്‌ക്വയര്‍ഫീറ്റില്‍ റാമ്ഡ് എര്‍ത്ത് ബ്ലോക്കുകള്‍ ഉപയോഗിച്ചുള്ള ഇരുനില മണ്‍വീട്. ഇന്ന് ഓരോ ദിവസവും ആ ഗസ്റ്റ് ഹൗസിലെത്തുന്ന അതിഥികള്‍ മണ്ണിന്റെ മനം മയക്കുന്ന സൗന്ദര്യത്തിന്റെ ആരാധകരായിക്കൊണ്ടിരിക്കുന്നു.

കേരളത്തില്‍ ഞാനുണ്ടാക്കിയ ആദ്യ മണ്‍വീട് എന്റെ സ്വന്തം വീടായിരുന്നു. ‘അന്‍പ്’. തുടര്‍ന്ന് ഇതുവരെ ഏകദേശം 50 വീടുകള്‍ (മണ്ണ്‌കൊണ്ട് ഉപയോഗിച്ച് ചുമര്) കേരളത്തിനകത്തും പുറത്തുമായി തീര്‍ത്തിട്ടുണ്ട്. പ്രകൃതിയോട് ഏറ്റവും തൊട്ടടുത്ത് നില്‍ക്കുന്ന മണ്‍വീടുകളിലേയ്ക്കുള്ള ജനങ്ങളുടെ വരവ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൂടിവന്നിട്ടുണ്ട്. ഇത് ഒരു നല്ല ലക്ഷണമാണ്. മണ്ണുപയോഗിച്ചുള്ള വിവിധ നിര്‍മ്മാണരീതികളെക്കുറിച്ചു വിശദമാക്കാനായി രണ്ട് പ്രോജക്റ്റുകളെക്കുറിച്ച് കൂടി പറയാം.

ഒന്ന്. വയനാട്ടിലെ മേപ്പാടിയിലുള്ള മുക്കില്‍ പീടിക കോളനിയിലെ ആദിവാസി പദ്ധതി. രണ്ട്. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലെ ഫ്രഞ്ചുകാരനായ ഫിലിപ്പിനും, ഭാര്യ കിരണിനും വേണ്ടി പണികഴിപ്പിച്ച ഗ്രീന്‍ലാന്‍ഡ് ആശ്രമം (Green land Ashram). രണ്ടിടത്തും തൊട്ടടുത്തുള്ള മണ്ണാണ് പ്രധാന നിര്‍മ്മാണ വസ്തു. ആദിവാസി വീടുകളില്‍ മണ്ണ് കൊണ്ട് തറയും (Rammed Earth) മണ്ണ് കൊണ്ട് ചുമരും (Cob) തെങ്ങ് കൊണ്ട് മേല്‍ക്കൂരയുമുണ്ടാക്കി ഓടിട്ടു. തിരുവണ്ണാമലയില്‍ ധാരാളം കല്ല് പറമ്പില്‍ത്തന്നെ ഉണ്ടായിരുന്നത് കൊണ്ട് തറ മുതല്‍ ജനല്‍പ്പൊക്കം വരെ കല്ലുകൊണ്ടും ചുമര്‍ മണ്ണ് കൊണ്ടും (Cob) മേല്‍ക്കൂര ഫില്ലര്‍സ്ലാബ് (filler slab) ഉപയോഗിച്ചും തീര്‍ത്തു.

കോബ് രീതിയില്‍ പണികഴിപ്പിച്ച ഈ രണ്ടു പ്രോജക്റ്റുകളിലും പ്രാദേശികരായ, വിദഗ്ധ, അവിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ചുവെന്നുള്ളതാണ് പ്രധാനം. അന്യംനിന്ന് പോകുന്ന ഇത്തരം മണ്‍ നിര്‍മ്മിതികളെ വീണ്ടും ജനങ്ങള്‍ക്ക് പറഞ്ഞ് കൊടുത്ത് ചെയ്യിപ്പിക്കുകയെന്ന ദൗത്യം സഫലമാകുന്നതിന്റെ തെളിവാണിത്.

മണ്‍ചുമരുകളെ പൂശാതെ അതേപടി നിലനിര്‍ത്തുന്നത് നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കാത്തത് കൊണ്ടാണ്, മണ്ണ് കൊണ്ട് തന്നെ (കുറച്ച് സിമന്റ് ചേര്‍ത്ത്) പ്ലാസ്റ്റര്‍ ചെയ്യുന്ന രീതി കൊണ്ട് വന്നത്. പെയിന്റ് അപ്പാടെ ഒഴിവാക്കിക്കൊണ്ടുള്ള മഡ് പ്ലാസ്റ്ററിങ് പലനിറത്തിലും, രൂപത്തിലും ചെയ്യാവുന്നതാണ്.

മണ്ണ് നിര്‍മ്മാണത്തിന് യോജിച്ച സമയം മഴവിട്ട് നില്‍ക്കുന്ന ഒക്‌ടോബര്‍ മാസം മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളാണ്. മണ്ണ് ചുമരുനിര്‍മ്മാണത്തിന് വെള്ളം ആവശ്യമാണ്. എന്നാല്‍ ചുമര് പണിക്ക് ശേഷം വെള്ളത്തെ അടുപ്പിയ്ക്കരുത്. മണ്ണിനെ ബദല്‍ നിര്‍മ്മാണ വസ്തു എന്നു വിശേഷിപ്പിക്കരുത്. മറിച്ച് അത് കാലം തെളിയിച്ച, പ്രകൃതിയോട് ഏറ്റവും അടുത്ത പച്ചയായ നിര്‍മ്മാണ വസ്തുവാണ്. ഇങ്ങനെ പണിയുന്ന നിര്‍മ്മിതികള്‍ പ്രകൃതിസൗഹാര്‍ദ്ദപരമാണ്, ഊര്‍ജ്ജ ഉപഭോഗം കുറവുള്ളതാണ്, ജീവിതസുഖം (ഹശ്ശിഴ രീാളീൃ)േ തരുന്നവയുമാണ്. മണ്ണിനെ പോലെത്തന്നെ മുള, തെങ്ങ്, കവുങ്ങ് തുടങ്ങിയവയും ബദല്‍ നിര്‍മ്മാണ വസ്തുക്കളായി ഉയര്‍ത്തി കൊണ്ട് വരേണ്ടതാണ്. സാധാരണ ജനങ്ങള്‍ക്ക് മുള കൊണ്ടുള്ള സുന്ദരഭവനങ്ങള്‍ ഉണ്ടാക്കു വാനായി ‘ഉറവു’പോലുള്ള എന്‍ജിയോകളും നമ്മുടെ ആര്‍ക്കിടെക്റ്റുകള്‍, എഞ്ചിനീയര്‍മാര്‍ ഇവരൊക്കെ മുന്നോട്ട് വരുന്നതായാല്‍ ഇതും കൂടുതല്‍ ജനകീയമാകും.

ബദല്‍ നിര്‍മ്മാണത്തിനെക്കുറിച്ച് പറയുമ്പോള്‍ത്തന്നെ നമ്മള്‍ തീരുമാനിക്കേണ്ട പ്രധാന കാര്യമാണ് ഉപഭോഗം (രീിൗൊുശേീി). അമിതമായ ആഗ്രഹത്തിന്റെ ഭാഗമായി ഉപയോഗി ക്കേണ്ടി വരുന്ന ഭൂമി, അത് നിര്‍മ്മിക്കാന്‍ വേണ്ടിവരുന്ന വസ്തുക്കളുടെ വര്‍ദ്ധിച്ച ഉപഭോഗം എന്നിവ മൂലം സാധാരണക്കാരന്റെ വീട് നിര്‍മ്മാണം കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അതിനാല്‍ തന്നെ ഉപഭോഗത്തിന് കടിഞ്ഞാണിട്ടതിനു ശേഷം മാത്രം ബദല്‍ മാര്‍ഗ്ഗ ങ്ങളെക്കുറിച്ചു ചിന്തിക്കുന്നതാണ് പ്രായോഗികം.

“ഒരു നല്ല വീട് എന്നു പറയുന്നത് കട്ടകള്‍ അടുക്കിവച്ച് കെട്ടിപ്പൊക്കുന്ന രണ്ടോ മൂന്നോനിലകളല്ല, മറിച്ച് അതിരിക്കുന്ന സ്ഥലത്തെ മണ്ണും, വിണ്ണും, മരങ്ങളും, പൂക്കളും, കിളികളും, സസ്യങ്ങളും എല്ലാം അതിന്റെ ഭാഗമാകുന്ന, ഇവയോടൊക്കെ പൊരുത്തപ്പെട്ടു പോകുന്ന ഒന്നായിരിക്കണം. വീടിനു വേണ്ടി കൃത്രിമമായി നിര്‍മ്മിച്ച ചുറ്റുവട്ടമാകരുത്. മറിച്ച്, ചുറ്റുവട്ടത്തിനു ചേര്‍ന്നു പോകുന്ന വീടാകണം.’’ പി.കെ. ശ്രീനിവാസന്റെ ഈ വാക്കുകളുടെ ദൃശ്യാ വിഷ്‌ക്കാരമാണ് അദ്ദേഹം നേതൃത്വം കൊടുത്തു നിര്‍മ്മിച്ച തൃശ്ശൂരിലെ മണ്‍വീട്.

“വീടിന്റെ വാസ്തു നോക്കുന്നത് എപ്പോഴും നല്ലതാണ്. കാലാകാലത്തേയ്ക്ക് നിര്‍മ്മിക്കുന്ന ഭവനം അതിന്റേതായ രീതിയില്‍, യഥാസ്ഥാനത്തും അളവിലും ഒക്കെയാവേണ്ടത് അത്യന്താ പേക്ഷിതമാണ്. വാസ്തുവിദ്യയുടെ പതിവു രീതി തെറ്റിച്ചുകൊണ്ട് ഒരു പള്ളിയിലെ അച്ചനാണ് ഈ വീടിന്റെ വാസ്തു പരിശോധിച്ചത്. വീടിനുവേണ്ടി ഒറ്റമരം പോലും മുറിക്കാതെ, ഞാന്‍ വരച്ച പ്ലാനില്‍ ഒരു പരിക്കും ഏല്‍പ്പിക്കാതെ അച്ചന്‍ ഞങ്ങളെ ഞെട്ടിച്ചു. ഞാന്‍ എന്തു മനസ്സില്‍ കണ്ടുവോ അതു തന്നെയാണ് അച്ചനും അഭിപ്രായപ്പെട്ടത്.’’ ശ്രീനിവാസന്‍ പറയുന്നു.

പോസിറ്റീവ് എനര്‍ജിയില്‍

നിര്‍മ്മാണത്തിനു മുമ്പ് ഇവിടെ ഒരു വീടുണ്ടായിരുന്നു. അതു പൊളിച്ച് അതില്‍ നിന്നു കിട്ടിയ 70% വസ്തുക്കളും പുനരുപയോഗിക്കാനായി എന്നത് ഈ മണ്‍വീടിന്റെ ഒരു പ്രത്യേകതയാണ്. ‘ഒരു നല്ല വീട്’ നല്‍കുന്ന സുഖം ഗേറ്റ് തുറന്ന് വിശാലമായ മുറ്റത്തേയ്ക്ക് കടക്കുമ്പോള്‍ മുതല്‍ അനുഭവപ്പെടും. 50 സെന്റിന്റെ പ്ലോട്ടില്‍ മാവും, പ്ലാവും, തെങ്ങും തുടങ്ങി ഒരുപാട് വൃക്ഷങ്ങളും, ചെടികളുമുണ്ട്. എല്ലാമൊരു പോസിറ്റീവ് എനര്‍ജി നല്‍കുന്നതാണ്. അതിന്റെ വ്യക്തമായ തുടര്‍ച്ചയാണ് മണ്ണില്‍ പുതഞ്ഞു നില്‍ക്കുന്ന വീട്. എല്ലാവരെയും പോലെ തന്നെ തുറസ്സായതും, കാറ്റും വെളിച്ചവും നിറഞ്ഞതുമായിരിക്കണം വീട് എന്ന ആഗ്രഹമായിരുന്നു ഇവര്‍ക്കും ഉണ്ടായിരുന്നത്. അതിന്റെ സമ്പൂര്‍ണ്ണ സാക്ഷാത്ക്കാരമാണ് ഈ ഭവനം. വീടിനകത്ത് കയറുമ്പോഴും പുറത്തുള്ള പോസിറ്റീവ് എനര്‍ജി. മണ്‍വീടുകള്‍ ഉറപ്പു തരുന്ന പറഞ്ഞറിയിക്കാനാവാത്ത ഒരു തണുപ്പ്. മൂന്ന് ബെഡ്‌റൂം, മൂന്ന് സിറ്റൗട്ട്, ഒരു കോമണ്‍ ലിവിങ്, ഒരു ഫോര്‍മല്‍ ലിവിങ്, കിച്ചന്‍, ഒരു ഡൈനിങ്‌റൂം എന്നിങ്ങനെ മൊത്തത്തില്‍ 2600 സ്‌ക്വയര്‍ഫീറ്റിലാണ് വീട്.

മണ്ണിന്റെ മണം

റാമ്ഡ് എര്‍ത്ത് വാള്‍ രീതിയിലാണ് ചുമര്‍ നിര്‍മ്മാണം. ഒരു മോള്‍ഡ് ഉണ്ടാക്കി അതില്‍ മണ്ണ് നിറച്ച് ഇടിച്ച് ചുമരുണ്ടാക്കി. ശേഷം മണ്ണുകൊണ്ട് പ്ലാസ്റ്റര്‍ ചെയ്യുന്നതാണ് ഈ രീതി. രണ്ടു നിറത്തിലുള്ള മണ്ണും, മണ്ണുപയോഗിച്ചുള്ള വിവിധ ടെക്‌സ്ച്ചറുകളും ഇവിടെ കൊടുത്തിട്ടുണ്ട്. കണ്ടാല്‍ രണ്ടു നിറത്തിലുള്ള പെയിന്റ് ഉപയോഗിച്ചതാണെന്നേ തോന്നൂ. എന്നാല്‍ ഒരു രീതിയിലുള്ള പെയിന്റിങ്ങും ഇവിടെ ഉപയോഗിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഒരിക്കലും പെയിന്റ് ഉപയോഗിക്കുകയുമില്ല. അകത്ത് സ്മൂത്ത് ഫിനിഷിലുള്ള പ്ലാസ്റ്ററിങ്ങും, പുറത്ത് മാറ്റ് ഫിനിഷിലുള്ള പ്ലാസ്റ്ററിങ്ങുമാണ് ചെയ്തിരിക്കുന്നത്.

റൂഫിന്റെ രണ്ടു ഭാഗം ചരിച്ചും ഒരു ഭാഗം ഫ്‌ളാറ്റായും കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നു. ചരിഞ്ഞ റൂഫിനു മുകളില്‍ ഓടും പതിച്ചിട്ടുണ്ട്. ചുമരിനോട് പൊരുത്തപ്പെട്ടു പോകുന്ന രീതിയില്‍ തറയ്ക്ക് ഓക്‌സൈഡാണ് ഉപയോഗിച്ചിരിക്കുന്നത്. മുഖ്യമായും ഓക്കര്‍, ബ്ലാക്ക് നിറങ്ങളിലുള്ള ഓക്‌സൈഡാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ചിലയിടങ്ങളില്‍ കോട്ടാസ്റ്റോണും, വുഡ് ഫ്‌ളോറിങ്ങും ചെയ്തിട്ടുണ്ട്.

ഫോര്‍മല്‍ ലിവിങ്, ഗ്രൗണ്ട്ഫ്‌ളോറില്‍ നിന്ന് മൂന്നടി താഴെയാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ പകുതിഭാഗത്തോളം ‘തറ’യാണ് ചുമരാകുന്നത്. പഴയ വീട്ടില്‍ നിന്നും ലഭിച്ച തടി ഉപയോഗിച്ച് ഇവിടെ വുഡന്‍ ഫ്‌ളോറിങ് ചെയ്തിരിക്കുന്നു. ഇങ്ങനെ മൂന്നടി താഴെയായി നിര്‍മിച്ചതു കാരണം ഒരു എക്‌സ്ട്രാ ലിവിങ് സ്‌പേസ് ഉണ്ടാക്കാന്‍ സാധിച്ചു. ഗോവണി കയറി ഈ ലിവിങ് സ്‌പേസില്‍ ചെന്നാല്‍ മച്ചിനാല്‍ നിര്‍മിച്ച മറ്റൊരു ഫ്‌ളോറിലേക്ക് പ്രവേശിക്കാം. കോമണ്‍ ലിവിങ്ങിന്റെ സീലിങ്ങാണ് മച്ചായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അവിടെ നിന്ന് ഓപ്പണ്‍ ടെറസിലേയ്ക്കു കൂടി ഒരു പ്രവേശനമുണ്ട്.

എല്ലാം പ്രകൃതിയിലേക്ക്

വരാന്തകളായി ആവിഷ്‌കരിച്ചിട്ടുള്ള മൂന്ന് സിറ്റൗട്ടുകളാണ് ഈ വീടിനുള്ളത്. ശ്രീനിവാസന്റെ ഭാഷയില്‍ പറഞ്ഞാല്‍ ”പഴയ തറവാടു വീടുകളില്‍ കാണുന്നതുപോലെ കുട്ടികള്‍ക്ക് അകത്തും പുറത്തുമായി ഓടിച്ചാടി നടക്കാന്‍ പറ്റുന്ന സ്‌പേസുകള്‍.” ഡൈനിങ് ഹാളില്‍ നിന്ന് രണ്ടും, ലിവിങ്‌റൂമില്‍ നിന്ന് ഒരെണ്ണവുമാണ് വരാന്തകള്‍. ഒരു വരാന്തയില്‍ നിന്ന് ഓപ്പണ്‍ ടെറസിലേക്ക് ഒരു സ്റ്റെയര്‍കേസും സജ്ജീകരിച്ചിരിക്കുന്നു.

വീടിനു മുന്‍വശത്തെ ചുമരില്‍ തന്നെ ഒരു ‘അപൂര്‍വ്വത’ കൂടി ഒരുക്കിയിട്ടുണ്ട് ശ്രീനിവാസന്‍. പൊടിഞ്ഞി, ആലില, ഫേണ്‍, പട്ട, പപ്പായ, കപ്പ, കോവല്‍, മന്ദാരം, വേപ്പ്, മുള തുടങ്ങിയവയുടെ ഇലകള്‍ ഉപയോഗിച്ച് ഒരു ‘ഇംപ്രഷന്‍ ആര്‍ട്ട്’ ഇവിടെ ഒരുക്കിയിരിക്കുന്നു. ഇങ്ങനെ ഈ വീട്ടില്‍ എല്ലാറ്റിനും പ്രകൃതിയോട് ഒരു ബന്ധമുണ്ട്; ആ അടുപ്പം തന്നെയാണ് ഈ വീടിന്റെ മേന്മയും.

 

 

Comments are closed.