വെള്ളപ്പൊക്കത്തില്‍ ഉലയാത്ത ഊന്നുകാല്‍ വീടുകള്‍

ചതുപ്പെങ്കില്‍ ചതുപ്പ്. വയലെങ്കില്‍ വയല്‍. അതായത് ഊന്നുകാല്‍ വയ്ക്കാനുള്ള സ്ഥലം ഒഴിച്ച് ബാക്കി സ്ഥലം ഒന്നും അവിടത്തെ ഭൂഘടനയില്‍ യാതൊരു ഭൗതികമാറ്റവും വരുത്തുന്നില്ല.

വെള്ളപ്പൈാക്കത്തെ അതിജീവിക്കാന്‍ ഊന്നുകാല്‍ വീടുകള്‍ക്കാകും.

നാല് ഊന്നുകാലുകളില്‍ വളരെ ലളിതമായി ഊന്നുകാല്‍ വീടുകള്‍ സ്ഥിതിചെയ്യുന്നു. അതിന് താഴെ വെള്ളമാകാം, അതല്ലെങ്കില്‍ ചതുപ്പാകാം ചെളിയാകാം, തിരമാലകള്‍ അലറി അടുക്കുന്ന കടലാകാം.

മനുഷ്യന്‍ തന്റെ സംസ്‌ക്കാരത്തേയും ജീവിതരീതികളേയും ചുറ്റുപാടുകളേയും തനിക്ക് അഭിമതമായ രീതിയില്‍ മാറ്റിയെടുത്തു കൊണ്ടിരിക്കുകയാണ ്എന്നും ചെയ്യുന്നത്. ഇതില്‍ മനുഷ്യന്‍ വിജയിക്കുമ്പോള്‍ പ്രകൃതി പലപ്പോഴും പരാജയപ്പെടുന്നു.

പക്ഷേ, പ്രകൃതി അതിന്റെ ഏറ്റവും ചെറുതും സൗമ്യവുമായ രീതിയില്‍ ഒന്ന് തിരിച്ചടിച്ചാല്‍പ്പോലും – അവയെ നാം പ്രകൃതിക്ഷോഭങ്ങള്‍ എന്ന ഓമനപ്പേരില്‍ വിളിക്കും – തീരാവുതേയുള്ളൂ മനുഷ്യന്റെ നേട്ടങ്ങളെല്ലാം.

സാധാരണ ബുദ്ധി കൊണ്ട് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങളേയുള്ളൂ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ എന്ത് ചെയ്യണമെന്നുള്ളത്.

കേരളത്തിന്റേത് പോലുള്ള ഒരു ഭൂപ്രകൃതിയില്‍ മഴവെള്ളത്തിന് സുഗമമായി ഒഴുകിപ്പോകാന്‍ വളരെ എളുപ്പമാണെന്നിരിക്കേ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുക വഴി പ്രകൃതിയുടെ സ്വാഭാവികമായ സന്തുലിതാവസ്ഥയെ നാം തകിടം മറിക്കുകയാണ് ഉണ്ടായത്.

വനനശീകരണവും, തണ്ണീര്‍ത്തടങ്ങളുടെ കയ്യേറ്റവും വയല്‍നികത്തലുമെല്ലാം വെള്ളപ്പൊക്കത്തിലേക്കു വഴിതുറന്ന പ്രവൃത്തികളില്‍ ചിലതു മാത്രം. നിര്‍മ്മാണ മേഖലയ്ക്കു പ്രസക്തമായ തണ്ണീര്‍ത്തട സംരക്ഷണത്തിലേക്കു തന്ന വരാം.

നെല്‍വയല്‍-നീര്‍ത്തട സംരക്ഷണം എന്തിന്?

2008ല്‍ വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭ കൊണ്ടുവന്ന ‘കേരള നെല്‍വയലും നീര്‍ത്തടവും സംരക്ഷണനിയമം 2008 (THE KERALA CONSERVATION OF PADDY LAND AND WETLAND ACT, 2008)’,വളരെ സുപ്രധാനവും കേരളത്തിന് ഏറെ യോജിച്ചതുമായ ഒരു നിയമം ആയിരുന്നു.

ഇന്ത്യയില്‍തന്നെ ആദ്യമായാണ് കേരളത്തില്‍ നെല്‍വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും സംരക്ഷിക്കാനുള്ള ഒരു നിയമമുണ്ടായത്.

നാടിന്റെ ഭാവിയെ മുന്‍നിര്‍ത്തി, പിതാമഹന്മാരില്‍ നിന്ന് നമുക്ക് കൈമാറിവന്ന ഭൂമി, വലിയ പരിക്കുകളൊന്നുമില്ലാതെ അടുത്ത തലമുറയ്ക്ക് കൈമാറേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ പുറത്ത് ‘മാനവികമായ ഒരു ഉള്‍ക്കാഴ്ചയോടെ പ്രയോഗത്തില്‍ വരുത്തിയ നിയമമാണ് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം.

കേരളത്തില്‍ 8.25 ലക്ഷം ഹെക്ടര്‍ നെല്‍പ്പാടം ഉണ്ടായിരുന്നത് 2010 ആയപ്പോള്‍ അത് നാലില്‍ ഒന്നായി ചുരുങ്ങി. കേരളത്തിലെ പ്രത്യേക സാഹചര്യപ്രകാരം കൃഷി നടത്താന്‍ പറ്റാത്ത അവസ്ഥയും ഉണ്ടായി. പ്രധാന കാരണം നെല്‍കൃഷി വലിയ നഷ്ടമായി മാറി എന്നുള്ളതാണ്.

എന്നാല്‍ കേരളത്തില്‍ നെല്‍കൃഷി നഷ്ടമായതിനെ തുടര്‍ന്ന് എന്തുകൊണ്ടാണ് ഇത്രയേറെ വേഗത്തില്‍ നെല്‍വയല്‍ നികത്തപ്പെട്ടത്? കെട്ടിട നിര്‍മ്മാണ മേഖലയിലെ വന്‍ കുതിച്ചുകയറ്റമാണ് കഴിഞ്ഞ അഞ്ചു ദശകങ്ങള്‍ ആയി നമ്മള്‍ കണ്ടത്.

ഗള്‍ഫില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്കും പിന്നെ മലയാളിയുടെ ഭവനസ്വപ്‌നങ്ങളും ഈ മേഖലയില്‍ സാമ്പത്തികവും സാമൂഹികവുമായ ഒരടിത്തറയുണ്ടാക്കി. അത്തരം കെട്ടിടങ്ങളുടെ അടിത്തറയ്ക്കായി വയലുകള്‍ അതിവേഗം നികത്തപ്പെട്ടു.

കരഭൂമിയ്ക്ക് നിലത്തിന്റെ വിലയേക്കാള്‍ നാലിരട്ടിയിലധികം വില കിട്ടുമെന്ന സാഹചര്യം ഉണ്ടായി. നിയമത്തിന്റെ വരവിന് ശേഷം ആകണം, കേരളത്തിന്റെ ഭാഷാ പ്രയോഗത്തില്‍ ‘റിയല്‍ എസ്റ്റേറ്റ് മാഫിയ’ എന്ന പദം കൂടി കടന്നു വന്നത്.

ഈ ഭൂമാഫിയയുടെ രാത്രിയും പകലും ഉള്ള പ്രവര്‍ത്തനങ്ങളില്‍, ശക്തമായ രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തില്‍, നിയമത്തെ വെല്ലുവിളിച്ചു കൊണ്ട് വയല്‍ നികത്തല്‍ ഇപ്പോഴും പലയിടത്തും തുടര്‍ന്നു കൊണ്ടേയിരിക്കുന്നുണ്ട്; ഇതിന് കാരണം ഇപ്പോഴും കെട്ടിട നിര്‍മ്മാണത്തിന്റെ വേഗതയ്ക്ക് ഒരു കുറവുമില്ല എന്നുള്ളതാണ്.

കെട്ടിടം നിര്‍മ്മിക്കാന്‍ ഭൂമി വേണം എന്ന യാഥാര്‍ഥ്യത്തോട് നമ്മള്‍ കണ്ണടച്ച ്ഇരുട്ട് ആക്കുന്നത് ഒട്ടും നീതിയുക്തവുമല്ല. കേരളത്തിലെ വീടുകളുടെ ഒരു സര്‍വ്വേ 2011ലെ സെന്‍സസില്‍ എടുത്തിട്ടുണ്ട്. വീടുകളുടെആധികാരികമായ സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റാ ഇതില്‍ ലഭ്യമാണ്.

അതിന്‍പ്രകാരം കേരളീയര്‍ക്ക് 76.76 ലക്ഷം വീടുകള്‍ ഉണ്ട്. ഇതില്‍ നല്ല രീതിയില്‍ ഉള്ള വീടുകള്‍ 50.96 ലക്ഷം മാത്രമേയുള്ളൂ. ബാക്കി വരുന്ന 25.80 ലക്ഷം വീടുകളും പുതുക്കിപ്പണിയേണ്ടുന്നവയാണ്.

ഇതിനു പുറമേ 2021 ആകുമ്പോഴേയ്ക്കും 20 ശതമാനം കൂടുതല്‍ വീടുകള്‍ പുതുതായി മാറി താമസിക്കുന്നവര്‍ക്കും വീടുവയ്ക്കല്‍ മനസ്സില്‍ താലോലിച്ചു നടക്കുന്നവര്‍ക്കും വേണ്ടിവരും.

അതായത് 15.35 ലക്ഷം കൂടുതല്‍ വീടുകള്‍ വേണം. അപ്പോള്‍ പുതുക്കി പണിയേണ്ടവയും പുതുതായി പണിയേണ്ടതുമായി ആകെ വേണ്ടത് 41.15 ലക്ഷം വീടുകള്‍! ചുരുക്കിപ്പറഞ്ഞാല്‍ ഈ ഭൂമിയാകെ മനുഷ്യന്റെ വീടുകള്‍ കൊണ്ട് നിറയുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

കേരളത്തില്‍ വാസയോഗ്യമായ ഭൂമിയുടെ അളവ് വളരെ കുറവാണ് എന്ന് എല്ലാര്‍ക്കും അറിയാം. ഭൂപ്രകൃതി അനുസരിച്ച് കേരളത്തെ മൂന്നായി തിരിച്ചിട്ടുണ്ട്. മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ.

മലനാട് എടുത്താല്‍ കിഴക്ക് പശ്ചിമഘട്ട മലനിരകള്‍. ഇവിടെ കിഴക്ക് നിന്ന് പടിഞ്ഞാറ ്ദിശയില്‍ ഏകദേശം 10 മുതല്‍ 25 കിലോമീറ്റര്‍ ദൂരംവരെ വാസയോഗ്യമല്ല. അത് കൊടും വന പ്രദേശങ്ങളോ വനംവകുപ്പിന്റെ സ്ഥലമോ ആണ്.

ചുരുക്കം ചില ടൂറിസ്റ്റ് പ്രദേശങ്ങള്‍ ഇതിന് ഒരു അപവാദമാണെങ്കിലും ഭൂരിഭാഗം വരുന്ന പ്രദേശം വീട്‌വയ്ക്കാന്‍ സാധിക്കാത്തയിടങ്ങളോ വീട്‌വയ്ക്കാന്‍ അനുമതിയില്ലാത്ത ഇടങ്ങളോ ആണ്.

ഇടനാട് ആണ് പരിഗണിച്ചാല്‍ ഏറ്റവുമധികം വാസയോഗ്യമായ മേഖല. എങ്കില്‍ത്തന്നെയും വലിയ കായലുകളും ചതുപ്പുപ്രദേശങ്ങളും വയലും ഇവിടെയുണ്ട്.

തീരപ്രദേശം എത്?

കായലുകളും വയലും കടല്‍ത്തീരങ്ങളും കടല്‍ ഉള്ളിലേയ്ക്ക് കടന്നു കിടക്കുന്ന സ്ഥലങ്ങളുംകൂടിയുള്ളതാണ്. ജല സംഭരണികളോട് അനുബന്ധമായി വലിയ ഒരളവ് ചതുപ്പുനിലങ്ങളും കോള്‍നിലങ്ങളും കൃഷിയ്ക്ക് അനുയോജ്യമല്ലാത്ത സ്ഥലങ്ങളും ഈ മേഖലയുടെ പ്രത്യേകതകള്‍ ആണ്.

മൊത്തം വിസ്തീര്‍ണ്ണം കണക്കിലെടുത്താല്‍ വളരെ വലിയ ശതമാനത്തോളം തീരപ്രദേശമുള്ള ചെറിയ ഒരു സംസ്ഥാനമായ കേരളത്തിന്റെ നിര്‍മ്മാണമേഖലയ്ക്ക് CRZ (Coastal Regulatory Zone) എന്നറിയപ്പെടുന്ന തീരസംരക്ഷണ നിയമം എന്നും ഒരു വെല്ലുവിളി തന്നെയായിരുന്നു.

കടല്‍ത്തീരത്തുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളേയും ഉപ്പുവെള്ളം (ഓരുജലം) കയറുന്ന എല്ലാ സ്ഥലങ്ങളിലേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന ഈ നിയമം തീരപ്രദേശത്തുള്ള ആയിരത്തിലേറെ സ്‌ക്വയര്‍കിലോമീറ്റര്‍ ഭാഗത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഉദ്ദേശിച്ചുള്ളതാണ്.

അതായത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ ഭൂമി എന്നതില്‍ ഉപരി, നിര്‍മ്മാണത്തിന് വിലക്കുള്ള ഭൂമിയാണ് നമുക്ക് ചുറ്റും ഏറെയുള്ളത് എന്ന് മനസ്സിലാക്കണം.

ഇക്കാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് സുസ്ഥിരമായ (Sustainable) വികസന പ്രവര്‍ത്തനങ്ങള്‍.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയുള്ള നാടകംകളിയാണോ ഇതിലൂടെ നടക്കുന്നത് എന്ന് പലപ്പോഴും നമുക്ക് തോന്നിയേക്കാം. വികസനം വേണം; എന്നാല്‍ അതിലൂടെ പ്രകൃതിയ്ക്ക് ഊനം തട്ടാനും പാടില്ല എന്നതാണ് സുസ്ഥിരതയുടെ ശരിക്കുള്ള അര്‍ത്ഥം.

തണ്ണീര്‍ത്തട സംരക്ഷണ നിയമം വളരെ അന്തസ്സത്തയുള്ളതാണ്. അത് നിലവില്‍ വരാന്‍ കുറച്ചു വൈകിപ്പോയി എന്ന് മാത്രമല്ല അത് നേരാംവണ്ണം പാലിക്കപ്പെടുന്നില്ല എന്ന സങ്കടമേ പ്രകൃതി സ്‌നേഹികള്‍ക്ക് ഉള്ളൂ.

കയ്യൂക്കും രാഷ്ട്രീയ പിന്‍ബലവും ഉള്ള ഭൂമാഫിയയുടെ കയ്യില്‍ ഈ നിയമം ഒരു നോക്കുകുത്തി ആയിപ്പോയി എന്ന പരാതിയും സ്വാഭാവികം.

ഈ നിയമം പാസായിട്ട് ഒരു ദശാബ്ദമായെങ്കിലും നിയമത്തിന്റെ തുടര്‍ച്ചയായ ‘ലാന്റ് ഡാറ്റാ ബാങ്ക്’ കുറ്റമറ്റതായി പ്രസിദ്ധീകരിച്ച എത്ര പഞ്ചായത്തുകള്‍ ഉണ്ട്? അതില്‍ 2008ന് മുന്‍പ് നികത്തപ്പെട്ടവ എത്ര, അതിനു ശേഷം നികത്തപ്പെട്ടവ എത്ര എന്നത് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ കണ്ടുപിടിക്കാന്‍ വളരെ എളുപ്പമാണ്.

അത്തരം ഒരു ഡാറ്റാബാങ്ക് തയ്യാറാക്കാന്‍ 10 വര്‍ഷത്തിനുള്ളിലും സാധിച്ചിട്ടില്ല എങ്കില്‍ അതിനര്‍ത്ഥം അത് ഭൂമാഫിയയെയും നികത്തല്‍ പ്രക്രിയയെയും സഹായിക്കാനാണ്. കാരണം ഇതിന്റെ ദോഷവശങ്ങള്‍ അനുഭവിക്കുത് സാധാരണക്കാരാണ്.

2008ന് മുന്‍പേ നികത്തപ്പെട്ടതും വര്‍ഷങ്ങളായി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു കൊണ്ടിരിക്കുന്നതുമായ പുരയിടങ്ങള്‍, വില്ലേജ് ഓഫീസ് റെക്കോഡുകള്‍ (BTR) പ്രകാരം നിലം എന്നു കാണുതിനാല്‍ പരക്കെ കെട്ടിട നിര്‍മ്മാണ അനുമതി നല്‍കാത്ത ഒരു സാഹചര്യമാണ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇന്നുള്ളത്.

പ്ലാനിന്റെ കോപ്പിയോടൊപ്പം വില്ലേജ് ഓഫീസില്‍ നിന്നുള്ള പൊസഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുന്നു. പൊസഷന്‍ സര്‍ട്ടിഫിക്കറ്റില്‍ അമ്പതോ നൂറോ വര്‍ഷം മുന്‍പ് വസ്തു നിലം ആയിരുന്നോ പുരയിടം ആയിരുന്നോ എന്ന് എഴുതി നല്‍കുന്നു.

ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ കാടടച്ച് വെടിവയ്ക്കല്‍ ആണ്. 2008ല്‍ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം നികത്തിയവര്‍ കുറ്റക്കാരാണ്; പക്ഷേ അതിനു മുന്‍പേ ചെയ്തവര്‍ ആരും തന്നെ നിയമത്തിന്റെ ദൃഷ്ടിയില്‍ കുറ്റക്കാരല്ല.

നമ്മുടെ വിഷയം എത് ശുദ്ധമായ എഞ്ചിനീയറിങ് മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഉറച്ചു നിന്നുകൊണ്ട് ഭവനദാരിദ്ര്യം എങ്ങനെ പരിഹരിക്കാം എന്നതാണ്. മുന്‍പു സൂചിപ്പിച്ച കണക്കുകള്‍ പ്രകാരം 2021 ആകുമ്പോള്‍ കേരളത്തിന് ഇനിയും 41.15 ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിക്കപ്പെടണം.

ഇനി വരുന്ന 3 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സാധ്യമാവില്ല എന്നറിയാം. പക്ഷേ 2025 ആകുമ്പോള്‍, വര്‍ദ്ധിച്ചു വരുന്ന ചെറുകുടുംബങ്ങളുടെ എണ്ണം പരിഗണിച്ചാല്‍, കുറഞ്ഞത് 50 ലക്ഷം വീടെങ്കിലും നിര്‍മ്മിക്കേണ്ടതുണ്ട്. അതിനുള്ള സ്ഥലം ഈകൊച്ചു കേരളത്തില്‍ നാം കണ്ടെത്തണം.

ഇതൊരു നിസ്സാര കാര്യമല്ല എന്നതു മാത്രമല്ല, അത്രയും ഭൂമി ലഭ്യമാക്കാന്‍ ഒരു സര്‍ക്കാരിനാലാകട്ടെ, തദ്ദേശ ഭരണകര്‍ത്താക്കള്‍ക്കാകട്ടെ കഴിയുകയുമില്ല. കൂടുതല്‍ അളവില്‍ വീട് വയ്ക്കാനുള്ള ഭൂമികണ്ടെത്താനും അവയുടെ ഫലപ്രദമായ ഡേറ്റാബാങ്ക് ഉണ്ടാക്കാനും കഴിയണം.

അപ്പോള്‍ മാത്രമേ ആവശ്യത്തിന് വേണ്ട ഭൂമിയുടെ അളവും ലഭ്യമായ ഭൂമിയുടെ അളവും തമ്മിലുള്ള അന്തരം മനസ്സിലാകൂ. ലഭ്യമായ ഭൂമിയുടെ അളവ് വളരെ കുറവ് മാത്രമേ ഉണ്ടാകൂ എന്ന യാഥാര്‍ത്ഥ്യം നമ്മെ ഞെട്ടിക്കും.

കെട്ടിട നിര്‍മ്മാണം നിയമം മൂലം നിരോധിക്കപ്പെട്ട സ്ഥലങ്ങളില്‍കൂടി നിര്‍മ്മാണത്തിന് നിയമാനുമതി ലഭിച്ചാല്‍ മാത്രമേ സ്ഥലപരിമിതി കൊണ്ട് ഞെരുങ്ങുന്ന കേരള സംസ്ഥാനത്തിന് കൂടുതല്‍ സ്ഥലം നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ കഴിയൂ.

നിയമങ്ങളുടെ ഉദ്ദേശ്യശുദ്ധി ലംഘിക്കാതെ, ഉത്തമമായ നിര്‍മ്മാണ സാങ്കേതികവിദ്യ പ്രയോഗിച്ചുവേണം ഇത് നടപ്പിലാക്കാന്‍. വയലും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കപ്പെടുക തന്നെ വേണം. ഫ്‌ളഡ്‌ലൈനുകളും വെള്ളത്തിന്റെ വഴിച്ചാലുകളും ഗൗരവകരമായി കണക്കിലെടുക്കപ്പെടണം.

ഇതിനുവേണ്ടി സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയുള്ള ഒരു മാര്‍ഗ്ഗമാണ് ‘ഊന്നുകാല്‍ വീടുകള്‍’.

ഊന്നു കാല്‍വീടുകള്‍

ഊന്നുകാല്‍ വീടുകളെ (stilthouses) പ്പറ്റിയുള്ള ചിന്ത ഉടലെടുക്കുന്നത് യാത്രകള്‍ക്കിടയില്‍, പലസ്ഥലങ്ങളിലും പ്രത്യേകിച്ച്, നദീതീരങ്ങളിലും കായല്‍ പ്രദേശങ്ങളിലും വളരെ ലളിതമായി കാണപ്പെട്ട ചെറുകുടിലുകള്‍ കണ്ടപ്പോഴാണ്.

നാല് ഊന്നുകാലുകളില്‍ വളരെ ലളിതമായി അവ സ്ഥിതി ചെയ്യുന്നു. അതിന് താഴെ വെള്ളമാകാം അതല്ലെങ്കില്‍ ചതുപ്പാകാം ചെളിയാകാം, തിരമാലകള്‍ അലറി അടുക്കുന്ന കടലാകാം.

ഒന്നു രണ്ട് ചെറു ഉദാഹരണങ്ങള്‍ പറഞ്ഞാല്‍ ഇതേപ്പറ്റി നല്ലഒരുധാരണനിങ്ങള്‍ക്ക് ലഭിക്കും. ചീനവലകള്‍ക്കു സമീപം ഉള്ള കാവല്‍മുറി കണ്ടിട്ടുണ്ടോ? ഒരാള്‍ക്ക് ഇരിക്കാനും കിടക്കാനും മാത്രം സൗകര്യമുള്ള ഈ മുറിയുടെ അടിയില്‍ മൂന്നാള്‍പ്പൊക്കത്തിലുള്ള വെള്ളമാണ്.

വയലുകളിലും മറ്റും ഉള്ള കാവല്‍മാടങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അവ വയലില്‍ത്തന്നെ വിളകള്‍ക്കോ വയലിനോ ഒരു കേടുപാടും ഇല്ലാതെ നാലോ ആറോ ഊന്നുകാലുകളില്‍ സ്ഥിതി ചെയ്യുന്നു.

അതീവ സങ്കീര്‍ണ്ണമായ ഒരു ഊന്നുകാല്‍ സംവിധാനമാണ്, അലറിത്തിമിര്‍ക്കുന്ന കടലിന്റെ മുകളില്‍ കരയില്‍നിന്നും അങ്ങകലെ ആഴക്കടലില്‍ പെട്രോളിയം കുഴിച്ചെടുക്കാനായി നിര്‍മ്മിക്കപ്പെടുന്ന ‘റിഗു’കള്‍.

ഇവയും നിലകൊള്ളുന്നത് കടലിന്റെ അടിത്തട്ടില്‍ നിന്നും ഉറപ്പിച്ച ഊന്നുകാല്‍ സംവിധാനത്തിലാണ്. കടല്‍വെള്ളത്തിന് എത്രയോ മുകളിലാണ് ഹെലിപാഡ് ഉള്‍പ്പെടെയുള്ള പെട്രോളിയം പമ്പിംഗ് മെഷീനറികള്‍ നിലകൊള്ളുന്നത്. ഇത്തരം റിഗുകളില്‍ പലതിനും ആകെ ഉയരം കുത്തബ് മിനാറിനെക്കാളും കൂടുതലായിരിക്കും.

വീടുകളും ഊന്നുകാല്‍വീടുകളും

വീടുകള്‍ സാധാരണ തൂണുകളില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളാണ്. ഭിത്തികള്‍ ഭാരം എടുക്കുന്ന സാധാരണ കെട്ടിട നിര്‍മ്മാണ ശൈലിക്ക് അതീതമായി ഇവിടെ ഭാരം താങ്ങുന്നത് തൂണുകള്‍ (Pillars) ആയിരിക്കും.

ബഹുനില കെട്ടിടങ്ങള്‍ക്ക് ഈ സംവിധാനമാണ് നിര്‍മ്മാണത്തിന് ഉപയോഗിക്കുക. അവിടെ മുകളിലത്തെ ഭിത്തിയില്‍ നിന്നും ഭാരം താഴത്തെ ഭിത്തിയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നില്ല.

തൂണ്‍വീടുകളും ഊന്നുകാല്‍ വീടുകളും ആയുള്ള പ്രധാന വ്യത്യാസം എന്താണ്?

തൂണ്‍വീടുകളില്‍ ഏറ്റവും താഴത്തെ ഭൂമിയില്‍ തൊടുന്ന ഭാഗവും മനുഷ്യവാസത്തിന് ഉപയോഗിക്കാം. വണ്ടികള്‍ പാര്‍ക്കു ചെയ്യാനുള്ള സ്ഥലമായി പലരും ഇതിനെ ഉപയോഗിക്കുന്നു. അത് കെട്ടിടത്തിന്റെ ഒരു ഭാഗം തന്നെയാണ്.

subscribe_now

ഊന്നുകാല്‍ വീടുകളില്‍ ഭൂമിയുമായി ബന്ധപ്പെടുന്ന ഭാഗം താമസത്തിന് ഉപയോഗിക്കാന്‍ പറ്റില്ല. അവിടെ തനതായ ഭൂമിയുടെ ഒരു തുടര്‍ച്ചയായിരിക്കും കാണപ്പെടുക. അതായത് വെള്ളമാണെങ്കില്‍ ഊന്നുകാലുകള്‍ക്ക് ഇടയില്‍ വെള്ളം തന്നെ ആയിരിക്കും.

ചതുപ്പെങ്കില്‍ ചതുപ്പ്. വയലെങ്കില്‍ വയല്‍. അതായത് ഊന്നുകാല്‍ വയ്ക്കാനുള്ള സ്ഥലം ഒഴിച്ച് ബാക്കി സ്ഥലം ഒന്നും അവിടത്തെ ഭൂഘടനയില്‍ യാതൊരു ഭൗതികമാറ്റവും വരുത്തുന്നില്ല.

ഊന്നുകാലിന്റെ ഫൗണ്ടേഷന്‍ പല രീതിയില്‍ ചെയ്യാറുണ്ട്. വെറുതെ ചെളിയിലും ചതുപ്പിലും കുത്തിനിര്‍ത്തുന്ന കനംകുറഞ്ഞ കോലുകള്‍ ആവശ്യത്തിന് വേണ്ട ആഴത്തില്‍ കുത്തി ഉറപ്പിക്കാനും അതിന്റെ മുകളില്‍ ഭാരം കുറഞ്ഞ തരം ഷെഡ് ഘടിപ്പിക്കാനും കഴിയും.

ഊന്നുകാലുകള്‍ കാറ്റത്ത് ആടാതിരിക്കാനും മറിഞ്ഞ് വീഴാതിരിക്കാനും അവ തങ്ങളില്‍ തങ്ങളില്‍ ബന്ധിപ്പിച്ച് കൊണ്ട് (bracing) കെട്ടി ഉറപ്പിക്കണം.

ഒരു ഭാരം കുറഞ്ഞ ഷെഡിന്റെ അല്ലെങ്കില്‍ ഓലപ്പുരയുടെ കാര്യമാണ് നാം മുകളില്‍ നോക്കിയതെങ്കില്‍ അതിലും എത്രയോ ഭാരമുള്ളതും വലുതുമായ കെട്ടിടങ്ങള്‍ ഇതേമാതിരി ഉറപ്പുള്ള ഫൗണ്ടേഷനിലും പില്ലറുകളിലും നിര്‍ത്താന്‍ കഴിയും.

അതിന് വേണ്ട സ്ട്രക്ചറല്‍ എഞ്ചിനീയറിങ് ഡിസൈന്‍ അനുസരിച്ച് മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ. എങ്ങനെയായാലും ഊന്നുകാലുകള്‍ക്ക് മുകളിലെ നിര്‍മ്മിതിയുടെ ഭാരവും കൂടാതെ കാറ്റിന്റെ ലോഡും ഒക്കെ താങ്ങാനും അവ ഭൂമിയിലെ ഉറപ്പുള്ള പ്രതലത്തിലേയ്ക്ക് കടത്തിവിടാനും കഴിയണം.

അല്ലെങ്കില്‍ വലിയ വിപത്തു സംഭവിക്കും. ഇതിനായി താഴത്തെ ഭൂമിയുടെ വിശദമായ മണ്ണു പരിശോധന നടത്തണം. ഫൗïേഷന്‍ എഞ്ചിനീയറിങ്ങില്‍ വിദഗ്ദ്ധനായ ഒരാളെക്കൊണ്ട് ഫൗണ്ടേഷന്‍ രൂപകല്പന ചെയ്യിക്കണം.

ഊന്നുകാലുകള്‍ക്ക് കാലപ്രവാഹത്തില്‍ കേട്പാട് സംഭവിക്കാതിരിക്കാന്‍ അതിന് പ്രത്യേക ആവരണം നല്‍കണം. പൊതുവില്‍ സാധാരണരീതിയില്‍ നിര്‍മ്മിക്കപ്പെടുന്ന വീടുകളേക്കാള്‍ ശ്രദ്ധ ഇതിന് നല്‍കേണ്ടി വന്നേക്കും.

വയലേലകളിലോ ചതുപ്പുകളിലോ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വളരെ നല്ലതായിരിക്കും.

ഇത്തരം നിര്‍മ്മിതികളില്‍ ഊന്നുകാലുകള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രധാനം നാം നിര്‍മ്മിക്കുന്ന ആധാരതലം (basefloor) ആണ്. മണ്ണിലോ ഉറപ്പുള്ള തറയിലോ മണ്ണിട്ട് നിറച്ച് സാധാരണ രീതിയില്‍ നമുക്ക് തറ (basement) ചെയ്യാന്‍ സാധിക്കാത്തതിനാല്‍ താഴെ നിന്നും ഉയരത്തില്‍ ആയിരിക്കും നാം കൃത്രിമമായി നിര്‍മ്മിക്കുന്ന തറയുടെ സ്ഥാനം.

തറ എന്ന് വിളിക്കാന്‍ സാധിക്കാത്തതിനാല്‍ തലം (floor) എന്ന് വിളിക്കാം. ഇത് യഥാര്‍ത്ഥ തറയല്ലാത്തതിനാല്‍ ഒരു കപട (fake) സ്വഭാവം ഇതിനുണ്ട്. ഇതൊക്കെ കണക്കിലെടുത്ത് ഊന്ന്കാല്‍ വീടുകളുടെ തറയായി (ആധാരമായി) കണക്കാക്കാവുന്നത് ഈ ആധാര തലത്തെയാണ്.

ഭൂമിയില്‍നിന്നും ആധാരതലത്തിന്റെ ഉയരം പരമാവധി കുറഞ്ഞിരിക്കുന്നതാണ് കെട്ടിടത്തിന്റെ സ്ഥിരതയ്ക്ക് നല്ലത്. പക്ഷേ വെള്ളപ്പൊക്കത്തിലും മഴയിലും ഒക്കെത്തന്ന ഈ തലത്തിലേയ്ക്ക് വെള്ളമോ ചെളിയോ കയറിവരാന്‍ പാടുള്ളതല്ല.

ഇതിന്റെ ഉയരം വളരെ കൂടിയാല്‍ ഇതിലേക്ക് പുറത്ത് നിന്നും കയറിചെല്ലാന്‍ പ്രയാസമായിരിക്കും. കൂടാതെ അത് പ്രകൃതിക്ക് ഇണങ്ങുന്നതും ആയിരിക്കില്ല. ബേസ്ഫ്‌ളോറി (Basefloor) ലേയ്ക്ക് കടന്നുച്ചെല്ലാന്‍ ഏതെങ്കിലും ഉയരമുള്ള സ്ഥലത്ത് നിന്നും വഴികണ്ടെത്തണം.

വഴി അല്ലെങ്കില്‍ പടികള്‍ അല്ലെങ്കില്‍ റാംപ് (ramp) ഉയരത്തിലുള്ള സ്ഥലത്തേയ്ക്ക് നയിക്കുന്നതായിരിക്കണം. അതല്ലെങ്കില്‍ അത് ആ വീട്ടില്‍ താമസിക്കുന്നവരുടെ ഒരു സുരക്ഷാ പ്രശ്‌നമായി മാറാന്‍ സാധ്യതയുണ്ട്. ആധാരതലത്തില്‍ എത്തിച്ചേരാന്‍ ഊന്നുകാലില്‍ ഉറപ്പിച്ച റാംപുകള്‍ ആയിരിക്കും ഉത്തമം.

ഊന്നുകാലുകളില്‍ മാത്രം കെട്ടിടം നിലയുറപ്പിക്കുതിനാല്‍ ഊന്നുകാലുകള്‍ക്ക് വേണ്ട തുച്ഛമായ സ്ഥലം മാത്രമേ നഷ്ടപ്പെടുന്നുള്ളൂ.

ചതുപ്പായാലുംവയലായാലും കായലോ കുളമോ ആയാലും ആ ഭൂമിയുടെ ഉപയോഗത്തിന്റെ കാര്യത്തിലോ ആ സ്ഥലത്തിന്റെ പാരിസ്ഥിതികമായ ഘടനകളിലോ യാതൊരു മാറ്റവും ഉണ്ടാവുന്നില്ല.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ഇത്തരം നിര്‍മ്മാണ പ്രവൃത്തികള്‍ ലംഘിക്കുന്നതല്ല. പക്ഷേ ഇക്കാര്യം മനസ്സിലാക്കി പ്രസ്തുതനിയമത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നത് നല്ലതായിരിക്കും എന്ന അപേക്ഷയാണ് അധികൃതര്‍ക്കു മുന്നില്‍ വയ്ക്കാനുള്ളത്.

അത് സാധാരണക്കാരെ വളരെ വലിയ ഒരളവ് വരെ സഹായിക്കും. വയലേലകളിലോ ചതുപ്പുകളിലോ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വളരെ നല്ലതായിരിക്കും.

ഉദാഹരണത്തിന് കീഴാറ്റൂര്‍ എന്ന സ്ഥലത്തെ നെല്‍വയലുകളെ സംരക്ഷിക്കാന്‍ ഇത്തരം സാങ്കേതികവിദ്യ പ്രയോഗിക്കാവുന്നതാണ്.

അങ്ങനെ കര്‍ഷകരുടെ ആശങ്ക പരിഹരിക്കാം. അഞ്ചുമീറ്റര്‍ ഉയരത്തിലെങ്കിലും ഉള്ള ഊന്നുകാലുകളില്‍ താങ്ങി നിര്‍ത്തിയാല്‍ ഹൈവേ അതിന്റെ പാട്ടിന്‌പോകും.

താഴെ കര്‍ഷകര്‍ക്ക് കൃഷി ചെയ്യുകയും ആവാം. പൈല്‍ ക്യാപ്പ് 1.50 മീറ്റര്‍ എങ്കിലും കൃഷിയിടത്തിന് താഴെ ആയിരിക്കണം. അങ്ങനെ ആയാല്‍ കര്‍ഷകരുടെ ജീവിതമാര്‍ഗ്ഗം അടയുകയുമില്ല; അവര്‍ക്ക് അവരുടെ ഭൂവില്‍ അന്യത്വം അനുഭവപ്പെടുകയുമില്ല.

അല്ലാതെ, അമിതമായി മണ്ണിട്ട് അതിനെ കോംപാക്റ്റ് ചെയ്ത ്‌റോഡ് നിര്‍മ്മിക്കുമ്പോള്‍ 30 മീറ്ററില്‍ അധികം ആഴത്തിലുള്ള സര്‍വ്വ ജലപ്രവാഹവും നിലച്ചു പോകുന്നു.

വലിയ ഒരളവില്‍ മണ്ണ് പുറത്തുനിന്ന് കൊണ്ടുവന്ന് വയല്‍നികത്തുമ്പോള്‍ ഉïാകുന്ന ചെലവിനേക്കാള്‍ ഇരട്ടി ആയാല്‍ പോലും ജീവിതമാര്‍ഗ്ഗത്തിന് വേണ്ടി സമരം ചെയ്യുന്ന പാവങ്ങള്‍ക്ക് മുന്നോട്ട് ജീവിക്കാനുള്ള പ്രത്യാശയുടെ വിലയായി ആ അധികച്ചെലവിനെ കണ്ടാല്‍മതി.

വികസനവും വേണം, അതേസമയം പാരിസ്ഥിതിക സന്തുലിതാവസ്ഥയും നിലനിര്‍ത്തണം. അത്തരം സാഹചര്യത്തില്‍ സമരങ്ങളും ഹര്‍ത്താലുകളും അല്ല പരിഹാരം. പുതിയ സാങ്കേതികവിദ്യ പ്രായോഗിക തലത്തില്‍ നടപ്പാക്കല്‍ ആണ്.

നെല്‍വയലുകളെ സംരക്ഷിക്കാന്‍ ഇത്തരം സാങ്കേതികവിദ്യ പ്രയോഗിക്കാവുന്നതാണ്.

തണ്ണീര്‍ത്തടനിയമത്തില്‍ ഇത്തരം കെട്ടിടങ്ങള്‍ തണ്ണീര്‍തടങ്ങളില്‍ അനുവദിക്കാം എന്ന മാറ്റത്തോടൊപ്പം കേരളാപഞ്ചായത്ത് ആന്‍ഡ് മുനിസിപ്പല്‍ ബില്‍ഡിങ് റൂള്‍സ് കൂടി ഭേദഗതി ചെയ്താലേ ഇത്തരം നിര്‍മ്മിതികള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കുകയുള്ളു.

ഒരു സ്റ്റേറ്റ് ടെക്‌നിക്കല്‍ കമ്മിറ്റിക്ക് ഊന്നുകാല്‍ വീടുകള്‍ക്ക് വേണ്ട ഫൗണ്ടേഷന്‍, കോളം, ഫ്‌ളോര്‍ തുടങ്ങിയ കാര്യങ്ങളില്‍ വേണ്ട സ്റ്റാന്‍ഡേര്‍ഡ് ഡിസൈനുകള്‍ ഉണ്ടാക്കി നല്‍കാം.

അവയുടെ ഉപയോഗം, അതുമായി ബന്ധപ്പെട്ട സുരക്ഷിതത്വം എന്നിവ ജനപ്രിയമായ രീതിയില്‍ നടപ്പിലാക്കാന്‍ ഇത് സഹായിക്കും.

ലേഖകന്‍: എഞ്ചിനീയറും, ഹോളിസ്റ്റിക് ബില്‍ഡിങ് കണ്‍സള്‍ട്ടന്റുമാണ്. ‘കെട്ടിടം പണിയും മുന്‍പേ’, ‘ജീവനുള്ള കെട്ടിടങ്ങള്‍’, ‘ഫെങ്ഷൂയ് നിത്യജീവിതത്തില്‍’ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഫോ: 98950 77716. Email: lal@keralaengineer.com

(സ്‌കെച്ചുകള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: സുരേഷ്‌ലാല്‍ എസ്.ഡി.)

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*