ഇന്നു മരട് നാളെ?

അനേകം കുടുംബങ്ങളുടെ വാസസ്ഥലം രണ്ടു ദിവസം കൊണ്ട് വെറും കോണ്‍ക്രീറ്റ് കൂനയായി മാറിയതോടെ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയും ആശങ്കയുടെ മുള്‍മുനയിലാണ്.

2020 ജനുവരി 11, 12. വരുംകാലത്ത് കേരളത്തിലെ നിര്‍മ്മാണ ചരിത്രത്തില്‍ ഒരേടായി എഴുതി ചേര്‍ക്കപ്പെടാന്‍ സാധ്യതയുള്ള ഒരു വിധി നടപ്പിലാക്കിയ രണ്ട് ദിവസങ്ങളാണിവ.

https://www.youtube.com/watch?v=1h6x9U1Yhe8

തീരദേശ സംരക്ഷണ നിയമം ലംഘിച്ചു നിര്‍മ്മിച്ചതെന്ന വിധിയെത്തുടര്‍ന്ന് നാല് പാര്‍പ്പിട സമുച്ചയങ്ങള്‍ നിലംപരിശാക്കാനുള്ള സുപ്രീം കോടതി വിധിയുടെ ഉത്തരവ് നടപ്പിലായ ദിവസം.

നിയമത്തിന്‍റെ കാര്‍ക്കശ്യം ഒരു വശത്ത്; നഷ്ടപ്പെടലിന്‍റെ വേദന മറുവശത്ത്. 325 ഓളം കുടുംബങ്ങളുടെ വാസസ്ഥലം രണ്ടു ദിവസം കൊണ്ട് വെറും കോണ്‍ക്രീറ്റ് കൂനയായി മാറിയതോടെ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയും ആശങ്കയുടെ മുള്‍മുനയിലായിരിക്കുകയാണ്.

പാഠം ഒന്ന്; ഒരു തുടര്‍വിലാപം

മരട് ഒരു പാഠം തന്നെയാണ്. കക്ഷി രാഷ്ട്രീയക്കാരും, അഴിമതിക്കാരായ ഉദ്യോഗസ്ഥരും എന്തും വിലയ്ക്കു വാങ്ങാമെന്നു തെറ്റിദ്ധരിച്ചവരും- അങ്ങനെ പലരും ചേര്‍ന്ന് നടപ്പിലാക്കിയ തിരക്കഥയുടേയും ദൃശ്യാവിഷ്ക്കാരത്തിന്‍റെയും അവസാന പാഠം എഴുതിച്ചേര്‍ക്കാന്‍ മാത്രം നിയമം കടന്നു വന്നാല്‍ ഉണ്ടാകാവുന്ന ദുരന്തമാണിവിടെ കണ്ടത്.

തലയുയര്‍ത്തി നിന്ന അഞ്ച് കോണ്‍ക്രീറ്റ് ടവറുകള്‍ നിലംപൊത്തിയത് ക്ഷണനേരം കൊണ്ടാണ്. അഞ്ച് വര്‍ഷമെടുത്താണ് നാല് ടവറുകള്‍ നിര്‍മ്മിച്ചത് എങ്കില്‍ ഒന്ന് അതിലുമേറെക്കാലം എടുത്താണ് പണി പൂര്‍ത്തിയാക്കിയത്.

32 സെക്കന്‍റുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ ആകെ 114 കോടിയോളം രൂപ മൂല്യമുണ്ടായിരുന്ന 300ലധികം അപ്പാര്‍ട്ട്മെന്‍റുകള്‍ നിലംപൊത്തുവാന്‍. ഇതിനായി സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കേണ്ടി വന്നത് 2.32 കോടി രൂപ.

കലക്ടര്‍, സിറ്റി പോലീസ് കമ്മീഷണര്‍, പോലീസുകാര്‍ മറ്റ് സാങ്കേതിക വിദഗ്ധര്‍, ഫയര്‍, റെസ്ക്യൂ, ആംബുലന്‍സ്, ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ എന്നിങ്ങനെ വിവിധ വകുപ്പുകളിലുള്ള ആയിരക്കണക്കിനു ഉദ്യോഗസ്ഥരുടേയും തൊഴിലാളികളുടേയും ദേഹാദ്ധ്വാനവും അവരുടെ യാത്രക്കും സേവനത്തിനും സന്നാഹത്തിനും വേണ്ടി വന്ന ചെലവുകളും വേറെ.

നിര്‍മ്മാതാക്കളില്‍ നിന്നു തിരിച്ചു പിടിക്കാമെന്ന വ്യവസ്ഥയുണ്ടെങ്കിലും ഫ്ളാറ്റ് ഉടമകള്‍ക്ക് ഇതിനകം സര്‍ക്കാര്‍ നല്‍കേണ്ടി വന്നത് 58 കോടി രൂപയാണ്. ഇനിയും 3 കോടി കൂടി നല്‍കേണ്ടതുണ്ടത്രേ.

സര്‍ക്കാരിനു തിരിച്ചു കിട്ടുന്നതോ കോണ്‍ക്രീറ്റ് മാലിന്യത്തിന്‍റെ ഇനങ്ങളിലുള്ള 35.16 ലക്ഷം രൂപ മാത്രം.

തെറ്റു തിരുത്തലും ഒരു തരത്തില്‍ പരിസ്ഥിതിക്ക് ദ്രോഹം തന്നെയാണ് എന്നൊരു മറുപാഠവും കൂടി ഇതിലുണ്ട്. ‘ഇംപ്ലോഷന്‍’ മുഖേനയുള്ള പൊളിക്കല്‍ എളുപ്പമായിരുന്നു.

എന്നാല്‍ കോണ്‍ക്രീറ്റ് പൊടിയും പ്രകമ്പനങ്ങളും എന്തുമാത്രം ആഘാതം പരിസ്ഥിതിക്ക് ഏല്‍പ്പിക്കുമെന്ന് അറിയുവാന്‍ പോകുന്നതേയുള്ളൂ. കുന്നുകൂടി കിടക്കുന്നത് 76,350 ടണ്‍ കോണ്‍ക്രീറ്റ് മാലിന്യമാണ്. ഇത് എവിടെ കൊണ്ടു പോകും? എന്തിനുപയോഗിക്കും? എല്ലാം പ്രശ്നങ്ങളാണ്.

ഇനിയെന്ത്?

മരടില്‍ ഫ്ളാറ്റുകള്‍ മണ്ണടിഞ്ഞിട്ടും ബാക്കിയാവുന്ന കുറേ തര്‍ക്കങ്ങളുണ്ട്. അത് ഭൂമിയെക്കുറിച്ചാണ്. ഫ്ളാറ്റുകള്‍ നിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം ഇനി ആര്‍ക്കാണ്?

പുതിയ തീരദേശ പരിപാലനം നിയമം പാലിച്ച് ഇനി അവിടെ നിര്‍മ്മാണപ്രവര്‍ത്തനം സാധ്യമാണോ? ഭൂമി വാങ്ങി ഫ്ളാറ്റ് പണിതു വില്‍ക്കുമ്പോള്‍ ആ ഭൂമിയില്‍ ആനുപാതികമായ പങ്ക് ഫ്ളാറ്റ് വാങ്ങുന്നവര്‍ക്കും കൈവരും.

സാധാരണഗതിയില്‍ വിഭജിക്കാത്തതും ഒരിക്കലും ഉടമകള്‍ക്ക് കൈവരാത്തതുമായ ഭൂമിയാണ് ഇത്. എന്നാല്‍ ഈ അസാധാരണ സാഹചര്യത്തില്‍ ഫ്ളാറ്റുകള്‍ നിലംപൊത്തി ഭൂമി മാത്രം ബാക്കിയായതോടെ അതിന്‍റെ ഉടമസ്ഥാവകാശ പ്രശ്നവും ഉയര്‍ന്നിട്ടുണ്ട്.

പൊളിച്ച ഫ്ളാറ്റിലെ അപ്പാര്‍ട്മെന്‍റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനാല്‍ അവര്‍ക്ക് ഇനി ഭൂമിയില്‍ ഉടമസ്ഥാവകാശമുണ്ടാകില്ല എന്ന വാദം നിലനില്‍ക്കുന്നു.

എന്നാല്‍ നഷ്ടപരിഹാരം നല്‍കുന്നത് കെട്ടിടത്തിനു മാത്രമാണെന്നും ഭൂമിയിന്‍മേല്‍ ഫ്ളാറ്റ് ഉടമകള്‍ക്ക് അവകാശം തുടരുമെന്നും ആണ് മറ്റൊരു വിഭാഗത്തിന്‍റെ അഭിപ്രായം.

സ്വകാര്യ ഉടമകള്‍ക്ക് തീരദേശ പരിപാലന നിയമം അനുസരിച്ചേ ഇനി ഇവിടെ നിര്‍മ്മാണം നടത്താനാകൂ. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഉത്തരവു പ്രകാരം ഇഞദ കക മേഖലയാണിത്.

ഇതനുസരിച്ച് ഫ്ളാറ്റുകള്‍ പൊളിച്ച ഭൂമിയോട് ചേര്‍ന്ന് അംഗീകൃത നമ്പറുള്ള കെട്ടിടമോ റോഡോ ഉണ്ടെങ്കില്‍ അതിന്‍റെ പരിധിക്കു പുറകിലേക്ക് മാറി ഈ ഭൂമിയില്‍ നിര്‍മ്മാണം അനുവദനീയമാണ്.

2019-ലെ തീരദേശ പരിപാലന നിയമ വിജ്ഞാപനം ഇറങ്ങിയെങ്കിലും ഇതനുസരിച്ചുള്ള രൂപരേഖ കൂടി ആയെങ്കില്‍ മാത്രമേ നിയമം നിലവില്‍ വരികയുള്ളൂ. അതനുസരിച്ച് മരടിനെ ദ്വീപായിട്ടാണ് പരിഗണിച്ചിട്ടുള്ളത്.

ഇത്തരം പ്രദേശങ്ങളില്‍ തീരത്തു നിന്ന് 20 മീറ്റര്‍ മാറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്താനാവും.

ചെന്നൈ ഐഐടി കഴിഞ്ഞ് വര്‍ഷം നല്‍കിയ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശയനുസരിച്ച് ഫ്ളാറ്റ് പൊളിക്കുന്ന ഭൂമിയില്‍ കണ്ടല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കണമെന്നാണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ മരടില്‍ നാളെ എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. 
About editor 261 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

11 Trackbacks / Pingbacks

 1. മരട്: കുറ്റം ആരുടേത്? കേരളത്തിലെ ഒരു നഗരത്തിലും കാലാനുസൃതമായി പരിഷ്ക്കരിക്കപ്പെട്ട മാസ്റ്റര
 2. മരട് ഫ്ളാറ്റ് പൊളിക്കല്‍ എങ്ങനെ അഴിമതിക്കുള്ള മുന്നറിയിപ്പാകും?ആര്‍ക്കിടെക്റ്റ് എസ് ഗോപകുമ
 3. മരട് സംഭവത്തിന്‍റെ കാണാപ്പുറങ്ങള്‍ – Designer Plus Builder
 4. മരട് സംഭവത്തിന്‍റെ കാണാപ്പുറങ്ങള്‍ – Designer Plus Builder
 5. നാളത്തേക്കുള്ള മുന്നറിയിപ്പ്: മുരളി തുമ്മാരുകുടി – Designer Plus Builder
 6. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാകുമോ? – Designer Plus Builder
 7. ബില്‍ഡിങ് ഇംപ്ലോഷന്‍ എന്ന സാങ്കേതിക വിദ്യ – Designer Plus Builder
 8. ഐഐഐഡി വിഷന്‍ സമ്മിറ്റ് 2020 – Designer Plus Builder
 9. 21 ലക്ഷത്തിന് ജാലി ഹൗസ് – Designer Plus Builder
 10. ഇന്‍ഡസ്ട്രിയല്‍ തീം – Designer Plus Builder
 11. തീരദേശനിര്‍മ്മാണ നിയമത്തിലെ അറിയാപ്പുറങ്ങള്‍ – Designer Plus Builder

Leave a Reply

Your email address will not be published.


*