Project Specifications

ലിംഗ നീതിയുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഒറ്റ കുടക്കീഴിലാക്കുന്ന ഏഷ്യയിലെ ആദ്യ ജെന്‍ഡര്‍ പാര്‍ക്കാണ് കോഴിക്കോട് ഉയരുന്നത്‌.

ജെന്‍ഡര്‍ എന്ന വാക്കു പോലും നിലനില്‍ക്കാത്ത സമൂഹമാണ്, ലിംഗ സമത്വ സമൂഹം. വിവേച നത്തിന്റെ നിഴലില്ലാതെ, ഒരാള്‍ അയാളായി തന്നെ ജീവിക്കുന്ന ഇടം”ഗ്ലോറിയ സ്‌റ്റെയ്‌നം (അമേരിക്കന്‍ പത്രപ്രവര്‍ത്തക, ഫെമിനിസ്റ്റ്). സംസ്‌കാര സമ്പന്നമായ സമൂഹമെന്ന് അഹങ്കരി ക്കുമ്പോഴും, മനുഷ്യ സമത്വ സംഘടനാ പ്രവര്‍ത്തനങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം സജീവമാ യിരിക്കുമ്പോഴും ലിംഗ വിവേചനം എന്നത് സ്ഥലകാല ഭേദമില്ലാതെ, എല്ലാ സമൂഹ ത്തിലും നിലനില്‍ക്കുന്നു. ദേശീയ ഗാനത്തിലെ ‘ആണ്‍മക്കള്‍’ എന്ന വാക്ക് ലിംഗസമത്വത്തിന്റെ ഭാഗമായി ‘നമ്മള്‍’ എന്ന് ഭേദഗതി ചെയ്ത് കാനഡ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇത്തരം നടപടികള്‍ പ്രത്യക്ഷത്തില്‍ ലിംഗവിവേചനത്തില്‍ മാറ്റമുണ്ടാക്കുമോ എന്ന് ഉറപ്പി ല്ലെങ്കിലും, പൊതു മനോഭാവത്തില്‍ പരിവര്‍ത്തനം കൊണ്ടുവന്നേക്കുമെന്ന് പ്രതീക്ഷി ക്കപ്പെ ടുന്നു. ഈ പ്രതീക്ഷ തന്നെയാണ് ‘ജെന്‍ഡര്‍ പാര്‍ക്ക്’ എന്ന ബൃഹത്ത് സംരംഭത്തിലൂടെ കേരളാ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ലിംഗനീതിയുമായി ബന്ധപ്പെട്ട സകല വകുപ്പുകളും ഒറ്റ കുടക്കീഴിലാക്കുന്ന, കോഴിക്കോട് നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ഈ കേന്ദ്രം ഏഷ്യയിലെ ആദ്യ ജെന്‍ഡര്‍ പാര്‍ക്ക് ആണെന്നത് സംസ്ഥാനത്തിനും അഭിമാനിക്കാനുള്ള വക നല്‍കുന്നു. ലിംഗ സമത്വം എന്നാല്‍ അത് മനുഷ്യ സമത്വമാണ്. ഇത്തരമൊരു കേന്ദ്രം ഒരുക്കുമ്പോള്‍ അതിന്റെ സാമൂഹ്യ ഉത്തരവാദിത്വം വളരെ വലുതാണ്. ആ വ്യാപ്തി മനസിലാക്കി തന്നെയാണ് ഇതിന്റെ പടിപടിയായുള്ള നിര്‍മ്മാണവും വികാസവും എല്ലാം. കോഴിക്കോടുള്ള മുന്‍ നിര ആര്‍ക്കിടെക്റ്റ് ഗ്രൂപ്പായ സ്‌പേസ് ആര്‍ട്ടിനാണ് ഈ സര്‍ക്കാര്‍ പദ്ധതിയുടെ നിര്‍മ്മാണ ചുമതല. ആര്‍ക്കിടെക്റ്റ് അനിതാ ചൗധരി, ആര്‍ക്കിടെക്റ്റ് വിനോദ് പി. സിറിയക് എന്നിവരാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗാന്ധി ബ്ലോക്ക് എന്നറിയപ്പെടുന്ന കോര്‍ ബ്ലോക്കും, ഇതിനോട് ചേര്‍ന്നുള്ള റിസോഴ്‌സ് ബ്ലോക്കും ഉള്‍പ്പെടെയുള്ള ഒന്നാം ഘട്ട നിര്‍മ്മാണമാണ് ഇതിനകം പൂര്‍ത്തിയായിട്ടുള്ളത്. ഈ പ്രോജക്റ്റിനായിരുന്നു 2017ലെ ഐഐഎ സില്‍വര്‍ ലീഫ് അവാര്‍ഡും ദേശീയ തലത്തില്‍ ആര്‍ക്ക് ഏഷ്യയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചത്.

കാലാനുഗുണകരമായ പുന:രുപയോഗം

പ്രകൃതിയോടും കാലത്തോടും ഇണങ്ങുന്ന പുനരുപയോഗത്തിന്റെ (Adaptive reuse) മികവുറ്റ മാതൃകയാണ് പണി പൂര്‍ത്തിയായ കോര്‍ ബ്ലോക്കും, റിസോഴ്‌സ് ബ്ലോക്കും. സംസ്ഥാന സാമൂഹ്യ നീതി വകുപ്പിനു കീഴിലുള്ള കാര്യാലയങ്ങള്‍ ഭാഗികമായി പ്രവര്‍ത്തിച്ചിരുന്ന കോഴിക്കോട് വെള്ളിമാടുക്കുന്നിലെ 24 ഏക്കര്‍ സ്ഥലത്താണ് ജെന്‍ഡര്‍ പാര്‍ക്ക് ഉയരുന്നത്. ഇവിടുത്തെ കാര്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം ഏതാണ്ട് നിര്‍ജീവാവസ്ഥയിലായിരുന്നു. അതുകൊണ്ടു തന്നെ ഈ ഭൂമിയും അവഗണിക്കപ്പെട്ട നിലയിലായിരുന്നു. വന്‍വൃക്ഷങ്ങളും, അടിക്കാടുകളും , നാട്ടുപുല്ലുകളും കീഴടക്കിയിരുന്ന ഭൂമിയാണ് ജെന്‍ഡര്‍ പാര്‍ക്കിനായി പ്രഖ്യാപിച്ചത്. ജീര്‍ണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങള്‍ പണിയാനായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്ലോട്ട് കണ്ട്, അവിടുത്തെ ചരിത്രമറിഞ്ഞതോടെ ആര്‍ക്കിടെക്റ്റ് അനിതാ ചൗധരിയും ടീമും തീരുമാനം മാറ്റുകയായിരുന്നു. ഗാന്ധി ബ്ലോക്ക് എന്നറിയപ്പെടുന്ന തായ്‌കെട്ടിടം പൊളിക്കാതെ, പാരമ്പര്യവും, ചരിത്രവും ഉള്‍ക്കൊണ്ട് കാലത്തിന് യോജിക്കും വിധം പുന:രുപയോഗിച്ചു. സ്ട്രക്ചര്‍ കൂടുതല്‍ ശക്തിപ്പെടുത്തി. പഴയ ഗാന്ധി ബ്ലോക്കിലെ 70 ശതമാനം കഴുക്കോലുകള്‍, 40 ശതമാനം വാതിലുകള്‍, ജനാലകള്‍, 3544 മാഗ്ലൂര്‍ ടൈലുകള്‍, ഫ്‌ളോറിങ്ങിന് ഉപയോഗിച്ചിരുന്ന 99 ടെറാക്കോട്ട ടൈലുകള്‍ എന്നിവ വീണ്ടും ഉപയോഗിച്ചു. ഒന്നാം നില കൂടുതല്‍ ദൃഢമാക്കാന്‍ സെക്ഷനുകളും, വുഡന്‍ ക്ലാഡിങ്ങും നല്‍കി.

ഗാന്ധി ബ്ലോക്ക്, റിസോഴ്‌സ് ബ്ലോക്ക്

ജെന്‍ഡര്‍ പാര്‍ക്കിന്റെ മുഖമെന്ന് പറയാവുന്ന ഗാന്ധി ബ്ലോക്ക് മാത്രമാണ് കാലാനുരൂപമായി പരിഷ്‌കരിച്ചത്. കെട്ടിട്ടത്തെ ചുറ്റിയിരിക്കുന്ന നീളന്‍ വരാന്തയാണ് ഈ ബ്ലോക്കിലെ പ്രധാന പുറം ഇടം. പഴയ കെട്ടിടത്തിന്റ ഈ ഭാഗം അരഭിത്തികള്‍ കൊണ്ട് ഇണക്കി ജാലകങ്ങള്‍ കൊണ്ട് അടച്ച നിലയിലായിരുന്നു. ഈ ഭാഗം മൊത്തത്തില്‍ പൊളിച്ചു കളഞ്ഞ് , മുഴുവന്‍ തുറന്ന നീളന്‍ വരാന്തയായി പുതുക്കി. അതോടെ ഗാന്ധി ബ്ലോക്കിന്റെ ഭാവം തന്നെ തെളിഞ്ഞതായി. വരാന്തയുടെ ഓരത്തെ തൂണുകളുടെ ഫിനിഷിങ് മൊത്തത്തില്‍ പൊളിച്ച് കളഞ്ഞ് തൂണുകളുടെ ലാറ്ററൈറ്റ് രൂപം തുറന്നു കാട്ടി. ജെന്‍ഡര്‍ പാര്‍ക്കിന്റെ നെടും തൂണായ ഈ കെട്ടിടത്തിന്റെ മ്ലാനമായ മുഖഛായ മാറ്റി പ്രസന്നവും സ്പഷ്ടവുമായ ഭാവം നല്‍കിയത് യഥാര്‍ത്ഥത്തില്‍ ഈ രൂപമാറ്റമാണ്. 3993 സ്‌ക്വയര്‍ഫീറ്റാണ് ഈ ബ്ലോക്ക്. ഇതിന് സമാന്തരമായുള്ള റിസോഴ്‌സ് ബ്ലോക്ക്, അടിമുടി പുന:നിര്‍മ്മിച്ചതാണ്. 1970 ല്‍ ഇവിടെ പണിതിരുന്ന എക്സ്റ്റന്‍ഷന്‍ കെട്ടിടം ഈ സ്ഥാനത്ത് ജീര്‍ണാവസ്ഥയില്‍ ഉണ്ടായിരുന്നു. അത് മുഴുവനായി പൊളിച്ചു കളഞ്ഞാണ് റിസോഴ്‌സ് ബ്ലോക്ക് നിര്‍മ്മിച്ചത്.

ഗാന്ധി ബ്ലോക്കിലെ ആദ്യ നില എക്ബിഷന്‍ സെന്ററും മ്യൂസിയവുമാണ്. പല മുറികളായി പരന്നു കിടക്കുന്ന ഒന്നാം നിലയില്‍ ലൈബ്രറിയും,പഠന കേന്ദ്രവുമാണുള്ളത്. ഒന്നാം നില 1910 സ്‌ക്വയര്‍ഫീറ്റാണ്. ഗാന്ധി ബ്ലോക്കിലെ മേല്‍ക്കൂര ശക്തമാക്കാന്‍ സ്റ്റീല്‍ ബീമുകള്‍ ഉപയോഗിച്ചു. നിലവിലുണ്ടായിരുന്ന ബീമുകള്‍ക്കും, കഴുക്കോലിനുമെല്ലാം പൗരാണികത തോന്നിക്കുന്ന വുഡ് പാനലും നല്‍കി. ടെറാക്കോട്ട ടൈലു കൊണ്ടാണ് തറയൊരുക്കിയത്. പുനരുപയോഗ സാധ്യമായ പഴയ ടൈലുകള്‍ ഇടകലര്‍ത്തി നല്‍കിയിട്ടുണ്ട്. പഴയ കെട്ടിടത്തിന്റെ ജാലകങ്ങള്‍ നിലനിര്‍ത്തി ആന്റിക്ക് പോളിഷ് നല്‍കി. മൂന്നു ത്രികോണ മുഖപ്പുകളില്‍ ഓരോന്നും വന്ന് കൂടിച്ചേരുന്നി ടത്ത് വെളിച്ചം അകത്തെത്തും വിധത്തിലുള്ള റോസ് വിന്‍ഡോ നല്‍കി. ഗാന്ധി ബ്ലോക്കിന്റെ ഇടത്തു വശത്തേക്ക് നോക്കി നില്‍ക്കുന്ന രീതിയിലാണ് റിസോഴ്‌സ് ബ്ലോക്ക്. ഒരു ഇടനാഴിയില്‍ കൊരുത്ത മൂന്നു ഭാഗങ്ങള്‍ ചേരുന്നതാണ് റിസോഴ്‌സ് ബ്ലോക്ക്. ഗ്രൗണ്ട് ഫ്‌ളോറില്‍ മധ്യത്തിലുള്ള ഭാഗം റിസപ്ഷനും, ബാക്ക് ഓഫീസുമാണ്.

വശങ്ങളിലെ രണ്ട് ഭാഗങ്ങളും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ആണ്. ഒന്നാം നിലയില്‍ കോണ്‍ഫറന്‍സ് റൂം, ക്ലാസ് റൂമുകള്‍ എന്നിവയാണുള്ളത്. ഇരുബ്ലോക്കുകള്‍ക്കും ഇടയിലെ പച്ചപ്പുള്ള ലാന്‍ഡ്‌സ്‌കേപ്പിലൂടെയുള്ള നടപ്പാത പ്രസരിപ്പും, കുളിരുമുള്ള അന്തരീക്ഷം ഉറപ്പാക്കുന്നുണ്ട്. സ്വാഭാവിക പുല്‍ത്തകിടിയും കുറ്റിച്ചെടികളും, വള്ളി പടര്‍പ്പുകളും, നേരത്തെ ഉണ്ടായിരുന്ന വന്‍ വൃക്ഷങ്ങളും എല്ലാം ഇടചേര്‍ന്നൊരു ‘റസ്റ്റിക്ക് & ഫൈന്‍ ലുക്ക്’ പറയാവുന്ന വിധമുള്ള പരിസരസജ്ജീകരണമാണിത്. ഗാന്ധി ബ്ലോക്കില്‍ പഴമയുടെ അംശമാണ് മുന്നിട്ടു നില്‍ക്കുന്നതെങ്കില്‍ റിസോഴ്‌സ് ബ്ലോക്കില്‍ പാരമ്പര്യ – സമകാലീന വാസ്തു ഘടകങ്ങള്‍ കൈകോര്‍ക്കുന്നുണ്ട്. ഇടനാഴിയാല്‍ ബന്ധിപ്പിക്കുന്ന ഇടവിട്ടുള്ള ത്രികോണ മുഖപ്പുകള്‍ക്കിടയില്‍ പര്‍ഗോള മേല്‍ക്കൂരയോട് കൂടിയ ബാല്‍ക്കണികള്‍ കെട്ടിടത്തെ പ്രകൃതിയുമായും, എതിര്‍വശത്തെ ഗാന്ധി ബ്ലോക്കുമായും കൂട്ടിയിണക്കുന്നു. റിസോഴ്‌സ് ബ്ലോക്കിന്റെ താഴത്തെ നിലയും മുകളിലെ അതേ രൂപഘടനയിലാണ്. ഇവിടെ ഇടനാഴികളുടെ മുന്‍ഭാഗത്തെ ഭിത്തിയില്‍ പെര്‍ഫൊറേറ്റഡ് ഷീറ്റും, സ്റ്റീല്‍ റോഡ് കോമ്പിനേഷനും ചേരുന്ന സുതാര്യമായ ലീഫ് വര്‍ക്കാണ് ഭിത്തിക്ക് പകരം ഉള്ളത്. ഗാന്ധി ബ്ലോക്കിലേതിനു സമാനമായ റോസ് വിന്‍ഡോ നല്ലൊരു ഡിസൈന്‍ എലമെന്റായി റിസോഴ്‌സ് ബ്ലോക്കിലും ആവര്‍ത്തിച്ചിരിക്കുന്നു. പച്ചനിറത്തോട് ചേര്‍ന്നു പോകുന്ന ഗ്രേ കളറുള്ള പരുക്കന്‍ ടൈലാണ് അകത്തളങ്ങളില്‍ നിലമൊരുക്കാന്‍ ഉപയോഗിച്ചത്. പരസ്പരം സംവദിക്കുന്ന പൗരാണികതയും, ആധുനികതയുമാണ് ഗാന്ധി ബ്ലോക്കിലേക്ക് മുഖം നോക്കി നില്‍ക്കുന്ന റിസോഴ്‌സ് ബ്ലോക്കിന്റെ രൂപഘടനയിലൂടെ വെളിവാകുന്നത്.

ജെന്‍ഡര്‍ പാര്‍ക്ക് : കാഴ്ചപ്പാടും ദൗത്യവും

സംസ്ഥാന സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ പ്രത്യേക വിഭാഗം രൂപവത്കരിച്ചാണ് ജെന്‍ഡര്‍ പാര്‍ക്ക് എന്ന ആശയം തുടങ്ങിയത്. ആണ്‍, പെണ്‍, ഭിന്നലിംഗ വ്യത്യാസങ്ങള്‍ സമ്പൂര്‍ണ്ണമായി മായ്ക്കാനുള്ള ഇടം എന്ന ആശയത്തിലൂന്നിയാണ് ഈ പദ്ധതിയുടെ വികാസം. ലിംഗ തുല്യത പ്രാപ്തമാകുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍, പരിപാടികള്‍, പൊതുവേയുള്ള സാഹിത്യ – സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ നടക്കും, സര്‍വ്വകലാശാലാ തലത്തിലുള്‍പ്പെടെയുള്ള ഉയര്‍ന്ന ഗവേഷക വിഭാഗത്തിനും, സാധാരണ പൗരന്‍മാര്‍ ഉള്‍പ്പെടെയുള്ള സിവില്‍ സൊസൈ റ്റിക്കും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും സംവദിക്കാനുമുള്ള പൊതുവേദിയായിരിക്കും ഈ കേന്ദ്രം. 2015 ലെ സംസ്ഥാന ജെന്‍ഡര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ നയത്തില്‍ ഉള്‍പ്പെട്ട വിഷയങ്ങളാണ് ജെന്‍ഡര്‍ പാര്‍ക്കിന്റെ പരിധിയില്‍ വരുന്നത്. വെള്ളിമാട്ക്കുന്നില്‍ 2013 മാര്‍ച്ച് എട്ടിനാണ് ജെന്‍ഡര്‍ പാര്‍ക്കിന് തറക്കല്ലിട്ടത്.ഇതിന് മുന്നോടിയായി 2012 ല്‍ ജെന്‍ഡര്‍ ഫെസ്റ്റും നടത്തിയിരുന്നു. 2014 ല്‍ പാര്‍ക്കിന്റെ നിര്‍മ്മാണം തുടങ്ങി. നിശ്ചിത പദ്ധതിപ്രകാരം മുന്നേറിയാല്‍ ഏഷ്യയിലെ ഈ ആദ്യ ജെന്‍ഡര്‍ പാര്‍ക്ക്, ജെന്‍ഡര്‍ സര്‍വ്വകലാശാലയായി വികാസം പ്രാപിക്കും. ആണ്‍, പെണ്‍, എല്‍.ജി.ബി.റ്റി (ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്) വ്യത്യസമില്ലാതെ തുല്യത പുലരുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.

സാമൂഹിക – സാംസ്‌കാരിക പ്രാധാന്യമുള്ള വിപുലമായ പദ്ധതിയെന്ന നിലയില്‍ ജെന്‍ഡര്‍ പാര്‍ക്ക് രൂപകല്‍പ്പന ചെയ്യാനുള്ള അവസരം ലഭിച്ചത് ഒരു ഭാഗ്യനിയോഗമാണെന്ന് ആര്‍ക്കി ടെക്റ്റ് അനിതാ ചൗധരി പറയുന്നു. ദേശീയ തലത്തില്‍ മൂന്നു മത്സര ഘട്ടങ്ങള്‍ പിന്നിട്ട ശേഷമാണ് സ്‌പേസ് ആര്‍ട്ടിനെ പദ്ധതിയുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും ഏല്‍പ്പിച്ചത്. ന്യൂഡല്‍ഹി കേന്ദ്രമായുള്ള കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്റ്റ്‌സിന്റെ മാനദണ്ഡങ്ങള്‍ക്കനു സരിച്ചും സര്‍ക്കാര്‍ തലത്തിലെ സൂക്ഷ്മ പരിശോധകള്‍ക്കൊടുവിലുമാണ് ഈ തെരഞ്ഞെടുപ്പ്. സാമൂഹ്യ പ്രവര്‍ത്തകയും, നര്‍ത്തകിയുമായ മല്ലികാ സാരാഭായി ഉള്‍പ്പെടെയുള്ളവര്‍ സെലക്ഷന്‍ ജൂറിയില്‍ അംഗമായിരുന്നു.

പദ്ധതി അഞ്ച് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് തദ്ദേശസ്വയംഭരണ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി എം.കെ മുനീര്‍, കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ എ പ്രദീപ്കുമാര്‍, എന്നിവരാണ് ഈ സ്വപ്‌നപദ്ധതിയുടെ നടത്തിപ്പിനായി പരിശ്രമിച്ചത്. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ജെന്‍ഡര്‍ പാര്‍ക്ക് എന്ന താത്കാലിക വകുപ്പ് തന്നെ പദ്ധതിയുടെ നടത്തിപ്പിനായി തുടങ്ങിയിട്ടുണ്ട്. പി.ടി.എം സുനീഷ് ആണ് ജെന്‍ഡര്‍ പാര്‍ക്കിന്റെ സി.ഇ.ഒ. കഴിഞ്ഞ വര്‍ഷം ഫിബ്രവരി 27 ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഈ പാര്‍ക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ‘അറിവിലൂടെ കൈവരുന്ന വൈശിഷ്ട്യം മാത്രമേ വംശീയ – ലിംഗ യാഥാസ്ഥിതികത്ത്വം പ്രതിരോധിക്കയുള്ളു’ അമേരിക്കന്‍ നടിയും, അവതാരകയും, സാമൂഹ്യ പ്രവര്‍ത്തകയും എല്ലാമായ ഓപ്ര വിന്‍ഫ്രി പറയുന്നു. അങ്ങനെയെങ്കില്‍ അറിവ് നേടാന്‍ പര്യാപ്തമായ ഏറ്റവും മികച്ച കേന്ദ്രം തന്നെയാണിത്.

ഫോട്ടോഗ്രാഫി: ബിജു ഇബ്രാഹിം, ചോട്ടു

ആര്‍ക്കിടെക്റ്റ് വിനോദ് പി. സിറിയക്

ആര്‍ക്കിടെക്റ്റ് അനിതാ ചൗധരി

 

Comments are closed.