നാലുമാസം കൊണ്ടൊരു രൂപമാറ്റം

Project Specifications

നാലുമാസം കൊണ്ട് എന്തു സംഭവിക്കും? എന്തും സംഭവിക്കാം! ചോദ്യം കൊല്ലം ജില്ലയിലെ കല്ലടയിലുള്ള ഡിസൈനര്‍ അരുണിനോടാണെങ്കില്‍ ഉത്തരം ഇങ്ങനെയായിരിക്കും. ”നാലുമാസം കൊണ്ട് ഒരു വീടുപണി തീര്‍ക്കാം!”

ഈസ്റ്റ് കല്ലടയിലുള്ള രാമചന്ദ്രന്‍ പിള്ളയ്ക്ക് തന്റെ വീട് പുതുക്കി പണിയുവാന്‍ എല്ലാ സാഹചര്യങ്ങളും അനുകൂലമായി വന്നു; പക്ഷേ ഇല്ലാതിരുന്നത് ഒന്നു മാത്രം ‘സമയം’. നാലുമാസം എന്ന ചെറിയ സമയദൈര്‍ഘ്യത്തിനുള്ളില്‍ തന്നെ അദ്ദേഹത്തിന് വീടുപണി പൂര്‍ത്തിയാക്കേണ്ടിയിരുന്നു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ വീടുപണി; അതും പൂര്‍ണ്ണതോതിലുള്ള റെനവേഷന്‍- അല്പം സാഹസികമാണെങ്കിലും ഗൃഹനാഥന്റെ ബന്ധു കൂടിയായ അരുണിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ഗ്രൂപ്പ് വീടുപണി ഏറ്റെടുക്കുവാന്‍ തയ്യാറായി മുന്നോട്ടു വരികയായിരുന്നു.

പ്രകടമായ മാറ്റങ്ങള്‍

അരുണും തന്റെ സുഹൃത്തും പാര്‍ട്ണറുമായ റസീമും ചേര്‍ന്ന് ട്രഡീഷണല്‍ ശൈലിയിലായിരുന്ന പഴയ വീടിനെ ഉടച്ചുവാര്‍ത്ത് ആധുനികരീതിയില്‍ കാലത്തിനിണങ്ങിയതാക്കി മാറ്റിയത് പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ.

”ഗ്രാമപ്രദേശമാണ് എന്നു കരുതി ഗ്രാമീണ ശൈലി വേണമെന്നില്ല. വീടിന് മാറ്റം വന്നത് ഒറ്റനോട്ടത്തിലറിയണം. എലിവേഷന് മോഡേണ്‍ ശൈലി നല്‍കിയാല്‍ പുതിയ വീടെന്നു തോന്നിക്കൊള്ളും” എന്നിങ്ങനെയായിരുന്നു ബാലചന്ദ്രന്‍പിള്ളയും കുടുംബവും മുന്നോട്ടുവച്ച ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും. വീടിന്റെ പൂമുഖത്ത് ചാരുപടിയും തൂണുകളും ഉണ്ടായിരുന്നത് പൊളിച്ചുമാറ്റി. കാര്‍പോര്‍ച്ചിനെ ഒരു വശത്തൊതുക്കി. ചെടികളും പെബിളുകളും ഉള്ള കോര്‍ട്ട്‌യാര്‍ഡോടു കൂടിയ തുറന്ന വരാന്തയാക്കി, വീടിന്റെ പൂമുഖം. പ്രധാനവാതിലിന്റെ സ്ഥാനം മാറ്റി. ഫോയര്‍ ഏരിയ കൂട്ടിച്ചേര്‍ത്തു. പൂജാ ഏരിയയ്ക്ക് ഭിത്തിയില്‍ സ്ഥാനം നല്‍കി.

ലിവിങ് ഏരിയയ്ക്ക് അഭിമുഖമായി ചെറിയൊരു ഡ്രൈ കോര്‍ട്ട്‌യാര്‍ഡ് ഉണ്ടിപ്പോള്‍. സീലിങ് വുഡുപയോഗിച്ച് ഹൈലൈറ്റ് ചെയ്ത് ലൈറ്റിങ്ങിനു പ്രാധാന്യം നല്‍കിയിരിക്കുന്നു. ലിവിങ്, ഡൈനിങ് ഏരിയകള്‍ക്ക് ഹാഫ് പാര്‍ട്ടീഷനാകുന്നത് ഫോയറിന്റെ ഭാഗമായ ഭിത്തിയും അതിലെ ഷെല്‍ഫുമാണ്. ആദ്യമുണ്ടായിരുന്ന സ്റ്റെയര്‍കേസ് പൂര്‍ണ്ണമായും മാറ്റി സുതാര്യമാക്കിക്കൊണ്ട് കന്റംപ്രറി ശൈലിക്ക് ഇണങ്ങുന്നതുമാക്കി. ഡൈനിങ് ഏരിയയുടെ ഒരു വശത്ത് ഒതുങ്ങിയാണ് പുതിയ സ്റ്റെയര്‍കേസിന്റെ സ്ഥാനം. വാഷ് ഏരിയയ്ക്ക് വളരെ ഒതുക്കത്തില്‍ സ്ഥാനം നല്‍കി.

നിറം മാറ്റം

2000 സ്‌ക്വയര്‍ ഫീറ്റ് ഏരിയയുണ്ട് ഇപ്പോള്‍ വീടിന്. നേരത്തെ ഉണ്ടായിരുന്ന അടുക്കള പാടേ മാറ്റി, വര്‍ക്കേരിയ കൂട്ടിച്ചേര്‍ത്തു. ആദ്യം ലിവിങ് ഏരിയയില്‍ നിന്നുമായിരുന്നു പ്രവേശനം എങ്കില്‍ ഇപ്പോള്‍ അടുക്കള പുറത്തറിയാത്ത വിധമാക്കി; ഡൈനിങ് ഏരിയയില്‍ നിന്നും പ്രവേശനം നല്‍കി. അതോടെ അടുക്കള സൗകര്യവും, സൗന്ദര്യവും ഒത്തു ചേര്‍ന്നതായി.

ബ്ലാക്ക് & വൈറ്റ് നിറങ്ങളാണ് കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത്. ബെഡ്‌റൂമുകള്‍ക്ക് ഫര്‍ണിഷിങ്ങില്‍ മാത്രം വ്യത്യസ്ത കളര്‍തീമും, അടുക്കളയ്ക്ക് ചുവപ്പു വര്‍ണ്ണവും സ്വീകരിച്ചു. തറയും ഭിത്തിയും സീലിങ്ങും വെള്ള നിറത്തിലായതോടെ പഴയ വീടിനുണ്ടായിരുന്ന ഇരുണ്ട അന്തരീക്ഷം പാടേ മാറി.മുകളിലും താഴെയുമായി 4 കിടപ്പുമുറികളാണ്. മാസ്റ്റര്‍ ബെഡ്‌റൂം പൂര്‍ണ്ണമായും ബ്ലാക്ക് & വൈറ്റ് തീമിലാണ്. മക്കളായ വിഷ്ണുവിനും വിനോദിനും വേണ്ടി അവരുടെ ഇഷ്ടമനുസരിച്ചാണ് മുറികള്‍ ചിട്ടപ്പെടുത്തിയത്. വിഷ്ണു നേച്വര്‍ ഫോട്ടോഗ്രാഫി പ്രിയനാണ്. അതിനാല്‍ വിഷ്ണുവിന്റെ റൂമിന് മൊത്തത്തില്‍ പ്രകൃതിയുടെ വര്‍ണ്ണമായ പച്ചയ്ക്കു സ്ഥാനം നല്‍കി.

അപ്പര്‍ ലിവിങ്ങില്‍ ഒരു ബാര്‍കൗണ്ടര്‍ പുതുതായി കൂട്ടിച്ചേര്‍ത്തു. ഫസ്റ്റ് ഫ്‌ളോറിന്റെ പുറംവരാന്തയില്‍ ഇരിപ്പിട സൗകര്യം നല്‍കി ലാന്‍ഡ്‌സ്‌കേപ്പിലെ കാഴ്ചവിരുന്ന് ആസ്വദിക്കുവാനുള്ള സൗകര്യവും ചേര്‍ത്ത് ഒരു ബാല്‍ക്കണിയുടെ മട്ടിലാക്കിയിട്ടുണ്ട്. 23 സെന്റ് സ്ഥലം ഉണ്ടായിരുന്നു പ്ലോട്ട്. അതിനാല്‍ മുന്‍ഭാഗത്ത് വിസ്തൃതി ഉള്ള ലാന്‍ഡ്‌സ്‌കേപ്പിനുസ്ഥലം ലഭിച്ചു. പച്ചപ്പിനും വീടിനുചുറ്റുമുണ്ടായിരുന്ന മരങ്ങള്‍ക്കും കേടുപാടുകളൊന്നും വരുത്താതെ നല്ലൊരു ലാന്‍ഡ്‌സ്‌കേപ്പ് തീര്‍ക്കുവാനായി. വീടിനകം മൊത്തത്തില്‍ കന്റംപ്രറി ശൈലി ആണെങ്കിലും പുറംകാഴ്ചയില്‍ കേരളീയ ശൈലിയ്ക്കാണ് പ്രാധാന്യം. വീടിന്റെ എക്സ്റ്റീരിയര്‍ വ്യൂവിന് ചേരുന്നതാണ് ഗേറ്റിലെ അലങ്കാരങ്ങള്‍. വെറും 4 മാസം കൊണ്ട് വളരെ പ്രകടമായ മാറ്റമാണ് ഈ വീടിന് കൈവന്നത്. പുതിയൊരു വീടു പണിതിരിക്കുന്നുവെന്നേ ആദ്യം കാണുന്നവര്‍ കരുതൂ. 4 മാസം കൊണ്ട് എന്തും സംഭവിക്കാം; ഒരു വീടിന്റെ വിധി തന്നെ മാറ്റിമറിയ്ക്കാമെന്ന് ഇന്‍സൈറ്റ് ടീം!

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.