കേരളത്തിലെ പ്രളയദുരന്തം- മനുഷ്യനിര്‍മ്മിതമോ?

ദുരന്തങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്ന നിരവധി ഇടപെടലുകള്‍ നമ്മള്‍ നടത്തിയിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. എന്നാല്‍ അതിശയിപ്പിക്കുന്ന കാര്യം ഇത്തരം പല കാര്യങ്ങളെയും ആരും വെള്ളപ്പൊക്കത്തിന്‍റെ കാരണങ്ങളായി ബന്ധിപ്പിച്ചു കാണുന്നില്ല എന്നുള്ളതാണ്

സമീപകാലത്തുണ്ടായിരിക്കുന്ന വെള്ളപ്പൊക്കത്തിന്‍റെ ഉത്തരവാദിത്വം പ്രകൃതിയുടെ മേല്‍ മനുഷ്യന്‍ നടത്തിയ ഇടപെടലുകളാണെന്ന് പറഞ്ഞൊഴിഞ്ഞതു കൊണ്ടു കാര്യമില്ല.

പ്രകൃതിക്ക് അതിന്‍റേതായ നിയമങ്ങള്‍ ഉണ്ട് എപ്പോഴും; അത് പലപ്പോഴും മനുഷ്യ പ്രവചനങ്ങള്‍ക്ക് അതീതമാണ് എന്ന് മനസ്സിലാക്കുക തന്നെവേണം.

ദുരന്തങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്ന നിരവധി ഇടപെടലുകള്‍ നമ്മള്‍ നടത്തിയിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. എന്നാല്‍ അതിശയിപ്പിക്കുന്ന കാര്യം ഇത്തരം പല കാര്യങ്ങളെയും ആരും വെള്ളപ്പൊക്കത്തിന്‍റെ കാരണങ്ങളായി ബന്ധിപ്പിച്ചു കാണുന്നില്ല എന്നുള്ളതാണ്. കാരണങ്ങള്‍ ഒന്നല്ല നിരവധിയാണ്.

$ സസ്യജാലങ്ങള്‍ക്ക് വന്ന മാറ്റം: സമതലങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ വനങ്ങളിലേക്ക്, മലയോര മേഖലകളിലേക്ക് കുടിയേറി. കൃഷിക്കും തോട്ടം വികസനത്തിനും വേണ്ടി മരങ്ങള്‍ വെട്ടിനിരത്തി. മലഞ്ചെരിവുകളിലെ മരങ്ങളുടെ ശക്തമായ വേരുകള്‍ മണ്ണിനെ കൂട്ടിപിടിച്ചു നിര്‍ത്തിയിരുന്നു.

ഇന്ന് മണ്ണ് മരങ്ങളുടെ വേരുകളുടെ പിടുത്തമില്ലാത്തതുമൂലം അയഞ്ഞതായി തീര്‍ന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കനത്ത മണ്ണിടിച്ചില്‍ സംഭവിച്ച കവളപ്പാറയില്‍ വലിയ റബ്ബര്‍ തോട്ടങ്ങള്‍ ആണുള്ളതെന്ന് കാണാം. റബര്‍ മരങ്ങള്‍ക്ക് മണ്ണിനെ പിടിച്ചു നിര്‍ത്താനുള്ളത്ര വേരോട്ടമില്ല എന്നത് മനസ്സിലാക്കണം.

മറ്റൊരു കാരണം നമ്മുടെ വനമേഖല, വനസാന്ദ്രത, വനത്തിന്‍റെ ഗുണനിലവാരം എന്നിവ ഗണ്യമായി കുറഞ്ഞു. ഒപ്പം നഗരവല്‍ക്കരണത്തിന്‍റെ തോത് ഗണ്യമായി കൂടുകയും ചെയ്തു.

> കൃഷിക്കും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുമായി ഭൂമിയെ ലംബമായി മുറിക്കുകയും തിരിക്കുകയും ചെയ്തതിലൂടെ മണ്ണിന്‍റെ സ്വാഭാവിക ചരിവിന് കോട്ടം സംഭവിച്ചു.

> റോഡുകള്‍ നിര്‍മ്മിക്കുന്നതിനായി കുന്നിന്‍ ചരിവുകള്‍ മുറിച്ച്, ഒരു വശത്ത് മാത്രം ലംബമായ കുന്നുകള്‍ നിലനിര്‍ത്തി, മറുവശത്ത് മണ്ണിട്ടു നിറച്ച കനത്ത റീട്ടെയ്നിങ് വാളും നിര്‍മ്മിച്ചു.

> മരങ്ങള്‍ വെട്ടിമാറ്റുകയും മണ്ണിന്‍റെ സ്വാഭാവികതയ്ക്ക് ഘടനാപരമായി മാറ്റം വരുത്തുകയും ചെയ്തു കൊണ്ട് അവിടങ്ങളിലെല്ലാം ധാരാളം വീടുകളും, മതസ്ഥാപനങ്ങളും വാണിജ്യകേന്ദ്രങ്ങളും നിര്‍മ്മിച്ചു. ഇതെല്ലാം മണ്ണിന്‍റെ ഭാരവാഹനശേഷിക്കുമപ്പുറമാണ്.

> പ്രകൃതിദത്തമായ ജലമൊഴുക്ക് പാതകളെല്ലാം നമ്മള്‍ തടസ്സപ്പെടുത്തുകയോ, മണ്ണിട്ടു നികത്തുകയോ ചെയ്തു.

> നദികളുടെയും പുഴകളുടെയും മറ്റ് ജലസ്രോതസുകളുടെയും വീതിയും ആഴവും കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതുമൂലം ജലാശയങ്ങളുടെ അളവ് ഗണ്യമായി കുറയുകയും ചെയ്തു.

> മണ്ണിലൂടെ സ്വതന്ത്രമായി ഒഴുകിയിരുന്ന വെള്ളത്തെ ചാലുകളിലൂടെയും ചെറിയ തോടുകളിലൂടെയും കെട്ടി ഒഴുക്കുവാനാരംഭിച്ചു.

> ആളുകള്‍ തെറ്റായ രീതിയിലേക്കുള്ള കൃഷികളിലേക്കും തോട്ടം മേഖലകളിലേക്കും തിരിഞ്ഞു. റബ്ബര്‍, ഏത്തവാഴ, മറ്റ് പച്ചക്കറി വിഭവങ്ങള്‍ തുടങ്ങിയവയൊക്കെ മണ്ണില്‍ വേരുകള്‍ ആഴത്തിലൂന്നാത്ത മരങ്ങളും സസ്യങ്ങളുമാണ്.

> ചെറുതും വലുതുമായ നിരവധി ഡാമുകളുടെ നിര്‍മ്മാണം മണ്ണിന്‍റെ സ്വാഭാവിക തലത്തെ പ്രതികൂലമായി ബാധിക്കുകയും വളരെയധികം മര്‍ദ്ദം ഏല്‍പ്പിക്കുകയും അവയ്ക്ക് ചുറ്റുമുള്ള ഒരു വലിയ പ്രദേശത്തെ അസ്ഥിരമാക്കുകയും ലഘൂകരിക്കുകയും ചെയ്തു.

> ക്വാറികളില്‍ നിന്നുള്ള നിരന്തര വൈബ്രേഷനുകള്‍ അവയ്ക്കു ചുറ്റുമുള്ള ഭൂഗര്‍ഭജല ജലവിതാനത്തെയും മണ്ണിന്‍റെ വിവിധ പാളികളെയും അസ്ഥിരമാക്കി.

RELATED READING: ക്ലാസിക്ക്-എത്നിക്ക് അകത്തളം

> നഗരവത്ക്കരണത്തിന്‍റെ ഭാഗമായി വെള്ളം മണ്ണില്‍ നിലനിര്‍ത്തിയിരുന്ന പല പ്രദേശങ്ങളും, നെല്‍വയലുകളും, കുളങ്ങളും, അപ്രത്യക്ഷമായി.

മലയോര പ്രദേശങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഏവരും വളരെ ശ്രദ്ധാലുക്കളും സെന്‍സിറ്റീവുമായിരിക്കണം. പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ദോഷം വരും വിധം പ്രവര്‍ത്തിക്കരുത്.

പരിഹാര മാര്‍ഗ്ഗങ്ങള്‍

മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുവാന്‍ ഇനിയെങ്കിലും നാം അതിവേഗം പ്രവര്‍ത്തിക്കേണ്ടതുണ്ട്. 2018-ലെ പ്രളയ ദുരന്തത്തിനു ശേഷവും നമ്മള്‍ ഒന്നും പഠിച്ചില്ല, ചെയ്തില്ല; 2019-ലും സമാനമായ എന്നാല്‍ അപ്രതീക്ഷിതമായ ഒരു ദുരന്തം സംഭവിച്ചിരിക്കുന്നു.

RELATED READING: ലാളിത്യം, അന്തസ്

ചെറിയ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പോലും വലിയ ഫണ്ട് ആവശ്യമാണ്.

ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തെക്കുറിച്ചോ, അവരുടെ ഭൂമി, സ്വത്തുക്കള്‍ ഇവയെക്കുറിച്ചൊന്നും ഞാനിപ്പോള്‍ പറയുന്നില്ല. കാരണം അത് തികച്ചും വ്യത്യസ്തമായൊരു പന്ത് കളിയാണ്!

ഉടനടി ചെയ്യേണ്ടത്

> റോഡ് സൈഡില്‍ ഉള്ള എല്ലാ സ്വകാര്യ ഭൂമികളുടെയും ലംബമായ കട്ടിങ്ങുകള്‍ മാറ്റി കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതും സ്വാഭാവികവുമായ ചരിവുകളാക്കി മാറ്റണം. ഇത്തരം ചരിവുകള്‍ ബലപ്പെടുത്തുവാനായി ഭൂവസ്ത്രങ്ങള്‍ മണ്ണില്‍ ഉറപ്പിച്ച് ആഴത്തില്‍ വേരോടിക്കുന്ന സസ്യജാലങ്ങള്‍ വളര്‍ത്താം.

രാമച്ചം, കുറ്റിച്ചെടികള്‍, ചിലതരം പുല്ലുകള്‍ എന്നിവയൊക്കെ ഇതിനുപയോഗിക്കാം. ചരിവുകളില്‍ മുള നടാവുന്നതാണ്. ഇത് മരങ്ങള്‍ റോഡിലേക്ക് കടമറിഞ്ഞു വീഴുന്ന പ്രശ്നം ഇല്ലാതാക്കുകയും ചെയ്യും.

ALSO READ: കാലത്തിന്‍റെ വീണ്ടെടുപ്പ്

വേഗം വളരുന്ന പടരുന്ന, സസ്യമാണ് മുള. ഇവ ആവശ്യാനുസരണം വെട്ടിമാറ്റുകയും, വളര്‍ത്തുകയും ചെയ്യാം. ലാഭകരമായ ഒരു ആദായവുമാക്കി മാറ്റാം. മുളയുപയോഗിച്ച് മണ്ണില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തി വിജയിച്ച രാജ്യമാണ് കെനിയ.

ചരിഞ്ഞ പ്രദേശങ്ങളില്‍ വലിയ തോതില്‍ മുള നടുന്നതിനു വേണ്ട നടപടികള്‍ അടിയന്തിരമായി നാം കൈകൊണ്ടേ പറ്റൂ. ഇതിനായി വനവാസികളോട് അഭിപ്രായമാരായുകയും ഇത്തരത്തില്‍ നട്ടുപിടിപ്പിക്കാവുന്ന മറ്റ് സസ്യങ്ങളെയും ചെടികളെയും കുറിച്ച് അന്വേഷണം നടത്തുകയും വേണം.

> റോഡ് നിര്‍മ്മാണത്തിന്‍റെ ഭാഗമായി ചരിവുകളിലൂടെ, വശങ്ങളിലൂടെ ഒഴുകുന്ന വെള്ളത്തെ കലുങ്കുകള്‍ തീര്‍ത്ത് മറുവശത്തേക്കും മറ്റും വെറുതെ ഒഴുക്കി കളയാതെ പൈപ്പുകളിലൂടെ ഒഴുക്കുക.

അല്ലെങ്കില്‍ കലുങ്കുകള്‍ തന്നെ ഇടവിട്ടിടവിട്ട് നല്‍കി ആഴം കുറഞ്ഞ വശത്തേക്ക്, ഭാഗത്തേയ്ക്ക് വെള്ളം വേഗത്തില്‍ ഒഴുക്കി കളയണം.

> ആഴമുള്ള ഭാഗങ്ങളില്‍ റോഡുകള്‍ നിര്‍മ്മിക്കുമ്പോള്‍ പില്ലറുകള്‍ തീര്‍ത്ത് അതിനു മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ നല്‍കി പാലങ്ങള്‍ പോലുള്ള റോഡുകള്‍ തീര്‍ക്കണം. വെള്ളം ഒരു വശത്തു നിന്നും മറ്റൊരു വശത്തേക്ക് എളുപ്പം ഒഴുകിപ്പോകുവാന്‍ ഇത് ഇടയാക്കും.

> കുന്നുകളെ ചുറ്റിയുള്ള റോഡു നിര്‍മ്മാണം (ചുരം) ഒഴിവാക്കി പകരം കുന്നുകള്‍ തുരന്ന് ടണലുകള്‍ അല്ലെങ്കില്‍ മലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ തീര്‍ത്ത് റോഡുകളാക്കാം. ഇവ ചെലവേറിയ നിര്‍ദ്ദേശങ്ങളും പദ്ധതികളുമായിരിക്കാം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇവ ഫലപ്രദം തന്നെയാണ്.

കാരണം യാത്രാ ദൂരം ഗണ്യമായി കുറയ്ക്കാം, ഇന്ധനച്ചെലവ് കുറയ്ക്കാം, സമയലാഭം ഉണ്ടാകുകയും ചെയ്യും. സ്വിറ്റ്സര്‍ലന്‍റിലും മറ്റും ഇത്തരം പാലങ്ങളും തുരങ്കങ്ങളും ധാരാളം കാണുവാന്‍ സാധിക്കും. നമ്മുടെ അയല്‍ രാജ്യമായ ചൈനയും ഈ ദിശയിലേക്ക് തിരിഞ്ഞു കഴിഞ്ഞു.

> ഏതൊരു തോട്ടം മേഖലയിലും ആഴത്തില്‍ വേരോട്ടമുള്ള മരങ്ങളോ, മുളയോ തിരശ്ചീനമായി വിവിധ ഉയരങ്ങളില്‍ നട്ടുപിടിപ്പിക്കണം. ഇത്തരം മേഖലകള്‍ എത്ര ശതമാനമുണ്ട് എന്ന് കൃത്യമായി നിര്‍ണ്ണയിച്ച് എല്ലാ തോട്ടങ്ങളിലും, കാര്‍ഷിക ഭൂമിയിലും ഇത്തരം മരം നടീല്‍ നിര്‍ബന്ധമായി നടപ്പിലാക്കേണ്ടതുമാണ്.

> ചരിഞ്ഞ പ്രദേശങ്ങളില്‍ വീടുവയ്ക്കുമ്പോള്‍ ആ സ്ഥലത്തിനു യോജിച്ച വാസ്തുകല അടിസ്ഥാനമാക്കി വേണം വീടു നിര്‍മ്മാണം നടത്താന്‍. ചരിഞ്ഞ വശങ്ങളിലും മറ്റും റീടെയ്നിങ് വാളുകള്‍ നല്‍കുന്നതിനു പകരം തൂണുകള്‍ നല്‍കണം. മൂന്നാറിലെ ‘ടോള്‍ ട്രീ’ റിസോര്‍ട്ടിന്‍റെ നിര്‍മ്മാണം ഇതിന് ഉദാഹരണമാണ്.

> ലോഡ് ബെയറിങ് ബ്രിക്ക് ഭിത്തികള്‍ക്ക് ഫില്ലര്‍ സ്ലാബ് പാനലുകള്‍, മതിലുകള്‍ തീര്‍ത്ത് സ്റ്റീല്‍ ഫ്രെയിം ഇവ ഉപയോഗിച്ച് നിര്‍മ്മാണം അനുയോജ്യമാണ്. വെള്ളപ്പൊക്കത്തിന്‍റെ സമയത്തും മറ്റും ഇത്തരം കനത്ത ബ്രിക്ക് വാളുകള്‍, മതിലുകള്‍, കോണ്‍ക്രീറ്റ് സ്ലാബുകള്‍ എന്നിവ ഇടിഞ്ഞു വീണുണ്ടാകുന്ന അപകടങ്ങളും നഷ്ടങ്ങളും ഒഴിവാക്കാം.

പരന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂര മലയോര പ്രദേശങ്ങള്‍ക്ക് അനുയോജ്യമല്ല. ഊട്ടിയിലും, കൊടൈക്കനാലിലും മറ്റും ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചിട്ടുള്ള ഭാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചിട്ടുള്ള നിര്‍മ്മാണ ഘടന കണ്ടിട്ടില്ലേ?.

മരത്തിന്‍റെ ഫ്രെയിമുകളും, പാനലുകളും, മെറ്റല്‍ റൂഫും ആയിരുന്നു അവയ്ക്ക് ഉണ്ടായിരുന്നത്. അതില്‍ നിന്നെങ്കിലും നമ്മള്‍ പാഠങ്ങള്‍ പഠിക്കണം. താമസത്തിന് അപകടകരമായ മേഖലകള്‍ തിരിച്ചറിഞ്ഞ് വേണ്ട മുന്‍കരുതലുകള്‍ എടുക്കണം.

YOU MAY LIKE: മായാജാലക ഭംഗി

> നദികളിലെയും ജലാശയങ്ങളിലെയും അടിത്തട്ടില്‍ അടിഞ്ഞു കൂടിയിട്ടുള്ള മണല്‍ ആവശ്യാനുസരണം അതാത് മേഖലകളിലെ അധികാരികളുടെ അനുമതിയോടെ നീക്കം ചെയ്യണം.

അതുവഴി പുഴപോലുള്ള ജലാശയങ്ങളിലെ ക്രോസ്സെക്ഷണല്‍ ഏരിയകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. മണല്‍ വാരലിനുള്ള സമ്പൂര്‍ണ്ണ നിരോധനം അവസാനിപ്പിച്ച് നിയന്ത്രണ വിധേയമായി അനുവദിക്കാവുന്നതാണ്.

> എല്ലാ വെള്ളവും അവസാനം ഒഴുകിയെത്തുക താഴ്ന്ന സ്ഥലങ്ങളിലേക്കാണ്. ഫലം അവിടെ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ദുരിതവും സൃഷ്ടിക്കപ്പെടുന്നു.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

എത്രയും വേഗം നദികളും, കനാലുകളും, ഡ്രെയിനേജ് കനാലുകളും ഉള്‍പ്പെടെയുള്ളവ പുനര്‍നിര്‍മ്മിക്കുകയും തണ്ണീര്‍ത്തടങ്ങളിലെ എല്ലാവിധ കയ്യേറ്റങ്ങളും നിയന്ത്രിച്ച് വെള്ളത്തിന്‍റെ സുഗമമായ ഒഴുക്ക് സാധ്യമാക്കുകയുമാണ് വേണ്ടത്.

കനാലുകളിലെയും മറ്റും വെള്ളമൊഴുക്കിനു പ്രധാന തടസമാകുന്നത് പ്ലാസ്റ്റിക് ആണ്. പ്രത്യേകിച്ച് പ്ലാസ്റ്റിക് കുപ്പികള്‍. ചെന്നൈയിലെ വെള്ളപ്പൊക്ക സമയത്ത് പ്ലാസ്റ്റിക് കുപ്പികള്‍ ആണ് ഏറ്റവും വലിയ തടസ്സമുണ്ടാക്കിയത് എന്നോര്‍ക്കുക.

> നദികള്‍ക്കും ജലാശയങ്ങള്‍ക്കും കുറുകെ ചെറുതും വലുതുമായ അസംഖ്യം പാലങ്ങളാണ് ഇവിടെയുള്ളത്. അശാസ്ത്രീയമായി നിര്‍മ്മിച്ചിട്ടുള്ള ഇവ പലതും ജലപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുന്നു.

പല സ്ഥലങ്ങളിലും വേണ്ടത്ര ഉയരത്തിലല്ല ഇവ നിര്‍മ്മിച്ചിട്ടുള്ളത്. നിരവധി തൂണുകള്‍ നില്‍ക്കുന്നതും നീരൊഴുക്കിന് മാര്‍ഗ്ഗ തടസമാകുന്നുണ്ട്. ഉയര്‍ന്ന സ്പാന്‍ പാലങ്ങളാണ് നമുക്കാവശ്യം. കാരണം ഇവ വെള്ളമൊഴുക്കിന് തടസം സൃഷ്ടിക്കുന്നില്ല.

ALSO READക്ലാസിക്ക്-എത്നിക്ക് അകത്തളം

> വിവിധ മേഖലകളില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍, കാര്‍ഷിക വിദഗ്ധര്‍, വനവാസികള്‍, മണ്ണുവിദഗ്ധര്‍, ആര്‍ക്കിടെക്റ്റുകള്‍, നഗരാസൂത്രകര്‍, സസ്യശാസ്ത്രജ്ഞര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, സാമ്പത്തിക ഉപദേഷ്ടാക്കള്‍ എന്നിങ്ങനെയുള്ളവര്‍ അടങ്ങിയ ഒരു വിദഗ്ധ സമിതി നമുക്ക് ഉണ്ടാവണം.

ഇവര്‍ എല്ലാവരും ഒരുമിച്ച് പഠനം നടത്തി ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടവും സഹായത്തിനായി വേണ്ടുന്ന സാമ്പത്തിക കണക്കുകളും ഉള്‍പ്പെടെ റിപ്പോര്‍ട്ട് തയ്യാറാക്കണം. ഇത് നടപ്പിലാക്കുവാനും നമുക്ക് കഴിയണം.

ALSO READ: ട്രോപ്പിക്കല്‍ ഹൗസ്

അടുത്തടുത്തായി രണ്ട് വെള്ളപ്പൊക്കങ്ങളുടേയും ഉരുള്‍പൊട്ടല്‍ പോലുള്ള പരിസ്ഥിതി പ്രശ്നങ്ങളുടേയും ദുരിതം നാമനുഭവിച്ചു കഴിഞ്ഞു. ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ മേല്‍പ്പറഞ്ഞ തരത്തിലുള്ള നടപടികളും തീരുമാനങ്ങളും കൈക്കൊണ്ടേ മതിയാവൂ.

(വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ആര്‍ക്കിടെക്റ്റ് എസ്. ഗോപകുമാര്‍, കുമാര്‍ ഗ്രൂപ്പ് ടോട്ടല്‍ ഡിസൈനേഴ്സ്, കൊച്ചി. ഫോണ്‍: 9846046464)

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*