Project Specifications

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം, കര്‍ണ്ണാടകം. ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹൈന്ദവ ഗൃഹങ്ങളില്‍, അവരുടെ പരമ്പരാഗത സംസ്‌കാരത്തിന്റെ ഒഴിച്ചു കൂടാനാകാത്ത ഒരു ഭാഗമാണ് കോലമിടല്‍. സാധാര ണയായി കുടുംബത്തിലെ സ്ത്രീകളുടെ ദിനചര്യയുടെ ഒരു ഭാഗമാണിതെന്നു പറയപ്പെടുന്നു. അതിനാല്‍ ആറോ, ഏഴോ വയസ്സാകുമ്പോള്‍ മുതല്‍ പെണ്‍കുട്ടികളെ ഈ കല അഭ്യസിപ്പിക്കുവാനും തുടങ്ങുന്നു. പ്രഭാതത്തിലുണര്‍ന്ന്, വീടിന്റെ മുന്‍വശത്ത് ചാണകം മെഴുകി അതില്‍ ഭംഗിയുള്ള കോലങ്ങള്‍ വരയ്ക്കുന്നു.

 

ക്രിസ്തുവിനു മുന്‍പ് ഏകദേശം 3000 വര്‍ഷങ്ങളോളം ഈ കലയ്ക്ക് പഴക്കമുള്ളതായി ചരിത്ര കാരന്മാര്‍ രേഖപ്പെടുത്തുന്നു. ആര്യ സംസ്‌കാരത്തിനും ഏറെ മുമ്പാണിത്.

സാംസ്‌കാരിക-സാമൂഹിക പ്രാധാന്യം

പാരമ്പര്യത്തെ അടിസ്ഥാനമാക്കി നോക്കിയാല്‍ കോലങ്ങളുടെ പ്രാധാന്യം മൂന്നു തലങ്ങ ളിലായാണ് കാണുന്നത്. ഹൈന്ദവമതാചാരങ്ങളില്‍ കോലങ്ങള്‍ക്ക് സവിശേഷ പ്രാധാന്യമുണ്ട്. പൂജകള്‍, ഹോമങ്ങള്‍ എന്നിവ നടക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക രീതികളിലുള്ള കോലങ്ങള്‍ (പത്മങ്ങള്‍) ഇടുന്നു. കോലങ്ങള്‍ തന്നെ വിവിധ തരത്തില്‍ ഉണ്ട്. സാമൂഹിക ആഘോഷങ്ങളായ പൊങ്കല്‍, ദീപാവലി ഇവയ്‌ക്കൊക്കെ പ്രത്യേകം പ്രത്യേകം കോലങ്ങള്‍ ഉണ്ട്. കല്യാണം, കാര്‍ത്തി ക ഇങ്ങനെ യുള്ള ചടങ്ങുകള്‍ക്കിടുന്നത് മറ്റു ചില കോലങ്ങളാണ്. മരണം പോലെയുള്ള ദുഃഖകര മായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ 41 ദിവസം മുതല്‍ ഒരു വര്‍ഷം വരെ കോലം ഇടാറില്ല.

ഗൃഹാങ്കണം വൃത്തിയാക്കി, ഭംഗിയുള്ള കോലങ്ങള്‍ വരച്ച് ഐശ്വര്യദേവതയെ (ലക്ഷ്മീ ദേവിയെ) വരവേല്‍ക്കുന്നു എന്നാണ് ഹൈന്ദവ സങ്കല്‍പ്പം. അങ്കണങ്ങളില്‍ മാത്രമല്ല, അടുക്കളയിലും ധാന്യങ്ങളും മറ്റും സൂക്ഷിക്കുന്ന അറപ്പുരകളുടെ കവാടങ്ങളിലും കോലം ഇടാറുണ്ട്. വായുവും ജലവും കഴിഞ്ഞാല്‍, മനുഷ്യന്റെ നിലനില്‍പ്പിന് ഏറ്റവും ആവശ്യമായ ഘടകമാണ്, ഭക്ഷണം. അതിനുവേണ്ടി മനുഷ്യന് പ്രയത്‌നിക്കേണ്ടതുണ്ട്. അതിനാല്‍ ആകാം ഭക്ഷണം പാകപ്പെടു ത്തുന്ന സ്ഥലങ്ങളിലും, ഗൃഹാങ്കണങ്ങളിലും മറ്റും കോലങ്ങള്‍ വരച്ച്, മനുഷ്യന്‍ തന്റെ പ്രതിബ ദ്ധതയും സ്‌നേഹവും, ബഹുമാനവും പ്രകടമാക്കുന്നത്.

ശാരീരിക-മാനസിക ഗുണങ്ങള്‍

അരിപ്പൊടിയാണ് സാധാരണയായി കോലമിടാന്‍ ഉപയോഗിക്കുന്നത്. ഉറുമ്പു പോലെയുള്ള ചെറുജീവികള്‍ക്കും മറ്റു കീടങ്ങള്‍ക്കും ചെറിയ പക്ഷികള്‍ക്കും ഇത് ഭക്ഷണമാകുന്നു. ജീവരാശി കളില്‍ വച്ച് ഏറ്റവും ഉയര്‍ന്ന സ്ഥാനം അലങ്കരിക്കുന്ന മനുഷ്യന്‍, തന്റെ അഹങ്കാരം മാറ്റി വച്ച്, ഏറ്റവും ചെറിയ പ്രാണികളെപ്പോലെ മറ്റും അംഗീകരിച്ച് എളിമ സ്വീകരിക്കുന്നതിന്റെ പ്രതീകവുമാകാം കോലം.

കോലങ്ങള്‍, അവ വരക്കുന്ന കലാകാരന്‍ അഥവാ കലാകാരിയുടെ ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ വളര്‍ച്ചയില്‍ കൂടി സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. കോലമിടല്‍ നല്ല ഒരു വ്യായാമമാണ്. കാലുകള്‍ നിലത്തുറപ്പിച്ച്, കുനിഞ്ഞ്, കൈകള്‍ നീട്ടിയാണ് കോലമിടല്‍. ഇതിനാല്‍ മാംസപേശികള്‍ ശക്തിയാര്‍ജ്ജിക്കും. കൈയും കണ്ണും മനസ്സും ഒരു പോലെ ഏകാഗ്രമാക്കി, അവയുടെ ഏകോപിച്ചുള്ള ചലനങ്ങള്‍ മൂലമാണ് ഒരു നല്ല കോലം സൃഷ്ടിക്കപ്പെടുന്നത്. ഹസ്ത-നേത്ര ഏകോപനത്തിന്റെ ഫലമായി തലച്ചോറിന്റെ വലതുഭാഗം ഉത്തേജിപ്പിക്കപ്പെടുന്നു. കലാകാരിയുടെ സര്‍ഗ്ഗാത്മകതയെ ഇത് വര്‍ദ്ധിപ്പിക്കുന്നു. കോലം വരയ്ക്കുന്ന സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ഉയര്‍ച്ചയ്ക്ക് ഇത് കാരണമാകും.

വളരെ സങ്കീര്‍ണ്ണമായ പുള്ളിക്കോലങ്ങളോ, ഇഴകള്‍ നീട്ടി ഉണ്ടാക്കുന്ന വലിയ ഇഴക്കോലങ്ങളോ ഒക്കെ സൃഷ്ടിക്കുന്ന സമയത്ത് കലാകാരന്മാര്‍ മൗനം ദീക്ഷിച്ച് ക്ഷമയോടെ, ദീര്‍ഘനേരം ഈ കര്‍മ്മത്തിലേര്‍പ്പെടുന്നു. തന്മൂലം ധ്യാനതുല്യമായ ഒരു ആദ്ധ്യാത്മീക തലത്തിലേക്ക് അവര്‍ ഉയരുന്നു. സഹനശക്തി, ക്ഷമാശീലം എന്നിവ വളര്‍ത്താന്‍ കോലമിടല്‍ സഹായിക്കുന്നു എന്നു വേണം കരുതാന്‍.

കോലത്തിലെ ഗണിതം

കോലമിടല്‍ എന്നത് ‘ethno mathematics’ എന്നറിയപ്പെടുന്ന ഒരു സാംസ്‌കാരിക കലയാണ്. ഗണിതശാസ്ത്രത്തിലെ ആശയങ്ങളെ ഒരു നരവംശത്തിന്റേതായ സംസ്‌കാരത്തിന്റെ ഭാഗമെന്നോണം പഠിപ്പിക്കുകയും തലമുറകള്‍ക്ക് കൈമാറുകയും ചെയ്യുന്ന രീതിയെ ആണ് ‘ethno mathematics’ എന്നു പറയുന്നത്. ഉയര്‍ന്ന ഗണിത സിദ്ധാന്തങ്ങളായ ഫ്രാക്ടല്‍ സിദ്ധാന്തം (fractal theory), കെട്ടുകളുടെ സിദ്ധാന്തം (knot theory) ഇവയുടെ വളരെ സങ്കീര്‍ണ്ണമായ ഉപയോഗം കോല ത്തില്‍ നടത്തുന്നു. ജ്യാമിതീയ രൂപങ്ങള്‍, അവയുടെ സ്‌പെഷ്യല്‍ ക്രമീകരണങ്ങള്‍ ഇവയൊക്കെ കോലങ്ങളില്‍ ഉണ്ട്.

ഏതൊരു അളവിന്റെ തോതിലും (Scale) സ്വസമാനതയില്‍ വര്‍ത്തിക്കുന്ന പാറ്റേണുകളെയാണ് ഫ്രാക്ടല്‍ എന്നു പറയുന്നത്. ഗണിത ശാസ്ത്രത്തിലെ നോട്ട്‌സ് അഥവാ കെട്ടുകള്‍ (knots)ക്ക് ഒരു പ്രത്യേകതയുണ്ട്. ഈ കെട്ടുകള്‍ എപ്പോഴും അടഞ്ഞവയാണ്. തുറന്ന അഗ്രങ്ങള്‍ ഇവയ്ക്കില്ല. ഇങ്ങനെയുള്ള കെട്ടുകള്‍ കോര്‍ത്തിണക്കിയ അതിസങ്കീര്‍ണ്ണമായ കോലങ്ങള്‍ സാധാരണമാണ്. ഫ്രാക്ടലുകളും നോട്ടുകളും ഒരു പോലെ ഉപയോഗപ്പെടുത്തുന്ന കോലങ്ങളും ധാരാളം.

ഹൃദയകമലം

ഹൃദയകമലം എന്നത് വളരെ പ്രത്യേകതകള്‍ ഉള്ള ഒരു കോലം ആണ്. ഒരു വൃത്തത്തിന്റെ മാതൃകയില്‍ പുള്ളികള്‍ അടയാളപ്പെടുത്തി, അവയെ ഒരു പ്രത്യേക ക്രമത്തില്‍ യോജിപ്പിച്ചാണ് M കരങ്ങളും ഓരോ കരത്തിലും nN പുള്ളികളും ഉള്ള ഹൃദയകമലം വരയ്ക്കുന്നത്. സര്‍വ്വ സാധാരണമായി കാണുന്ന ഹൃദയ കമലത്തിന് 8 കരങ്ങളും (M=8) 5 പുള്ളികളുമാണ് N=5). M കരങ്ങളുള്ള ഹൃദയകമലത്തിന്റെ ദളങ്ങള്‍ തമ്മിലുള്ള ആംഗിള്‍ (angle) 2PIE/M അഥവാ 360/m ആണ്. ഈ പുള്ളികളെ യോജിപ്പിക്കാന്‍ എത്ര കമ്പികള്‍ വേണം എന്നത് അറിയാന്‍ HCF ഉസാഘ (ഉത്തമ സാധാരണ ഘടകം) ഉപയോഗിക്കുന്നു. ഉദാഹരണത്തിന് M-8ഉം N-5ഉം ആയ അവസ്ഥ യില്‍ HCF എന്നത് 9 ആണ്. അതായത് ഒരു കമ്പി കൊണ്ട് എല്ലാ പുള്ളികളേയും യോജിപ്പിക്കാം.

മേല്‍പ്പറഞ്ഞ M=8, N=5 എന്ന ഹൃദയകമലത്തിന്റെ ഏതെങ്കിലും ഒരു കരത്തിലെ ഒന്നാം പുള്ളിയില്‍ നിന്ന് തുടങ്ങുന്നു. <1, 3, 5, 2, 4> എന്ന ക്രമത്തില്‍ പുള്ളികളെ ഒരു കരത്തില്‍ നിന്ന് മറ്റൊരു കരത്തില്‍ യോജിപ്പിക്കുന്നു. ഇതേ ക്രമം തുടര്‍ന്ന് കോലം മുഴുമിപ്പിക്കുമ്പോള്‍ ഒരു പുള്ളി പോലും അവശേഷിക്കുന്നില്ല.കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ ഡോ. ശിഷ്ണ ശിരോമണി, ഇങ്ങനെ പല അളവുകളിലുള്ള ഹൃദയകമലങ്ങള്‍ ഉണ്ടാക്കുന്നതിനായി ഒരു പ്രോഗ്രാം തന്നെ ഉണ്ടാക്കിയി ട്ടുണ്ട്.

ഇന്ത്യയിലെ പല ഭാഗങ്ങളിലും കോലങ്ങള്‍ക്ക് സമാനമായ കലാരൂപങ്ങള്‍ നിലവിലുണ്ട്. പത്മം, യന്ത്രം ഇവയൊക്കെ ഉദാഹരണങ്ങള്‍. താന്ത്രിക കര്‍മ്മങ്ങളില്‍ ഇവയ്ക്ക് വലിയ പ്രാധാന്യമാണ് കല്‍പ്പിച്ചിട്ടുള്ളത്. ശക്തിയുടെ ആവാഹനം നേരിട്ട് പദ്മത്തിലേക്കോ യന്ത്രത്തിലേക്കോ ആണ് നടത്തുക. കൃത്യമായ അളവുകളിലാണ് ഇവ വരയ്ക്കുന്നത്. പുരാതന കാലഘട്ടങ്ങളില്‍ മായന്മാര്‍, ഈജിപ്തുകാര്‍, ചൈനക്കാര്‍, റോമാക്കാര്‍, മെസൊപ്പൊട്ടേമിയന്‍ വംശജര്‍, എന്‍ഗന്മാ രെപ്പോലെ പല ആഫ്രിക്കന്‍ ആദിവാസി വംശക്കാര്‍, ആമസോണ്‍ കാടുകളില്‍ കഴിയുന്ന ആദിമ ഗോത്രജര്‍ ഇവരൊക്കെ ജ്യാമിതീയ രേഖകള്‍, രൂപങ്ങള്‍ ഇവ ഉപയോഗിച്ച് പ്രാപഞ്ചിക ശക്തികളെ പ്രതിനിധാനം ചെയ്തിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം.

വാസ്തുകലയിലെ പ്രസക്തി

ആധുനിക ആര്‍ക്കിടെക്ചറല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രീയമായ രീതിയില്‍ കോലങ്ങളെ പഠിച്ച്, അവയെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്.

  •  ബിന്ദു -ശക്തിയുടെ കേന്ദ്രീകരണമാണ് കാണിക്കുന്നത്.
  •  ത്രികോണം – കലാസൃഷ്ടിയുടെ സ്‌ത്രൈണഭാവത്തെ പ്രതിനിധീകരിക്കുന്നു.
  • ഷട്‌കോണം -പുരുഷനും (മുകളിലത്തെ ത്രികോണം) പ്രകൃതിയും (താഴത്തെ ത്രികോണം) തമ്മിലുള്ള സംയോജനം.
  •  ഭ്രൂപുരം -സൃഷ്ടിയിലെ ഭൂമിയുടെ ഘടകത്തെ (earth element) പ്രതിനിധീകരിക്കുന്നു.
  • താമര -പരിശുദ്ധിയെ സൂചിപ്പിക്കുന്നു.

ആധുനിക ‘എര്‍ത്ത് ആര്‍ട്ട്’ കലാരൂപങ്ങളുമായി കോലങ്ങള്‍ക്ക് അസാധാരണ സാദൃശ്യ ങ്ങളുണ്ട്. ഇവ രണ്ടും നിരന്തരമായി നില നില്‍ക്കണം എന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്നവയല്ല; തന്റെ സൃഷ്ടികള്‍ എങ്ങനെ അഴിഞ്ഞു പോയാലും കലാകാരന്‍ ഖേദിക്കുന്നില്ല. ഇവ പ്രദര്‍ശി പ്പിക്കുവാനായി ആര്‍ട്ട് ഹൗസുകളുടേയോ മ്യൂസിയങ്ങളുടേയോ ആവശ്യം ഇല്ല. പ്രാദേശിക കലാരൂപങ്ങളായതിനാല്‍ കഴിവുറ്റ ധാരാളം കലാകാരന്‍മാരെ അല്ലെങ്കില്‍ കലാകാരികളെ കണ്ടെത്തുവാന്‍ പ്രയാസവും ഇല്ല; സര്‍ഗ്ഗാത്മകതക്കു കുറവും വരുന്നില്ല. (കോലങ്ങളും ആര്‍ക്കിടെക്ചറല്‍ രീതികളും സംയോജിപ്പിച്ച് പുതിയ ഡിസൈനുകള്‍ ഉണ്ടാക്കാം. നൂതന രീതിയില്‍ സിമിയോട്ടിക്‌സ് സിംബല്‍സ് ഇവ രൂപീകരിച്ചെടുക്കാം.)

പ്രാപഞ്ചികസിദ്ധാന്തത്തിലൂന്നി

അതിസൂക്ഷ്മങ്ങളായ കണികകളുടെ സ്വഭാവം, പ്രവര്‍ത്തനം ഇവയെക്കുറിച്ച് ആധികാരികമായി ആധുനിക ഭൗതിക ശാസ്ത്രം രൂപപ്പെടുത്തിയതാണ് ക്വാണ്ടം തിയറി. ക്വാണ്ടം തിയറി അനു സരിച്ച് ഒരേ സ്രോതസ്സില്‍ നിന്നുത്ഭവിക്കുന്ന കണികകള്‍ എപ്പോഴും പരസ്പരം ബന്ധപ്പെട്ടി രി ക്കുന്നു. സ്പൂക്കി ആക്ഷന്‍ എന്നു വിശേഷിപ്പിക്കുന്ന ‘എന്‍ടാംഗിള്‍മെന്റ് പ്രോപ്പര്‍ട്ടി’ ബിഗ്ബാങ് തിയറി അംഗീകരിക്കുന്ന പക്ഷം പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും, അവ നക്ഷത്രങ്ങളാകട്ടെ, ഗ്രഹങ്ങളോ, ഉപഗ്രഹങ്ങളോ വാല്‍നക്ഷത്രങ്ങളോ ആകട്ടെ അവയെല്ലാം പരസ്പരം ബന്ധപ്പെട്ടി രിക്കുന്നു.

ഋഗ്വേദ മഹാവാക്യമായ ”പ്രജ്ഞാനം ബ്രഹ്മ” യജുര്‍വ്വേദ വാക്യമായ ”സര്‍വ്വം ഖല്വിദം ബ്രഹ്മ” ഇവയൊക്കെ പഠിക്കുമ്പോള്‍ മനസ്സിലാകുന്ന തത്ത്വം എന്തെന്നാല്‍ നാമുള്‍പ്പെടുന്ന ഈ പ്രപഞ്ച ത്തില്‍ കാണുന്ന സര്‍വ്വവും ബ്രഹ്മമാണ്. ഒരേ ഒരു പരബ്രഹ്മത്തില്‍ നിന്ന് ഉണ്ടായവയാണ്. സര്‍വ്വസ്വവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

കോലങ്ങള്‍ ഒരു പക്ഷെ ഈ പരസ്പര ബന്ധത്തെയാകും പ്രതിനിധാനം ചെയ്യുന്നത്. അത് ബ്രഹ്മാണ്ഡങ്ങള്‍ തമ്മിലുള്ള ബന്ധമാകാം, ഗ്യാലക്‌സികള്‍ തമ്മില്‍ ആകാം, അല്ലെങ്കില്‍ മനുഷ്യരോ, ജീവരാശികളോ തമ്മിലുള്ള ബന്ധമാകാം. സങ്കീര്‍ണ്ണങ്ങളായ ഗണിതത്ത്വ ങ്ങളെന്നപോലെ പ്രാപഞ്ചിക ശക്തികളുടെ ആപേക്ഷിക ബന്ധത്തേയും നമുക്ക് അനായാസം മനസിലാക്കിത്തരുവാന്‍ നമ്മുടെ മഹാജ്ഞാനികളായ ഋഷിവര്യന്‍മാര്‍ ഉപയോഗിച്ച ഒരു പ്രയോഗം ആകാം കോലങ്ങള്‍. കോലങ്ങളുടെ പ്രസക്തി ഏക്കാലവും നിലനില്‍ക്കും എന്നു പ്രത്യാശിക്കാം.

(ചിത്രങ്ങള്‍ക്കു കടപ്പാട്: പാര്‍വ്വതി കോദണ്ഡരാമ അയ്യര്‍, കരമന, തിരുവനന്തപുരം. ഫോണ്‍ : +91 73568 70113)

Leave a Reply

Your email address will not be published. Required fields are marked *