ധര്‍മ്മമനുസരിച്ചാവാം ഇന്റീരിയര്‍

ഇടങ്ങളുടെ ധര്‍മ്മത്തിന് അനുസരിച്ചാകണം ഡിസൈന്‍ എന്നത് അടിസ്ഥാന പ്രമാണമാക്കിയാല്‍ ഏത് ഇന്റീരിയറും ഔചിത്യ പൂര്‍ണവും മനോഹരവുമാകും.

സ്‌പേസുകള്‍ ഏതാണെങ്കിലും ആകര്‍ഷകവും വെടിപ്പും ആകണമെങ്കില്‍ അകത്തളാലങ്കാരം കൂടിയേ തീരൂ. സൗന്ദര്യവും ശാസ്ത്രവും കലയും എല്ലാം കൃത്യമായി സമന്വയിക്കുമ്പോള്‍ പൂര്‍ണ്ണമാകുന്നതാണ് അകത്തളം ഒരുക്കല്‍ അഥവാ ഇന്റീരിയര്‍ ഡെക്കോര്‍.

സ്‌പേസ്, ലൈന്‍, ഫോംസ്, ലൈറ്റ്, കളര്‍, ടെക്‌സ്ച്ചര്‍, പാറ്റേണ്‍ എന്നിവയാണ് ഇന്റീരിയര്‍ ഡിസൈനിങ്ങിലെ പ്രധാന ഘടകങ്ങള്‍. ഇടങ്ങളുടെ ധര്‍മ്മത്തിന് അനുസരിച്ചാകണം ഡിസൈന്‍ എന്നത് അടിസ്ഥാന പ്രമാണമാക്കിയാല്‍ ഏത് ഇന്റീരിയറും ഔചിത്യ പൂര്‍ണവും മനോഹരവുമാകും.

മിനിമലിസവും മാക്‌സിമലിസവും

സ്‌പേസിന്റെ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള മിതത്വ പൂര്‍ണമായ രൂപകല്‍പ്പനയാണ് മിനിമലിസം. ആവശ്യത്തിന് മാത്രമുള്ള ഫര്‍ണിച്ചര്‍, ഹൈലൈറ്റുകള്‍ എന്നിവ മാത്രം മികച്ച രീതിയില്‍ വിന്യസിക്കുതാണ് ഈ രീതി.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

ഒന്നോ രണ്ടോ അടിസ്ഥാന നിറങ്ങള്‍, ലാളിത്യമുള്ള ഫര്‍ണിച്ചര്‍, വേണ്ടിടത്ത് മാത്രം പാര്‍ട്ടീഷനുകള്‍ ഇതൊക്കെയാണ് മിനിമലിസത്തിന്റെ പ്രത്യേകത. ഇടങ്ങളുടെ വിശാലതയാണ് മോഡേണ്‍ മിനിമലിസം കൊണ്ട് ഉദ്ദേശിക്കുത്.

ഒരു നിശ്ചിത സ്‌പേസില്‍ ക്രമീകരിക്കുന്ന വസ്തുക്കള്‍ കുറച്ചു കൊണ്ട് ഉള്ള സ്ഥലം വിശാലമാക്കുകയാണ് ഇവിടെ. വലിയ ഗ്ലാസ് ഡോറുകള്‍, വിന്‍ഡോകള്‍ എന്നിവയും സ്വാഭാവിക വെളിച്ചവും സുതാര്യതയും ഈ ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു.

വൈറ്റ് നിറം മിനിമല്‍ ഡിസൈനിലെ അവിഭാജ്യ ഘടകം തന്നെയാണ്. ക്രോംസ്റ്റീല്‍, പ്ലാസ്‌ററിക്ക്, സെറാമിക്ക്, ആര്‍ട്ടിഫിഷ്യല്‍-നാച്വറല്‍ സ്റ്റോണുകള്‍, ടെക്‌സ്ച്ചര്‍ വുഡ് തുടങ്ങിയ മെറ്റീരിയലുകള്‍ ഈ ആശയമനുസരിച്ച് കൂടുതല്‍ കടന്നു വരുന്നു.

ALSO READ: ചിത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള വീട്

ഫര്‍ണിച്ചര്‍, ഷാന്റ്‌ലിയറുകള്‍ എന്നിവയെല്ലാം ലളിതവും കനം കുറഞ്ഞതുമായി, അലങ്കാരങ്ങള്‍ നിര്‍ബന്ധമല്ലാതായി. ഒറ്റ ഫ്രെയിം പെയിന്റ് മാത്രമുള്ള ഭിത്തി, ഫാബ്രിക്ക് കര്‍ട്ടന് പകരം ഹൊറിസോണ്ടല്‍-വെര്‍ട്ടിക്കല്‍ ബൈന്‍ഡുകള്‍, പേരിന് മാത്രമുള്ള സീലിങ് വര്‍ക്കുകള്‍ എന്നിവയും സാധാരണമായി.

അതുപോലെ ഇന്‍ബില്‍റ്റായ ഒതുക്കമുള്ള അടുക്കളകളും മിനിമലിസത്തിന്റെ സൃഷ്ട്ടിയാണ്. ഒന്നു കൂടി വിശദമാക്കിയാല്‍ മികച്ച രീതിയിലുള്ള ഫര്‍ണിച്ചര്‍ ഡിസൈന്‍ ഒന്നു കൊണ്ടു മാത്രം നമുക്ക് സൃഷ്ടിച്ചെടുക്കാവുന്നതാണ് മിനിമലിസം അടിസ്ഥാനമാക്കിയുള്ള ഇന്റീരിയര്‍.

ഈ ആശയത്തിന്റെ നേരെ വിപരീതമാണ് മാക്‌സിമലിസം. ഫര്‍ണിച്ചര്‍, അലങ്കാരങ്ങള്‍, ഡിസൈന്‍ പാറ്റേണുകള്‍ എന്നിവയെല്ലാം അകത്തളത്തെ ഭരിക്കുന്ന അവസ്ഥയാണിത്.

RELATED READING;സ്വകാര്യത നല്‍കും വീട്

വിശാലമായ ഇടങ്ങളെ പ്രൗഢമാക്കുമെങ്കിലും ചെറിയ സ്‌പേസുകള്‍ക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഡിസൈന്‍ രീതിയാണിത്.

മാക്‌സിമലിസത്തിന് തന്നെ എലഗന്റായ ആവിഷ്‌കാരവും സാധ്യമാണ്. നിറങ്ങളും ടെക്‌സ്ച്ചറും പാറ്റേണുകളുമെല്ലാം കുറച്ചധികം ആണെങ്കിലും അവ ഉചിതമായി അകത്തളത്തില്‍ വിന്യസിക്കുന്ന രീതിയാണിത്.

മാറുന്ന ട്രെന്‍ഡുകള്‍

വീടുകളുടെയും കമേഴ്‌സ്യല്‍ സ്‌പേസുകളുടെയും ഇന്റീരിയര്‍ ഒരുക്കങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. ക്ലയന്റിന്റെ അഭിരുചികള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസരിച്ച് വ്യത്യസ്തമായിരിക്കും ഓരോ വീടിന്റെയും ഇന്റീരിയര്‍ ഡിസൈന്‍.

എന്നാല്‍ ധര്‍മ്മത്തെ മുന്‍നിര്‍ത്തിയായിരിക്കും കമേഴ്‌സ്യല്‍ സ്‌പേസുകളുടെ ഇന്റീരിയര്‍. വീടുകള്‍ ഔപചാരികവും അനൗപചാരികവുമായ അകത്തളാലങ്കാരം കൊണ്ട് സമ്മിശ്രമായിരിക്കും. എന്നാല്‍ ഔപചാരിക അന്തരീക്ഷം മുന്‍നിര്‍ത്തിയായിരിക്കും ഓഫീസുകളുടെയും മറ്റ് കെ’ിടങ്ങളുടെയും രൂപകല്‍പ്പന.

താരതമ്യേന ലളിതമായി ഒരുക്കുന്ന അകത്തളങ്ങളില്‍ പോലും ഒരു വസ്തുവോ ഫീച്ചറോ ശ്രദ്ധാകേന്ദ്രമായി (സ്റ്റേറ്റ്‌മെന്റ് എലമെന്റ്) നല്‍കുകയെന്നത് കുറച്ചുകാലമായി തുടരുന്ന ട്രെന്‍ഡാണ്.

പോട്ടുകളിലോ മറ്റോ ഒരുക്കുന്ന വലിയ ഇന്റേണല്‍ പ്ലാന്റുകള്‍, പെയിന്റ് ആര്‍ട്ട് സീലിങ്ങുകള്‍, മള്‍ട്ടിയൂസ് ഫര്‍ണിച്ചര്‍, എതെങ്കിലുമൊരു കടുത്ത നിറം, ശ്രദ്ധ ക്ഷണിക്കുന്ന സ്‌റ്റേറ്റ്‌മെന്റ് ഘടകങ്ങള്‍ ഇവയെല്ലാം ഇന്റീരിയര്‍ ഡിസൈനില്‍ കടന്നു വരുന്നു.

ഫ്‌ളോറിങ്ങ് മെറ്റീരിയലുകളില്‍ മാര്‍ബിള്‍, ഗ്രനൈറ്റ്, ടൈല്‍ തുടങ്ങിയവയ്ക്ക് പുറമേ സോളിഡ്‌വുഡ്, എഞ്ചിനീയേര്‍ഡ് വുഡ്, വുഡന്‍ ഫിനിഷ് ടൈല്‍ എന്നിവയ്ക്കും പാനലിങ്ങില്‍ പ്ലൈവുഡ്-വെനീര്‍ കോമ്പിനേഷന് പുറമേ വുഡന്‍ ഫിനിഷ് കിട്ടുന്ന ഫണ്ടര്‍മാക്‌സ് പോലെയുള്ള ഉത്പ്പങ്ങള്‍ക്കും പ്രചാരമേറി.

ആര്‍ട്ട് ഡെക്കോ കാലത്തെ ഡിസൈന്‍ പാറ്റേണ്‍, ക്ലാസിക്ക് ബ്ലാക്ക് തീം എന്നിവ തിരിച്ചു വരുന്നുണ്ട്. ലൈറ്റുകള്‍, ക്യൂരിയോസുകള്‍ എന്നിവയിലാണ് ആര്‍ട്ട് ഡെക്കോ സ്വാധീനം കൂടുതല്‍.

വെല്‍വെറ്റ് ഫര്‍ണിഷിങ്, ഫ്‌ളോറല്‍ പാറ്റേണുകള്‍, കോപ്പര്‍ ഫിനിഷുകള്‍, ബ്രാസ്‌ഡെകോര്‍, കോണ്‍ക്രീറ്റ്-മാറ്റ് ഫിനിഷുകള്‍, കനോപി ബെഡുകള്‍, പെന്‍ഡന്റ് ലൈറ്റുകള്‍ എന്നിവയും ഇന്റീരിയര്‍ ഡെക്കോറില്‍ ശ്രദ്ധേയമാകുന്നുണ്ട്.

അകത്തളത്തിന് സ്വാഭാവികതയുടെ അംശങ്ങള്‍ ചേര്‍ക്കാന്‍ ചെങ്കല്‍ ക്ലാഡിങ്ങുകള്‍, റസ്റ്റിക്ക് മെറ്റലുകള്‍, ലപ്പോത്ര ഗ്രനൈറ്റ് ഫ്‌ളോറിങ്, പുനരുപയോഗിച്ച വുഡ്, എത്ത്‌നിക്ക് ഫാബ്രിക്കുകളുപയോഗിച്ചുളള കര്‍ട്ടനുകള്‍, കുഷ്യന്‍ കവറുകള്‍ എന്നിവയും തെരഞ്ഞെടുക്കുന്നു.

എന്നാല്‍ സ്ഥലപരിമിതി ഒരു പ്രതിസന്ധിയാകുന്ന വരുംകാലത്ത് മിനിമലിസവും മള്‍ട്ടിയൂസ് സ്‌പേസുകളും ചേര്‍ന്ന സുസ്ഥിരമായ ഇന്റീരിയര്‍ തന്നെയായിരിക്കും ഉചിതം.

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: ആര്‍ക്കിടെക്റ്റ് മുഹമ്മദ് അഫ്‌നാന്‍, ഹമ്മിങ് ട്രീ, കോഴിക്കോട്.

About editor 190 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*