രണ്ടേകാല്‍ സെന്‍റില്‍ പല ലെവലില്‍

മിനിമത്തില്‍ നിന്നുകൊണ്ട് മാക്സിമം ചെയ്യണം. അതിനാല്‍ ലെവലുകളായി തിരിച്ചാണ് ഈ വീടൊരുക്കിയിട്ടുള്ളത്

മെട്രോ നഗരങ്ങളില്‍ വീടുവയ്ക്കുവാന്‍ ഒരു സെന്‍റെങ്കിലും ലഭിച്ചാല്‍ അതിനെ ഭാഗ്യമെന്നു പറയാം. വളരുന്ന നഗരങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് വികസിക്കാനും ഉയരുവാനും ലംബമായേ കഴിയൂ.

ബാംഗ്ലൂര്‍ നഗരത്തിലെ രണ്ടേമുക്കാല്‍ സെന്‍റിലുള്ള ഈ വീട് നല്‍കുന്ന ഗൃഹനിര്‍മ്മാണ പാഠവും അതുതന്നെയാണ് പറയുന്നത്.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

30:40 വീതിയുള്ള പ്ലോട്ട്. അതില്‍ എല്ലാവിധ സൗകര്യങ്ങളോടെയും ഒരു വീട് അതായിരുന്നു ആര്‍ക്കിടെക്റ്റ് നവീന്‍ ജി.ജെ. (ഡി.സ്ക്വയര്‍ ബാംഗ്ലൂര്‍) ഏറ്റെടുത്ത വെല്ലുവിളി.

മിനിമത്തില്‍ നിന്നുകൊണ്ട് മാക്സിമം ചെയ്യണം. അതിനാല്‍ ലെവലുകളായി തിരിച്ചാണ് ഈ വീടൊരുക്കിയിട്ടുള്ളത്.
കാര്‍പാര്‍ക്കിങ്ങിനു സ്ഥാനം റോഡു ലെവില്‍ നിന്നും 3 അടി താഴ്ച്ചയിലാണ്. ലിവിങ് ഏരിയയാകട്ടെ 5 അടി ഉയരെയുള്ള ലെവലിലും.

നടുവില്‍ സ്റ്റെയര്‍കേസ് അവയ്ക്ക് ഇരുവശങ്ങളിലുമായി ലിവിങ്, ഡൈനിങ്, കിച്ചന്‍, കിടപ്പുമുറികള്‍ എന്നിങ്ങനെ വിവിധ ലെവലുകളിലായി അകത്തളം സജ്ജമാക്കിയിരിക്കുന്നു ആര്‍ക്കിടെക്റ്റ്.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

സാധ്യമായിടത്തെല്ലാം സാധ്യമായ രീതിയില്‍ ഗാര്‍ഡനും, വെന്‍റിലേഷനുകളും നല്‍കിയിട്ടുണ്ട് എന്നതാണ് പ്രധാന ഡിസൈന്‍ നയങ്ങളിലൊന്ന്. ക്രോസ് വെന്‍റിലേഷനുകളും ഓപ്പണിങ്ങുകളും ഉണ്ട്.

ടെറസിലും ബാല്‍ക്കണിയിലും എല്ലാം ഗാര്‍ഡനുകളും ഓരോ ബ്ലോക്കും പ്രോജക്റ്റ് ചെയ്തു നില്‍ക്കുന്നു എന്നതാണ് എലിവേഷന്‍റെ കാഴ്ചഭംഗിക്കു പിന്നില്‍.

YOU MAY LIKE: ഇതാണ് ഏദെന്‍!

വീടിനുള്ളിലേക്ക് പ്രവേശനമാര്‍ഗ്ഗങ്ങള്‍ രണ്ടാണ്. കാര്‍ പാര്‍ക്കിങ്ങില്‍ നിന്നും റാംപ് വഴി ഡൈനിങ് ഏരിയയിലേക്കു നേരിട്ടും. അതുകൂടാതെ വീടിന്‍റെ വലതുവശത്തു കൂടിയുള്ള പടികള്‍ കയറി ലിവിങ് ഏരിയയിലേക്കും.

ഈ പ്രവേശനമാര്‍ഗ്ഗത്തിന്‍റെ സമീപത്തെല്ലാം പ്ലാന്‍റര്‍ ബോക്സുകൊണ്ട് ഹരിതസാന്നിധ്യം നിറച്ചിട്ടുണ്ട്. തൊട്ടടുത്ത കെട്ടിടത്തിന്‍റെ ചുറ്റുമതിലിനോടു ചേര്‍ന്നാണ് ഈ സംവിധാനങ്ങളൊക്കെ നല്‍കിയിട്ടുള്ളത്.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

ലിവിങ് ഏരിയയ്ക്ക് എതിരറ്റത്താണ് ഡൈനിങ്ങും കിച്ചനും. ഫോര്‍മല്‍ ലിവിങ്ങും ഫാമിലി ലിവിങ്ങും ഉണ്ട്.

ഡൈനിങ് ഏരിയയുടെ ഒരു ഭാഗത്ത് വിവിധ ലെവലുകളില്‍ നാച്വറല്‍ ലൈറ്റ് കടന്നു വന്ന് ഡൈനിങ്ങിനെ മാത്രമല്ല കിച്ചനെയും പ്രകാശമാനമാക്കുന്നുണ്ട്.

ചെറുതെങ്കിലും നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ് ചെയ്ത ചുമരുകളും ചെടികളും കൊണ്ട് ശ്രദ്ധേയമാണ്, ഡ്രൈകോര്‍ട്ട്യാര്‍ഡ് എന്ന സങ്കല്‍പ്പത്തില്‍ ഒരുക്കിവച്ചിട്ടുള്ള ഈ ഏരിയ.

ഇതിനോട് ചേര്‍ന്നാണ് പൂജാമുറിക്ക് സ്ഥാനം. ഓപ്പണ്‍ കിച്ചനാണിവിടെ. ഡൈനിങ്ങിന്‍റെ ഒരു വശത്തു കൂടിയാണ് മുകളിലേക്കുള്ള സ്റ്റെയര്‍കേസ്.

YOU MAY LIKE: മിനിമല്‍ കന്റംപ്രറി ഹോം

വീടിനെ ഭാഗിച്ചുകൊണ്ട് നല്‍കിയിട്ടുള്ള സുതാര്യമായ ഈ സ്റ്റെയര്‍കേസ് പ്രധാന വെളിച്ച സ്രോതസു കൂടിയാണ്. ഇത് ലക്ഷ്യമിട്ടാണ് ആര്‍ക്കിടെക്റ്റ് സ്റ്റെയര്‍കേസിന്‍റെ സ്ഥാനം നടുവിലാക്കിയത്.

എല്ലാ ലെവലുകളിലൂടെയും കടന്നുപോകുന്ന സ്റ്റെയര്‍ ഏരിയ മുഴുവന്‍ ഓപ്പണ്‍ ആണ്. റൂഫില്‍ നിന്നു വരുന്ന സ്കൈലൈറ്റാവട്ടെ എല്ലാ ലെവലുകളിലെയും മുറികളെ വെളിച്ചം നിറഞ്ഞതാക്കുകയും കൂടുതല്‍ വിശാലമായ അനുഭവം പകരുകയും ചെയ്യുന്നുണ്ട്.

വീതികുറവാണ് പ്ലോട്ടിനെങ്കിലും അകത്തളങ്ങളില്‍ അത് അനുഭവപ്പെടുന്നില്ല.

ലിവിങ്, ഡൈനിങ്, കിച്ചന്‍ തുടങ്ങിയ കോമണ്‍ ഏരിയകള്‍ക്ക് പുറമെ 4 ബാത്അറ്റാച്ച്ഡ് കിടപ്പുമുറികളും ബാര്‍ ഏരിയയും സെന്‍ ഗാര്‍ഡനും, കിച്ചന്‍ ഗാര്‍ഡനും എല്ലാം തീര്‍ത്തിരിക്കുന്നു ആര്‍ക്കിടെക്റ്റ് ഈ ഇത്തിരി സ്ഥലത്ത്.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

‘സ്പേസ് മാനേജ്മെന്‍റ്’ നയം ഏറെ ഫലപ്രദമായി കാണുന്ന പ്രോജക്റ്റാണിത്.

കിടപ്പുമുറികളില്‍ പാരന്‍റ്സ് റൂം താഴെയും ബാക്കിയൊക്കെ ഓരോരോ ലെവലുകളിലായാണ് നല്‍കിയിരിക്കുന്നത്. ഇന്‍റീരിയര്‍ ഡെക്കറേഷനില്‍ മിതത്വത്തിനാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്.

കിടപ്പുമുറികളില്‍ വുഡന്‍ ഫ്ളോറിങ്, ഫര്‍ണിഷിങ് ഇനങ്ങളിലെ നിറങ്ങള്‍, നിറയെ വെന്‍റിലേഷന്‍, വെളിച്ചം എന്നിവയും ലിവിങ് ഡൈനിങ് ഏരിയകളില്‍ ബ്രിക്കും നാച്വറല്‍ സ്റ്റോണും ഉപയോഗിച്ചു ഹൈലൈറ്റ് ചെയ്ത ചുമരുകളും ഫര്‍ണിച്ചര്‍, ഫര്‍ണിഷിങ് ഇനങ്ങളുടെ നിറങ്ങളും ഫോട്ടോകള്‍ കൊണ്ടലങ്കരിച്ച ചുമരുകളുമൊക്കെയാണ് അകത്തളത്തെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍.

സ്ഥലപരിമിതിയുണ്ടെങ്കിലും വീട്ടുകാര്‍ക്ക് പ്രകൃതിയോടൊത്തു ജീവിക്കാന്‍ ആവും വിധമൊക്കെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ടെറസില്‍ ഗ്ലാസ്ഷീറ്റ് വിരിച്ച് ഒരുക്കിയിട്ടുള്ള റൂഫിനടിയില്‍ ജാപ്പനീസ് രീതിയനുസരിച്ചുള്ള സെന്‍ ഗാര്‍ഡന്‍, ഫോര്‍മല്‍ ലിവിങ് ഏരിയയോട് ചേര്‍ന്ന് വെര്‍ട്ടിക്കല്‍ ഗാര്‍ഡനും വെള്ളച്ചാട്ടവും; ഒന്നും വേണ്ടെന്നു വച്ചിട്ടില്ല ഈ വീട്ടിനകത്ത്.

Project Details

  • Architect: Ar: Naveen G.J (De Square, Bengaluru)
  • Project Type: Residential House
  • Client: Prem Kumar Ambattu
  • Location: Ben Satya Layout, Bengaluru
  • Year Of Completion: 2018
  • Area: 2575 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*