കായലരികത്ത്‌

പുറകിലേക്ക് പോകുംതോറും വീതികൂടി വരുന്ന പ്ലോട്ട്. പ്ലോട്ടിന് അതിരിടുന്നത് കായലാണ്. വീടിന്റെ എല്ലാ മുറികളില്‍ നിന്നും കായല്‍ക്കാഴ്ചകള്‍ ഉറപ്പാക്കുന്ന രീതിയിലാണ് കാരാടുള്ള ഫസല്‍ മുഹമ്മദിന്റെ ഈ വീടിന്റെ നിര്‍മ്മാണം. പ്ലോട്ടിന്റെ സവിശേഷതകള്‍ തന്നെയാണ് ഈ വീടിന്റെ ഹൈലൈറ്റ്. ഗേറ്റ് കടന്ന് ഉള്ളിലേക്ക് വരുംതോറും വീടിന്റെ വലിപ്പം വര്‍ദ്ധിച്ചുവരുന്നുണ്ട്. 47 സെന്റ് പ്ലോട്ടില്‍ നിറഞ്ഞ ലാന്‍ഡ്‌സ്‌കേപ്പിനു നടുവിലായി ഈ വീടൊരുക്കിയിരിക്കുന്നത് ആര്‍ക്കിടെക്റ്റ് സമിത് പുറക്കണ്ടിയാണ്. (എസ്.എസ്. ഇന്‍ക്ലൂസീവ് ഡിസൈന്‍, കോഴിക്കോട്)

ഗേറ്റില്‍ നിന്നും വീതികുറഞ്ഞ നടപ്പാതയിലൂടെ ഉള്ളിലേക്ക് പോകുംതോറും വീടിന്റെ ഗാംഭീര്യം ഇരട്ടിക്കുന്നു. പ്ലോട്ടിന്റെ വിശാലത മനസ്സിലാവണമെങ്കില്‍ വീടിന്റെ മുറ്റത്ത് എത്തണം. ഡാര്‍ക്ക് ബ്ലൂ, വൈറ്റ് നിറങ്ങളില്‍ എടുത്തു നില്‍ക്കുന്ന വീടിന് സ്ലോപിങ് മാതൃകയിലുള്ള മേല്‍ക്കൂരയാണ്. പ്ലോട്ടിന്റെ സവിശേഷത മൂലം സ്‌ട്രെയിറ്റ് ആംഗിളില്‍ അല്ല വീടിന്റെ ഡിസൈന്‍. അല്പം തിരിഞ്ഞിട്ടാണ്. സ്ട്രക്ചറിന്റെ ഭാഗമായ പുറം ഭിത്തികളിലെ സ്ട്രിപ്പ് വിന്‍ഡോകള്‍ ഡിസൈന്‍ എലമെന്റാണ്; അതിലുപരി കാറ്റിന്റെയും വെളിച്ചത്തിന്റെയും സുഖസഞ്ചാരവും സാധ്യമാക്കുന്നു

പച്ച പുതച്ച്

വീടിന്റെ ചുറ്റിനും പച്ചപ്പു നിറച്ചിരിക്കുന്നത് പുല്ലു വിരിച്ചാണ്. പുറകില്‍ കായലിന് അതിരിടുന്ന പ്ലോട്ടിലെ നിലവിലുണ്ടായിരുന്ന തെങ്ങുകളും നാടന്‍ വൃക്ഷങ്ങളും സംരക്ഷിച്ചിട്ടുണ്ട്. പിന്നില്‍ നിന്നും കായലോരം വരെ കരിങ്കല്ലുപയോഗിച്ച് തെങ്ങിന്‍ തോപ്പിനു നടുവിലൂടെ നടപ്പാത തീര്‍ത്തിരിക്കുന്നു. വീടിന്റെ മുറ്റത്തെ ചുറ്റി ജോഗിങ് ട്രാക്കും ചെയ്തിട്ടുണ്ട് കരിങ്കല്ലുപയോഗിച്ച്. മുന്നില്‍ നിന്നും ഉള്ള കാഴ്ച പോലെ തന്നെ വീടിന്റെ പിന്നില്‍ നിന്നുമുള്ള കാഴ്ചയും ശ്രദ്ധേയമാണ്. വീടിന്റെ ബാല്‍ക്കണികളും, ടെറസും വരാന്തയുമെല്ലാം പച്ചപ്പിന്റെയും കായലിന്റെയും കാഴ്ചകള്‍ സമ്മാനിക്കുന്നതാണ്. പ്രവേശനകവാടവും വരാന്തയും പച്ചപ്പിന്റെ സമൃദ്ധിയിലാണ്. ഫസല്‍ മുഹമ്മദിന്റെയും കുടുംബത്തിന്റെയും സ്വപ്‌നഗേഹമാണിത്.

സങ്കണ്‍ ലിവിങ്

ഗസ്റ്റ് ലിവിങ് സാധാരണ ഫ്‌ളോര്‍ ലെവലില്‍ നിന്നും താഴ്ത്തിയാണ് ചെയ്തിട്ടുള്ളത്. വുഡുപയോഗിച്ചുള്ള അലങ്കാരങ്ങള്‍ക്കാണ് ഇവിടെ പ്രാധാന്യം. സീലിങ്ങിലും, ടിവി ഏരിയയിലും എല്ലാം വുഡന്‍ വര്‍ക്കുകള്‍ കൊണ്ടുള്ള ഹൈലൈറ്റുകളാണ്. ലിവിങ്, ഡൈനിങ്, ഫാമിലി ഏരിയകള്‍ തമ്മില്‍ കാര്യമായ മറയില്ല. അകത്തളങ്ങളില്‍ എല്ലാ ഏരിയകളുമായും ആശയവിനിമയം സാധ്യമാണ്. ഗസ്റ്റ് ലിവിങ്ങിനേക്കാള്‍ ഫാമിലി ലിവിങ് ഒരുപടി ഉയരത്തിലാണ്. ഗസ്റ്റ് ലിവിങ് ഇങ്ങനെ താഴ്ത്തിയതിനു പിന്നില്‍ സ്വകാര്യത എന്നതല്ലാതെ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ഡൈനിങ് ഏരിയയില്‍ നിന്നും ലിവിങ്ങിനുള്ളിലൂടെ കായലിലേക്കും പുറത്തെ പച്ചപ്പിലേക്കും ഒരു കാഴ്ച ഉറപ്പാക്കുന്നതിനുവേണ്ടിയാണ്.

വെളിച്ചം നിറഞ്ഞ്

തികച്ചും കസ്റ്റമൈസ്ഡായ ഇരിപ്പിടങ്ങളാണ് ഈ വീട്ടിലുള്ളത്. പുറംകാഴ്ചകളെ ഉള്ളിലെത്തിക്കുന്ന വലിയ ജാലകങ്ങളാണ് ഫാമിലി ലിവിങ്ങിന്. സ്ലൈഡ് ചെയ്തു തുറക്കുന്ന ജാലകപ്പടികള്‍ ക്യൂരിയോസ് സ്റ്റാന്‍ഡിന്റെ ധര്‍മ്മം കൂടി നിര്‍വ്വഹിക്കുന്നുണ്ട്. ഇവിടെ നിന്നും ഒരു ലെവല്‍ ഉയരെയാണ് ഡൈനിങ് ഏരിയ, കിച്ചന്‍, സ്റ്റെയര്‍കേസ് തുടങ്ങിയ സ്ഥല സൗകര്യങ്ങള്‍. സ്റ്റെയര്‍കേസ് വുഡും ഗ്ലാസുമുപയോഗി

ാണ് ഒരുക്കിയിട്ടുള്ളത്. വര്‍ണ്ണങ്ങള്‍ നിറച്ച് ഭിത്തി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. സ്റ്റെയര്‍കേസിന്റെ സമീപമുള്ള ഭിത്തി ടെക്‌സ്ചര്‍ പെയിന്റും വാള്‍ വാഷറും കൊണ്ട് ആകര്‍ഷകമാക്കിയിരിക്കുന്നു.

പരസ്പരബന്ധിതം

സങ്കണ്‍ ലിവിങ്ങില്‍ നിന്നും ഒരു ലെവല്‍ ഉയരത്തിലാണ് ഡൈനിങ് ഏരിയ. മൂന്നു വശവും തുറന്ന നയത്തിലുള്ള ഡൈനിങ് ഏരിയയ്ക്ക് വുഡന്‍ അലങ്കാരങ്ങളാണ് കൂടുതല്‍. ലിവിങ്ങിന്റെ ഭാഗത്തെ ഭിത്തിയില്‍ നിറയെ നല്‍കിയിരിക്കുന്ന ജനാലകള്‍ പുറത്തെ ആകര്‍ഷകമായ കാഴ്ചകളെ ഡൈനിങ്ങിലെത്തിക്കുന്നുണ്ട്.
രണ്ട് നിലകളെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് കോര്‍ട്ട്‌യാര്‍ഡിന്റെ സ്ഥാനം. സ്റ്റെയര്‍കേസിന്റെ ഭാഗമായ ഈ കോര്‍ട്ട്‌യാര്‍ഡിന്റെ ഭിത്തിയില്‍ മുകളില്‍ വരെ എത്തുന്ന വിധം വുഡുപയോഗിച്ചുള്ള അലങ്കാരങ്ങള്‍ നല്‍കിയിരിക്കുന്നു. അപ്പര്‍ലിവിങ്ങിന്റെ ഭാഗമായി നല്‍കിയിട്ടുള്ള സ്‌കൈലൈറ്റിന്റെ സാന്നിധ്യം ഈ കോര്‍ട്ട്‌യാര്‍ഡിലേക്കും എത്തുന്നുണ്ട്.

നാച്വറല്‍ ലൈറ്റുമായി

നിറഞ്ഞ വെണ്‍മയുടെ നടുക്ക് പര്‍പ്പിള്‍ കളറിലുള്ള ഫര്‍ണിഷിങ് ഇനങ്ങളുടേയും ചാരനിറമാര്‍ന്ന തീം വാളിന്റെയും ഭംഗിയാണ് അപ്പര്‍ ലിവിങ്ങില്‍. റൂഫില്‍ കട്ടിങ് നല്‍കി നാച്വറല്‍ ലൈറ്റ് ഉള്ളിലെത്തിച്ചിരിക്കുന്നു. സ്റ്റെയര്‍കേസിന്റെ ഭാഗമായി ഭിത്തിയുടെ ഉയരത്തിലും മറ്റും വലിയ ഗ്ലാസ് ഓപ്പണിങ്ങുകളും ചെറിയ ഒറ്റപ്പാളി ജനാലകളും നല്‍കി വെളിച്ചത്തെയും പുറത്തേ കാഴ്ചകളെയും ഉള്ളിലെത്തിച്ചിരിക്കുന്നു. ഫാള്‍സ് സീലിങ് ചെയ്തിട്ടുണ്ടെങ്കിലും അമിതമായ ഒരുക്കങ്ങള്‍ക്ക് തുനിഞ്ഞിട്ടില്ല.

കായലിലേക്ക് നോക്കി

മഞ്ഞ നിറത്തിലുള്ള ഒരുക്കങ്ങളാണ് മാസ്റ്റര്‍ ബെഡ്‌റൂമില്‍. ടെക്‌സ്ചര്‍ പെയിന്റ്, വുഡ് ഇവയൊക്കെ ഉപയോഗിച്ചുള്ള ഹൈലൈറ്റുകള്‍ക്കിടയില്‍ ലൈറ്റിങ്ങിന് ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഫാള്‍സീലിങ്ങിലും അല്ലാതെയുമായി ലൈറ്റിന്റെ സമൃദ്ധമായ ഉപയോഗം അകത്തളങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകുന്നുണ്ട്. ലൈറ്റിങ് മേഖലയുമായി ബന്ധപ്പെട്ടു ബിസിനസ് നടത്തുന്ന ഗൃഹനാഥന്റെ ആഗ്രഹമനുസരിച്ചുള്ള ലൈറ്റിങ് സാമഗ്രികള്‍ അദ്ദേഹം തന്നെയാണ് ചെയ്തിട്ടുള്ളത്. മാസ്റ്റര്‍ ബെഡ്‌റൂമില്‍ നിന്നു നോക്കിയാല്‍ കായല്‍ക്കാഴ്ചകള്‍ തടസ്സമില്ലാതെ കാണാം. പുറത്ത് ഒരുക്കിയിരിക്കുന്ന ബാല്‍ക്കണി കൂടുതല്‍ വിശാലമായ കാഴ്ച സമ്മാനിക്കുന്നു. കട്ടിലില്‍ കിടന്നുകൊണ്ട് കാഴ്ചകള്‍ കാണാനാകും. കട്ടിലിന്റെ തലയ്ക്കല്‍ നല്‍കിയിട്ടുള്ള വുഡന്‍ വര്‍ക്കുകള്‍ ഒരു ടേബിളിന്റെ ഉപയോഗം കൂടി പ്രദാനം ചെയ്യുന്നുണ്ട്. മടക്കിത്തുറക്കാവുന്ന ഗ്ലാസ് വാതിലുകളാണ് ബാല്‍ക്കണിക്ക്.

രണ്ടു തട്ടില്‍ കിടപ്പുമുറി

കുട്ടികളുടെ മുറിയില്‍ മകന്റെ കിടപ്പുമുറി ഒരുക്കിയിരിക്കുന്നത് ഇന്‍ബില്‍റ്റായ കട്ടിലോടു കൂടിയാണ്. ബെഡ് ഏരിയ ഒരു മെസാനില്‍ ലെവലിലാണ്. അതിനു താഴെയുള്ള ഭാഗം ലിവിങ് ഏരിയ ആയി ഉപയോഗിക്കുന്നു. റൂഫിന്റെ ഒരു ഭാഗത്തു നിന്നും താഴേക്ക് ഭിത്തി വഴി പടര്‍ന്ന് ഇറങ്ങുന്ന രീതിയില്‍ ടര്‍ക്വയിസ് നിറം പൂശിയിരിക്കുന്നു. താഴെ നിലയില്‍ ഒരു കിടപ്പുമുറിയും മുകള്‍നിലയില്‍ മൂന്നു കിടപ്പുമുറികളുമാണുള്ളത്.

എല്ലാ കിടപ്പുമുറികള്‍ക്കും ബാല്‍ക്കണി സൗകര്യം നല്‍കിയിട്ടുണ്ട്. ഇതുവഴി ലാന്‍ഡ്‌സ്‌കേപ്പിന്റെയും കായലിന്റെയും കാഴ്ചകളെ വീടിനുള്ളിലിരുന്നു കാണാം. ഫസ്റ്റ് ഫ്‌ളോറിലെ ടെറസ് ഒരു ഡെക്ക് പോലെ തീര്‍ത്ത് മുകളില്‍ ഗ്ലാസ് റൂഫിങ് നല്‍കി പ്രത്യേക ഇരിപ്പിടസൗകര്യമായി സജ്ജമാക്കിയിട്ടുണ്ട്. പാര്‍ട്ടി ഏരിയയായും സായാഹ്നം ചെലവഴിക്കാനുമെല്ലാം ഉതകുന്നു ഈ ടെറസ്.

മുകളിലുള്ള മാസ്റ്റര്‍ ബെഡ്‌റൂമിന്റെ ഭാഗമായി ഗ്ലാസ് ഭിത്തികളുമായി ഒരു ഓപ്പണ്‍ ഷവര്‍ ഏരിയ പ്രത്യേകമായി തീര്‍ത്തിട്ടുണ്ട് ഇവിടെ. കായല്‍ക്കാഴ്ചകള്‍ ആസ്വദിച്ച് കുളിക്കാം. ബാത്‌റൂമിലേക്കും കായലിന്റെ കാഴ്ചകളെ എത്തിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട് ആര്‍ക്കിടെക്റ്റ്.
അതുപോലെ കായല്‍ക്കാഴ്ചകള്‍ ആസ്വദിച്ച് നിന്ന് ഭക്ഷണം പാചകംചെയ്യാം, ഇവിടുത്തെ അടുക്കളയില്‍. സമൃദ്ധമായ സ്റ്റോറേജും വെന്റിലേഷനുകളും നല്‍കിയിട്ടുള്ള അടുക്കളയ്ക്ക് ഗ്ലാസ് ഡോറാണ് നല്‍കിയിട്ടുള്ളത്. പുറത്തെ വരാന്ത അടുക്കളയെ ലാന്‍ഡ്‌സ്‌കേപ്പുമായി ഇണക്കി നിര്‍ത്തുന്നുണ്ട്. വീടിന്റെ അകത്തും, പുറത്തും, ചുറ്റുപാടുമുള്ള പ്രകൃതിയുടെ സൗന്ദര്യം മാത്രം ആധാരമാക്കി ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ വീട് കാഴ്ചയില്‍ മാത്രമല്ല ഉപയുക്തതയിലും മുന്നിട്ടുതന്നെ നില്‍ക്കുന്നു.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

2 Trackbacks / Pingbacks

  1. ബാക്ക് സ്പ്ലാഷ് ഒട്ടും ബാക്കിലല്ല! – Designer Plus Builder
  2. അടുപ്പും ചിമ്മിനിയും – Designer Plus Builder

Leave a Reply

Your email address will not be published.


*