Project Specifications

മുഖ്യധാരയില്‍ നിന്ന് മാറിനില്‍ക്കുന്ന തരം നിര്‍മ്മാണത്തോടും അത്തരം വീടുകളോടും എല്ലാവര്‍ക്കുമൊന്നും താല്പര്യമുണ്ടാവാറില്ല.

അതിന്റെ നിലനില്‍പ്പ്, സുരക്ഷാപ്രശ്‌നങ്ങള്‍ എന്നിങ്ങനെ നൂറുകൂട്ടം പ്രശ്‌നങ്ങളെക്കുറിച്ച് പലരും എന്റെയടുത്ത് സംശയമുന്നയിക്കാറുണ്ട്.

ഞാന്‍ ആരേയും ഇത്തരം കെട്ടിടങ്ങള്‍ പണിയുവാന്‍ നിര്‍ബന്ധിക്കാറില്ല. മണ്ണ് എന്താണ്, പ്രകൃതി എന്താണ് എന്നു മനസ്സിലാക്കി സ്വയം തിരിച്ചറിഞ്ഞ് എന്റെ അടുക്കല്‍ വരുന്ന ആളുകളെ മാത്രമേ മണ്ണുകൊണ്ടുള്ള നിര്‍മ്മാണത്തിന് പ്രേരിപ്പിക്കാറുള്ളൂ.

വീടുകള്‍ മാത്രമല്ല, റിസോര്‍ട്ടും ബഹുനില സൗധങ്ങളും ഷോപ്പിങ് മാളും വരെ ഇത്തരത്തില്‍ പണിയാവുന്നതാണ്. ഉദാഹരണമായി വയനാട്ടിലെ ബാണാസുര റിസോര്‍ട്ട് പൂര്‍ണ്ണമായും മണ്ണുകൊണ്ട് ചെയ്തതാണ്.

പണിയുവാന്‍ എളുപ്പമാണ് എങ്കിലും മണ്‍വീടുകള്‍ ഡിസൈന്‍ ചെയ്യല്‍ പൊതുവേ ബുദ്ധിമുട്ടാണ്. ഓരോ ഇഞ്ചിലും കൃത്യമായ മേല്‍നോട്ടവും സൂക്ഷ്മതയും ആവശ്യമുള്ള ഒരു നിര്‍മ്മാണരീതി കൂടിയാണിത്.

അതാണ് കൂടുതല്‍ ആളുകള്‍ ഈയൊരു നിര്‍മ്മാണരീതി ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകാന്‍ മടിക്കുന്നതും”കേരളത്തിലെ മഡ് ആര്‍ക്കിടെക്ചറിന്റെ പ്രയോക്താക്കളില്‍ പ്രധാനിയായ ആര്‍ക്കിടെക്റ്റ് യൂജിന്‍ പണ്ടാലയുടെ വാക്കുകളാണിത്.

മഡ് ആര്‍ക്കിടെക്ചര്‍ എന്നത് കേരളത്തില്‍ പ്രായോഗികമായി പ്രാവര്‍ത്തികമാക്കി കാണിച്ചിട്ടുള്ള ചുരുക്കം ചില ആര്‍ക്കിടെക്റ്റുകളില്‍ ഒരാളാണ് ആര്‍ക്കിടെക്റ്റ് യൂജിന്‍ പണ്ടാല.

അദ്ദേഹം ഡിസൈന്‍ ചെയ്ത കൊല്ലത്ത് ചാത്തന്നൂരിലുള്ള പ്ലാമൂട്ടില്‍ വീട് മഡ് ആര്‍ക്കിടെക്ചറിന്റെ ഉദാത്തത ഉദാഹരിക്കാന്‍ പോന്ന ഒന്നാണ്. ആകൃതിയും പ്രകൃതിയും കൊണ്ട് ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതാണീ വീട്.

പ്രകൃതിയും മനുഷ്യനും 40 സെന്റിന്റെ പ്ലോട്ടിലെ ആവാസ വ്യവസ്ഥയോട് ഇണങ്ങിച്ചേര്‍ന്നു ജീവിക്കുന്നു.

പ്രകൃതിയോടിണങ്ങി

കോബ് ടെക്‌നോളജി അടിസ്ഥാനമാക്കിയാണ് വീടിന്റെ നിര്‍മ്മാണം. അതായത് മണ്ണ് കുഴച്ച് ഉരുളകളാക്കി കെട്ടിപ്പൊക്കിയാണ് ഭിത്തികളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്. കോണ്‍ക്രീറ്റ് ഒഴിവാക്കി പാറയും മണ്ണും ഉപയോഗിച്ചാണ് അടിത്തറ കെട്ടിയിരിക്കുന്നത്.

സാധാരണ അടിത്തറ കെട്ടുമ്പോള്‍ ഏറ്റവും അടിയില്‍ 6 ഇഞ്ച് കനത്തില്‍ നല്‍കാറുള്ള കോണ്‍ക്രീറ്റിങ്ങും ഒഴിവാക്കി. ബേസ്‌മെന്റ് കെട്ടിയിരിക്കുന്നത് 5% സിമന്റ് ചേര്‍ത്ത മണ്ണുകൊണ്ടാണ്.

കല്ലുകളുടെ ജോയിന്റുകള്‍ മാത്രം പോയിന്റു ചെയ്യുവാന്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചിരിക്കുന്നു. അതിനു ശേഷം ബെല്‍റ്റ് വാര്‍ത്താണ് ഭിത്തിയുടെ നിര്‍മ്മാണം. ഈര്‍പ്പം ഒഴിവാക്കാനാണ് ഇങ്ങനെ ബെല്‍റ്റ് വാര്‍ത്തിരിക്കുന്നത്.

ഭിത്തി ഫിനിഷിങ്ങ് ചെയ്തിരിക്കുന്നത് മണ്ണു കൊണ്ടുതന്നെ. 2000 സ്‌ക്വയര്‍ഫീറ്റ് വീടിന്റെ മുഴുവന്‍ സ്ട്രക്ചറും നിര്‍മ്മിച്ചിരിക്കുന്നത് ഇതേ രീതിയില്‍ തന്നെ. അടിത്തറയോടു ചേര്‍ന്നുവരുന്ന ഭാഗത്ത് ഭിത്തിക്ക് കനം കൂടുതലാണ്.

മുകളിലേക്ക് പോകുംതോറും വീതികുറഞ്ഞു വരുന്നു. നിയതമായ ആകൃതിയോ, രൂപമോ ഈ വീടിനില്ല. ഡിസൈനിനനുസൃതമായ വളവും തിരിവും നല്‍കാന്‍ ഏറെ ‘ഫ്‌ളെക്‌സിബിള്‍’ ആയ മണ്ണ് എന്ന മീഡിയം സഹായിച്ചിട്ടുണ്ട്.

പ്രകൃതിയോടിണങ്ങിയ ജീവനകലയ്ക്ക് ഉത്തമ നിദര്‍ശനമായ ഈ വീടിന്റെ നിര്‍മ്മാണത്തില്‍ സിമന്റും കോണ്‍ക്രീറ്റും പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

മണ്ണും 5% സിമന്റും ചേര്‍ത്താണ് മൊത്തത്തിലുള്ള നിര്‍മ്മാണം. ബെല്‍റ്റ് വാര്‍ക്കാനും റൂഫിനും മാത്രമേ കോണ്‍ക്രീറ്റ് ഉപയോഗിച്ചിട്ടുള്ളൂ. റൂഫിന് ഫെറോസിമന്റും പണ്ടുകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന തരത്തിലുള്ള ചെറിയ ഓടുമാണ്.

ഇത്തരം ഓട് ഇപ്പോള്‍ ലഭ്യമല്ലാത്തതിനാല്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നുമാണ് ഓട് എത്തിച്ചത്. പല വളവും തിരിവും ഉള്ള റൂഫായതിനാല്‍ സാധാരണ ഓട് ഇത്തരം മേല്‍ക്കൂരയ്ക്ക് പാകമാവുകയില്ല. അതിനാലാണ് ഇത്തരം ചെറിയ ഓടുകളായ പോര്‍ട്ടല്‍സ് ഓടുകള്‍ തെരഞ്ഞെടുത്തത്.

ഫെറോ സിമന്റും കമ്പിയും ഉപയോഗിച്ച് ഫ്രെയിംവര്‍ക്ക് ചെയ്ത് അതിനു മുകളില്‍ വീണ്ടും ഫെറോസിമന്റ് പൂശി അതിനു മുകളിലാണ് ഓട് വിരിച്ചിരിക്കുന്നത്.

റൂഫിന്റെ അരികുകളില്‍ വെള്ളമൊഴുക്കി കളയാനുള്ള പാത്തിയും ഓവുകളും തീര്‍ത്തിരിക്കുന്നു. കൃത്യമായൊരു അനുപാതമോ, മോഡലോ നിര്‍മ്മാണ കാര്യങ്ങളില്‍ ഇല്ലായിരുന്നു.

കൂട്ടായ്മയിലൂടെ

ആര്‍ക്കിടെക്റ്റിന്റെ മുഴുവന്‍ സമയ സേവനവും, വീട്ടുകാരുടെ ഒത്തൊരുമയും ചേര്‍ന്നൊരു കൂട്ടായ്മയിലൂടെയാണ് ഈ മണ്‍ശില്പത്തെ ഒരുക്കിയെടുത്തിരിക്കുന്നത്.

ആ പ്രദേശത്തു തന്നെയുള്ള ഒരു മേസ്തിരിയുടെ മേല്‍നോട്ടത്തിലായിരുന്നു സിവില്‍ വര്‍ക്കുകള്‍. തടിപ്പണികളും മറ്റ് മൊത്തത്തിലുള്ള പണികളും സൈറ്റില്‍ തന്നെയാണ് ചെയ്തിട്ടുള്ളത്.

”ഇത്തരം വീടുകള്‍ പണിയുന്നതിന് വൈദഗ്ധ്യം ലഭിച്ച തൊഴിലാളികളെ ആവശ്യമില്ല. ആര്‍ക്കും ഒറ്റദിവസം കൊണ്ട് പഠിച്ചെടുക്കാവുന്ന ലളിതമായ രീതിയാണ് ഇത്. ബംഗാളികളായ ഏതാനും തൊഴിലാളികളെ സൈറ്റില്‍ വച്ച് പരിശീലിപ്പിച്ചെടുത്താണ് വീടുപണി തുടങ്ങിയത്.

3 ബെഡ്‌റൂമുകള്‍, അറ്റാച്ച്ഡ് ബാത്ത്‌റൂമുകള്‍, ലിവിങ്, ഡൈനിങ്, ആധുനിക രീതിയിലുള്ള അടുക്കള, സിറ്റൗട്ട്, ഓപ്പണ്‍ ടു സ്‌കൈ ബാത്ത്‌റൂം തുടങ്ങിയവ എല്ലാം ഉള്‍ച്ചേര്‍ത്തിരിക്കുന്നു. നിറയെ കാറ്റും വെളിച്ചവും ഉണ്ട്.

ഗൃഹനാഥനായ ഹരീഷും കുടുംബവും വീടുപണിയുടെ ആദ്യഘട്ടം മുതല്‍ കൂടെനിന്ന് ഓരോന്നും കണ്ടു മനസ്സിലാക്കുകയും പണിക്കാര്‍ക്കൊപ്പം നിന്ന് ജോലിചെയ്യുകയും മറ്റും ചെയ്തിരുന്നതിനാല്‍ എന്തെങ്കിലും മെയിന്റനന്‍സ് ആവശ്യം വരുന്ന പക്ഷം ഇവര്‍ക്ക് തനിയെ ചെയ്യുവാന്‍ കഴിയുന്നതാണ്” എന്ന് ആര്‍ക്കിടെക്റ്റ് യൂജിന്‍ പറയുന്നു.

വളരെ കുറച്ച് മെയിന്റനന്‍സ്. അതും അധികം പണം മുടക്കാതെയുള്ളവ മാത്രമേ മണ്‍വീടുകള്‍ക്ക് ആവശ്യമായി വരാറുള്ളൂ! ഇപ്പോള്‍ രണ്ടു വര്‍ഷമാകുന്നു, വീടുപണിതിട്ട്.

കോടികള്‍ മുടക്കാതെ

മണ്‍വീടുകള്‍ നിര്‍മ്മിക്കുവാന്‍ യോഗ്യമായ മണ്ണ് 20% ക്ലേ അടങ്ങിയതായിരിക്കണം. മണ്ണു കുഴച്ചു ഭിത്തി കെട്ടുന്നതിനാല്‍ നിര്‍മ്മാണച്ചെലവ് വലിയൊരളവ് കുറയുന്നു.

ഭിത്തി കെട്ടുന്ന സമയത്തുതന്നെ മണ്ണുകൊണ്ട് ഫിനിഷിങ് ചെയ്യുന്നതിനാല്‍ പ്ലാസ്റ്ററിങ്ങോ, പെയിന്റിങ്ങോ, ഒന്നും ആവശ്യമായി വരുന്നില്ല.

തറയില്‍ കാവി വിരിച്ചിരിക്കുന്നതിനാല്‍ മണ്ണിന്റെ നിറത്തോടും ഗുണങ്ങളോടും യോജിച്ചു പോകുന്നു. ചെലവ് കുറഞ്ഞതും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്തതുമായ ഒരു തറയൊരുക്കല്‍ ഉല്‍പ്പന്നം കൂടിയാണ് കാവി.

ജനലുകള്‍ക്കും വാതിലുകള്‍ക്കും പെയിന്റോ, പോളിഷോ നല്‍കിയിട്ടില്ല. പകരം കശു വണ്ടിയുടെ ഷെല്ലിനുള്ളില്‍ നിന്നും ലഭിക്കുന്ന എണ്ണയാണ് കോട്ടിങ്ങായി കൊടു ത്തിരിക്കുന്നത്. തട്ടുകള്‍ക്ക് കുമ്മായവും. തടികള്‍ അത്യാവശ്യത്തിനു മാത്രം ഉപയോഗിച്ചു.

ഊര്‍ജ്ജ ഉപഭോഗവും ഇവിടെ വളരെ കുറവാണ്. രാത്രിയില്‍ മാത്രമേ വൈദ്യുതി വിളക്കിന്റെ ആവശ്യമുള്ളൂ. നാച്വറല്‍ ലൈറ്റ് സമൃദ്ധമായി എല്ലാ മുറികളിലും ലഭ്യമാണ്. ഫാന്‍ ഉണ്ട് എങ്കിലും അധികം ഉപയോഗിക്കാറില്ല എന്ന് ഗൃഹനാഥന്‍ ഹരീഷിന്റെ സാക്ഷ്യപ്പെടുത്തല്‍.

കാരണം മണ്ണ് നല്‍കുന്ന സ്വാഭാവിക തണുപ്പു കൂടാതെ ജനാലകളിലൂടെയും മണ്ണുകൊണ്ടു തീര്‍ത്ത സ്വാഭാവിക വെന്റിലേറ്ററുകളിലൂടെയും നടക്കുന്ന സമൃദ്ധമായ വായുപ്രവാഹവും വീടിനുള്ളില്‍ സദാ ഉള്ളപ്പോള്‍ ഫാനിന്റെ ആവശ്യമില്ല എന്നതുതന്നെ.

സുസ്ഥിര വാസ്തുകല

”കോണ്‍ക്രീറ്റില്ലെങ്കില്‍ പിന്നെ എന്ത് എന്നു ചിന്തിച്ചു നില്‍ക്കുന്ന ഈ യുഗത്തില്‍ നാം ഇത്തരം വീടുകളുടെ പ്രാധാന്യവും അവ നല്‍കുന്ന സുഖദായകത്വവും വിസ്മരിച്ചുകൂടാ.

ഗ്രീന്‍ ആര്‍ക്കിടെക്ചര്‍, ഗ്രീന്‍ ബില്‍ഡിങ്, ആഗോളതാപനം എന്നെല്ലാം മുറവിളി കൂട്ടുന്ന മനുഷ്യ സമൂഹം എന്തുകൊണ്ട് കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗമുള്ള, വളരെ കുറച്ചുമാത്രം കാര്‍ബണ്‍ പുറന്തള്ളുന്ന, പ്രകൃതിക്ക് ഇണങ്ങിയ, താമസസുഖം പ്രദാനം ചെയ്യുന്ന, ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും സൃഷ്ടിക്കാത്ത ഇത്തരം പാര്‍പ്പിട നിര്‍മ്മാണരീതികള്‍ കൂടുതല്‍ ആയി പിന്തുടരുന്നില്ല?

ഹരിത വാസ്തുകലയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാന്‍ ആവശ്യമായി വരുന്നതിന്റെ പകുതി ചെലവേ സുസ്ഥിരവാസ്തുകലയില്‍ കെട്ടിടനിര്‍മ്മാണങ്ങള്‍ക്ക് വരുകയുള്ളൂ.

ഈ രീതിയും മെറ്റീരിയലുകളും ഒന്നും പുതുതായി കണ്ടുപിടിച്ചതോ, ഉണ്ടാക്കിയെടുത്തതോ അല്ല, കോണ്‍ക്രീറ്റ് കണ്ടുപിടിക്കുന്നതിനും മുന്‍പ് ഇവിടെ മണ്ണ് ഉപയോഗിച്ചുള്ള വീടുനിര്‍മ്മാണ രീതി നിലവിലുണ്ടായിരുന്നു.

ഇത്തരം വീടുകള്‍ പൊളിക്കുമ്പോള്‍ പോലും ഭൂമിക്കു ഹാനികരമായ യാതൊന്നും അവശേഷിക്കുന്നില്ല എന്നുള്ളത് ശ്രദ്ധേയമാണ്” ആര്‍ക്കിടെക്റ്റ് യൂജിന്‍ പണ്ടാല പറയുന്നു.

40 സെന്റ് സ്ഥലമുണ്ട് വീടിരിക്കുന്ന പ്ലോട്ട്. വീടും അതിന്റെ പരിസരവും അതിലെ ആവാസവ്യവസ്ഥയുമായി ഇണങ്ങിച്ചേര്‍ന്ന് പ്രകൃതിക്കു നടുവില്‍ ജീവിക്കുന്ന അനുഭൂതിവിശേഷമാണ് ഈ വീട് പകരുന്നത്.

ചുറ്റുമതില്‍ തീര്‍ത്തിരിക്കുന്നത് മണ്ണു കൊണ്ടുതന്നെ. മതിലിലും വീടിന്റെ മേല്‍ക്കൂരയിലും പടര്‍ത്തിയിരിക്കുന്ന വല്ലികള്‍ വീടിനെ ഒരു വള്ളിക്കുടിലിനു തുല്യമാക്കുന്നു. ജീവനകലയുടെ പര്യായമായി മണ്ണും മനുഷ്യമനസ്സും ജീവിതവും, സമ്മേളിക്കുന്നു പ്ലാമൂട്ടില്‍ വീടിനുള്ളില്‍.

ആര്‍ക്കിടെക്റ്റ് യൂജിന്‍ പണ്ടാല

Comments are closed.