ലാളിത്യം മുഖമുദ്രയാക്കിയ സിംപിള്‍ ഹോം!

Project Specifications

വളരെക്കാലമായി അടുത്തറിയാവുന്ന ഒരു ആര്‍ക്കിടെക്റ്റും ക്ലയന്റും. ക്ലയന്റാവട്ടെ നിര്‍മ്മാണ മേഖലയുമായി അടുത്തു പ്രവര്‍ത്തിക്കുന്ന വ്യക്തിയും. പരസ്പരമുള്ള അടുത്ത റിയലില്‍ നിന്നും രൂപം കൊണ്ടതാണ് കൊച്ചിയില്‍ വെണ്ണലയില്‍ ഉള്ള ഈ വീട്.

6 സെന്റിന്റെ പ്ലോട്ടില്‍ 2330 സ്‌ക്വയര്‍ ഫീറ്റിലായി ഡബിള്‍ ഹൈറ്റോടുകൂടിയ എലിവേഷനും കന്റംപ്രറി ശൈലിയുടെ അഴകളവുകളും ഇഴചേര്‍ത്തു നിര്‍മ്മിച്ചിരിക്കുന്നത് സെറാ സാനിട്ടറിവെയര്‍ ലിമിറ്റഡിന്റെ കൊച്ചിയിലെ സീനിയര്‍ സെയില്‍സ് മാനേജര്‍ പ്രദീപിന്റെയും കുടുംബ ത്തിന്റെയും സ്വപ്‌നഗേഹമാണ്.

ആര്‍ക്കിടെക്റ്റ് മനോജ് കുമാര്‍ (ഇല്യൂഷന്‍സ് ആര്‍ക്കിടെക്റ്റ്, കടവന്ത്ര, കൊച്ചി) ആണ് ഈ സ്വപ്‌നഗേഹം തീര്‍ത്തിരിക്കുന്നത്.

അടുത്തറിയലില്‍ നിന്നും

”സിംപിള്‍ ഡിസൈന്‍ മതി; ഓപ്പണ്‍ ടെറസ് വേണം. അപ്പര്‍ലിവിങ് വേണം, ഫാമിലി ഏരിയകള്‍ കഴിവതും ഗ്രൗണ്ട് ഫ്‌ളോറില്‍ തന്നെ വേണം.

ഞങ്ങളുടെ തറവാട് വീട് ഇവിടെ അടുത്താണ്. അച്ഛനും അമ്മയും ഉണ്ടിവിടെ. അവരുടെ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുവാന്‍ കഴിയണം. അതിനാലാണ് തറവാടു വീടിനടുത്തു തന്നെ വീടുപണിയാമെന്നു തീരുമാനിച്ചത്.

സ്വന്തം വീട് ചെയ്യുന്ന അത്ര ഉത്തരവാദിത്വത്തോടെയാണ് നിര്‍മ്മാണം ഏറ്റെടുത്തു പൂര്‍ത്തിയാക്കിയത്. ഞാനൊന്നിലും ചുമതലയെടുത്തിട്ടേയില്ല.” പ്രദീപ് പറയുന്നു.

”എനിക്ക് ആ കുടുംബത്തെ വളരെ അടുത്തറിയാം. അവരുടെ ജീവിതശൈലി, ഇഷ്ടാനിഷ്ടങ്ങള്‍ എല്ലാം. വീടുപണിയുടെ ഭാഗമായി ഒരു ദിവസം ഞങ്ങളെല്ലാവരും കൂടിയിരുന്ന് സംസാരിച്ചു.

വളരെ മിനിമലായ ആവശ്യങ്ങള്‍ മാത്രമാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. അതുകൊണ്ട് എനിക്ക് എന്റെ ഡിസൈന്‍ സ്വതന്ത്രമായി ചെയ്യാന്‍ പറ്റി”. ആര്‍ക്കിടെക്റ്റ് മനോജ്കുമാര്‍ വിശദമാക്കി.

ഡബിള്‍ ഹൈറ്റ് എലിവേഷന്‍

6 സെന്റ് പ്ലോട്ടിന് അല്പമൊരു കര്‍വ് ആകൃതിയാണ്. അതിനാല്‍ എലിവേഷന്റെ കാഴ്ച ആകര്‍ഷകമാക്കുവാന്‍ പ്ലോട്ടിനനുസരിച്ചാണ് വീട് ഡിസൈന്‍ ചെയ്തത്. ഡബിള്‍ ഹൈറ്റ് സ്വീകരിച്ചത് വീടിന് കൂടുതല്‍ എടുപ്പു നല്‍കുന്നു.

ചുറ്റുമതിലിന് ഗേറ്റിന്റെ അടുത്തു വരെ സുതാര്യമായ ഡിസൈനാണ്. ഗേറ്റ് ഉയരം കുറച്ച് പണിതിരിക്കുന്നു. മള്‍ട്ടിവുഡില്‍ സിഎന്‍സി പാറ്റേണ്‍ മാതൃകയില്‍ ദ്വാരങ്ങളിട്ട് ലളിതമായൊരു ഡിസൈന്‍.

6 സെന്റിന്റെ സ്ഥലപരിമിതി പുറത്തറിയാത്ത വിധമുള്ള ഗേറ്റും ചുറ്റുമതിലുമാണ്. എലിവേഷന്റെ ഡബിള്‍ ഹൈറ്റും ചുമരുകള്‍ക്ക് നല്‍കിയിരിക്കുന്ന ഇളംനിറങ്ങളും ശ്രദ്ധ മുഴുവന്‍ വീട്ടിലേക്ക് കേന്ദ്രീകരിക്കും വിധമാണ്.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോര്‍ട്ട്‌യാര്‍ഡ്, സ്റ്റെയര്‍കേസ്, വാഷ്ഏരിയ, താഴെ തന്നെ രണ്ടുകിടപ്പുമുറികള്‍, അടുക്കള, മുകളില്‍ ലിവിങ്, യൂട്ടിലിറ്റി ഏരിയ, ഗസ്റ്റ് ബെഡ്‌റൂം അടുത്ത ലെവലില്‍ ഭാവിയില്‍ വിവിധാവശ്യങ്ങളെ കരുതി ചെയ്തിരിക്കുന്ന ഒരു ആറ്റിക് സ്‌പേസും. ഇത്രയുമാണ് അകത്തള സജ്ജീകരണങ്ങള്‍.

തികച്ചും മിനിമലിസ്റ്റിക്കായ ഒരുക്കങ്ങള്‍. അനാവശ്യമായി ഫര്‍ണിച്ചറോ, അലങ്കാരസാമഗ്രികളോ ഒന്നും ഈ വീടിനുള്ളിലില്ല. ഫര്‍ണിച്ചറാണെങ്കില്‍ ഓരോ ഏരിയയ്ക്കും അനുയോജ്യമായതും അത്യാവശ്യത്തിനുള്ളതും മാത്രം. ഈ മിതത്വം, അല്ലെങ്കില്‍ സിംപ്ലിസിറ്റി തന്നെയാണ് ഈ വീടിന്റെ ഒതുക്കത്തിനു പിന്നില്‍.

കോര്‍ട്ട്‌യാര്‍ഡാണ് ഹൈലൈറ്റ്

ലിവിങ് കം ഡൈനിങ്ങാണിവിടെ. ഈ രണ്ട് ഏരിയകളുടേയും ഭാഗമാകും വിധം സൂര്യപ്രകാശം തലനീട്ടുന്ന ഒരു കോര്‍ട്ട്‌യാര്‍ഡും ഇത്തിരി പച്ചപ്പും. ലിവിങ്ങില്‍ ‘ഘ’ ഷേയ്പ്പില്‍ സോഫാസെറ്റും സെന്‍ട്രല്‍ ടേബിളും ഒരു കസേരയും മാത്രം.

ഫര്‍ണിഷിങ്ങില്‍ സ്വീകരിച്ചിരിക്കുന്ന തെളിഞ്ഞ നിറങ്ങളാണ് ഈ ഏരിയയ്ക്കു ഭംഗി പകരുന്നത്. ഫ്‌ളോര്‍ സ്‌പേസ് വിശാലമാണ്. ടിവിക്കു സ്ഥാനം ഭിത്തിയില്‍ നല്‍കിയിരിക്കുന്നു.

പ്ലൈവുഡുപയോഗിച്ച് ടിവി ഏരിയ ചെറുതായ് ഹൈലൈറ്റ് ചെയ്തിരിക്കുന്നു. പരമാവധി നാച്വറല്‍ ലൈറ്റ് ഉള്ളിലെത്തിക്കുവാനായി കോര്‍ട്ട്‌യാര്‍ഡിന്റെ ഭിത്തിക്ക് ഒരു ഭാഗത്ത് യുപിവിസി വിന്‍ഡോ ഡബിള്‍ ഹൈറ്റില്‍ നല്‍കി.

ഇവിടെ കര്‍ട്ടന്‍ ഒഴിവാക്കി ഫിലിം ഒട്ടിച്ച് വെളിച്ചത്തെ ഉള്ളിലെത്തിച്ചിരിക്കുന്നു. കോര്‍ട്ട്‌യാര്‍ഡിന്റെ ഒരു ഭാഗത്ത് സ്റ്റെയര്‍കേസാണ് വരുന്നത്. ഈ ഭാഗത്ത് ഗ്രില്ലുകള്‍ നല്‍കിയിരിക്കുന്നത് ഒരു ഡിസൈന്‍ എലമെന്റായിട്ടാണ്. ഈ കോര്‍ട്ട്‌യാര്‍ഡാണ് കോമണ്‍ ഏരിയകളുടെ ഡിസൈന്‍ ഹൈലൈറ്റ്.

മധ്യഭാഗത്താണ് ഡൈനിങ് ഏരിയ. ചുമരുകളിലെ പെയിന്റിങ്ങുകളെ ഫോക്കസ് ചെയ്യുന്ന വാള്‍ വാഷറുകള്‍ ഭിത്തിയില്‍ നിഴലുകള്‍ കൊണ്ട് ചിത്രം വരയ്ക്കുന്നു.

ചുമരുകള്‍ക്ക് സ്വീകരിച്ചിരിക്കുന്ന ഇളംനിറവും തറയിലെ പ്ലെയിന്‍ ടൈലുകളും അകത്തളം കൂടുതല്‍ വിശാലവും വെളിച്ചം നിറഞ്ഞതുമാക്കുന്നു. സ്റ്റെയര്‍ കേസ് ആരംഭിക്കുന്നത് ഡൈനിങ് ഏരിയയ്ക്ക് സമീപത്തുനിന്നുമാണ്.

സ്റ്റെപ്പുകള്‍ക്കടിയിലാണ് വാഷ് ഏരിയയുടെ സ്ഥാനം. വുഡും എസ്എസും ചേര്‍ത്താണ് സ്റ്റെയര്‍കേസിന്റെ നിര്‍മ്മാണം. സീലിങ്ങിലും മിതമായ ഡിസൈനും ഒരുക്കങ്ങളും മാത്രം. ലൈറ്റിങ്ങിനു പ്രാധാന്യം നല്‍കിയിട്ടുണ്ട്, സീലിങ്ങിലും ഭിത്തിയിലും.

ആര്‍ഭാടമൊഴിവാക്കി കിടപ്പുമുറികള്‍

അടുക്കള താരതമ്യേന ചെറുതും സൗകര്യങ്ങള്‍ ഒത്തു ചേര്‍ന്നവയും വെള്ളനിറത്തിനു പ്രാധാന്യം നല്‍കിയുള്ളതുമാകുന്നു. ഫ്‌ളോറിങ് മെറ്റീരിയലുകളും, സാനിട്ടറി ഉപകര ണങ്ങളുമെല്ലാം സെറയുടെ വിവിധ സീരിസിലുള്ളവ തന്നെയാണ് ഉപയോഗി ച്ചിരി ക്കുന്നത്.

മാസ്റ്റര്‍ ബെഡ്‌റൂമും മകന്റെ കിടപ്പുമുറിയും താഴെ നിലയിലാണ്. വുഡന്‍ ഫിനിഷിലുള്ള കണ്ടാല്‍ വുഡന്‍ ഫ്‌ളോറിങ് എന്നു തോന്നും വിധമുള്ള സെറയുടെ തന്നെ ടൈലുകളാണ് കിടപ്പുമുറികളില്‍.

വാഡ്രോബ്, ഡ്രസിങ് ഏരിയ, മികച്ച ലൈറ്റിങ് സംവിധാനങ്ങള്‍ എന്നിവയ്ക്കു പുറമേ മകന്റെ മുറിക്ക് പഠനസൗകര്യവും സ്റ്റോറേജും പ്രത്യേകം നല്‍കിയിരിക്കുന്നു. അപ്പര്‍ ലിവിങ് എന്റര്‍ടെയ്ന്‍മെന്റ് ഏരിയ കൂടിയാണ്.

ഇവിടുത്തെ ഫ്‌ളോറിങ്ങിന് മെറ്റാലിക് ഫിനിഷിലുള്ള ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. താഴെ നിലയിലെ കോര്‍ട്ട്‌യാര്‍ഡിന്റെ ഒരു ഭാഗവും അപ്പര്‍ലിവിങ്ങിന്റെ ഒരു ഭാഗവും തമ്മില്‍ പരസ്പരബന്ധിതമായ ഒരു തുറന്ന നയമാണിവിടെ സ്വീകരിച്ചിരിക്കുന്നത്.

അതില്‍ നാച്വറല്‍ ലൈറ്റിന്റെ സമൃദ്ധി മുകള്‍ നിലയിലും എത്തുന്നുണ്ട്. ഇവയ്ക്ക് പുറമെ യൂട്ടിലിറ്റി ഏരിയയും ഗസ്റ്റ് ബെഡ്‌റൂമുമാണ് മുകളില്‍ ഉള്ളത്.

സ്റ്റെയര്‍കേസ് ഇവിടെ നിന്നും വീണ്ടും ഒരു ലെവല്‍ കൂടി മുകളിലേക്ക് പോയി ഒരു ആറ്റിക് സ്‌പേസില്‍ എത്തിനില്‍ക്കുന്നു. ഭാവിയില്‍ അവശ്യമനുസരിച്ച് ഇവിടെ ഒരുക്കിയെടുക്കുവാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്.

ഇന്റീരിയറിലെ സ്‌പേസ് പ്ലാനിങ്, ശ്രദ്ധേയമായ സ്ട്രക്ചര്‍ ഡിസൈന്‍ എന്നിവ കൊണ്ട് ശ്രദ്ധേയമായ വീടിന് ചുറ്റിനും മുറ്റവും, അല്പം വിശാലമായൊരു കാര്‍പോര്‍ച്ചും, ചെറിയൊരു ലാന്‍ഡ്‌സ്‌കേപ്പും കൂടിയുണ്ട്.

പോര്‍ച്ചിന്റെ പിന്നില്‍ നിന്നും വീടിനുള്ളിലേക്ക് രണ്ടാമതൊരു പ്രവേശനമാര്‍ഗ്ഗം നല്‍കിയിട്ടുണ്ട്. എല്ലായിടത്തും പിന്തുടരുന്ന ഡിസൈനിലെ ലാളിത്യം വീട്ടുകാരുടെ ലളിത ജീവിതശൈലിയെക്കൂടി പ്രതിഫലിപ്പിക്കുന്നു.


About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*