ആവശ്യമുള്ളതു മാത്രം എടുക്കുക

പണം ഒരുപാടുണ്ട്. വിഭവങ്ങള്‍ കുറവാണ്. ഇപ്പോഴത്തെ ഒരു വീടും 50 വര്‍ഷം കഴിഞ്ഞ് നിലനില്‍ക്കുമെന്നോ, അന്നുള്ള തലമുറ അത് ഉപയോഗിക്കുമെന്നോ യാതൊരു ഉറപ്പുമില്ല. 50 വര്‍ഷത്തേക്ക് 2 പേര്‍ക്ക് താമസിക്കുവാന്‍ ഒരു വീടിന് എത്ര വിഭവങ്ങള്‍ വേണം എന്ന് കണക്കാക്കി അതിനുള്ളത് മാത്രമേ ഉപയോഗിക്കാവൂ

പ്രകൃതിവിഭവങ്ങള്‍ ഒരിക്കലും വാങ്ങാന്‍ കിട്ടില്ല. അത് വീണ്ടും വീണ്ടും ഉണ്ടായി വരുന്നില്ല. ഉള്ളത് നിലനിര്‍ത്തുക. പണം കൊണ്ട് പ്രകൃതി വിഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ല.

ഒരാളുടെ കൈയ്യില്‍ 3 കോടി രൂപയുണ്ടെങ്കില്‍ അത് മുഴുവന്‍ ചെലവഴിച്ച് വീടു വയ്ക്കണം എന്നു യാതൊരു നിര്‍ബന്ധവുമില്ല. നമ്മുടെ ആവശ്യമെന്താണോ അത് അറിഞ്ഞ് നിറവേറ്റുവാന്‍ പാകത്തിനുള്ള വീടു വയ്ക്കുകയാണ് ഉചിതം.

നമ്മുടെ ആവശ്യങ്ങളായിരിക്കണം പരിധി നിശ്ചയിക്കേണ്ടത്; പണമാകരുത്. കെട്ടിട നിര്‍മ്മാണം മാത്രമല്ല ഏതൊരു കാര്യത്തിനും ഇത് ബാധകമാണ്.

രണ്ട് ആളുകള്‍ മാത്രമുള്ളിടത്ത് എന്തിനാണ് 5000 സ്ക്വയര്‍ഫീറ്റ് വീട്? വീടിന്‍റെ ഏരിയ നിശ്ചയിക്കുന്നത് അതില്‍ താമസിക്കുന്ന ആളുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കണം.

ഓരോ വീടു പണിയുമ്പോഴും ഇവിടുത്തെ ‘നാച്വറല്‍ റിസോഴ്സുകള്‍’ നമ്മള്‍ ആവശ്യത്തിലധികം എടുത്ത് ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തുന്നത്. അതില്‍ മരം വേണമെങ്കില്‍ വീണ്ടും നട്ടുപിടിപ്പിച്ച് നമുക്ക് പ്രകൃതിക്ക് തിരിച്ചു നല്‍കാം.

എന്നാല്‍ തിരിച്ചു കൊടുക്കാനാവാത്ത, നമുക്ക് നിര്‍മ്മിക്കുവാന്‍ കഴിയാത്ത കല്ല്, മണ്ണ്, ഭൂമി പോലുള്ള വിഭവങ്ങള്‍ ഏറ്റവും അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക. ഭാവി തലമുറയ്ക്ക് ഉപയോഗിക്കാനുള്ളതില്‍ നിന്നും കടമെടുത്താണ് ഇപ്പോള്‍ തന്നെ നാം ജീവിക്കുന്നത്.

നമുക്ക് ആവശ്യമായ പ്രകൃതി വിഭവങ്ങള്‍ നിലനിര്‍ത്തുവാനും കൈമാറുവാനും നാം ബാധ്യസ്ഥരാണ്. പണത്തിന് അനുസരിച്ച് വിഭവങ്ങള്‍ ഉപയോഗിക്കുകയല്ല വേണ്ടത്. വിഭവങ്ങള്‍ക്കനുസരിച്ച് മാത്രം പണം ചെലവഴിക്കുകയാണ് വേണ്ടത്. പണം ഒരുപാടുണ്ട്.

ഓരോ വീടു പണിയുമ്പോഴും ഇവിടുത്തെ ‘നാച്വറല്‍ റിസോഴ്സുകള്‍’ നമ്മള്‍ ആവശ്യത്തിലധികം എടുത്ത് ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തുന്നത്.

വിഭവങ്ങള്‍ കുറവാണ്. ഇപ്പോഴത്തെ ഒരു വീടും 50 വര്‍ഷം കഴിഞ്ഞ് നിലനില്‍ക്കുമെന്നോ, അന്നുള്ള തലമുറ അത് ഉപയോഗിക്കുമെന്നോ യാതൊരു ഉറപ്പുമില്ല.

50 വര്‍ഷത്തേക്ക് 2 പേര്‍ക്ക് താമസിക്കുവാന്‍ ഒരു വീടിന് എത്ര വിഭവങ്ങള്‍ വേണം എന്ന് കണക്കാക്കി അതിനുള്ളത് മാത്രമേ ഉപയോഗിക്കാവൂ.

അല്ലാത്ത പക്ഷം നാം വിഭവങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ്. ഇത്തരം വിഭവങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം നിബന്ധന ഉണ്ടായിരിക്കണം. നാമത് പാലിച്ചിരിക്കണം. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇത്തരം യാതൊരു നിബന്ധനയും നാളിതുവരെ നമുക്ക് ഇവിടെ ഉണ്ടായിട്ടില്ല എന്നുള്ളതാണ്.

ഒരാള്‍ക്ക് രണ്ട് വീട് പാടില്ല. കാരണം രണ്ട് ഭര്‍ത്താവ് അല്ലെങ്കില്‍ രണ്ട് ഭാര്യ പാടില്ല എന്നല്ലേ നിയമം? ഒരാള്‍ക്ക് രണ്ട് വീതം വീടുവയ്ക്കുവാന്‍ വേണ്ട വിഭവങ്ങള്‍ ഭൂമിയില്‍ ഇല്ല എന്നതുതന്നെ.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

നമ്മള്‍ക്ക് അവകാശമുള്ളത് മാത്രമേ എടുക്കാവൂ. മറ്റൊരു തലമുറയുടെ വിഭവങ്ങള്‍ കവര്‍ന്നെടുക്കാന്‍ പാടില്ല. അവരുടെ ജീവിതമാണ് നമ്മള്‍ ഇല്ലാതാക്കുന്നത്.

വീടിന്‍റെ വലിപ്പവും ഉപയോഗിക്കുന്ന മെറ്റീരിയലുകളും വളരെ പ്രധാനമാണ്. നമ്മുടെ സര്‍ക്കാര്‍ പ്രളയത്തില്‍ വീടു തകര്‍ന്നവര്‍ക്ക് നല്‍കുന്നത് 4 ലക്ഷം രൂപയാണ്. ഇന്നത്തെ നിര്‍മ്മാണ രീതികളും സാമഗ്രികളും ഉപയോഗിച്ച് 4 ലക്ഷം കൊണ്ട് വീടുവയ്ക്കല്‍ എളുപ്പമല്ല.

പക്ഷേ ഏറ്റവും കുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിച്ച് എല്ലാ സൗകര്യങ്ങളുമുള്ള വീടുവയ്ക്കുവാന്‍ സാധിക്കുന്നിടത്ത് മാത്രമാണ് വാസ്തുകല വിജയിക്കുക എന്ന് നിസ്സംശയം പറയാം.

അനാവശ്യമായ നിര്‍മ്മാണം ഇവിടെ ധാരാളമുണ്ട്. അത് നിര്‍ത്തലാക്കണം. ഒന്നും സ്ഥിരമായി നിലനില്‍ക്കില്ല എന്ന് ആദ്യം മനസിലാക്കണം.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

വികസനം ഒരിക്കലും കാട് കയ്യേറി, നമ്മുടെ ജലാശയങ്ങളുടെ തീരം കയ്യടക്കി, കാലാവസ്ഥയെ തകിടം മറിച്ചുകൊണ്ടാവരുത്. വികസനം വേണ്ട എന്നല്ല, പക്ഷേ പ്രകൃതിയെ മാനിക്കുന്ന തരത്തിലുള്ള ദീര്‍ഘവീക്ഷണം ഉണ്ടാവണം.

കേരളത്തിലെ നിര്‍മ്മാണ രീതികളില്‍ ധാരാളം അപാകങ്ങള്‍ ഉണ്ട്. അതിലൊന്നാണ് വലിയ മതിലുകള്‍. ഇത്ര ഉപയോഗ ശൂന്യമായ ഒരു നിര്‍മ്മിതി വേറെയില്ല. മതിലിനു വേണ്ടി നാം എത്ര വിഭവങ്ങളാണ് പാഴാക്കുന്നത്.

മതില്‍ സുരക്ഷിതത്വത്തിനു വേണ്ടിയാണോ? എന്ത് സുരക്ഷിതത്വമാണ് മതില്‍ നല്‍കുന്നത്. കഴിഞ്ഞ പ്രളയം ഏറ്റവും കൂടുതല്‍ തകര്‍ത്തത് മതിലുകളാണ്.

വിഭവങ്ങള്‍ മാത്രമല്ല ഊര്‍ജ്ജവും നമ്മള്‍ അനാവശ്യമായി ചെലവഴിക്കുന്നുണ്ട്. ഫാനും, എ സി യും ഇല്ലാത്ത വീടുകള്‍ ഇന്നില്ല. നമുക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ എന്ത് ഉപയോഗിക്കുന്നതും നിയമലംഘനമാണ്.

YOU MAY LIKE: മിനിമല്‍ കന്റംപ്രറി ഹോം

പശ്ചിമഘട്ടമാണ് നമ്മുടെ കാലാവസ്ഥയുടെ അടിസ്ഥാനം. പശ്ചിമ ഘട്ടത്തെ ബാധിക്കുന്ന ഏതു മാറ്റവും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മെ ബാധിച്ചിരിക്കും.

കാലാവസ്ഥ, ബയോഡൈവേഴ്സിറ്റി, ഇലക്ട്രിസിറ്റി, പുഴ, വെള്ളം, കൃഷി, ടൂറിസം, ആയുര്‍വേദം, കയറ്റുമതി, വ്യവസായം, അസംസ്കൃത വസ്തുക്കള്‍ എന്നിങ്ങനെ ജീവിതത്തിന്‍റെ സമസ്ത മേഖലകളും ബന്ധപ്പെട്ടു കിടക്കുന്നത് പശ്ചിമഘട്ടവുമായാണ്.

അവിടെയുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മുടെ കാലാവസ്ഥയെ ബാധിക്കും, അത് മഴയായി, വെള്ളമായി, ഉരുള്‍പൊട്ടലായി, ഭൂമികുലുക്കമായി നമ്മുടെ കൃഷിയെ, ജീവിതത്തെ, സാമ്പത്തിക രംഗത്തെ എന്നുവേണ്ട എല്ലാത്തിനെയും ബാധിക്കും.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

‘വാട്ടര്‍ഫ്രണ്ട്’, ‘ഹില്‍വ്യൂ’, ‘റിവര്‍ വ്യൂ’ ഇതൊക്കെ നോക്കി വീടുവച്ചിരുന്നവരായിരുന്നു നാം. യഥാര്‍ത്ഥത്തില്‍ ഈ പറഞ്ഞ ഏരിയകളൊന്നും വീടുവയ്ക്കുവാന്‍ യോജ്യമല്ല.

കേരളത്തിലെ പുഴകള്‍ വെള്ളമുയരാന്‍ സാധ്യതയുള്ളവയാണ്. പുഴയുടെ സമീപത്തെ വീട് സുസ്ഥിരമല്ല. പുഴ ഒരു ചാനലല്ല, കനാല്‍ അല്ല. അതൊരു ജൈവഘടനയാണ്.

പുഴയില്‍ വെള്ളം വന്നാല്‍ അതിന് ഒഴുകി പരക്കാന്‍ ഇടം വേണം. കേരളത്തെ സംബന്ധിച്ച് വെള്ളപ്പൊക്കം പണ്ടും ഉണ്ടായിരുന്നു. അത് ഒരു പ്രകൃതി ദുരന്തമല്ല. സ്വാഭാവികമായിരുന്നു.

ചില പ്രത്യേക അവസരങ്ങളില്‍ മാത്രമുണ്ടാകുന്നതായിരുന്നു. അതിനെ ദുരന്തമാക്കി മാറ്റിയത് നമ്മുടെ ചെയ്തികളാണ്. വെള്ളപ്പൊക്കമാകട്ടെ, ഭൂകമ്പമാകട്ടെ, ഇവയൊക്കെ ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ മരിക്കുവാനിടയാകുന്നത് നമ്മള്‍ കെട്ടിപ്പൊക്കിയ കനത്ത മതിലുകളും, കെട്ടിടങ്ങളും മറ്റും ഇടിഞ്ഞു വീണാണ്.

അതെ, നമ്മുടെ ജീവിത സംസ്കാരമാണ് നമ്മളെ തകര്‍ക്കുന്നത്.
ഭൂകമ്പ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഒരിക്കലും രണ്ടുനില കെട്ടിടങ്ങള്‍ പണിയാറില്ല.

അതേസമയം നമ്മളിവിടെ ചെയ്യുന്നത് എത്ര ഭാരപ്പെട്ട മേല്‍ക്കൂരകളാണ്. നമുക്ക് എത്ര വേണം, അതിനു വേണ്ടത് മാത്രം നിര്‍മ്മിക്കുക. ഓരോ ഏരിയയിലും എങ്ങനെ വീടു പണിയാം, ഏതു ഭൂമി ഉപയോഗിക്കാം എന്നൊക്കെ അറിഞ്ഞിരിക്കണം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അനുസരിച്ചാണെങ്കില്‍ 30 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവ് ഉള്ളിടത്ത് കെട്ടിടം പണിയാന്‍ പാടില്ല. എന്നാല്‍ നാമിവിടെ മലയോര പ്രദേശത്ത് പ്രത്യേകിച്ച് മൂന്നാര്‍, വയനാട് പോലുള്ള സ്ഥലങ്ങളില്‍ തികച്ചും അശാസ്ത്രീയമായി ഭൂമിയെ കുറുകെ മുറിച്ചുകൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

അതേപോലെ, പാറകള്‍ ഉള്ളിടത്ത് കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ പാറയില്‍, പലപ്പോഴും നീളത്തില്‍ വിടവുകള്‍ കാണും. അത് പോലും നോക്കാതെയാണ് ഇവിടെ നിര്‍മ്മാണം നടത്തുക.

ജനങ്ങള്‍ക്ക് അറിവില്ലായെങ്കില്‍ ആര്‍ക്കിടെക്റ്റ് അല്ലെങ്കില്‍ എഞ്ചിനീയര്‍ അറിവു പകരണം. എങ്ങനെ വീട് വയ്ക്കാം, എങ്ങനെ വീടു വയ്ക്കരുത്, ചെലവ്, വിഭവങ്ങള്‍, വീടിന്‍റെ വലിപ്പം, ഭൂമി എന്നിവയെക്കുറിച്ചെല്ലാം ആര്‍ക്കിടെക്റ്റ് ബോധവാനാകണം. അത് ജനങ്ങളോട് പറഞ്ഞു കൊടുക്കുകയും വേണം.

പ്രകൃതിയുടെ നിയമത്തിന് അതീതരല്ല ആരും. ഒരു സംസ്കാര പൂര്‍ണ്ണമായ ജനതതിയുടെ രൂപീകരണം ഇവിടെ നിന്നെങ്കിലും ആരംഭിക്കണം.

വീടുവയ്ക്കലില്‍, പ്രകൃതി വിഭവങ്ങളുടെയും, എനര്‍ജിയുടെയും ഉപയോഗത്തില്‍ എല്ലാറ്റിലും മിനിമം കൊണ്ട് ചെയ്യുവാനും തൃപ്തിപ്പെടുവാനും നാം പഠിച്ചേ മതിയാവൂ.

അതിനായി കൂട്ടായ ശ്രമം വേണം; വേണമെങ്കില്‍ നിയമങ്ങള്‍ തന്നെ കൊണ്ടുവരണം. ഇത് ഒരാളുടെ, ഒരു വിഭാഗത്തിന്‍റെ മാത്രം ചുമലതയല്ല.

നിയമ നിര്‍മ്മാണം, ബോധവല്‍ക്കരണ നടപടികള്‍, പോരായ്മകള്‍ പരിഹരിക്കല്‍, പഠനങ്ങള്‍, കൃത്യമായ കണ്ടെത്തലുകള്‍, കാലാവസ്ഥാ പഠനം, ഭൂമിയെ അറിയല്‍ എന്നിങ്ങനെ എല്ലാ തിരിച്ചറിവുകള്‍ക്കും ശേഷം പ്രകൃതിക്കനുസരിച്ചുള്ള കെട്ടിട നിര്‍മ്മാണത്തിന്, പുതിയൊരു കെട്ടിടനിര്‍മ്മാണ സംസ്ക്കാരത്തിന് രൂപം കൊടുക്കുക. അതിനായി മനുഷ്യ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുക.

(വിവരങ്ങള്‍ക്കു കടപ്പാട്: സി.ആര്‍. നീലകണ്ഠന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍. ഫോണ്‍: 9446496332)

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*