Project Specifications

സമൂഹത്തിന്റെ സാമ്പത്തികകാര്യമേഖലയില്‍ വാസ്തുശില്പ കലയ്ക്ക് വ്യക്തവും സ്പഷ്ടവുമായ ഒരു സ്ഥാനമാണുള്ളത്. അതുപോലെ ഒരു സമൂഹത്തിന്റെ സാമ്പത്തികനിലവാരം ഉയരുന്നതിനനുസരിച്ച് ആര്‍ക്കിടെക്ചര്‍ സംബന്ധിയായ വിഭവങ്ങള്‍ക്ക്- ഭൂമി, കെട്ടിടങ്ങള്‍, കെട്ടിടനിര്‍മ്മാണ ഉല്‍പ്പന്നങ്ങള്‍, ഊര്‍ജ്ജം, മറ്റു വിഭവസ്രോതസ്സുകള്‍- എല്ലാം ആവശ്യകത വര്‍ദ്ധിക്കുന്നു. ഒരു കെട്ടിടത്തിന്റെ ആയുസ്സിനിടയ്ക്ക്, ആ കെട്ടിടം അതു നിലനില്‍ക്കുന്ന പ്രാദേശികമായ പാരിസ്ഥിതിക ചുറ്റുപാടിലും, അതുവഴി ആഗോളതലത്തിലും നേരിട്ടും അല്ലാതെയും മനുഷ്യപ്രകൃതി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. നിര്‍മ്മാണഘട്ടത്തിലും അതിനുശേഷവും പരിസ്ഥിതിയില്‍ ദീര്‍ഘകാലം ദോഷകരമായ രീതിയില്‍ സ്വാധീനം ചെലുത്തുന്നവയാണ് കെട്ടിടങ്ങള്‍. മനുഷ്യനും, ജീവജാലങ്ങളും, അജൈവിക ഘടകങ്ങളും ഒക്കെ ചേര്‍ന്നാണ് ഗ്ലോബല്‍ ഇക്കോസിസ്റ്റം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ സാമ്പത്തിക പരിസ്ഥിതികള്‍ മെച്ചപ്പെടുന്നതിനനുസരിച്ച് ഭൂമിയിലെ പ്രകൃതിദത്ത വിഭവങ്ങള്‍ക്ക് ഭീഷണി നേരിടുന്നു. കാരണം വാസ്തുകലാപരമായ വിഭവ സ്രോതസ്സുകള്‍ക്ക് ആവശ്യകത കൂടുകയാണ്. അതിന്റെ ദൃഷ്ടാന്തങ്ങളാണ് ഇവിടുത്തെ തകരാറിലായിരിക്കുന്ന മത്സ്യസമ്പത്ത്, ഇല്ലാതാകുന്ന വനഭൂമി, മണ്ണൊലിപ്പ്, വളരുന്ന മരുഭൂമികള്‍, ഉയരുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ അളവ്, ജലദൗര്‍ലഭ്യം, ഉയരുന്ന അന്തരീക്ഷതാപനില, വര്‍ദ്ധിച്ചു വരുന്ന അപകടകാരിയായ കാറ്റുകള്‍, ഉരുകുന്ന മഞ്ഞുമലകള്‍, ഉയരുന്ന സമുദ്രനിരപ്പ്, ഇല്ലാതാകുന്ന പവിഴപ്പുറ്റുകള്‍, അപ്രത്യക്ഷമാവുന്ന ജീവിവര്‍ഗ്ഗങ്ങള്‍ ഇവയെല്ലാം. ഈയവസരത്തില്‍ കെട്ടിട നിര്‍മ്മാണ വ്യാവസായിക മേഖലയില്‍ നിലവിലുള്ളവയ്ക്ക് പകരം വയ്ക്കാനാവുന്ന (Alternative) കെട്ടിടനിര്‍മ്മാണ സാമഗ്രികളെക്കുറിച്ചുള്ള പഠനത്തിനും, നിര്‍മ്മാണസാമഗ്രികളുടെ സാധ്യതകള്‍ക്കും ഒക്കെ വലിയ പ്രാധാന്യമുണ്ട്. സുസ്ഥിരമായ പാരിസ്ഥിതിക സംവിധാനം ഉറപ്പാക്കാന്‍ ഇത്തരം ബദല്‍ മാര്‍ഗ്ഗങ്ങള്‍ പലതും നമ്മള്‍ കണ്ടെത്തിയിട്ടുമുണ്ട്.

‘ബദലുകള്‍’ എന്ന് കേള്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് ആര്‍ക്കിടെക്റ്റ് ബക്ക്മിന്‍സ്റ്റര്‍ ഫുള്ളറിന്റെ വാക്കുകളാണ്. ”നിലവിലുള്ള വാസ്തവത്തിനോട് (ഞലമഹശ്യേ) യുദ്ധം ചെയ്ത് നിങ്ങള്‍ക്കൊന്നും മാറ്റാനാവില്ല; ഒരു മാറ്റം കൊണ്ടുവരണമെങ്കില്‍ നിങ്ങള്‍ പുതിയൊരു മാതൃക കണ്ടുപിടിക്കുക. അത് ഉത്തമമെങ്കില്‍ നിലവിലുള്ള മാതൃകയെ പതിയെ തുടച്ചുമാറ്റിക്കൊള്ളും”.

നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാവസായിക സംരംഭമാണ് കെട്ടിടനിര്‍മ്മാണ മേഖല. നിര്‍മ്മാണ മേഖലയ്ക്ക് ആവശ്യം മേല്‍പ്പറഞ്ഞ തരത്തിലുള്ള ഒരു പുതിയ മോഡല്‍ ആണ്. അത് നിലവിലുള്ള സംവിധാനങ്ങളെ മാറ്റിമറിക്കും. ഇന്ന് ഈ മേഖലയില്‍ വമ്പിച്ച പല പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അങ്ങനെ അനവധി ബില്‍ഡിങ് മെറ്റീരിയലുകള്‍ കണ്ടെത്തിക്കഴിഞ്ഞിട്ടുമുണ്ട്.

ഇന്നും വെള്ളിവെളിച്ചത്തില്‍ തന്നെ നിലകൊള്ളുന്ന ഇത്തരം ഒരു മെറ്റീരിയലാണ് ‘പേപ്പര്‍ ട്യൂബ്’. ‘പേപ്പര്‍ ആര്‍ക്കിടെക്റ്റ്’ എന്ന് ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന പ്രിസ്‌കര്‍ അവാര്‍ഡ് ജേതാവായ ജപ്പാനിലെ ഷിഗേരു ബാന്‍ എന്ന ആര്‍ക്കിടെക്റ്റ് നിരവധി പരീക്ഷണങ്ങള്‍ക്കൊടുവില്‍ കണ്ടുപിടിച്ചതാണ് പേപ്പര്‍ ട്യൂബ് എന്ന സാമഗ്രി. താന്‍ നിര്‍മ്മിച്ച പേപ്പര്‍ ട്യൂബ് സ്ട്രക്ചറുകള്‍ കൊണ്ട് അദ്ദേഹം ലോകവ്യാപകമായി ശ്രദ്ധ നേടിക്കഴിഞ്ഞു. കാര്‍ഡ്‌ബോഡ് എന്ന് നാം പറയുന്ന സാമഗ്രി കൊണ്ടാണ് ഇവ ഉണ്ടാക്കപ്പെടുന്നത്. അമ്പരപ്പിക്കുന്ന വിധമുള്ള ഈടും ബലവും ഇവയ്ക്ക് ഉണ്ട്. ബാന്‍ ഈ മെറ്റീരിയല്‍ ഉപയോഗിച്ച് ഉണ്ടാക്കിയ നിര്‍മ്മിതികള്‍ വളരെ ദുര്‍ബലമെന്നും നേര്‍ത്തതെന്നും ഒക്കെ കാഴ്ചയില്‍ തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അവ വളരെ ഉറപ്പുള്ളതു തന്നെയാണ്. ഇന്നത്തെ ഹരിത ഡിസൈനിങ് നയങ്ങള്‍ വരുന്നതിനും മുമ്പുതന്നെ പേപ്പര്‍ ട്യൂബിന്റെ ഉപയോഗവും പ്രചാരവും നിലവിലുണ്ടായിരുന്നു. നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ അംഗീകരിച്ചതാണ് അദ്ദേഹത്തിന്റെ സസ്റ്റയ്‌നബിള്‍ ആയ പ്രോജക്റ്റുകള്‍. കുറഞ്ഞ നിക്ഷിപ്ത ഊര്‍ജ്ജമുള്ള മെറ്റീരിയല്‍, നാച്വറല്‍ ലൈറ്റിനും വെന്റിലേഷനും പ്രാധാന്യം നല്‍കുന്ന സാമാന്യ ബോധത്തിലൂന്നിയ ഡിസൈന്‍. സ്ട്രക്ചര്‍ നിര്‍മ്മാണത്തിന് പാരഫിന്‍ വാട്ടര്‍ പ്രൂഫിങ് കൊണ്ട് ട്രീറ്റ് ചെയ്ത പേപ്പര്‍ ട്യൂബുകള്‍ പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് ബേസിലേക്ക് ഉറപ്പിക്കുന്നു. പ്രത്യേക അളവുകളിലായിരിക്കും ഈ ബേസുകള്‍. ഒരു പശമിശ്രിതം കൊണ്ട് ഇവയെ കൂടുതല്‍ ബലപ്പെടുത്താനുമാവും. കേരളത്തിലെ ഹ്യൂമിഡിറ്റി നിറഞ്ഞ കാലാവസ്ഥയിലും ഈ ഉല്‍പ്പന്നം വിജയകരമാകും എന്നാണ് എന്റെ പക്ഷം.

റാമ്ഡ് എര്‍ത്ത് ബ്ലോക്കാണ് ഇവിടെ പ്രചാരം നേടേണ്ട മറ്റൊരു മെറ്റീരിയല്‍. ഇത് മണ്ണിനെ ബലമായി അമര്‍ത്തി ചെയ്‌തെടുക്കുന്ന ഒന്നാണ്. ക്ലേ, മണല്‍, ചരല്‍ എന്നിവയടങ്ങുന്ന മിശ്രിതത്തെ ഈര്‍പ്പം കൊണ്ട് ബലമായി അമര്‍ത്തിയാണ് ഇതിന്റെ നിര്‍മ്മാണം. റാമ്ഡ് മഡ് ബ്ലോക്കുകള്‍ ആവശ്യമുള്ള രൂപത്തിലും അളവിലും ചെയ്‌തെടുക്കാം. ഒരു കെട്ടിടത്തിന്റെ എല്ലാ ഭിത്തികളും ഒരുപോലെയുള്ള കനത്തിലായിരിക്കില്ല. അവയ്ക്ക് പൊതുവായ അളവുമില്ല. റാമ്ഡ് മഡ് ബ്ലോക്കുകള്‍ ഉപയോഗിച്ചാല്‍ ഏതു കനത്തിലുള്ള ഭിത്തിയും സാധ്യമാണ്. കുന്നിന്‍ ചരിവിലും മറ്റുമുള്ള വീടുകള്‍ക്ക് നാച്വറല്‍ ലാന്‍ഡ്‌സ്‌കേപ്പ് പ്രയോജനപ്പെടുത്തിക്കൊണ്ട് വീടുപണിയാനുള്ള സാധ്യതയുമുണ്ട്.

റാമ്ഡ് എര്‍ത്ത് ഭിത്തികള്‍ പൊതുവേ ചെലവു കുറഞ്ഞതും വളരെ പരിസ്ഥിതി സൗഹാര്‍ദ്ദവുമാണ്. നമ്മുടെ പ്രാചീനകാല നിര്‍മ്മിതികളില്‍ തന്നെ ഇവ ഉപയോഗിച്ചിരുന്നതാണ്. ഭാവിയില്‍ വിപ്ലവാത്മകമായ രീതിയില്‍ കെട്ടിടനിര്‍മ്മാണ മേഖലയില്‍ വ്യാപകമാകാനിടയുള്ള മറ്റു ചില ബദല്‍ ഉല്‍പ്പന്നങ്ങളെക്കുറിച്ചു കൂടി പരാമര്‍ശിക്കാം.

സസ്റ്റയ്‌നബിള്‍ കോണ്‍ക്രീറ്റ്

കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ 7-10 ശതമാനം വരെയുള്ള നിര്‍ഗമനത്തിനു കാരണമായ പദാര്‍ത്ഥങ്ങളില്‍ ഒന്ന് കോണ്‍ക്രീറ്റാണ്. അതിനാല്‍ നമുക്ക് സുസ്ഥിരമായ രൂപങ്ങളിലുള്ള കോണ്‍ക്രീറ്റ് – അതായത് റീസൈക്കിള്‍ ചെയ്ത മെറ്റീരിയലുകള്‍ കൂടി ഉപയോഗിച്ചുണ്ടാക്കുന്നവ – ആവശ്യമുണ്ട്. കോണ്‍ക്രീറ്റില്‍ പലതരം മെറ്റീരിയലുകള്‍ മിക്‌സ് ചെയ്ത് സുസ്ഥിര കോണ്‍ക്രീറ്റ് ഉല്പാദിപ്പിക്കുവാനാകും. പൊടിച്ച ഗ്ലാസ്, തടിക്കഷ്ണങ്ങള്‍, സ്റ്റീല്‍ നിര്‍മ്മാണത്തിലെ ഉപോത്പന്നമായ ലോഹമാലിന്യം ഇവയെല്ലാം സസ്റ്റയ്‌നബിള്‍ കോണ്‍ക്രീറ്റില്‍ മിക്‌സ് ചെയ്യാവുന്നതാണ്. ഇവയൊന്നും ക്ഷണനേരം കൊണ്ട് കോണ്‍ക്രീറ്റില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നില്ല. എങ്കിലും പാഴായിപ്പോകുമായിരുന്ന ചില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക വഴി കാര്‍ബണ്‍ഡൈഓക്‌സൈഡ് പുറന്തള്ളല്‍ കുറെയൊക്കെ കുറയ്ക്കാനാവും.

വൂള്‍ ബ്രിക്കുകള്‍

കമ്പിളി രോമവും, വെള്ളത്തില്‍ വളരുന്ന ഒരുതരം പായലില്‍ നിന്നെടുക്കുന്ന നാച്വറല്‍ പോളിമറും കൂടി മണ്ണില്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന ബ്രിക്കുകളാണിവ. ഈ കട്ടകള്‍ മറ്റ് ബ്രിക്കുകളേക്കാള്‍ 37% ബലക്കൂടുതല്‍ ഉള്ളവയാണ്. അതുപോലെ തണുത്ത, ഈര്‍പ്പമുള്ള കാലാ വസ്ഥയെ ചെറുക്കുന്നതുമാണ്. ഇത് സ്വയം ഉണങ്ങിക്കിട്ടും. സാധാരണ ഇഷ്ടികളുടേതുപോലെ ചുട്ടെടുക്കേണ്ടതില്ലാത്തതിനാല്‍ നിക്ഷിപ്ത ഊര്‍ജ്ജത്തിന്റെ അളവു കുറഞ്ഞിരിക്കും. ഇവ കൂടുതല്‍ സുസ്ഥിരമാണ്, വിഷമില്ലാത്തവയും പ്രാദേശികമായ അസംസ്‌കൃത വസ്തുക്കള്‍ ധാരാളം ഉപയോഗിക്കുന്നതുമാണ്.

സോളാര്‍ ടൈലുകള്‍

പരമ്പരാഗത റൂഫിങ് ടൈലുകള്‍ മണ്ണില്‍ നിന്ന് കുഴിച്ചെടുക്കുന്നവയോ, കോണ്‍ക്രീറ്റ് അല്ലെങ്കില്‍ ക്ലേ ഉപയോഗിച്ച് നിര്‍മ്മിക്കുന്നവയോ ആയിരിക്കും. കെട്ടിടത്തിനൊരു സംരക്ഷണമെന്നതിലുപരി ഇവയൊന്നും ചെയ്യുന്നില്ല. എന്നാല്‍ ഇവ ദിവസം മുഴുവന്‍ സൗരോര്‍ജ്ജം വലിച്ചെടുത്തു കൊണ്ടിരിക്കുകയും ചെയ്യും. കെട്ടിടത്തിനു മുകളില്‍ ഉറപ്പിക്കുന്ന സോളാര്‍ യൂണിറ്റുകളില്‍ നിന്ന് വ്യത്യസ്തമായി സോളാര്‍ ടൈലുകള്‍ ഉപയോഗിച്ചു മേല്‍ക്കൂര പണിതാല്‍ കാലാവസ്ഥയില്‍ നിന്നു സംരക്ഷണവുമായി, കെട്ടിടത്തിലേക്ക് ആവശ്യമായ ഊര്‍ജവും ഉല്‍പ്പാദിപ്പിക്കാം.

പേപ്പര്‍ ഇന്‍സുലേഷന്‍

കാര്‍ഡ്‌ബോര്‍ഡ്, റീസൈക്കിള്‍ഡ് ന്യൂസ്‌പേപ്പര്‍ എന്നിവ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന പേപ്പര്‍ ആധാരമാക്കിയ ഇന്‍സുലേഷന്‍ രാസപദാര്‍ത്ഥങ്ങളുപയോഗിച്ചുള്ള ഇന്‍സുലേഷന് പകരക്കാരനാണ്. ഷഡ്പദങ്ങളെ ചെറുക്കുന്നതും അഗ്നിയെ പ്രതിരോധിക്കുന്നതുമാക്കാന്‍ ബോറക്‌സ്, ബോറിക് ആസിഡ്, കാല്‍സ്യം കാര്‍ബണേറ്റ് (ഇവയെല്ലാം നാച്വറല്‍ മെറ്റീരിയലുകളും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്തവയുമാണ്) എന്നിവ നിര്‍മ്മാണഘട്ടത്തില്‍ ഉപയോഗിച്ചാല്‍ മതി. ഭിത്തിയിലെ ദ്വാരങ്ങളടയ്ക്കാനും ഭിത്തിയിലെ വിടവുകള്‍ ഇല്ലാതാക്കാനും, വിള്ളലുകള്‍ അടയ്ക്കുവാനും, ‘ഡ്രാഫ്റ്റ് ഫ്രീ’ ആയിട്ടുള്ള സ്‌പേസ് നിര്‍മ്മിക്കുവാനും പേപ്പര്‍ ഇന്‍സുലേഷന്‍ പ്രയോജനപ്രദമാണ്.

ഇനി വരുന്ന കാലഘട്ടം ഇത്തരം ബദലുകളുടേതാണെന്ന് പറയേണ്ടിയിരിക്കുന്നു. അത് ആവശ്യമല്ല; അനിവാര്യതയാണ്.

ചില പുതുമക്കാര്‍

കോപ്പറിന്റെ ഉപ ഉല്‍പ്പന്നമായ കോപ്പര്‍ സ്ലാഗ് കൊണ്ടും നമുക്ക് കെട്ടിടങ്ങള്‍ പണിയാം. കോപ്പര്‍ സംസ്‌ക്കരിക്കുമ്പോള്‍ പുറംതള്ളപ്പെടുന്ന പാഴ്‌വസ്തുക്കളെ യാണ് പൊതുവേ ‘കോപ്പര്‍ സ്ലാഗ്’ എന്നു വിളിക്കുന്നത്. കേരളത്തില്‍ അത്ര യധികം പ്രചാരമില്ലാത്ത ഈ കോപ്പര്‍ ഉപ ഉല്‍പ്പന്നം കൂടുതലായും ഫ്‌ളോര്‍ ഫില്ലിങ്ങിനാണ് ഉപയോഗിച്ചു പോരുന്നത്. പാഴ്‌വസ്തുവായി മണ്ണിലേക്ക് പുറംതള്ളുന്ന കോപ്പര്‍സ്ലാഗ് പുഴമണലിനു പകരമായിട്ടും നിര്‍മ്മാണത്തിനുപയോഗിക്കാവുന്നതാണ്. മണലിനേക്കാള്‍ പെട്ടെന്ന് ഇത് കോണ്‍ക്രീറ്റിന്റെ ഭാഗമാകുന്നു. പ്ലാസ്റ്ററിങ്ങിനായി ചുണ്ണാമ്പ് ഉപയോഗിക്കുന്നത് കൂടുതല്‍ ബലം കിട്ടാന്‍ ഉപകരിക്കും. ചൂടും തീയും പടരുന്നത് നിയന്ത്രിക്കാനും കോപ്പര്‍ സ്ലാഗിനു കെല്‍പ്പുണ്ട്. ഫ്‌ളോറിങ് ചെയ്യാനാണ് കൂടുതല്‍ ഉചിതം. മണലിനെ അപേക്ഷിച്ച് കോപ്പര്‍ സ്ലാഗ് ഈര്‍പ്പം നില്‍ക്കുന്നത് കുറയ്ക്കാന്‍ കഴിവുള്ളവയാണ്. കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ പരമാവധി വിടവുകളിലേക്ക് ഇവ കയറിച്ചെല്ലുമെന്നുള്ളതിനാല്‍ അകത്ത് സുഷിരങ്ങള്‍ ഉണ്ടാകാതെ സംരക്ഷിക്കാനും കോപ്പര്‍ സ്ലാഗിന്റെ ഉപയോഗം മൂലം സാധ്യമാണ്. കോപ്പര്‍ സ്ലാഗ് കൊച്ചി, കോയമ്പത്തൂര്‍, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാണ്.

തെര്‍മല്‍ പ്ലാന്റുകളില്‍ നിന്നും തള്ളപ്പെടുന്ന പാഴ്‌വസ്തുക്കള്‍ കൊണ്ടാണ് ‘ഫ്‌ളൈ ആഷ് ബ്രിക്‌സ്’ ഉണ്ടാക്കുന്നത്. പ്രധാനമായും കല്‍ക്കരിയുടെ ഉപ ഉല്‍പ്പന്നമായാണ് ഫ്‌ളൈ ആഷ് ബ്രിക്‌സ് കരുതപ്പെടുന്നത്. പ്രകൃതിയിലേക്ക് പുറംതള്ളുന്ന പാഴ്‌വസ്തുക്കളില്‍ നിന്ന് ലഭ്യമായതുകൊണ്ട് ഫ്‌ളൈ ആഷ് ബ്രിക്‌സിനെ ഇക്കോ ഫ്രണ്ട്‌ലിയാണെന്ന് പറയാം. മണ്‍കട്ടകളെക്കാളും 2.5 മടങ്ങ് കനം കുറഞ്ഞതാണെങ്കിലും മണ്‍കട്ടകളുടെ അതേ ബലംതന്നെ ഫ്‌ളൈ ആഷ് ബ്രിക്‌സ് പ്രദാനം ചെയ്യുന്നു. ട്രാന്‍സ്‌പോര്‍ട്ടേഷനിലും മറ്റു പെരുമാറലുകളിലും നാശം സംഭവിക്കില്ല എന്നത് ഇവയെ ആര്‍ക്കിടെക്റ്റുകള്‍ക്ക് പ്രിയമുള്ളതാക്കുന്നു. 45% കല്‍ക്കരി സംസ്‌ക്കരണ വെയ്സ്റ്റും, ബാക്കി മണലും, ലൈമും, ജിപ്‌സവും ചേര്‍ന്ന താണ് ഫ്‌ളൈ ആഷ് ബ്രിക്‌സ്. ചുണ്ണാമ്പ് ഉപയോഗിച്ച് ഈ ബ്രിക്കുകളെ പ്ലാസ്റ്റര്‍ ചെയ്യാം. ചുണ്ണാമ്പാണെങ്കില്‍ കുറഞ്ഞ അളവില്‍ മതിയെന്നതും ഒരു പ്രത്യേകതയാണ്. വെള്ളം വലിയ തോതില്‍ വലിച്ചെടുക്കാത്തതും കട്ടകളുടെ ബലം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കേരളത്തിലും ഫ്‌ളൈ ആഷ് ബ്രിക്‌സ് ലഭ്യമാണ്.

ഭിത്തി, സീലിങ്, വാതിലുകള്‍ തുടങ്ങി കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കാവുന്ന ഒരു ഉല്‍പ്പന്നമാണ് ‘ബൈസന്‍ പാനല്‍’ അഥവാ സിമന്റ് ബോര്‍ഡുകള്‍. 6 മില്ലി മീറ്റര്‍, 10 മില്ലി മീറ്റര്‍, 12 മില്ലി മീറ്റര്‍, 16 മില്ലി മീറ്റര്‍ തുടങ്ങിയ അളവുകളില്‍ ബൈസന്‍ പാനലുകള്‍ ലഭ്യമാണ്. മറ്റു നിര്‍മ്മാണ ഉപാധികളെ അപേക്ഷിച്ച് വളരെ ഭാരം കൂടിയവയാണിത്. ആ ഭാരം തന്നെയാണ് ഇവയുടെ കരുത്തും. 62 ശതമാനം സിമന്റും 28% മരവും ചേര്‍ത്ത്, സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ബൈസന്‍ പാനല്‍ നിര്‍മ്മിക്കുന്നത്. ബോര്‍ഡുകള്‍ തമ്മില്‍ ലോക്ക് ചെയ്ത് സ്‌ക്രൂ ചെയ്താണ് ഇവ ഉറപ്പിക്കുന്നത്. സീലിങ്, കബോര്‍ഡുകള്‍, വാതിലുകള്‍, ലൂവറുകള്‍, കിച്ചന്‍ ഡിസൈനിങ് എന്ന് തുടങ്ങി എക്സ്റ്റീരിയര്‍ ഡിസൈനിങ്ങിനു വരെ ഇവ ഉപയോഗിക്കാം. ഗ്രേ, ഐവറി തുടങ്ങിയ ഡിസൈനുകളിലും തേക്കിന്‍ തടിയുടെ നിറത്തിലും ബൈസന്‍ പാനലുകള്‍ ലഭ്യമാണ്. ഇതില്‍ ഈര്‍പ്പം നിലനില്‍ക്കുകയോ പടരുകയോ ചെയ്യില്ല. മഴ, തീ എന്നിവ മൂലം ഉണ്ടാവുന്ന ഒരു ആക്രമണവും ബൈസന്‍ പാനലുകളെ നശിപ്പിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *