Project Specifications

സംഗീതകാരനായ ഗൃഹനാഥന്‍; തീയേറ്റര്‍ ആര്‍ട്ടിസ്റ്റും ചിത്രകാരിയുമായ ഗൃഹനാഥ- ദീര്‍ഘനാളത്തെ പ്രവാസി ജീവിതത്തിന് വിരാമമിട്ടുകൊണ്ട്, എല്ലാ അര്‍ത്ഥത്തിലും, സ്വന്തം മണ്ണില്‍ തന്നെ വേരുകള്‍ ഉറപ്പിക്കുവാനായി അവര്‍ തെരഞ്ഞെടുത്തത് കൊച്ചിയില്‍ കളമശ്ശേരിക്കടുത്ത് സഹകരണ മെഡിക്കല്‍ കോളേജിനു സമീപം കങ്ങാരപ്പടിയില്‍ കുടുംബവിഹിതമായി കിട്ടിയ സ്ഥലം തന്നെയാണ്. വീടിന്റെ അന്തരീക്ഷവും, ഒപ്പം തങ്ങളുടെ കലാപ്രവര്‍ത്തനങ്ങള്‍ക്കും കലാപ്രകടനത്തിനുമായുള്ള സൗകര്യങ്ങളും-ഇവ രണ്ടും പ്രകൃതിയോട് ഇണക്കിച്ചേര്‍ത്ത് പണിതിട്ടുള്ള ഈ വീടിനെ ‘കലാഗേഹം’ എന്നു വിളിക്കുന്നതാണ് ഉചിതം. ഡിസൈന്‍ വിപ്ലവങ്ങളുടെയും അനന്തസാധ്യതകളുടേയും പ്രഭാവമുള്ള ഇക്കാലത്ത് പക്ഷേ, സലിമും ശോഭയും തെരഞ്ഞെടുത്തത്, മണ്ണിന്റെ മണമുള്ള, പുനരുപയോഗത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള, കാര്‍ബണ്‍ പുറന്തള്ളാത്ത പ്രകൃതിയില്‍ നിന്നു തന്നെയുള്ള നിര്‍മ്മാണസാമഗ്രികളും, നിര്‍മ്മാണസങ്കേതങ്ങളുമുപയോഗിച്ചുള്ള ഒരു വീടു നിര്‍മ്മാണമാണ്.

പ്രകൃതിയെ അറിഞ്ഞ് നിര്‍മ്മാണം

കോസ്റ്റുഫോര്‍ഡുമായുള്ള വീട്ടുടമകളുടെ ദീര്‍ഘകാലബന്ധവും ഒരുമിച്ചുള്ള ചില പ്രവര്‍ത്തനങ്ങളുമാണ് കോസ്റ്റ്‌ഫോര്‍ഡിന്റെ സജീവ പ്രവര്‍ത്തകരും ആര്‍ക്കിടെക്റ്റുമാരുമായ പി.ബി. സാജന്റെയും (ജോയിന്റ് ഡയറക്ടര്‍ കോസ്റ്റ്‌ഫോര്‍ഡ്) ശൈലജയുടേയും, ആര്‍. ഡി പദ്മകുമാറിന്റേയും നേതൃത്വത്തില്‍ ഇത്തരമൊരു ഗൃഹനിര്‍മ്മാണത്തിലേക്ക് നയിച്ചത്. സ്വാഭാവികമായ ചെരിവുള്ള ഭൂമിയില്‍ അങ്ങിങ്ങ് ഉയര്‍ച്ചകളും, താഴ്ചകളും കൂടിയുണ്ടായിരുന്നു. പച്ചപ്പും, മരങ്ങളും എല്ലാം ചേര്‍ന്നുള്ള ഒരേക്കര്‍ സ്ഥലത്തിന്റെ നടുക്കായിട്ടാണ് ഈ കലാഗേഹം പണിതിരിക്കുന്നത്. പണിപൂര്‍ത്തിയായി താമസം തുടങ്ങിയിട്ട് ഒന്നര വര്‍ഷമേ ആയിട്ടുള്ളൂ എങ്കിലും ഈ തൊടിയിലേക്കും വീട്ടിലേക്കും കാലെടുത്തു വയ്ക്കുമ്പോള്‍ ചുരുങ്ങിയത് ഒരു നൂറ്റാണ്ടിന്റെ പഴക്കം അനുഭവവേദ്യമാകും. ”പ്രകൃതിയെ അല്പം പോലും ദ്രോഹിക്കാതെയുള്ള ഗൃഹനിര്‍മ്മാണം ആണിത്. സലിമും ശോഭയും ഞങ്ങളും തമ്മില്‍ ഒരു ക്ലയന്റ്-ആര്‍ക്കിടെക്റ്റ് ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. അതിനൊക്കെയപ്പുറം പരസ്പരം അടുത്തറിയുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍. ഒരാള്‍ പറയുന്നത് മറ്റുള്ളവര്‍ക്ക് പിന്തുടരുവാനും മനസ്സിലാക്കുവാനും കഴിഞ്ഞിരുന്നു. വീടുപണിയെക്കുറിച്ച് സംസാരിച്ചപ്പോള്‍ തന്നെ സലിം ആവശ്യപ്പെട്ടത് കാര്‍ബണ്‍ ഫുട്പ്രിന്റ് ഏറ്റവും കുറവുള്ള ഒരു വീടു മതിയെന്നും അത്തരം ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുത്ത് വീടുപണിതാല്‍ മതിയെന്നുമാണ്. എന്താണ് പ്രകൃതി, മണ്ണ്, പരിസ്ഥിതി, ആഗോള താപനം എന്നിവയേക്കുറിച്ചെല്ലാം നല്ല അവബോധമുള്ള ആളുകള്‍. അവരുടെ ആവശ്യങ്ങള്‍ മുന്‍നിറുത്തി ഞങ്ങള്‍ അവര്‍ക്കായി നിര്‍മ്മിച്ചെടുത്ത സ്വതന്ത്രവും തുറസ്സുമായ ഒരു സ്‌പേസ്. അതാണീ വീട്” ആര്‍ക്കിടെക്റ്റുമാര്‍ അഭിപ്രായപ്പെടുന്നു.

”ഇതൊരു ലോകോസ്റ്റ് വീടോ, ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയ നിര്‍മ്മിതിയോ ഒന്നുമല്ല. സര്‍ട്ടിഫിക്കേഷനു വേണ്ടണ്ടണ്ടി ശ്രമിച്ചുമില്ല. ശ്രമിച്ചാല്‍ ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. പ്രകൃതിയുടെ താളത്തിനൊത്ത്, കുടുംബാംഗങ്ങളുടെ ജീവിത ശൈലിക്കിണങ്ങിയ ഒരു സ്‌പേസ്. മൂന്നു നിലകളിലാണ് വീട്. ഗാര്‍ഹികാവശ്യങ്ങള്‍ ഒറ്റനിലയില്‍ ഉള്‍ക്കൊള്ളിച്ചു. വീട്ടിലുള്ള പ്രായമായവര്‍ക്കുകൂടി സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുംവിധം സജ്ജമാക്കിയിട്ടുള്ളതാണ് അകത്തളം” കോസ്റ്റ്‌ഫോര്‍ഡ് സംഘം വിശദമാക്കുന്നു.

ഒറ്റനിലയില്‍ വീട്

ചരിഞ്ഞു കിടക്കുന്ന ഭൂമിയുടെ അടിയിലെ ലെവലില്‍ നിന്നും കരിങ്കല്ലുകൊണ്ട് അടിത്തറ കെട്ടി ഉയര്‍ത്തിയിരിക്കുകയാണ്. ഇങ്ങനെ ചെയ്തതിനു വേറൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു. സംഗീതകാരനായ സലിമിന്റെ സ്റ്റുഡിയോ വീടിന്റെ സെല്ലാര്‍ ഫ്‌ളോറിലാണ്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയും ശബ്ദരഹിതമായ സ്റ്റുഡിയോ ഒരുക്കുവാന്‍ ഇത് ഏറെ സഹായകരമായി.

തൂണുകള്‍ നിരയിട്ടു നില്‍ക്കുന്ന വരാന്തയും, ഇന്‍ബില്‍റ്റായ ഇരിപ്പിടങ്ങളുമുള്ള പൂമുഖം കടന്ന് അകത്തേക്ക് പ്രവേശിക്കുന്നത് മത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്ന ഒരു ജലാശയത്തിനു ചുറ്റുമുള്ള ഗൃഹാന്തരീക്ഷത്തിലേക്കാണ്. തികച്ചും ആധുനികമായ സൗകര്യങ്ങള്‍. അവയെ പഴമയുടേതായ ഒരന്തരീക്ഷത്തില്‍ സംയോജിപ്പിച്ചിരിക്കുന്നു എന്നുമാത്രം. തുറന്ന നയത്തിലുള്ള അടുക്കള ഐലന്റ് മാതൃകയിലാണ്. ഡൈനിങ് ഏരിയ, ഫാമിലി ലിവിങ്, ബാത്‌റൂം സൗകര്യങ്ങളോടെയുള്ള മൂന്നു കിടപ്പുമുറികള്‍. ഗൃഹാന്തരീക്ഷം ഇത്രയുമേയുള്ളൂ.
ശോഭയ്ക്കായി ഒരുക്കിയിരിക്കുന്ന ചിത്രമെഴുത്തിനുള്ള മുറിയും, ഗ്യാലറിയും, കലാപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഇടവും തീര്‍ത്തിരിക്കുന്നത് മുകള്‍ നിലയിലാണ്. വീടിനു പുറത്തുനിന്നും അകത്തു നിന്നുമുള്ള വെവ്വേറെ സ്റ്റെയര്‍കേസുകള്‍ മൂന്നു നിലകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നുണ്ട്. ഇവയെല്ലാം ചേരുമ്പോള്‍ വീടിന്റെ മൊത്തം ഏരിയ 6200 സ്‌ക്വയര്‍ഫീറ്റ് ആകുന്നുണ്ട്. ഗൃഹാന്തരീക്ഷം മാത്രം 2500 സ്‌ക്വയര്‍ഫീറ്റിലും.

കാര്‍ബണ്‍ നിര്‍ഗമനം തടഞ്ഞുകൊണ്ട്

കോണ്‍ക്രീറ്റ് പരമാവധി ഒഴിവാക്കിക്കൊണ്ട്, പുനരുപയോഗത്തിന്റെയും റീസൈക്കിളിങ്ങിന്റെയും സാധ്യതകള്‍ ഉള്‍ക്കൊണ്ടുമാണ് കലാഗേഹം മെനഞ്ഞിരിക്കുന്നത്. നൂറുവര്‍ഷം പഴക്കമുള്ള ഓടുകള്‍ പുനരുപയോഗിച്ചിരിക്കുകയാണ് മേല്‍ക്കൂരയ്ക്ക്. വീടിന് പഴമയുടേതായ ദൃശ്യഭംഗിയും, അനുഭൂതിയും പകരുന്നതില്‍ ഈ ഓടുകള്‍ക്ക് സുപ്രധാന സ്ഥാനമുണ്ട്. വീടിനുള്ളില്‍ നിന്ന് റെക്കോഡിങ് സ്റ്റുഡിയോയിലേക്കും ഗ്യാലറിയിലേക്കുമുള്ള രണ്ടു ഗോവണികള്‍ പുനരുപയോഗിച്ചവയും, ലാഡര്‍ വാങ്ങി ആവശ്യാനുസരണം പ്രയോജനപ്പെടുത്തിയതുമാകുന്നു. പുറത്തുനിന്നുമുള്ള ഗോവണിയാകട്ടെ, പഴയ ഗ്രനൈറ്റ് കഷ്ണങ്ങളും കമ്പിയും മറ്റും ഉപയോഗിച്ച് തീര്‍ത്തിരിക്കുന്നു. വാതിലുകളും ജനാലകളും പുനരുപയോഗിച്ചവ തന്നെ. പണ്ടുകാലത്തെ വാതിലുകള്‍ 6 അടി ഉയരം മാത്രം ഉള്ളവയാണ്. അത്തരം പഴയ വാതിലുകള്‍ വാങ്ങി ഇവിടെ ഫ്രഞ്ചു വിന്‍ഡോകള്‍ പോലെ ജനാലകളായി ഉപയോഗിച്ചു. മുകള്‍നിലയ്ക്ക് പൂര്‍ണ്ണമായും കോണ്‍ക്രീറ്റ് ഒഴിവാക്കിക്കൊണ്ട് കാറ്റാടിക്കഴ, മുള, ഈറ്റ, റീസൈക്കിള്‍ ചെയ്ത തടി എന്നിവയെല്ലാമാണ് ഉപയോഗിച്ചത്. വീടുനിര്‍മ്മാണത്തിന്റെ ഭാഗമായി സൈറ്റില്‍ ഉണ്ടായിരുന്ന ഒരു മരം പോലും മുറിച്ചിട്ടില്ല. വീടുപണിയുവാന്‍ തീരുമാനിച്ച സ്ഥലത്ത് ഉണ്ടണ്ടണ്ടായിരുന്ന തെങ്ങിന്‍ തൈ പോലും നശിപ്പിക്കാതെ മറ്റൊരിടത്തേയ്ക്ക് മാറ്റി നടുകയായിരുന്നു. ഫ്‌ളോറിങ്ങിനുള്‍പ്പെടെയുള്ള തടികള്‍ പുനരുപയോഗിച്ചവയും റീസൈക്കിള്‍ ചെയ്തവയുമാണ്.

സൈറ്റിലെ മണ്ണു തന്നെയാണ് അടിത്തറയുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. സിമന്റ് ചേര്‍ക്കാതെ തന്നെ മണ്ണുപയോഗിച്ച് കരിങ്കല്ലു കെട്ടിയിരിക്കുന്നു. ഭിത്തികളുടെ നിര്‍മ്മാണത്തില്‍ ബീമുകള്‍ വന്ന് കൂടി യോജിക്കുന്ന ഭാഗത്തുമാത്രം കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ഉപയോഗിച്ചു. മണ്ണുപയോഗിച്ചു കെട്ടിയിരിക്കുന്ന ഭിത്തിയ്ക്ക് മണ്ണുകൊണ്ടു തന്നെയാണ് പ്ലാസ്റ്ററിങ്ങും ചെയ്തത്. ഉമിയും, മണ്ണും, കുമ്മായവും ചേര്‍ത്ത് കുഴച്ച് 3 ദിവസം മുഴുവന്‍ ഇട്ടശേഷം

പ്ലാസ്റ്ററിങ്ങിന് എടുക്കുന്നു. ഭിത്തികള്‍ക്ക് പുറംഭാഗത്ത് റസ്റ്റിക് ഫിനിഷും, അകത്ത് സ്മൂത്ത് ഫിനിഷുമാണ്. ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് കാര്‍ബണ്‍ പുറന്തള്ളുന്നില്ല എന്നുമാത്രമല്ല; കാര്‍ബണ്‍ ശേഖരിച്ചു വയ്ക്കുകയും ചെയ്യുന്നു. സാധാരണയായുള്ള എല്ലാ നിര്‍മ്മാണസാമഗ്രികളും സിമന്റും കമ്പിയും ഉള്‍പ്പെടെ-അവയുടെ നിര്‍മ്മാണഘട്ടത്തിലോ ഉപയോഗഘട്ടത്തിലോ കാര്‍ബണ്‍ പുറന്തള്ളുന്നവയാണ്. ഒരു ടണ്‍ സിമന്റ് ഉല്പാദിപ്പിക്കുമ്പോള്‍ .83 ടണ്‍ കാര്‍ബണ്‍ഡൈയോക്‌സൈഡ് പുറന്തള്ളുന്നു. അത് അന്തരീക്ഷത്തില്‍ കലരുന്നു. എന്നാല്‍ ഒരു ഹെക്ടര്‍ ഏരിയയില്‍ വളരുന്ന മുള ഒരു വര്‍ഷം 21.63 ടണ്‍ കാര്‍ബണ്‍ ഡൈയോക്‌സൈഡിനെ വലിച്ചെടുത്ത് തടിക്കുള്ളില്‍ സൂക്ഷിക്കുന്നു. ഇത് ഒരു വര്‍ഷം സംഭവിക്കുന്നതാണ്. മുള പ്രായപൂര്‍ത്തിയാവാന്‍ 6 വര്‍ഷമെടുക്കും അത്രയും വര്‍ഷം കാര്‍ബണ്‍ മുളക്കുള്ളില്‍ ശേഖരിക്കപ്പെടുകയാണ്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മുള മുറിച്ചെടുത്തില്ലെങ്കില്‍ അവ ഉപയോഗയോഗ്യമല്ലാതായി തീരും. മുള മുറിച്ചെടുത്താല്‍ പുതിയ മുളകള്‍ വളരാന്‍ അനുവദിക്കുക. കൂടുതല്‍ മുളകള്‍ നട്ടുപിടിപ്പിക്കുകയുമാവാം. കൂടുതല്‍ മുളകള്‍ വളര്‍ന്നാല്‍ മാത്രമേ കാര്‍ബണ്‍ ശേഖരിക്കുന്ന പ്രക്രിയ നിരന്തരം നടക്കുകയുള്ളൂ. കാറ്റാടിക്കഴയും, മുളയും, മണ്ണും, എല്ലാം കാര്‍ബണ്‍ വലിച്ചെടുത്ത് ഉള്ളില്‍ സൂക്ഷിക്കുന്നവയാണ്. ഇന്ന് നിലവിലുള്ള ഗ്ലോബല്‍ വാമിങ്ങിന്റെ പ്രധാന കാരണം കാര്‍ബണ്‍ എമിഷന്‍ ആണെന്നിരിക്കേ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം അത്രത്തോളം കാര്‍ബണ്‍ ഫുട്പ്രിന്റ് കുറയ്ക്കാനുതകും.

കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗം മാത്രം

ഊര്‍ജ്ജ ഉപഭോഗത്തിന്റെ കാര്യത്തിലും ഈ വീട് പിന്നിലല്ല. മണ്ണുപയോഗിച്ച് ഭിത്തികള്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ സ്വാഭാവികമായ തണുപ്പ് എല്ലായ്‌പ്പോഴും വീടിനുള്ളില്‍ ഉണ്ട്. നിറയെ കാറ്റും വെളിച്ചവും ഉള്ളതിനാല്‍ പകല്‍ സമയത്ത് വൈദ്യുതി വിളക്കിന്റെയും ഫാനിന്റെയും ആവശ്യവുമില്ല. ലാന്‍ഡ്‌സ്‌കേപ്പിങ്ങിനു പോലും കൃത്രിമമായി ഒന്നും ചെയ്തിട്ടില്ല. കുറുന്തോട്ടിയും, മുക്കുറ്റിയും, തൊട്ടാവാടിയും വളര്‍ന്നു നില്‍ക്കുന്ന മുറ്റവും, തെങ്ങും, കവുങ്ങും, പ്ലാവും മാവും, കോഴിയും, പൂച്ചയും ഒക്കെയുള്ള തൊടിയും. ഭാവിയില്‍ ഊര്‍ജ്ജ ഉപഭോഗത്തില്‍ സ്വയം പര്യാപ്തമാവുക എന്നതാണ് ഇവര്‍ ലക്ഷ്യമിടുന്നത്. അതിനായി സോളാര്‍ സംവിധാനം ഏര്‍പ്പെടുത്തുവാനുള്ള തയ്യാറെടുപ്പുമുണ്ട്. വേസ്റ്റ് മാനേജ്‌മെന്റും, മഴവെള്ള സംഭരണിയും വീടിനോടനുബന്ധിച്ച് നിലവിലുണ്ട്. സുന്ദരമായ ഫ്രണ്ട് എലിവേഷന്‍ പോലെ തന്നെ ഈ വീടിന്റെ വാസ്തുകലാ വൈദഗ്ധ്യത്തിന്റെ മികവു തെളിയിക്കുന്നതാണ് വീടിന്റെ പിന്നില്‍ നിന്നുള്ള കാഴ്ചയും.

”നമ്മള്‍ ഉപയോഗിച്ചു ശീലിച്ച നിര്‍മ്മാണസാമഗ്രികള്‍ തീര്‍ത്തും ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലം കൂടിയാണിത്. അങ്ങനെയുള്ള ഇന്നത്തെ സാഹചര്യത്തില്‍ പോസിറ്റീവായ ഇത്തരം നിര്‍മ്മിതികളും, നിര്‍മ്മാണ സങ്കേതങ്ങളും, സാമഗ്രികളും എന്തുകൊണ്ട് അധികമാരും തെരഞ്ഞെടുക്കുന്നില്ല എന്നത് ചിന്തിക്കേണ്ടതാണ്. പിന്നീട് ഉണ്ടാക്കിയെടുക്കുവാന്‍ കഴിയുന്നവയുമാണ് ഇവ. ഈ വീട് കോണ്‍ക്രീറ്റ് ഉപയോഗിച്ച് നിര്‍മ്മിക്കുകയായിരുന്നുവെങ്കില്‍ അതിന്റെ നിര്‍മ്മാണത്തിന് ആവശ്യമായി വരുമായിരുന്ന സിമന്റിന്റെയും മണലിന്റെയും വെറും 10% മാത്രമേ ആയിട്ടുള്ളൂ എന്നതു ശ്രദ്ധേയമായ വസ്തുതയാണ്. ആര്‍ക്കും ഒരു ഉപദ്രവവുമാകാത്ത, കാലപ്പഴക്കത്താല്‍ പൊളിച്ചു കളയേണ്ടി വന്നാല്‍ പ്രകൃതിക്കുപോലും ദോഷകരമായി ഒന്നും ശേഷിപ്പിക്കാത്ത ഒരു നിര്‍മ്മിതി” കോസ്റ്റ്‌ഫോര്‍ഡ് സംഘത്തിന്റെ ഈ വാക്കുകള്‍ പ്രകൃതിക്കിണങ്ങിയ വാസ്തുകലയുടെ ആവശ്യവും, അവ ജനകീയമാക്കേണ്ടതിന്റെ അത്യാവശ്യവും തന്നെയാണ് സൂചിപ്പിക്കുന്നത്.

ഫോട്ടോഗ്രഫി: ഷിജോ തോമസ്

Leave a Reply

Your email address will not be published. Required fields are marked *