Last Updated: November 07, 2022

Special Feature News

Special Feature / November 07, 2022
ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ICI) പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു

ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ICI) കൊച്ചി ഘടകം ദി രാംകോ സിമന്‍റ്സ് ലിമിറ്റഡിന്‍റെ സഹകരണത്തോടെ ഇക്കഴിഞ്ഞ പതിമൂന്നാം തീയതി എഞ്ചിനീയര്‍മാര്‍ക്കായി സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയ്ക്ക് കൊച്ചിയിലെ മാരിയറ്റ് ഹോട്ടല്‍ വേദിയായി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റ ഐപിഎസ് മുഖ്യാതിഥിയും ഉദ്ഘാടകനുമായ ചടങ്ങില്‍ എഞ്ചിനീയര്‍ അനില്‍ കുമാര്‍ പിള്ള മോഡറേറ്ററും ഡോ.അനില്‍ ജോസഫ്, എഞ്ചിനീയര്‍മാരായ കേശവചന്ദ്രന്‍, ജോസ് കുര്യന്‍, വി.സുരേഷ്, സുരേഷ് എസ് എന്നിവര്‍ പാനലിസ്റ്റുകളുമായിരുന്നു. വിവിധ പദ്ധതികളുടെ നടത്തിപ്പുകാരും പദ്ധതിപ്രദേശത്തെ ജനങ്ങളും തമ്മിലുള്ള ആശയവിനിമയം കൃത്യമായിരിക്കേണ്ടതിന്‍റെ ആവശ്യകത ഉദ്ഘാടന പ്രസംഗത്തിനിടയില്‍ ചൂണ്ടിക്കാട്ടിയ ലോക്നാഥ് ബഹ്റ ഐപിഎസ് പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതില്‍ സമയ വിനിയോഗത്തിനുള്ള പങ്കിനെ കുറിച്ചും സൂചിപ്പിച്ചു.

മെട്രോയുടെ രണ്ടാം ഘട്ടം 28 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും ഒരേ സമയം വിവിധ ജോലികള്‍ തുടങ്ങി വെക്കുക എന്ന ആശയം നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐഎസ് കോഡുകളില്‍ വരുന്ന മാറ്റങ്ങളെ കുറിച്ച് സദസ്സിനോട് സംവദിച്ച എഞ്ചിനീയര്‍ ജോസ് കുര്യന്‍ നിര്‍മ്മാണമേഖലയിലെ പുതുപ്രവണതകള്‍ കണക്കിലെടുത്ത് വരുത്തിയ മാറ്റങ്ങളാണ് ഇവയെന്നും സൂചിപ്പിച്ചു. സുസ്ഥിരതയുടെ പ്രാധാന്യത്തെ പറ്റിയും നിര്‍മ്മിതികള്‍ക്ക് ഗ്രീന്‍ ബില്‍ഡിങ് റേറ്റിങ് കരസ്ഥമാക്കുന്നതു കൊണ്ടുള്ള നേട്ടങ്ങളുമാണ് എഞ്ചിനീയര്‍ വി.സുരേഷ് ചൂണ്ടിക്കാട്ടിയത്. നിര്‍മ്മാണസാമഗ്രികളുടെ ലഭ്യതക്കുറവ് അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചയ്ക്ക് തുരങ്കം വയ്ക്കുന്നതെങ്ങനെ എന്നാണ് എഞ്ചിനീയര്‍ കേശവചന്ദ്രന്‍ വിശദീകരിച്ചത്. നിര്‍മ്മിതികളുടെയും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന്‍റെയും നിലവാരം മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയിലൂന്നിയാണ് എഞ്ചിനീയര്‍ സുരേഷ് എസ് സംസാരിച്ചത്.

പുതുതലമുറ എഞ്ചിനീയര്‍മാരുടെ പരിചയക്കുറവും നിലവാരം കുറഞ്ഞ നിര്‍മ്മിതികളും അസംഖ്യം പ്രശ്നങ്ങളാണ് നിര്‍മ്മാണമേഖലയില്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അക്കാദമി, വ്യവസായം, ബ്യൂറോക്രസി, നിയമനിര്‍മ്മാണസഭ എന്നിവയ്ക്കിടയിലെ സുതാര്യമായ ആശയവിനിമയത്തിലൂടെ മാത്രമേ സുരക്ഷിതമായ കെട്ടിടങ്ങള്‍ പുതു തലമുറയ്ക്കു കൈമാറാനാകൂ എന്ന് ഡോ.അനില്‍ ജോസഫ് പറഞ്ഞു വെച്ചു. നിര്‍മ്മാണമേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കേരളസംസ്ഥാനത്തെ അടിസ്ഥാനസൗകര്യ മേഖലയില്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള വളര്‍ച്ച ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ മതിയായ പരിശീലനം യുവ എഞ്ചിനീയര്‍മാര്‍ക്ക് നല്‍കാനും ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍കൈയെടുക്കുമെന്നും ഡോ.അനില്‍ ജോസഫ് സൂചിപ്പിച്ചു.

- ഡിസൈനർ പബ്ലിക്കേഷൻസ് - Designer Publications.

Newsletter

Subscribe our latest news/publications.

www.designerpublications.com

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.