ഭാവി കേരളത്തിന്‍റെ രൂപകല്പനയ്ക്കായി ഡിസൈന്‍ വീക്ക്

രൂപകല്‍പ്പനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് ഒരുക്കുന്ന ഡിസൈന്‍ വീക്ക് ഉച്ചകോടി ഡിസംബര്‍ രണ്ടാം വാരം കൊച്ചിയില്‍ നടക്കും.

വാസ്തുവിദ്യയിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളും ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര വിദഗ്ധരുള്‍പ്പെടെ അയ്യായിരത്തില്‍പരം പേരാണ് പങ്കെടുക്കുന്നത്.

ALSO READ: ഡിബിസൂപ്പര്‍ബ്രാന്‍ഡ്സ് ’19 പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു

അസറ്റ് ഫൗണ്ടേഷന്‍റെ സഹകരണത്തോടെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ഡിസംബര്‍ 12 മുതല്‍ 14 വരെയാണ് ഡിസൈന്‍ വീക്ക് നടക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ വാസ്തുവിദ്യയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ ഇന്ന് സംസ്ഥാനം നേരിടുന്നുണ്ട്.

പ്രളയ പുനര്‍നിര്‍മ്മാണവും പൊതുമരാമത്തും ഉള്‍പ്പെടെയുള്ള മേഖലകള്‍ ഈ പ്രശ്നം അഭിമുഖീകരിക്കുകയാണ്.

ആഗോള പ്രശസ്തരായ വാസ്തുവിദ്യാ വിദഗ്ധര്‍ പങ്കെടുക്കുന്ന ഡിസൈന്‍ വീക്കില്‍ വിവിധ ഭൂപ്രദേശങ്ങള്‍ക്കനുയോജ്യമായ നിര്‍മ്മാണ രീതികളും, പ്രകൃതിക്കനുയോജ്യമായ സുസ്ഥിര രൂപകല്‍പ്പനകളും അവതരിപ്പിക്കുകയും അവയെക്കുറിച്ച് വിശദമായ ചര്‍ച്ച നടക്കുകയും ചെയ്യും.

YOU MAY LIKE: മിനിമല്‍ കന്റംപ്രറി ഹോം

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. കൂടാതെ കേരളത്തിനകത്തും പുറത്തുമുള്ള വാസ്തുവിദ്യ-രൂപകല്‍പ്പന വിദഗ്ധര്‍, ചിന്തകര്‍, നയകര്‍ത്താക്കള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ ഉച്ചകോടിയിലെത്തും.

മുഖ്യമന്ത്രി പിണറായി വിജയനെക്കൂടാതെ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ്, ഓസ്കാര്‍ ജേതാവും പ്രമുഖ സൗണ്ട് എന്‍ജിനീയറുമായ റസൂല്‍ പൂക്കുട്ടി, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി, വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍ സിഇഒ ശ്രീനി ആര്‍ ശ്രീനിവാസന്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍, ഫ്ളിപ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി, ആര്‍ക്കിടെക്റ്റ് ശങ്കര്‍, ദക്ഷിണാഫ്രിക്കയിലെ എആര്‍ജി ഡിസൈന്‍ സിഇഒ ഗീത ഗോവെന്‍, അസറ്റ് ഹോം എംഡി വി. സുനില്‍കുമാര്‍, ആര്‍ക്കിടെക്റ്റ് കവിത മുരുഗ്കര്‍ തുടങ്ങി നൂറോളം പ്രതിഭകള്‍ സമ്മേളനത്തില്‍ സംസാരിക്കാനെത്തും.

YOU MAY LIKE: വാട്ടര്‍ ഫ്രണ്ട് ഹോളിഡേ ഹോം

വാസ്തുകലാ-രൂപകല്‍പ്പന ഉച്ചകോടി, രൂപകല്‍പ്പന ചര്‍ച്ചകള്‍, പ്രദര്‍ശനം, പ്രതിഷ്ഠാപനങ്ങള്‍, രൂപകല്‍പ്പന മത്സരം തുടങ്ങിയവ ഇതിലുണ്ടാകും.

സംസ്ഥാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അവലംബിക്കാവുന്ന ഭാവി സാങ്കേതികവിദ്യ, ആവാസവ്യവസ്ഥിതി, രൂപകല്‍പനാശയങ്ങള്‍ എന്നിവ ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ബോള്‍ഗാട്ടി പാലസിനെ ഉച്ചകോടിയോടനുബന്ധിച്ച് ഡിസൈന്‍ ഐലന്‍ഡാക്കി മാറ്റും. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത പ്രതിഷ്ഠാപനങ്ങള്‍ സ്ഥാപിക്കും. ദേശീയ അന്തര്‍ദേശീയ പ്രഭാഷകരും ഉച്ചകോടിയിലെത്തുന്നുണ്ട്.

വാസ്തുവിദ്യ, അകത്തള രൂപകല്‍പന തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ചകളുമുണ്ടാകും. കേരളത്തിന്‍റെ നിര്‍മ്മാണ മേഖലയില്‍ സുസ്ഥിര രൂപകല്‍പ്പനയുടെ ആശയം മുന്നോട്ടു വയ്ക്കാന്‍ ഡിസൈന്‍ വീക്കിന് സാധിക്കുമെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു.

സംസ്ഥാനത്തെ നിര്‍മ്മാണ രംഗം, ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍, ഐടി തുടങ്ങി ഡിസൈനുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് കൊച്ചി ഡിസൈന്‍ വീക്കിലൂടെ ലക്ഷ്യമിടുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഐടി ഫെലോയും ഉച്ചകോടിയുടെ സ്പെഷ്യല്‍ ഓഫീസറുമായ അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു.

2018 ല്‍ നടന്ന ഡിസൈന്‍ വീക്കിന്‍റെ ആദ്യ ലക്കത്തിന്‍റെ വിജയം ഈ രംഗത്തെ കാഴ്ചപ്പാടിന് ക്രിയാത്മകമായ മാറ്റം വരുത്തി. കാലാനുസൃതമായി ഡിസൈന്‍ സാങ്കേതിക വിദ്യയില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും സുസ്ഥിര നിര്‍മ്മാണ രീതികള്‍ സ്വായത്തമാക്കാനും കൊച്ചി ഡിസൈന്‍ വീക്ക് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്‍റെ സുസ്ഥിര ആസൂത്രണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ-സാങ്കേതികവിദ്യയിലെ രൂപകല്‍പ്പനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുവ സംരംഭകരും നവീന ആശയദാതാക്കളും ഒത്തുചേരുന്ന രാജ്യത്തെ ഏറ്റവും വലിയ മേക്കര്‍ ഫെസ്റ്റും കൊച്ചി ഡിസൈന്‍ വീക്ക് ഉച്ചകോടിയോടനുബന്ധിച്ച് നടക്കും.

പ്രശസ്തമായ മോട്ട്വാനി ജഡേജ ഫൗണ്ടേഷന്‍റെ സഹകരണത്തോടെയാണ് മേക്കര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. യുവാക്കളിലും വിദ്യാര്‍ത്ഥികളിലും നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും ലക്ഷ്യം വച്ചുള്ളതാണ് ഈ മേള.

നിര്‍മ്മാണ-സാങ്കേതികവിദ്യാരംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് രൂപകല്പനയ്ക്കുള്ള അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഡിസൈന്‍ ചാലഞ്ചും ഡിസൈന്‍ വീക്കിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.

സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് ഇന്‍റര്‍നാഷണല്‍ സ്ക്കൂള്‍ ഓഫ് ക്രിയേറ്റീവ് ആര്‍ട്ട്സിന്‍റെ (ഐഎസ്സിഎ) സഹകരണത്തോടെയാണ് ഡിസൈന്‍ ചലഞ്ച് സംഘടിപ്പിച്ചിട്ടുള്ളത്.

വിജയികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ലേഖനം, പോസ്റ്റര്‍ ഡിസൈന്‍, ചിത്രകല, ഫോട്ടോഗ്രഫി, ഹ്രസ്വചിത്രം എന്നിവയിലൂടെ തങ്ങളുടെ വീക്ഷണങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്.

അതില്‍ മികച്ച സൃഷ്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖാന്തിരമാണ് ഡിസൈന്‍ ചലഞ്ചിനപേക്ഷിക്കേണ്ടത്. ഡിസൈനര്‍ പബ്ലിക്കേഷന്‍സിന്‍റെ പ്രസിദ്ധീകരണങ്ങളായ ഡിസൈനര്‍ പ്ലസ് ബില്‍ഡറും, ഡിസൈന്‍ ഡീറ്റെയിലും ഡിസൈന്‍ വീക്കിന്‍റെ മീഡിയാ പാര്‍ട്ണര്‍മാരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : www.designweek.com

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*