Project Specifications

മലയാളികളുടെ മാറിയ ഷോ പ്പിങ് സംസ്‌ക്കാരത്തിന്റെ പ്രതീകമെ ന്നോണം കൂറ്റന്‍ ഷോപ്പിങ് മാളുകള്‍ കേരളത്തിലെ ടൗണുകളില്‍ പോലും സ്ഥാനം പിടിച്ചിരിക്കുന്നു. ഒരു കുടുംബത്തിനു വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടുള്ള മാളുകളുടെ കടന്നു വരവ് വികസനത്തിന്റെ പുതിയൊരു പാത തുറന്നിടുകയാണ്. ആളുകളുടെ ജീവിതശൈലിയിലും, സാമൂഹിക ഘടനയിലും ചുറ്റുപാടിലും ഇത്തരം മാളുകള്‍ക്ക് വന്‍ സ്വാധീനമുണ്ട്.

മെട്രോ നഗരമായി വികസിച്ചുകൊണ്ടിരിക്കുന്ന, മൂവാറ്റുപുഴ ടൗണില്‍ പ്രധാന പാതക്ക് അരികില്‍ സ്ഥിതി ചെയ്യുന്ന ‘ഗ്രാന്റ് സെന്‍ട്രല്‍ മാള്‍’ ആ പ്രദേശത്തെ ഒരു പ്രധാന ലാന്‍ഡ്മാര്‍ക്കാണിന്ന്. എഞ്ചിനീയര്‍ സത്യപാലനും ആര്‍ക്കിടെക്റ്റ് സച്ചിന്‍ സത്യ പാലനും (ആര്‍ക്ക് മെട്രിക്‌സ് വൈറ്റില-കൊച്ചി) ചേര്‍ന്നു രൂപകല്‍പന ചെയ്ത ഈ മാള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായിട്ട് അധികമായിട്ടില്ല.

1,45,000 സ്‌ക്വയര്‍ ഫീറ്റിലൊരുക്കിയിരിക്കുന്ന ഈ മാളിന്റെ വിവിധ നിലകളുടെ ക്രമീകരണങ്ങള്‍ ഒരു ബേസ്‌മെന്റ് ഫ്‌ളോര്‍, ഒരു ലോവര്‍ ഗ്രൗണ്ട് ഫ്‌ളോര്‍, ഗ്രൗണ്ട് ഫ്‌ളോര്‍, ഫസ്റ്റ് ഫ്‌ളോര്‍, സെക്കന്റ് ഫ്‌ളോര്‍, തേര്‍ഡ് ഫ്‌ളോര്‍ എന്നിങ്ങനെയാണ്. ബേസ്‌മെന്റ് ഫ്‌ളോറില്‍ കാര്‍പാര്‍ക്കിങ് ആണ്. ലോവര്‍ ഗ്രൗണ്ട് ഫ്‌ളോറില്‍ സൂപ്പര്‍മാര്‍ക്കറ്റ്. ഗ്രൗണ്ട്ഫ്‌ളോര്‍ മുതല്‍ വിവിധ ബ്രാന്റുകളുടെ ഷോപ്പുകളും ഫുഡ്‌കോര്‍ട്ടുമാണ്. മൂന്നാമത്തെ ഫ്‌ളോറില്‍ തീയേറ്റര്‍ കോംപ്ലക്‌സാണ്.

സാമൂഹികവും സാംസ്‌കാരികവുമായ വശം

സാമൂഹികമായ ഘടനയേയും ചുറ്റുപാടുകളേയും രൂപപ്പെടുത്തുന്നതില്‍ ഇത്തരം കെട്ടിടങ്ങള്‍ക്ക് പങ്കുണ്ട് എന്നാണ് ഈ യുവആര്‍ക്കിടെക്റ്റിന്റെ നിരീക്ഷണം. ”സാമൂഹിക തിന്മയെ ഒഴിവാക്കാന്‍ പൊതുകെട്ടിടങ്ങളുടെ പ്ലാനിങ്ങിന് കഴിയും. വലിയ സുരക്ഷിതത്വമാണ് ഇതിലൂടെ സമൂഹത്തിന് ലഭിക്കുന്നത്. ഇരുളടഞ്ഞതും, ഇടുങ്ങിയ ഇടനാഴികളും മറ്റും ഉള്ള കെട്ടിടങ്ങള്‍ പലപ്പോഴും വൃത്തിഹീനമായും ആളുകള്‍ അധികം ഉപയോഗിക്കാത്തതുമായി കാണാം. സ്ത്രീകളോടും കുട്ടികളോടും ഉള്ള അതിക്രമങ്ങള്‍ പലപ്പോഴും നടക്കുന്നത് ഇത്തരം കെട്ടിടങ്ങളിലെ സാഹചര്യങ്ങള്‍ ഉപയോഗിച്ചു കൊണ്ടാണ്. ഇരുണ്ടതും, അധികം ആള്‍സഞ്ചാരമില്ലാത്തതും, ഒഴിഞ്ഞ മൂലകളിലുമാണ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തികള്‍ നടക്കുവാന്‍ സാധ്യതയേറെ യുള്ളത്. ഇത്തരം സ്ഥലങ്ങള്‍ പൊതുഇടങ്ങളിലും, കെട്ടിടങ്ങളിലും ഒഴിവാക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമം അനിവാര്യമാണ്. കെട്ടിടങ്ങളുടെ ഇത്തരം സാഹചര്യങ്ങളാണ് പലപ്പോഴും തെറ്റിലേക്ക് ആളുകളെ നയിക്കുന്നത്. വെളിച്ചമുള്ളതും തുറന്നതും ആള്‍ സഞ്ചാരമുള്ളതും ആയ സ്ഥലങ്ങള്‍, അനാവശ്യമായ സ്വകാര്യത ഒഴിവാക്കിയാല്‍ തെറ്റുകള്‍ ഇല്ലാതാക്കാം. അതുവഴി സാമൂഹിക തിന്മയെ കുറയ്ക്കാം. മാത്രവുമല്ല വൃത്തിയായി സൂക്ഷിക്കുകയും ചെയ്യാം.” ആര്‍ക്കിടെക്റ്റ് സച്ചിന്‍ പറഞ്ഞു.

മുടക്കുന്ന പണത്തിന്റെ മൂല്യം

പണത്തിന് എല്ലാവര്‍ക്കും മൂല്യമുണ്ട്. ഓരോ സ്‌ക്വയര്‍ഫീറ്റും വിറ്റുപോകുന്ന തനുസരിച്ചാണ് ഉടമയ്ക്ക് ലാഭം കൂടുക. എന്നാല്‍ ആളുകള്‍ ഇത്തരം മാളുകളില്‍ വീണ്ടും കയറണമെങ്കില്‍ അവര്‍ മുടക്കുന്ന പണത്തിന്റെ മൂല്യവും തൃപ്തിയും അവര്‍ക്കും ലഭിക്കണം. എന്റര്‍ടെയ്ന്‍മെന്റ്, ഷോപ്പിങ്, കുട്ടികളുടെ കളിസ്ഥലം, ഭക്ഷണം തുടങ്ങി ഓരോന്നും ഉപഭോക്താക്കളുടെ സംതൃപ്തി ലക്ഷ്യമിട്ടാവണം. കൂടാതെ സുഖകരമായ അന്തരീക്ഷവും പ്രദാനം ചെയ്യണം. കോമണ്‍ ഏരിയകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കൂടാതെ കൂട്ടമായി എത്തുന്നവര്‍ക്ക് കൂടെയുള്ള ഒരാള്‍ക്ക് ഒരു ഷോപ്പില്‍ കയറുവാന്‍ താല്പര്യമില്ലെങ്കില്‍ പുറത്തിരിക്കാനുള്ള സ്‌ പേസും ഉണ്ടാവണം. വൃത്തിയും വായു സഞ്ചാരമുള്ളതുമായ ടോയ്‌ലറ്റുകള്‍, സ്ത്രീ കളുടേയും കുട്ടികളുടേയും പ്രായമായവരുടേയും സുരക്ഷിതത്വവും സൗകര്യവും ഇവ യൊക്കെ കണക്കിലെടുക്കേണ്ടതുണ്ട്. തങ്ങളുടെ എല്ലാ ആവ ശ്യങ്ങളും എന്റര്‍ ടെയ്ന്‍മെന്റും ഒരു കുടക്കീഴില്‍ ലഭിക്കും, മുടക്കുന്ന പണം വെറുതെയല്ല എന്ന തോന്നല്‍ ഉപഭോക്താക്കളില്‍ ഉളവാക്കാന്‍ കഴിയണം. പൊതു സ്ഥലങ്ങള്‍ കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തില്‍ ആളുകള്‍ക്ക് പൊതുവായി ഒത്തു കൂടാനും സമയം ചെലവഴിക്കാനും ഉള്ള പൊതു സ്ഥലങ്ങള്‍ സാമൂഹികമായി ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരും.” സച്ചിന്‍ അഭിപ്രായപ്പെടുന്നു.

ഇത്തരം വലിയ മാളുകളുടെ നടുവില്‍ എപ്പോഴും പൊതുവായതും തുറസ്സായതുമായ സ്ഥലമായിരിക്കും. നടുവില്‍ സ്റ്റെയര്‍കേസ്, എസ്‌കലേറ്റര്‍, സമീപത്തുതന്നെ ലിഫ്റ്റ് സംവിധാനം എന്നിവയുമാണുണ്ടാവുക. ഉള്ളിലെ പ്രകാശ സംവിധാനങ്ങളും ആംപിയന്‍സും ഒരു സുപ്രധാന ഘടകം തന്നെയാണ്. ഈ മാളില്‍ വലിയ ഏരിയകളുള്ള ഷോപ്പുകളെ പുറകിലേക്ക് ആക്കി. കുറഞ്ഞ ഏരിയ ഉള്ള ഷോപ്പുകള്‍ മുന്നിലേക്ക് കൊണ്ടുവന്നു. ആളുകള്‍ കൂടുതലായും ഈ മുഴുവന്‍ ഷോപ്പുകളും ചുറ്റി നടന്നുപോ കുന്ന വിധമാണ് സര്‍ക്കുലേഷന്‍ സ്‌പേസ്. ഏറ്റവും മുകളില്‍ അതായത് മൂന്നാമത്തെ ഫ്‌ളോറിന്റെ റൂഫില്‍ കര്‍വ് ആകൃതിയില്‍ പെര്‍ഫോര്‍മെന്‍സ് പോളികാര്‍ബണേറ്റഡ് ഷീറ്റ് ഉപയോഗിച്ച് മേല്‍ക്കൂര തീര്‍ത്ത് സ്‌കൈലൈറ്റ് ഉള്ളിലെത്തിച്ചിരിക്കുന്നു. ഈ ഗ്ലാസ് റൂഫിന്റെ അടിയില്‍ എം എസ് ട്യൂബുകള്‍ ഉപയോഗിച്ച് തീര്‍ത്തിരിക്കുന്ന ‘ഡിസൈനര്‍ ട്രീ’ ഒരു പ്രധാന ഡിസൈന്‍ എലമെന്റു കൂടിയാണ്. ഏറ്റവും താഴെ നിന്ന് മുകളിലേക്ക് നോക്കുമ്പോള്‍ പോലും ഈ ഡിസൈന്‍ എലമെന്റ് ദൃശ്യമാവുന്നു. പി.ടി. സ്ലാബ് (പോസ്റ്റ് ടെന്‍ഷന്‍ സ്ലാബ്) എംഎസ് ട്രസ് വര്‍ക്ക്, ജിപ്‌സം സീലിങ്, വിട്രിഫൈഡ് ടൈലുകള്‍, എല്‍ ഇ ഡി ലൈറ്റുകള്‍ എന്നിവയൊക്കെയാണ് പ്രധാന നിര്‍മ്മാണ സാമഗ്രികള്‍. പിടി സ്ലാബ് ബീമില്ലാത്ത പ്ലെയ്ന്‍ ഡിസൈനിലുള്ളവയാണ്, അതു കൊണ്ടു തന്നെ ഉയരക്കൂടുതല്‍ ലഭിക്കും. കൂടുതല്‍ സാമ്പത്തിക ലാഭവും ഉണ്ട്. 4 മീറ്റര്‍ പൊക്കമുള്ള ഫ്‌ളോറുകളില്‍ ബീമുകള്‍ ഇല്ലാത്തതുകൊണ്ട് സര്‍വീസ് ലൈനുകള്‍ കടത്തിവിടാന്‍ കൂടുതല്‍ ഉയരവും ലഭിക്കും.

ചില സാങ്കേതിക വശങ്ങള്‍

ആര്‍ക്കിടെക്ചര്‍ കൂടാതെ സ്ട്രക്ചര്‍ ഡിസൈന്‍, ഇലക്ട്രിക്കല്‍, പ്ലംബിങ്, ഫയര്‍ ഫൈറ്റിങ് സംവിധാനം, എച്ച്‌വിഎസി അഥവാ എയര്‍കണ്ടീഷന്‍ സംവിധാനം ഇഎല്‍വി (സെക്യൂരിറ്റി സിസ്റ്റം) പാര്‍ക്കിങ് മാനേജ്‌മെന്റ്, ഫുഡ്‌കോര്‍ട്ട് ഡിസൈന്‍ & കിച്ചന്‍, തീയേറ്റര്‍, വേസ്റ്റ് മാനേജ്‌മെന്റ് ഇത്രയും ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ്‌സ് ചേര്‍ത്താണ് ഈ കെട്ടിട സമുച്ചയത്തിന്റെ ഡിസൈന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഈ ഡിസൈനുകള്‍ എല്ലാം സഹകരിപ്പിച്ചാണ് ശീതീകരിച്ച,സുരക്ഷിതമായിട്ടുള്ള ഒരു അന്തരീക്ഷം ഈ കെട്ടിടത്തിനുള്ളില്‍ സൃഷ്ടിച്ചിരിക്കുന്നത്.

പൈല്‍ ഫൗണ്ടേഷന്‍

ഇത്തരമൊരു നിര്‍മ്മിതിയില്‍ ഫൗണ്ടേഷന്‍ വളരെ പ്രധാനമാണ്. പൈല്‍ ഫൗണ്ടേഷനാണിവിടെ ഉപയോഗിച്ചത്. ഒരു സൈറ്റിലെ മണ്ണിന്റെ ഘടനയെ ആസ്പദമാക്കിയാണ് ഫൗണ്ടേഷന്‍ തെരഞ്ഞെടുക്കുക. ഈ മാളിന്റെ സൈറ്റില്‍ മണ്ണിന്റെ ഘടന അനുസരിച്ച് ഇതാണ് ഉചിതവും. കാരണം മുകളില്‍ ചതുപ്പായി കിടക്കുന്ന ഭൂമിയില്‍ പോലും ഒരു ദൂരപരിധി കഴിഞ്ഞു കുഴിച്ചുപോയാല്‍ അടിയില്‍ പാറയുടെ അടുക്കുകള്‍ കണ്ടെത്താനാവും. ഈ സൈറ്റിലെ ഭൂമിശാസ്ത്രത്തിന്റെ സവിശേഷതയും ഇതുതന്നെയായിരുന്നു. ഇങ്ങനെയുള്ളിടത്ത് ആദ്യം പാറ എത്ര അടി താഴ്ചയിലാണ് എന്നു കണ്ടുപിടിക്കുവാന്‍ ബോര്‍ഹോള്‍ തീര്‍ത്ത് അതിന്റെ ദൂരം മനസ്സിലാക്കി പൈല്‍ അടിച്ചിറക്കുകയാണ്. പൈല്‍ പാറയില്‍ ചെന്നു മുട്ടുംവരെ അടിച്ചു താഴ്ത്തും. പിന്നെ പൈല്‍ ക്യാപ് ചെയ്യും. അതിനുമുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് ഇട്ട് ബേസ്‌മെന്റ് തീര്‍ത്താണ് നിര്‍മ്മാണം ആരംഭിക്കുക. പൈല്‍ ഫൗണ്ടേഷന്‍ ചെയ്യാത്ത സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് റാഫ്റ്റ് ഫൗണ്ടേഷനാണ് ചെയ്യുക. ”ഇത്തരം ഫൗണ്ടേഷന്‍ ചെയ്യുന്നിടത്ത് നിര്‍മിതികള്‍ സിമെട്രിക്കല്‍ ആയിരിക്കണം. എങ്കില്‍ മാത്രമേ അതിനു നിലനില്‍പ്പുള്ളൂ. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് തമിഴ്‌നാട്ടിലെ മധുരമീനാക്ഷിക്ഷേത്രഗോപുരവും ഈജിപ്റ്റിലെ പിരമിഡും. ആര്‍ക്കിടെക്ചര്‍ സിമെട്രിയുടെ മികച്ച മാതൃകകളാണ്, നൂറ്റാണ്ടുകളെ അതിജീവിച്ച് ഇന്നും യാതൊരു കേടുപാടുകളുമില്ലാതെ നിലനില്‍ക്കുന്ന ഇത്തരം നിര്‍മ്മിതികള്‍” ആര്‍ക്കിടെക്റ്റ് സച്ചിന്‍ വിശദമാക്കുന്നു.

ഇലക്ട്രിക്കല്‍

മെയിന്‍ ഗ്രിഡില്‍ നിന്നും ഹൈടെന്‍ഷന്‍ (HT) ട്രാന്‍സ്‌ഫോര്‍മര്‍ വഴി മറ്റൊരു ഗ്രിഡിലേക്ക് വൈദ്യുതി എത്തിച്ച് അവിടെ നിന്നും ലോ ടെന്‍ഷന്‍ (LT) ആക്കി മെയിന്‍ ബോര്‍ഡുകളിലേക്ക് കൊടുക്കുകയാണ്. അവിടുന്നാണ് ഓരോ ഫ്‌ളോറിലേക്കും, പിന്നീട് ഷോപ്പുകളിലേക്കും കോമണ്‍ ഏരിയകളിലേക്കും വൈദ്യുതി എത്തുന്നത്. ലൈറ്റിങ്, ഫാന്‍, എസി എന്നിവയെല്ലാം പ്രത്യേകം ലൈനുകളാണ്. ഓരോ ഷോപ്പിനും പ്രത്യേകം മെയിന്‍ സ്വിച്ചും സംവിധാനങ്ങളും ഉണ്ട്. കോമണ്‍ ഏരിയയ്ക്ക് വേറെയും. ഈ സംവിധാനങ്ങളെല്ലാം ജനറേറ്ററുമായി കണക്റ്റു ചെയ്തിരിക്കണം. കറന്റ് പോയാല്‍ അടുത്ത സെക്കന്റില്‍ സെന്‍സര്‍ വര്‍ക്ക് ചെയ്ത് ഇലക്ട്രിക്കല്‍ സംവിധാനം ചെയ്ഞ്ച് ചെയ്ത് ജനറേറ്റര്‍ വഴി പ്രവര്‍ത്തന സജ്ജമാവണം. എല്ലായിടത്തും വൈദ്യുതി എത്തിയി രിക്കണം. നിശ്ചിത പവറിലുള്ള വൈദ്യുതി പ്രദാനം ചെയ്യാന്‍ കഴിയുന്ന ജനറേറ്റര്‍ സംവിധാനം എപ്പോഴും പ്രവര്‍ത്തന സജ്ജമായിരിക്കണം. ഇലക്ട്രിക്കല്‍ പാനല്‍ സംവിധാനത്തിനു മാത്രം 2000 സ്‌ക്വയര്‍ഫീറ്റില്‍ കുറയാത്ത ഏരിയ ഉണ്ടായിരിക്കണം. കറന്റ് ബില്‍ ഓരോ ഷോപ്പിനും പ്രത്യേകമായിരിക്കും. അതുതന്നെ കോമണ്‍ ഏരിയയ്ക്കും ഷോപ്പുകള്‍ക്കും വേറെയാണ്.

പ്ലംബിങ്

ഭൂമിക്കടിയിലായി ഷോപ്പിങ് മാളിന്റെ ആവശ്യത്തിനുള്ള വെള്ളത്തിനായി ഒരു ടാങ്കും 2 ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന മറ്റൊരു ഫയര്‍ വാട്ടര്‍ ടാങ്കും ഉണ്ട്. ഈ ടാങ്കില്‍ നിന്നും പ്രഷര്‍ പമ്പ് വഴി പമ്പ് ചെയ്ത വെള്ളം ഓവര്‍ഹെഡ് ടാങ്കിലേക്ക് എത്തിക്കുന്നു. ഇവിടെയും രണ്ട് ടാങ്കുകള്‍ ഉണ്ടായിരിക്കും. ഒന്ന് ഫയര്‍ വാട്ടര്‍ ടാങ്കാണ്. ഇതിലെ ജലം മാളുകളിലെ നിത്യേനയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാനേ പാടില്ല. ഫയര്‍ ടാങ്കിലെ ജലം പ്രഷര്‍ പമ്പു വഴി ഓവര്‍ ഹെഡ് ടാങ്കില്‍ എത്തി, അവിടുന്ന് പ്രഷര്‍ പമ്പുവഴി സ്പ്രിഗളറുകളിലേക്ക് കൊടുക്കുന്നു. ഇവ സദാ പ്രവര്‍ത്തന സജ്ജമായി നിര്‍ത്തിയിരിക്കണം. ഒരപകടമുണ്ടായാല്‍ അടുത്ത നിമിഷം ഇവ പ്രവര്‍ത്തിക്കണം. ഓരോ ഫ്‌ളോറിലും പ്രത്യേകം സ്പ്രിംഗളറുകള്‍ ഉണ്ട്. ഇവ ഓരോന്നില്‍ നിന്നും വമിക്കുന്ന ജലം 3 മീറ്റര്‍ ദൂരെ വരെ എത്തി തീയും പുകയും ശമിപ്പിക്കുവാന്‍ കഴിയും വിധമായിരിക്കണം. നിത്യോപയോഗത്തിനുള്ള വെള്ളം ഓവര്‍ ഹെഡ് ടാങ്കില്‍ നിന്നും പ്രഷര്‍ പമ്പുവഴി ഓരോ ആവശ്യങ്ങള്‍ക്കുള്ളത് ടോയ്‌ലറ്റ്, കിച്ചന്‍, സൂപ്പര്‍മാര്‍ക്കറ്റ്, ഫുഡ്‌കോര്‍ട്ട് എന്നിങ്ങനെ ഇനം തിരിച്ച് ഓരോ സ്ഥലത്തേക്ക് എത്തിക്കുന്നു. ഇതില്‍ ടോയ്‌ലറ്റില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നുമുള്ള വെള്ളത്തെ വേസ്റ്റ് വാട്ടര്‍ പൈപ്പുവഴി വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ എത്തിച്ച് ട്രീറ്റ് ചെയ്ത് ഇറിഗേഷന് ഉപയോഗിക്കണം. ടോയ്‌ലറ്റുകളില്‍ നിന്നും വരുന്ന ഉപയോഗയോഗ്യമല്ലാത്ത വെള്ളത്തെ സോളിഡ് പൈപ്പ് വഴി സ്വിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ എത്തിച്ച് ട്രീറ്റ് ചെയ്ത് സോക്ക്പിറ്റിലൂടെ ഭൂമിക്കടിയിലേക്ക് ഒഴുക്കിവിടണം. ഈ വെള്ളം ട്രീറ്റ് ചെ

യ്യാതെ ഒഴുക്കികളയുവാനും പാടില്ല. ട്രീറ്റ് ചെയ്യാത്ത വെള്ളത്തില്‍ ഉയര്‍ന്ന തോതില്‍ കോളിഫോം ബാക്ടീരിയകള്‍ ഉണ്ടാവും. ഇവ മനുഷ്യജീവിതത്തിന് ഏറെ ദോഷകരമാണ്. മാളുകളില്‍ മൂന്നു തരത്തിലുള്ള വെള്ളത്തിന്റെ വിതരണത്തിന് ആവശ്യമായ സംവിധാനങ്ങള്‍ എല്ലാം ഉണ്ടായിരിക്കണം. ഡൊമസ്റ്റിക് വാട്ടര്‍, ഫയര്‍ വാട്ടര്‍, ഡ്രിങ്കിങ് വാട്ടര്‍ എന്നിങ്ങനെ.

എയര്‍കണ്ടീഷന്‍ (HVAC)

രണ്ട് ടൈപ്പ് എയര്‍കണ്ടീഷനാണ് (HVAC) മാളുകളില്‍ പൊതുവേ ഉപയോഗി ക്കാറു ള്ളത്. വിആര്‍എഫും, ചില്ലര്‍ പ്ലാന്റ് എസിയും. ഇവിടെ ചില്ലര്‍ പ്ലാന്റ് സംവിധാനം ആണ് ഉപയോഗിച്ചിട്ടുള്ളത്. വൈദ്യുതി ഉപയോഗിച്ച് വെള്ളം തണുപ്പിച്ച് വലിയ ഡക്റ്റുകള്‍ വഴി കടത്തിവിട്ടാണ് എസി പ്രവര്‍ത്തിപ്പിക്കുന്നത്. ഒരു ദിവസം 30,000 മുതല്‍ 40,0000 വരെ ലിറ്റര്‍ വെള്ളം വേണം ഇതിന്. ചെലവു കൂടുതലുള്ള സംവിധാ നമാണ് വിആര്‍എഫ് അഥവാ വേരിയബിള്‍ റഫ്രിജന്റ് ഫ്‌ളോ.

സെക്യൂരിറ്റി സിസ്റ്റം

ക്യാമറ, അലാം എന്നിവയ്ക്ക് പുറമെ ഓരോ ഫ്‌ളോറിലും ഷോപ്പിലും സ്പീക്കര്‍ സംവിധാനവും സജ്ജമായിരിക്കണം. എന്തെങ്കിലും അപകടം ഉണ്ടാവുന്ന പക്ഷം അനൗണ്‍സ്‌മെന്റിലൂടെ എല്ലാ ഫ്‌ളോറിലും ഷോപ്പുകളിലും ഉള്ളവരെ അറിയിച്ച് ആളുകളെ സുരക്ഷിതരായി പുറത്തിറക്കാന്‍ കഴിയണം. ക്യാമറ സംവിധാനം വഴി എല്ലാ ഏരിയകളും സദാ നിരീക്ഷണത്തിലായിരിക്കണം. എല്ലാ ഇടത്തു നിന്നുമുള്ള ക്യാമറ സംവിധാനത്തെ ബില്‍ഡിങ് മാനേജ്‌മെന്റ് ഓഫീസ് റൂമുകളുമായി ബന്ധിപ്പി ച്ചിരിക്കും. ഇത് സദാ നിരീക്ഷണത്തിലുമായിരിക്കണം. അറിയിപ്പുകളും അലാമുക ളും യഥാസമയം പ്രവര്‍ത്തന സജ്ജമായിരിക്കണം. ഇത്തരം കാര്യങ്ങളില്‍ ഇവിടെ സവിശേഷ ശ്രദ്ധപുലര്‍ത്തിയിട്ടുണ്ട്.

പാര്‍ക്കിങ് സംവിധാനം

പാര്‍ക്കിങ് സംവിധാനം ഏതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിച്ച് ഫലപ്രദമായി നടപ്പിലാക്കുകയാണ് പതിവ്. ഇരുചക്രവാഹനങ്ങള്‍, കാര്‍ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് ഈ സംവിധാനം. കാര്‍പാര്‍ക്കിങ്ങിന് ഓരോ 50 ാ2 ഏരിയയ്ക്കും ഒരു കാര്‍ പാര്‍ക്ക് കൊടുക്കാം എന്നതാണ് നിയമം. ടിക്കറ്റിങ് വഴി എന്റര്‍ ചെയ്തു പാര്‍ക്കിങ്ങില്‍ പോയി പാര്‍ക്ക് ചെയ്ത് ആവശ്യം കഴിഞ്ഞ് പാര്‍ക്കിങ് ഫീ അടച്ച് പുറത്തുപോകണം. ബേസ്‌മെന്റ് 2 വിലാണ് ഇവിടെ പാര്‍ക്കിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ബേസ്‌മെന്റ് ലെവലുകള്‍ ചെയ്യുമ്പോള്‍ എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം വെള്ളക്കെട്ടാണ്. ഇവിടെ പ്രത്യേകിച്ച് മുന്‍കരുതലുകള്‍ ഒന്നും വേണ്ടി വന്നില്ല. കാരണം പുറകിലേക്ക് താഴ്ചയുള്ള ഭൂമിയായിരുന്നു. അതിനാല്‍ റീടെയ്‌നിങ് വാള്‍ കൊടുത്ത് കെമിക്കല്‍ വാട്ടര്‍ട്രീറ്റ്‌മെന്റ് ചെയ്യുകമാത്രമാണ് ചെയ്തത്. ഈ പ്രോജക്റ്റില്‍ ഒരു വശത്താണ് റീറ്റെയ്‌നിങ് വാള്‍ ചെയ്യേണ്ടി വന്നത്.

”ചില പ്രോജക്റ്റുകളില്‍ റീടെയ്‌നിങ് വാള്‍ കൊണ്ടുമാത്രം വെള്ളത്തെ ചെറുക്കുക സാധ്യമല്ല; പ്രത്യേകിച്ച് ചതുപ്പായ സ്ഥലങ്ങളിലും മറ്റും. അത്തരം സ്ഥലങ്ങളില്‍ റീടെയ്‌നിങ് വാളിനു പുറത്ത് 3 എംഎം ജി എസ്എം വരെ കനമുള്ള ബ്ലാക്ക് കളര്‍ പ്ലാസ്റ്റിക് ഷീറ്റ് ഭിത്തി മുഴുവന്‍ ഒട്ടിച്ച് പിന്നീട് മണ്ണിട്ട്, അതിനുശേഷം വീണ്ടും കോണ്‍ക്രീറ്റ് ചെയ്യുന്നു. പ്ലാസ്റ്റിക് നശിച്ചു പോകാത്ത വസ്തുവായതുകൊണ്ട് ഇത്തരം ഉപയോഗങ്ങള്‍ക്ക് വളരെ ഫലപ്രദമാണ്” എന്ന് തന്റെ അനുഭവ പരിചയത്തെ അടിസ്ഥാനമാക്കി ആര്‍ക്കിടെക്റ്റ് സച്ചിന്‍ പറഞ്ഞു.

മറ്റു സംവിധാനങ്ങള്‍

വലിയ ഷോപ്പിങ് മാളുകളില്‍ ഓരോ ബ്രാന്റിനും ഓരോ കൗണ്ടര്‍ ആണ് നമ്മള്‍ കാണുന്നത്. എന്നാല്‍ മിക്ക സ്ഥലങ്ങളിലും ഇതിന്റെ നടത്തിപ്പ് ഒരാള്‍ തന്നെയാവും. അകത്ത് ഒരു കോമണ്‍ കിച്ചന്‍ ആണ് ഉണ്ടാവുക. അവിടെ നിന്നും ഇനം തിരിച്ച് ഓരോ യൂണിറ്റിലേക്കുള്ളത് എത്തിക്കുകയാണ്. വലിയൊരു സ്‌പേസായിരിക്കും ഇത്. വേസ്റ്റ് മാനേജ്‌മെന്റിന് വ്യക്തവും കൃത്യവുമായ രീതിയുണ്ടിവിടെ. ”സര്‍വ്വീസ് ലിഫ്റ്റ് വഴി മാത്രമേ വേസ്റ്റ് കൊണ്ടുപോകാവൂ. ആളുകള്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകുവാന്‍ പാടില്ല. വേസ്റ്റ് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് ഷോപ്പിങ് മാള്‍ സ്ഥിതി ചെയ്യുന്ന കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി ഏതാണോ അതില്‍ ഫീസടച്ച് കൃത്യമായി കൈകാര്യ ചെയ്യണം. കിച്ചന്‍ വേസ്റ്റ് പോലെതന്നെ മൊത്തത്തില്‍ മാളില്‍ ഉണ്ടാവുന്ന വേസ്റ്റും കൃത്യമായി കൈകാര്യം ചെയ്തിരിക്കണം.” ആര്‍ക്കിടെക്റ്റ് സച്ചിന്‍ പറഞ്ഞു.

തീയേറ്റര്‍ സംവിധാനവും ഏതെങ്കിലും ഗ്രൂപ്പിനെ ഏല്‍പ്പിക്കുകയാണ് പതിവ്. ഇവിടെ കാര്‍ണിവല്‍ ഗ്രൂപ്പാണ് തീയേറ്റര്‍ നടത്തുന്നത്. മിനിമം മൂന്നു സ്‌ക്രീന്‍ എങ്കിലും ഉണ്ടായിരിക്കും മിക്ക മാളുകളിലും. ഇത്തരത്തിലുള്ള ഒരു വലിയ ഷോപ്പിങ് മാളിന്റെ നിര്‍മ്മാണം ഒരിക്കലും ഒരു വീടു കെട്ടുന്നതുപോലെ അത്ര നിസ്സാരമല്ല; സങ്കീര്‍ണ്ണമാണ്. ഒട്ടനവധി കാര്യങ്ങളെ ചിട്ടപ്പെടുത്തി, അനവധിയാളുകളുടെ സുരക്ഷിതത്വം മുന്‍കൂട്ടി കണ്ടുതന്നെ ശ്രദ്ധയര്‍പ്പിച്ചു ചെയ്യേണ്ടുന്ന ഒന്നാകുന്നു. അല്ലാത്ത പക്ഷം ഒരു അപകടമുണ്ടായാല്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്വം ആര്‍ക്കിടെക്റ്റിന്റേതു കൂടിയാണ്. ഈ ബോധ്യത്തോടെയാണ് ഓരോ ഇഞ്ചും ഇടവും ഇവര്‍ ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *