ആദ്യത്തേയും എന്നത്തേയും ആര്‍ക്കിടെക്റ്റ്

1992 ല്‍, ഞങ്ങള്‍ക്ക് തേവരയില്‍ ഉണ്ടായിരുന്ന പ്ലോട്ടില്‍ ഒരു അപാര്‍ട്മെന്‍റ് ബില്‍ഡിങ് നിര്‍മിക്കുന്നതിനാണ് ഞാന്‍ ആര്‍ക്കിടെക്റ്റ് രമേഷ് തരകനെ സമീപിക്കുന്നത്. കൊച്ചിയിലെ വളരെ അറിയപ്പെടുന്ന ആര്‍ക്കിടെക്റ്റായിരുന്നു അദ്ദേഹം എന്ന്.

ഏകദേശം നാല് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആ കെട്ടിടം അക്കാലത്തെ ഏറ്റവും വലിയ നിര്‍മ്മാണങ്ങളില്‍ ഒന്നായിരുന്നു. അന്ന് നിര്‍മ്മാണമേഖലയില്‍ ഞാന്‍ തുടക്കക്കാരന്‍ ആയിരുന്നെങ്കിലും ആ പദ്ധതി വന്‍വിജയമായിരുന്നു.

ഓരോ വര്‍ഷവും ഓരോ കെട്ടിടം വീതം നിര്‍മ്മിച്ച് ഏകദേശം ആറ് വര്‍ഷം കൊണ്ടാണ് അഞ്ചു ടവറുകളുള്ള ആ നിര്‍മ്മിതി പൂര്‍ത്തീകരിച്ചത്. ഈ രംഗത്ത് പുതിയ ആളായിരുന്നതു കൊണ്ട് പ്രോജക്റ്റ് എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ ഞാന്‍ രമേഷിന്‍റെ വാക്കുകള്‍ പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു.

ആ വിശ്വാസം ഒരു കെട്ടിടനിര്‍മ്മാതാവ് എന്ന നിലയ്ക്ക് എനിക്ക് ഗുണമേ ചെയ്തിട്ടുള്ളൂ. മുന്‍പ് പല പ്രൊജക്ടുകളും ചെയ്തിട്ടുള്ള അനുഭവ സമ്പന്നനായിരുന്ന അദ്ദേഹത്തിന്‍റെ നിര്‍ദേശങ്ങള്‍ ബില്‍ഡര്‍ എന്ന നിലയിലുള്ള എന്‍റെ വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടായി.

അന്ന് അപ്പാര്‍ട്മെന്‍റുകള്‍ അത്ര വ്യാപകമല്ലായിരുന്ന കാലത്താണ് ‘ചാക്കോളാസ്’ ഈ രംഗത്തേക്ക് കടന്നു വന്നത്. പക്ഷെ, രമേഷിന്‍റെ വ്യത്യസ്തമായ ഡിസൈന്‍ അവയെ സ്വീകാര്യമാക്കി.

വില്ലിങ്ടണ്‍ എന്‍ക്ലേവ്, തേവര

അന്ന് പല ആര്‍ക്കിടെക്റ്റുകളും ചെയ്തിരുന്നതുപോലെ നേര്‍രേഖയിലുള്ള ഒരു ഡിസൈന്‍ ആയിരുന്നില്ല അത്. കാരണം ആ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന അപ്പാര്‍ട്മെന്‍റുകള്‍ എല്ലാം ഏതാണ്ട് ഒരു പോലെ ആയിരുന്നു.

ഉപഭോക്താക്കള്‍ക്കും ഇതേ അഭിപ്രായമായിരുന്നു. പിന്നീടുള്ള ഞങ്ങളുടെ പല പ്രോജക്റ്റുകളും കേരളത്തിലെ പല പ്രമുഖരായ ആര്‍ക്കിടെക്റ്റുകളും ചെയ്തിട്ടുണ്ട്.

ന ാലുവര്‍ഷം മുമ്പ് ഞങ്ങളുടെ വീട് രൂപകല്‍പന ചെയ്തത് രമേഷ് തരകന്‍ ആണ്. ഏകദേശം അഞ്ചുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ അതിനോടകം അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്തു കഴിഞ്ഞിരുന്നു.

മാത്യു ചാക്കോളയും ഭാര്യ രേണുവും

എന്‍റെ ഭാര്യ രേണു ആണ് ഞങ്ങളുടെ വീട് രൂപകല്‍പ്പന ചെയ്യാന്‍ രമേഷ് തന്നെ വേണമെന്ന് നിര്‍ദ്ദേശിച്ചത്. കാരണം ദീര്‍ഘനാളത്തെ പരിചയം കൊണ്ട് എന്‍റെയും കുടുംബത്തിന്‍റെയും അഭിരുചികള്‍ കൃത്യമായി മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിയും എന്നതായിരുന്നു കാരണം.

മാത്രമല്ല, ഏറ്റവും മെച്ചപ്പെട്ട ഒരു വീട് ചെയ്യുവാന്‍ കേരളത്തിലദ്ദേഹത്തെ വെല്ലാന്‍ ആരുമില്ല എന്ന തിരിച്ചറിവും. അദ്ദേഹത്തിന്‍റെ ഡിസൈന്‍ എപ്പോഴും ഞങ്ങള്‍ക്ക് പൂര്‍ണ്ണ തൃപ്തി നല്‍കിയിരുന്നു.

വാസ്തുതത്ത്വങ്ങള്‍ പരിഗണിച്ച് മികച്ച വായുസഞ്ചാരമുറപ്പാക്കി കൊണ്ടു ജയ്പൂരിലെ ഹവാ മഹല്‍ പോലെ നാല് വശങ്ങളില്‍ നിന്നും കാറ്റ് കടന്നു വരും വിധമാണ് വീട് രൂപകല്‍പന ചെയ്തിട്ടുള്ളത്. ഒട്ടും സ്ഥലം പാഴാക്കിയിട്ടില്ല.

വിശാലമായ വാഡ്രോബുകള്‍ കിടപ്പുമുറികളില്‍ എല്ലാമുണ്ട്. മുകള്‍ നിലയില്‍ ആണ് കുട്ടികളുടെ ബെഡ്റൂമുകള്‍. താഴത്തെ നിലയില്‍ ഞങ്ങളുടെ കിടപ്പുമുറിയുടെ സമീപമാണ് ഫാമിലി ലിവിങ്.

അതുകൊണ്ടു കുട്ടികളോടൊത്തു കൂടുതല്‍ സമയം ചെലവിടുന്നത് ഇവിടെയാണ്. മാസ്റ്റര്‍ ബെഡ്റൂമിന്‍റെ ഭാഗമായ വാക് ഇന്‍ വാഡ്രോബ് ഡിസൈന്‍ ചെയ്യുമ്പോള്‍ എന്‍റെ കുര്‍ത്തയുടെ നീളം വരെ ചോദിച്ചറിഞ്ഞശേഷമാണ് അദ്ദേഹം ഫര്‍ണിച്ചര്‍ ഡിസൈന്‍ നല്‍കിയത്.

അതുപോലെ ബാത്റൂമിന്‍റെ പുറത്ത് ഒരു സ്പാ ഒരുക്കിയിട്ടുണ്ട്. അവിടേക്ക് പുറത്തുനിന്ന് കൂടി എന്‍ട്രന്‍സ് കൊടുത്തത് ഭാവിയില്‍ ആരെങ്കിലും വന്ന് മസാജ് പോലുള്ള ചികിത്സകള്‍ ഒക്കെ ചെയ്യുന്നുണ്ടെങ്കില്‍ അത് വീടിന്‍റെ സ്വകാര്യതയെ ബാധിക്കാത്തവിധമായിരിക്കണം എന്ന ദീര്‍ഘവീക്ഷണത്തിലാണ്.

വീടിന്‍റെ അകത്തളാലങ്കാരം നിര്‍വഹിച്ചതും രമേഷ് തന്നെയാണ്. അത്ര ആധുനികമല്ലാതെ എന്നാല്‍ പഴമയും പുതുമയും സമന്വയിപ്പിച്ചും ലളിതമായ നേര്‍രേഖകളെ ആസ്പദമാക്കിയും തികഞ്ഞ ഗൃഹാതുരത്വത്തോടെ ആണ് വീട് ഒരുക്കിയത്.

സ്ക്വയര്‍ഫീറ്റിന് 80 രൂപ മാത്രം ചെലവുവന്ന മൊസൈക് ഫ്ളോറിങ്ങാണ് ഭൂരിഭാഗം ഏരിയയിലും. കൊത്തുപണികള്‍ക്കു പ്രശസ്തനാണല്ലോ രമേഷ്. പക്ഷെ ലളിതമായിരിക്കണം അകത്തളം എന്ന് ഞങ്ങള്‍ രമേഷിനോട് ആവശ്യപ്പെട്ടിരുന്നു.

അതനുസരിച്ച് ചെയ്തു തന്നു. ഗ്ലാസുകളും സ്കൈലൈറ്റുകളും സമൃദ്ധമായി ഉള്‍പ്പെടുത്തിയതിനാല്‍ പകല്‍ വേളകളില്‍ അകത്തളം വളരെ പ്രകാശമാനമാണ്.

തൊഴിലിലും വ്യക്തി ജീവിതത്തിലും ചെറിയ കാര്യങ്ങളില്‍ വരെ സവിശേഷശ്രദ്ധ പുലര്‍ത്തുന്നയാളാണ് രമേഷ്. ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്ന ഒരാളാണ് അദ്ദേഹം എന്ന് തോന്നിയിട്ടുണ്ട്.

കേവലം സൈറ്റ് വിസിറ്റിനു വരുമ്പോള്‍ പോലും അദ്ദേഹം മികച്ച രീതിയില്‍ ശ്രദ്ധാപൂര്‍വ്വം ഒരുങ്ങിയിരിക്കും. ഡീറ്റെയ്ലിങ്ങിലുള്ള ശ്രദ്ധ അദ്ദേഹത്തിന്‍റെ നടപ്പിലും എടുപ്പിലും ഉടുപ്പിലും ഒക്കെ കാണാം.

ലേഖകന്‍: മാനേജിങ് ഡയറക്ടര്‍, ചാക്കോളാസ് ഹാബിറ്റാറ്റ്

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 261 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*