Project Specifications

കാഴ്ചക്കാര്‍ക്ക്ഒരു സമസ്യയായി തോന്നുന്ന വീടൊ രുക്കണമെന്ന ആഗ്രഹവുമായാണ് പ്രവാസിയായ വിഷ്ണു നന്ദകുമാര്‍ കൊച്ചിയിലെ ‘മൈഇന്നോസ്‌പേസ്’ ഡിസൈന്‍ ടീമിനെ സമീപിച്ചത്.

സമഭുജത്രികോണത്തിന്റെ ഒരു ചീന്തെന്ന പ്രതീതിയുളവാക്കുന്ന ഒരു പ്ലാനാണ് മൈ ഇന്നോസ്‌പേസിലെ പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റുകളായ മനോജ് മധു, വിവേക് വസിഷ്ഠ, കമ്പനിയുടെ സി.ഇ.ഒ. ഗൗരവ് ജജോദിയ എന്നിവര്‍ ചേര്‍ന്ന് വ്യത്യസ്തത ആഗ്രഹിക്കുന്ന ഈ ക്ലയന്റിനു വേണ്ടി തയ്യാറാക്കിയത്.

സിംപിള്‍ ഹോം

ചിറകുകളെ (വിംഗ്‌സ്) അനുസ്മരിപ്പിക്കും വിധം ഉയര്‍ച്ച താഴ്ചകളുള്ള മേല്‍ക്കൂരയാണ് വീടിന്. ഇരു ചിറകുകളുടേയും മധ്യത്തില്‍ നിലകൊള്ളുന്ന ഭിത്തിയാണ് മേല്‍ക്കൂരയുടെ ഭാരം താങ്ങുന്നത്.

ചിറകുകളുടെ പ്രതീതി ഉണര്‍ത്തുന്ന മേല്‍ക്കൂരയ്ക്ക് പുറമേ മേല്‍ക്കൂരയിലും കാര്‍പോര്‍ച്ചിലുമുള്ള പര്‍ഗോളകളും, മുന്‍വശത്തുള്ള പോര്‍ച്ചിന്റെ ഭിത്തിയിലെ വൃത്താകൃതിയിലുള്ള തുറസ്സുകളും കോണാകൃതിയിലുള്ള സ്റ്റെയര്‍കേസിന്റെ ഭിത്തിയിലെ ചെങ്കല്ലുകൊണ്ടുള്ള ഡീറ്റെയ്‌ലിങ്ങും ഡിസൈന്‍ എലമെന്റുകളായി വര്‍ത്തിക്കുന്നുണ്ട്.

YOU MAY ALSO LIKE: ചെലവു കുറച്ച്, സൗകര്യങ്ങള്‍ കൂട്ടി

പൂമുഖം, ലിവിങ്, ഡൈനിങ്, മൂന്ന് ബാത്അറ്റാച്ച്ഡ് കിടപ്പുമുറികള്‍ എന്നിവ ഉള്‍ച്ചേര്‍ന്ന വീടിന്റെ നിര്‍മ്മാണച്ചെലവ് കേവലം മുപ്പത് ലക്ഷം രൂപയാണ്. പ്ലോട്ടില്‍ നിലവിലുള്ള മരങ്ങള്‍ സംരക്ഷിക്കണമെന്ന് ക്ലയന്റ് ആഗ്രഹിച്ചത് കൊണ്ടു കൂടിയാണ് വീടിനും മേല്‍ക്കൂരയ്ക്കും വ്യത്യസ്തമായ രൂപം കൈവന്നത്.

ജ്യാമിതീയ ചാരുതയില്‍

ഇറ്റാലിയന്‍ ആര്‍ക്കിടെക്റ്റായ കാര്‍ലോ സ്‌കാര്‍പ്പയുടെ ആശയങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു കൊണ്ടാണ് നിര്‍മ്മാണ സാമഗ്രികള്‍ പരമാവധി കുറച്ച് സ്വാഭാവികമായ ഡിസൈന്‍ എലമെന്റുകള്‍ ഉള്‍ച്ചേര്‍ത്ത് വീടൊരുക്കിയത്.

നല്ല ഉറപ്പുള്ള പ്ലോട്ടായതിനാല്‍ അടിത്തറയ്ക്ക് അധികം ആഴം വേണ്ടി വന്നില്ല. തദ്ദേശീയമായി ലഭ്യമായ ചെങ്കല്ലായിരുന്നു പ്രധാന നിര്‍മ്മാണ സാമഗ്രി. തുറസ്സായ നയത്തില്‍ ഭിത്തികള്‍ പരമാവധി ഒഴിവാക്കിക്കൊണ്ട് വീടൊരുക്കിയത് ചെലവ് ചുരുക്കാന്‍ സഹായകമായി.

തുറസ്സായ നയത്തില്‍ ഒരുക്കിയ വീട്ടില്‍ നേര്‍രേഖകളെ ആസ്പദമാക്കിയുള്ള സമകാലിക ശൈലിക്കു പകരം ത്രികോണാകൃതിക്കു പ്രാമുഖ്യം നല്‍കിയത് വ്യത്യസ്തതയാണ്.

വീടിന്റെ വ്യത്യസ്തമായ ഘടനയെ സൂചിപ്പിക്കുംവിധം ത്രികോണാകൃതിയാണ് പൂമുഖ വരാന്തയ്ക്കും ഡൈനിങ്ങിനു പിന്നിലെ പാഷ്യോയ്ക്കും. പൂമുഖത്ത് നിന്ന് ഫോയറിലൂടെയാണ് ഡബിള്‍ ഹൈറ്റിലുള്ള ലിവിങ,് ഡൈനിങ്, പാഷ്യോ എന്നിവിടങ്ങളിലേക്ക് പ്രവേശനം.

വീടിന്റെ മുന്‍വശത്തുള്ള കാര്‍പോര്‍ച്ചിന്റെ ഭിത്തിയില്‍ വൃത്താകൃതിയില്‍ തുറസ്സു നല്‍കിയത് ആകര്‍ഷകമാണ്. വീട്ടകത്തെ തറയിലുടനീളം ജ്യാമിതീയ രൂപങ്ങള്‍ ഇടം നേടിയിട്ടുണ്ട്.

വീടിന്റെയും പോര്‍ച്ചിന്റെയും മേല്‍ക്കൂരയില്‍ ടഫന്റ് ഗ്ലാസിട്ട പര്‍ഗോളകള്‍ ഉള്‍ച്ചേര്‍ത്താണ് വെളിച്ചം അകത്തെത്തിച്ചത്. കോണാകൃതിയിലുള്ള ഗോവണിയുടെ ഭിത്തിയിലെ ഇഷ്ടിക രൂപങ്ങള്‍ അകത്തളങ്ങളില്‍ തീര്‍ക്കുന്ന നിഴല്‍ചിത്രങ്ങള്‍ ഏറെ ആകര്‍ഷകമാണ്.

ജ്യാമിതീയ രൂപങ്ങള്‍ക്ക് സവിശേഷപ്രാധാന്യമുള്ള ഈ വീട്ടിലെ മാസ്റ്റര്‍ ബെഡ്‌റൂം ട്രപ്പീസി യത്തിന്റെ ആകൃതിയിലാണ്. പ്രകൃതിഭംഗി ആസ്വദിച്ച് വിശ്രമിക്കത്തക്കവിധം ബേവിന്‍ ഡോകള്‍ ഉള്‍ച്ചേര്‍ത്താണ് ഇവിടുത്തെ കിടപ്പുമുറികള്‍ എല്ലാം ഒരുക്കിയത്.

ALSO READ: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

ഗ്ലാസ് പാര്‍ട്ടീഷന്‍ നല്‍കിയാണ് കിടപ്പുമുറികള്‍ക്കനുബന്ധമായുള്ള ഡ്രസിങ് ഏരിയയും ബാത്‌റൂമും വേര്‍തി രിച്ചത്. ചുമരിന്റെ മുകളറ്റം വരെ എത്തിനില്‍ക്കുന്ന ജനാലകള്‍ കിടപ്പുമുറികളുടെ ഭാഗമാണ്.

ഇവയുടെയെല്ലാം ഓരോ ഭിത്തി കടുംനിറത്തില്‍ ഹൈലൈറ്റ് ചെയ്തിട്ടുമുണ്ട്. ലിവിങ്, ഡൈനിങ് ഏരിയകളുടെ വലതുവശത്ത് പൂമുഖത്തേക്കു നോട്ടമെത്തും വിധത്തിലാണ് ബ്രേക്ക് ഫാസ്റ്റ് കൗണ്ടര്‍ ഉള്‍ച്ചേര്‍ത്ത അടുക്കളയുടെ സ്ഥാനം.

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് പുത്തന്‍ചിറയില്‍ 16 സെന്റ് പ്ലോട്ടില്‍ 2100 ചതുരശ്ര അടി വിസ്തൃതിയിലാണ് വീടിരിക്കുന്നത്. പ്ലോട്ടിലെ മരങ്ങള്‍ പരമാവധി സംരക്ഷിച്ചു കൊണ്ടു ഒരുക്കിയ ഈ വീട്ടില്‍ നല്ലൊരു മഴവെള്ളസംഭരണിയും ഇടം നേടിയിട്ടുണ്ട്.

ഫോട്ടോഗ്രാഫി : വിഷ്ണു നന്ദകുമാര്‍

Comments are closed.