ഗൃഹവാസ്തുകലയുടെ പുതിയ മാനങ്ങള്‍

തനിക്കറിയാവുന്ന ലോകോത്തര ആര്‍ക്കിടെക്ചര്‍ അനുഭവങ്ങള്‍ക്ക് രമേഷ് തരകന്‍ ജീവന്‍ നല്‍കിയത് താന്‍ ഡിസൈന്‍ ചെയ്ത ഭവനങ്ങളിലാണ്.

അദ്ദേഹം തന്‍റെ കരിയറില്‍ സ്വകാര്യവസതികള്‍ തുടര്‍ച്ചയായി രൂപകല്‍പ്പന ചെയ്തിരുന്നു. ദീര്‍ഘദര്‍ശിത്വത്തോടെ ആണ് അദ്ദേഹം അവയെല്ലാം നിര്‍വഹിച്ചത്.

ആധുനിക വാസ്തുകല പരിശീലിച്ചതിനു ശേഷം കേരളത്തില്‍ പ്രാക്റ്റീസ് ചെയ്യാനാരംഭിച്ച ആദ്യത്തെ ആര്‍ക്കിടെക്റ്റ് എന്ന നിലയില്‍ ഒരു പ്രത്യേക ചട്ടക്കൂടിനകത്ത് ഒരു കൂട്ടം വീടുകള്‍ രൂപകല്‍പ്പന ചെയ്തു കൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചു തുടങ്ങിയത്.

ആധുനികതയുടെ സൗന്ദര്യം തുളുമ്പുന്ന കടുംവര്‍ണ്ണങ്ങള്‍ പൂശിയതും ചുവന്ന ഇഷ്ടിക പുറത്തു കാണത്തക്ക വിധമുള്ളതുമായ നിര്‍മ്മിതികളായിരുന്നു അവ.

രാജ്റെവാള്‍, അച്യുത് കന്‍വിന്ദെ, ചാള്‍സ് കൊറയ മുതലായവരുടെ നിര്‍മ്മിതികളിലൂടെ അത്തരം ശൈലി അന്ന് ഇന്ത്യയില്‍ പ്രചാരത്തിലാകുന്നതേ ഉണ്ടായിരുന്നുള്ളൂ.

ALSO READ: മരട്: കുറ്റം ആരുടേത്? കേരളത്തിലെ ഒരു നഗരത്തിലും കാലാനുസൃതമായി പരിഷ്ക്കരിക്കപ്പെട്ട മാസ്റ്റര്‍ പ്ലാനുകള്‍ ഇല്ല: ആര്‍ക്കിടെക്റ്റ് ജി ശങ്കര്‍

തികച്ചും നൂതനമായ പ്ലാനുകളെ ആസ്പദമാക്കിയ പ്രകാശപൂരിതവും ചിട്ടയായി ക്രമീകരിക്കപ്പെട്ടതുമായ അകത്തളമായിരുന്നു അവയുടേത്. കാലക്രമത്തില്‍ ചെരിവുള്ള മേല്‍ക്കൂരയും രമേഷിന്‍റെ ഡിസൈന്‍ ശൈലിയില്‍ ഇടം പിടിച്ചു.

എന്നാല്‍ വിശാലമായ കഴുക്കോലുകള്‍ക്കു പകരം ഫ്ളാറ്റ് സോഫിറ്റ് സ്ലാബുകളും ഫിന്നുകളും തൂണുകളും ഉള്‍പ്പെട്ട അവ അപ്പോഴും പഴയ ചട്ടക്കൂട്ടില്‍ തന്നെ ഒതുങ്ങി നിന്നു.

YOU MAY LIKE: ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

അദ്ദേഹത്തിന്‍റെ ആദ്യകാല ശൈലിയുടെ ഉത്തമോദാഹരണമാണ് കൊച്ചിയിലെ ചിലവന്നൂര്‍ കായലോരത്തുള്ള ടി കെ വി മേനോന്‍റെ വീട്.

ടി കെ വി മേനോന്‍റെ വീട്

സവിശേഷ ശൈലിയിലുള്ള എക്സ്റ്റീരിയറും വിവിധ ഉയരങ്ങളില്‍ ക്രമീകരിച്ച അകത്തളവും അവിടുത്തെ ജനലുകളും ജലാശയത്തിനഭിമുഖമായി വിന്യസിച്ചതുമെല്ലാം ആധുനിക ശൈലിയുടെ സൂക്ഷ്മതലങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അതിമനോഹരവും കാലാതിവര്‍ത്തിയുമായ ഒരു നിര്‍മ്മിതി ആയിരുന്നു അത്. അലങ്കാരവേലകള്‍ക്കപ്പുറത്ത് നിര്‍മ്മാണത്തിനാവശ്യമായ കര്യങ്ങളെ മാത്രം സന്നിവേശിപ്പിച്ച് ചെയ്ത ഒരു ആധുനിക ഭവനം.

തന്‍റെ വിദേശയാത്രകള്‍ക്കിടയിലാണ് ഏഷ്യയിലെ ഉഷ്ണമേഖലാ വാസ്തുവിദ്യയെ അക്ഷരാര്‍ത്ഥത്തില്‍ പുനരുജ്ജീവിപ്പിക്കുകയും തന്‍റെ രാജ്യത്ത് മികച്ച വീടുകളും റിസോര്‍ട്ടുകളും നിര്‍മ്മിച്ച് ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത ശ്രീലങ്കന്‍ കുലപതിയായ ജെഫ്രിബാവയെ അദ്ദേഹം കണ്ടെത്തിയത്.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

പരമ്പരാഗത വാസ്തുവിദ്യയുടെ സൗന്ദര്യാത്മകതയും അതാതിടങ്ങളിലെ കാലാവസ്ഥക്കനുസൃതമായി നിര്‍മ്മിതികള്‍ ഒരുക്കാനുള്ള പുരാതന വാസ്തുശില്പികളുടെ ആര്‍ജവവും രമേഷിനെ വളരെയധികം സ്വാധീനിച്ചു.

അവയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് അദ്ദേഹം തൊണ്ണൂറുകളുടെ ആദ്യപാദത്തില്‍ സ്വന്തം വീട് രൂപകല്‍പ്പന ചെയ്തത്.

ജേക്കബ്ബ് മാത്യുവിന്‍റെ വീട്

ഗേബിള്‍ മേല്‍ക്കൂരയുള്ള ആധുനിക വീടെന്ന നിലയ്ക്കാണ് നിര്‍മ്മാണം ആരംഭിച്ചതെങ്കിലും കാലക്രമത്തില്‍ അത് ചെരിഞ്ഞ മേല്‍ക്കൂരയും പുറത്തു കാണത്തക്ക വിധമുള്ള കഴുക്കോലുകളും കൊത്തുപണികളും ഉള്ള ഒന്നായി മാറി.

പരമ്പരാഗത രീതിയിലുള്ള മുഖപ്പുകള്‍ ഓടിട്ട മേല്‍ക്കൂരയ്ക്ക് അലങ്കാരമായും മാറി. ചുറ്റോട് ചുറ്റുമുള്ള വരാന്തയുടെ കോണുകളില്‍ നല്‍കിയ വൃത്താകൃതിയിലുള്ള ആര്‍ സി സി തൂണുകള്‍ കൂടിയായപ്പോള്‍ വീടിന്‍റെ പ്രൗഢി പതിന്മടങ്ങായി.

YOU MAY LIKE: ചിത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള വീട്

കളിമണ്‍ ടൈലുകളുടെ അരികുകളില്‍ വെള്ള മാര്‍ബിള്‍ വിരിച്ച നിലം പരവതാനി വിരിച്ചവണ്ണം സുന്ദരമായി. സ്വീകരണമുറിക്കു പിന്നില്‍ കായലിന് അഭിമുഖമായി വിശ്രമിക്കാനുള്ള ഇടം പ്രത്യേകം ഒരുക്കിയിട്ടുണ്ട്.

RELATED STORIES: മിനിമല്‍ കന്റംപ്രറി ഹോം

കലാസൃഷ്ടികളുടെ വിപുല ശേഖരവും ഇവിടെ ഉണ്ട്. ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത കരകൗശല വസ്തുക്കളും ഗൃഹോപകരണങ്ങളും വീട്ടകത്ത് ഏറ്റവും ഉചിതമായ ഇടങ്ങളില്‍ തന്നെ ആണ് വിന്യസിച്ചത്.

അദ്ദേഹം എല്ലായിടവും വ്യക്തമായി ദൃശ്യവല്‍ക്കരിക്കുകയും നന്നായി അലങ്കരിക്കുകയും ചെയ്തു. അവിടം ഇതിലും ചേതോഹരമായി അലങ്കരിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് തീര്‍ച്ചയാണ്.

അദ്ദേഹത്തിന്‍റെ മികച്ച നിര്‍മ്മിതികളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്. കോട്ടയത്തുള്ള ജേക്കബ് മാത്യുവിന്‍റെ വീടാണ് ഏറ്റവും ശ്രദ്ധേയം. കായലോരത്തുള്ള ഈ വീടും അദ്ദേഹത്തിന്‍റെ നൂതന ഡിസൈന്‍ ശൈലിയുടെ ദൃഷ്ടാന്തമാണ്.

വളരെക്കാലത്തിനു ശേഷം മാത്യു ചാക്കോളയ്ക്കായി ഒരു വീട് രൂപകല്‍പ്പന ചെയ്യുന്നതിനിടയില്‍ അദ്ദേഹം തന്‍റെ ആധുനിക ശൈലിയിലേക്ക് മടങ്ങി വന്നു.

മാത്യു ചാക്കോളയുടെ വീട്

ഒരു പ്രമുഖ നിര്‍മ്മാതാവായ ഈ ക്ലയന്‍റിനുവേണ്ടി അദ്ദേഹം 90 കളില്‍ ഒരു മികച്ച അപ്പാര്‍ട്ട്മെന്‍റ് സമുച്ചയം രൂപകല്‍പ്പന ചെയ്തപ്പോള്‍ തുടങ്ങിയ ബന്ധമായിരുന്നു അത്.

താന്‍ വികസിപ്പിച്ചെടുത്ത ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയില്‍ തന്‍റെ കുടുംബത്തിന്‍റെ പ്രത്യേക ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഒരു വീട് സജ്ജമാക്കണമെന്നാണ് മാത്യു ചാക്കോള രമേഷിനോട് ആവശ്യപ്പെട്ടത്.

YOU MAY LIKE: ചെങ്കല്ലു കൊണ്ടൊരു നാനോ ഹോം

അതിഥികള്‍ക്കും, കുടുംബാംഗങ്ങള്‍ക്ക് സ്വകാര്യമായി ചെലവഴിക്കുന്നതിനുമുള്ള ഇടങ്ങള്‍ പ്രത്യേകം ക്രമീകരിച്ച, ഒരു ഒറ്റനില വീടാണ് രമേഷ് അദ്ദേഹത്തിനായി രൂപകല്‍പ്പന ചെയ്തത്.

രമേഷ് തരകന്‍റെ വീട്

ഡബിള്‍ ഹൈറ്റ് ഏരിയകളും ക്ലിയര്‍ സ്റ്റോറി വിന്‍ഡോകളും ഉള്‍പ്പെടുത്തിയാണ് ഇവിടത്തെ വെളിച്ചക്കുറവ് പരിഹരിച്ചത്. വിവിധ ഇടങ്ങളില്‍ വിഭജനം തീര്‍ക്കുന്നതും ഇവ തന്നെ ആണ്.

നേര്‍രേഖകളുടെ സമഞ്ജസ സമന്വയവും മുഖപ്പിലെ അലങ്കാരവേലകളും ഈ വീടിന്‍റെ മനോഹാരിത ഏറ്റുന്നുണ്ട്. കുത്തനെ ചെരിവുള്ളതല്ലെങ്കിലും ഈ വീടിന്‍റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ പര്‍ഗോള നല്‍കിയിട്ടുണ്ട്.

മഴ ഇല്ലാത്ത സമയങ്ങളില്‍ ടെറസ് ഏരിയ തുറസ്സായിരിക്കണമെന്നു അദ്ദേഹം ആഗ്രഹിച്ചത് കൊണ്ടാകാം ഇപ്രകാരം ചെയ്തത്.
പരിണാമങ്ങള്‍ തുടര്‍ച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഡിസൈന്‍ ശൈലിയാണ് രമേഷിന്‍റേത്.

ക്ലയന്‍റിന്‍റെ ഇഷ്ടത്തിനൊത്തു കെട്ടിടം നിര്‍മ്മിക്കുമ്പോഴും തന്‍റെ സൃഷ്ടികളില്‍ പുതുമ കൊണ്ടുവരാന്‍ രമേഷ് തീവ്രമായി പരിശ്രമിക്കാറുണ്ട്.

എസ്സാര്‍ ഹൗസ്, കൊടൈക്കനാല്‍

ജീവിതശൈലി, സാംസ്കാരിക ശീലങ്ങള്‍, സന്ദര്‍ഭങ്ങള്‍ എന്നിവ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ചടുലവും ജാഗ്രതയുള്ളതുമായ മനസ്സിന്‍റെ പ്രകടമായ ലക്ഷണമാണിത്.

സെബാസ്റ്റ്യന്‍ ജോസ്, ഫൗണ്ടര്‍, ശില്പി ആര്‍ക്കിടെക്റ്റ്സ്
സിറില്‍ പോള്‍, കോ-ഫൗണ്ടര്‍, ഇക്കോറിഥം.

ലേഖകര്‍: സെബാസ്റ്റ്യന്‍ ജോസ്, ഫൗണ്ടര്‍, ശില്പി ആര്‍ക്കിടെക്റ്റ്സ് &
സിറില്‍ പോള്‍, കോ-ഫൗണ്ടര്‍, ഇക്കോറിഥം.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=1h6x9U1Yhe8
About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*