Project Specifications

രാജേഷിന്റെയും കുടുംബത്തിന്റേയും 2175 സ്‌ക്വയര്‍ഫീറ്റില്‍ പാലാരിവട്ടത്ത് സ്ഥിതി ചെയ്യുന്ന വീടാണിത്. ചെറിയൊരു പ്ലോട്ടാണ് വീടു വയ്ക്കാന്‍ ലഭ്യമായത്. പ്ലോട്ടിന് മുന്നിലൂടെ ഒരു റോഡ് കടന്നുപോകുന്നു ണ്ട്. പ്ലോട്ടിന് നീളം ഉണ്ടെങ്കിലും വീതി കുറവാണ്. നീളം ഉള്ളതിനാല്‍ എലിവേഷന്‍ പരമാവധി കാഴ്ചകിട്ടത്തക്ക വിധം ഡിസൈന്‍ ചെയ്യാനായി.

ഗ്രേ, ബ്രൗണ്‍, വൈറ്റ് നിറങ്ങളുടെ സംയോജനത്തിലാണ് എലിവേഷന്‍ ഒരുക്കിയിരിക്കുന്നത്. കോംപൗണ്ട്‌വാളും എക്സ്റ്റീരിയറില്‍ ടൈല്‍ പാകിയിരിക്കുന്ന തുമെല്ലാം വീടിന്റെ ആധുനിക ശൈലിയോട് ചേര്‍ന്നു പോകുന്നു. സണ്‍ഷേഡിന് മെറ്റല്‍ പര്‍ഗോളയും ഗ്ലാസും നല്‍കിയത് പരമാവധി കാറ്റും വെളിച്ചവും ഉള്ളിലേക്കെത്താന്‍ സഹായകരമാകുന്നു. പല തട്ടുകളിലായി ഡിസൈന്‍ ചെയ്തിരിക്കുന്ന റെക്ടാംഗുലര്‍ സ്ലോപ്പ്‌റൂഫും യുപിവിസി ജനലുകളും തടിയുടെ പെയിന്റ് നല്‍കിയ റിയര്‍ വിന്റോകളും എല്ലാം സമകാലിക ശൈലിയ്ക്ക് മാറ്റ് കൂട്ടുന്ന ഘടകങ്ങളാണ്. കാര്‍പോര്‍ച്ചിന് മുകളില്‍ ഓപ്പണ്‍ ടെറസില്‍ ഹാന്റ്‌റെയ്‌ലിന് പകരം ഗ്ലാസ് നല്‍കിയത് ഉള്ളിലെ ഹരിതാഭ എടുത്തു കാണിക്കുന്നുണ്ട്.

ആവശ്യങ്ങളറിഞ്ഞ ഡിസൈന്‍

ലിവിങ്, ഡൈനിങ്, കിച്ചന്‍, 3 ബെഡ്‌റൂമുകള്‍ ഇത്രയുമാണ് ഈ വീട്ടില്‍ ഉള്ളത്. സ്ഥലം പാഴാക്കാതെയുള്ള ഡിസൈന്‍ രീതിയാണ് ഈ വീട്ടില്‍ ആര്‍ക്കിടെക്റ്റ് അജിത്‌മേനോന്‍ അവലംബിച്ചിരിക്കുന്നത്. ‘ഘ’ ഷേയ്പ്പിലുള്ള ലിവിങ് ഏരിയയില്‍ കടുത്ത നിറങ്ങളും, ലൈറ്റിങ്ങിന്റെ മികവും ഗ്ലാസിന്റെ ചാരുതയും മുറിയുടെ ആംപിയന്‍സ് നിശ്ചയിക്കുന്നു. ടിവി യൂണിറ്റ് ഏരിയയില്‍ ത്രീഡി ബോര്‍ഡ് കൊടുത്തിരിക്കുന്നത് കടുത്ത നിറങ്ങള്‍ക്ക് ഒരു ബ്രേക്ക് തരുന്നുണ്ട്. ലിവിങ്ങിനേയും ഡൈനിങ്ങിനേയും തമ്മില്‍ വേര്‍തിരിക്കുന്ന പാര്‍ട്ടീഷനി ല്‍ ടിവി യൂണിറ്റിന് ഇരുവശവും ഗ്ലാസ് ഷെല്‍ഫ് നല്‍കി. ഇവിടെ മറുഭാഗത്തുള്ള ഭിത്തിയ്ക്ക് പകരം മുഴുവന്‍ ജനലുകള്‍ കൊടുത്തു.

ആറ് പേര്‍ക്ക് ഇരിക്കാവുന്ന ഡൈനിങ് സ്‌പേസില്‍ സ്ഥലം പാഴാക്കാതെയുള്ള ഡിസൈന്‍ രീതിയാണ് പ്രാവര്‍ത്തികമാക്കിയത്. സ്റ്റെയര്‍കേസിന്റെ താഴെയാണ് ഡൈനിങ്ഏരിയയുടെ സജ്ജീകരണം. ചെറിയൊരു പെബിള്‍ കോര്‍ട്ട്‌യാര്‍ഡിനും ഇവിടെ ഇടം കൊടുത്തു. ഡൈനിങ് സ്‌പേസിനോട് ചേര്‍ന്നാണ് പൗഡര്‍റൂം. സ്റ്റെയര്‍കേസിന്റെ പടികള്‍ക്ക് ഗ്രനൈറ്റും ഹാന്റ്‌റെയ്‌ലിന് ഗ്ലാസും സ്റ്റീലും ഉപയോഗിച്ചിരിക്കുന്നു. ഓരോരോ മുറിയ്ക്കും ഉണ്ടായിരിക്കേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ കണക്കിലെടുത്തതോടൊപ്പം പരമാവധി ഏരിയ ഒഴിച്ചിട്ടു കൊണ്ട് വിശാലത തോന്നിപ്പിക്കും വിധത്തിലാണ് ആര്‍ക്കിടെക്റ്റ് ഇന്റീരിയര്‍ സ്‌പേസ് ഡിസൈന്‍ ചെയ്തത്. കര്‍ട്ടനുകളും, വാള്‍പേപ്പറും, ബെഡ്‌സ്‌പ്രെഡുമെല്ലാം ഇന്റീരിയറിന്റെ മാറ്റ് കൂട്ടുന്ന ഘടകങ്ങളില്‍ ചിലതാണ്.

ഇഷ്ടനിറക്കൂട്ടുകളില്‍

താഴെ ഒന്ന്, മുകളില്‍ രണ്ട് എന്ന ക്രമത്തിലാണ് കിടപ്പുമുറികള്‍ വിന്യസിച്ചിരിക്കുന്നത്. ഫസ്റ്റ്ഫ്‌ളോറിലെ രണ്ട് കിടപ്പുമുറികളും വിശാലമായ ടിവി യൂണിറ്റോടു കൂടിയ ലിവിങ്ഏരിയയും ലിവിങ്ങില്‍ നിന്നും കാഴ്ച എത്തുംവിധം ഒരുക്കിയ പൂജാ ഏരിയയോടുകൂടിയ കോര്‍ട്ട്‌യാര്‍ഡും ഇന്റീരിയറിന്റെ ഭംഗി കൂട്ടുന്നു. പരമാവധി വിശാലമായിട്ടാണ് ഫാമിലി ലിവിങ് സജ്ജീകരിച്ചത്. വുഡന്‍ ലാമിനേറ്റ് ഫ്‌ളോറിങ്ങാണിവിടെ. സോഫാ സെറ്റ് കൂടാതെ ഇരിപ്പിട സംവിധാനം കൂടി ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തടിയുടെ ലൂവറുകള്‍ നല്‍കിയ ഇവിടെനിന്നും താഴത്തെ പൂജാ ഏരിയയിലേക്ക് കാഴ്ച ചെന്നെത്തും. മുകളിലെ യൂട്ടിലിറ്റി സ്‌പേസിലേക്ക് ഉള്ള സ്റ്റെയര്‍കേസും ഫാമിലി ലിവിങ്ങില്‍ നിന്നുമാണ് കൊടുത്തിരിക്കുന്നത്.

ഡ്രസിങ്‌യൂണിറ്റോടു കൂടിയതാണ് മൂന്ന് കിടപ്പുമുറികളും. ഈട്ടിതടിയുടേതുപോലെ തോന്നിപ്പിക്കുന്ന കോഫിബ്രൗണ്‍ നിറത്തിന്റെ ഭംഗി കിടപ്പുമുറിയില്‍ ആവിഷ്‌ കരിച്ചി രിക്കുന്നത് മുറിയ്ക്ക് വ്യത്യസ്തത നല്‍കുന്നു. വുഡന്‍ ലാമിനേറ്റ് ഫ്‌ളോറിങ്ങാണ് കിടപ്പു മുറികള്‍ക്കെല്ലാം നല്‍കിയത്. ഹെഡ്‌റെസ്റ്റിന്റെ ഭാഗമായി വരുന്ന ഭിത്തിയില്‍ കൊടു ത്തിരിക്കുന്ന നിഷുകളും അതിനുള്ളിലെ സ്‌പോട്ട്‌ലൈറ്റും, കൗതുകവസ്തുക്കളും മുറിയെ ആഡംബര പൂര്‍ണ്ണമാക്കുന്നു. മുറികളുടെ വലിപ്പത്തിനുയോജ്യമായി കട്ടിലുകളെല്ലാം ഡിസൈന്‍ ചെയ്യുകയായിരുന്നു. ചുവപ്പ്, ബ്രൗണ്‍ നിറങ്ങളുടെ സംയോജനവും, സീലിങ്ങിലെ കോവ് ലൈറ്റും താഴെ വിരിച്ചിരിക്കുന്ന വുഡന്‍ ഫ്‌ളോറിങ്ങും കിടപ്പുമുറിയ്ക്ക് വൈബ്രന്റ് ഫീല്‍ പ്രദാനം ചെയ്യുന്നു.

വൃത്തിയെഴും കിച്ചന്‍

വാസ്തുനിയമപ്രകാരം ഡിസൈന്‍ ചെയ്യുകയാല്‍ വീടിന്റെ മുന്‍വശത്തായാണ് അടുക്കള പണിതിട്ടുള്ളത്. എപ്പോഴും വൃത്തിയായി കിടക്കേണ്ട ഒരു സ്ഥലമാണ് അടുക്കള. അതിനാല്‍ ആ രീതിയിലാവണം അടുക്കളയുടെ ക്രമീകരണവും. പെട്ടെന്ന് അഴുക്കു പിടിക്കാന്‍ സാധ്യത കുറവുള്ള മെറ്റീരിയലുകള്‍ക്കാണ് അടുക്കളയില്‍ സ്ഥാനം നല്‍കിയിരിക്കുന്നത്. കൗണ്ടര്‍ടോപ്പിന് സ്റ്റെല്ലാര്‍ ക്വാര്‍ട്ട്‌സ് കൊടുത്തു. കിച്ചനില്‍ ഉപയോഗിച്ചിരിക്കുന്ന കബോഡുകളുടെ യൂണിറ്റുകള്‍ക്ക് മള്‍ട്ടിവുഡും അക്രിലിക്കും പിയുകോട്ടിങും നല്‍കി. ബാക്ക് സ്പ്ലാഷിന് ഗ്ലാസിന്റെ വിട്രിഫൈഡ് ടൈലുകളാണ്. ചെറിയ പ്ലോട്ട് എന്ന പിരിമിതി മൂലം മുറികളുടെ വലിപ്പത്തിനോ, സൗകര്യങ്ങള്‍ക്കോ കുറവൊന്നും വരാതിരിക്കാന്‍ ശ്രദ്ധിച്ചാണ് ഇന്റീരിയര്‍ ഡിസൈന്‍ എന്നു സ്പഷ്ടമാണ്.

Comments are closed.