അരയേക്കറോളം വരുന്ന ഒരു തെങ്ങിന്‍ തോപ്പിനു നടുവിലാണ് ഷമീല്‍ പത്മനാഭന്റെയും കുടുംബത്തിന്റെയും വീട്. പച്ചപ്പിനു നടുവില്‍ കാഴ്ചവിരുന്നാകുന്ന വീടും, വീടിന്റെ പുറം മോടിയും കണ്ണുകള്‍ക്ക് വിസ്മയമാകുന്നുണ്ടെങ്കില്‍ അതിലും അല്‍പ്പം കൂടി അമ്പരപ്പുളവാകും വിധമാണ് അകത്തളങ്ങളുടെ സജ്ജീകരണം. പറ്റാവുന്നിടത്തെല്ലാം വര്‍ത്തുളാകൃതി എന്ന ഒരു ആശയമാണ് ഈ വീട്ടില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. എലിവേഷനിലെ ബാല്‍ക്കണിയില്‍ പര്‍ഗോളയ്ക്ക് നല്‍കിയ കര്‍വ് ഡിസൈന്റെ തുടര്‍ച്ച ഉള്‍ത്തളങ്ങളിലെ മിക്ക ഇടങ്ങളിലും എത്തിനില്‍ക്കുന്നു.

പടിഞ്ഞാറു ദിക്കിനഭിമുഖമായ ഈ വീട്ടിലേയ്ക്ക് കാറ്റിനേയും വെളിച്ചത്തേയും പുറത്തെ പച്ചപ്പിനേയും ആനയിച്ചെത്തിക്കുന്നത് വലിയ ജനാലകളാണ്. വീടിന്റെ ബാഹ്യഘടന വിശാലമായ ലാന്റ്‌സ്‌കേപ്പുമായി ചേര്‍ന്നുപോകും വിധം ഒരുക്കി. എലിവേഷനൊത്ത നീണ്ടുപരന്ന കോമ്പൗണ്ട് വാളും ഗേറ്റുമാണ് കൊടുത്തത്. രൂപഘടനയിലെ വര്‍ത്തുളാകൃതിയാണ് എലിവേഷനെയും ഒപ്പം ഉള്‍ത്തളങ്ങളേയും വ്യത്യസ്തമാക്കുന്നത്.

വീടിന്റെ സ്ട്രക്ച്ചര്‍ ഡിസൈന്‍ ആര്‍ക്കിടെക്റ്റ് സുധേഷും ഇന്റീരിയര്‍ ഡിസൈന്‍ രാം ഗോപാലുമാണ് ചെയ്തിരിക്കുന്നത്. പരിചയസമ്പന്നരായ കണ്ണൂരിലെ ‘ഗ്രൂപ്പ് സി’ കോണ്‍ട്രാക്‌റ്റേഴ്‌സാണ് വീടുപണിക്ക് നേതൃത്വം വഹിച്ചത്. ”വീടിന്റെ ആകാരഭംഗിയ്ക്ക് അനുയോജ്യമായ അകത്തളങ്ങള്‍ ഒരുക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. വീടിന്റെ സ്ട്രക്ച്ചര്‍ ഡിസൈന്റെ മികവു മൂലം ഒരു പ്രത്യേക രീതിയിലും ആകൃതിയിലുമൊക്കെ അകത്തളമൊരുക്കാനായി” രാം ഗോപാല്‍ പറയുന്നു.

ഇന്റീരിയറിലെ തുടര്‍ച്ച

വീടിന്റെ ഇന്റീരിയര്‍ വര്‍ക്കുകള്‍ എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാനനുസരിച്ചാണ് നീങ്ങിയത്. പൊളിച്ചുകളയലോ കൂട്ടിച്ചേര്‍ക്കലോ ഒന്നും ആവശ്യമായി വന്നില്ല. ഇന്റീരിയര്‍ ലേ ഔട്ട് തയ്യാറാക്കിയ ശേഷമാണോ സ്ട്രക്ച്ചര്‍ ഡിസൈന്‍ തീരുമാനിച്ചതെന്നു പോലും തോന്നിയേക്കും! ഫോയര്‍,ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചന്‍, മുകളിലും താഴെയുമായി നാലു കിടപ്പുമുറികള്‍, ഇത്രയുമാണ് 6000 സ്‌ക്വയര്‍ഫീറ്റുള്ള ഭവനത്തിലെ ഏരിയകള്‍. തുറന്ന നയം സ്വീകരിച്ചു കൊണ്ടും, സ്വകാര്യത ഉറപ്പാക്കിക്കൊണ്ടും ഓരോ ഇടവും ജീവസ്സുറ്റതാക്കി മാറ്റിയെടുത്തു.

ഫോയറില്‍ കര്‍വ്വ് ആകൃതിയിലെ സീലിങ്ങാണ് ഹൈലൈറ്റ്. ഫ്‌ളോറിങ്ങിലും സീലിങ്ങിലും കര്‍വ്വ് ആകൃതിയുടെ തുടര്‍ച്ചയുണ്ട്. തടിയും ജിപ്‌സം ബോര്‍ഡും മിക്‌സ് ചെയ്താണ് സീലിങ് ചെയ്തിരിക്കുന്നത്. ഫോയറില്‍ നിന്നും ഡൈനിങ്ങിനേയും ഫോര്‍മല്‍ ലിവിങ്ങിനേയും വേര്‍തിരിക്കുന്നതിനു സ്വീകരിച്ചിരിക്കുന്ന മാര്‍ഗ്ഗം പ്രത്യേകതയുള്ളതാണ്. പാര്‍ട്ടീഷന്‍ ഭിത്തിയോട് ചേര്‍ന്ന് ചതുരാകൃതിയില്‍ ഒരു ബോക്‌സ് പോലെ നല്‍കി അതിനകത്ത് പെബിള്‍ വിരിച്ച്, ഡ്രൈ പ്ലാന്റുകള്‍ കൊണ്ടലങ്കരിച്ചു. ഇതില്‍ ഇന്‍ബില്‍റ്റ് ഷൂറാക്കും കൊടുത്തിട്ടുണ്ട്. ഇവിടെ ബ്രൗണ്‍ നിറത്തിനായി വെനീറും വെള്ള നിറത്തിനായി വെനീറിനു മേല്‍ വെള്ള പേപ്പര്‍ ഒട്ടിച്ച് അതില്‍ വൈറ്റ് പെയിന്റ് അടിക്കുകയുമാണ് ചെയ്തത്. ഇവിടെ നിന്നും രണ്ട് പടികള്‍ താഴ്ത്തിയാണ് ഫോര്‍മല്‍ ലിവിങ്ങിന്റെ സജ്ജീകരണം. ഫോയറിന് വലതുവശത്തായി സ്‌കൈലൈറ്റ് ലഭിക്കുന്ന ഒരു കോര്‍ട്ട്‌യാര്‍ഡ് ഉണ്ട്. ഭിത്തിയില്‍ ഉപയോഗിച്ചിരിക്കുന്ന അക്രിലിക്ക് ഗ്ലാസ്സും, സ്റ്റോണ്‍ക്ലാഡിങ്ങും, താഴെ വിരിച്ചിരിക്കുന്ന പെബിളുകളും കോര്‍ട്ട്‌യാര്‍ഡിന് മനോഹാരിതയേകുന്നു. സീലിങ്ങില്‍ നല്‍കിയിരിക്കുന്ന ബീമുകളും അവയെ താങ്ങി നിര്‍ത്തുന്ന കോണ്‍ക്രീറ്റില്‍ തീര്‍ത്ത പില്ലറുകളും പുതുമ സൃഷ്ടിക്കുന്നു.

 

ഊര്‍ജ്ജസ്വലതയോടെ

പുറത്തെ ഹരിതാഭ ഉള്ളിലെത്തും വിധം ലിവിങ്‌സ്‌പേസില്‍ നല്‍കിയിരിക്കുന്ന കോര്‍ണര്‍ ബേ വിന്റോ, ലിവിങ് സ്‌പേസിനെ ഊര്‍ജ്ജസ്വലമാക്കുന്നു. ബുള്ളറ്റ് റസിസ്റ്റന്റ് ഗ്ലാസ്സാണ് ഇവിടെ ഉപയോഗിച്ചത്. കോര്‍ണര്‍വിന്റോ നല്‍കിയ ഭാഗത്ത് ഇരിപ്പിട സൗകര്യത്തിനുതകും വിധം പടികള്‍ നല്‍കിയിട്ടുണ്ട്. പടികളുടെ ആകൃതിയ്ക്കനുസൃതമായി ലിവിങ് സ്‌പേസില്‍ നല്‍കിയ സെന്‍ട്രല്‍ ടേബിള്‍ ആവശ്യാനുസരണം തിരിക്കാവുന്ന തരത്തിലുള്ളതാണ്. ഹൈഗ്ലോസ് ഫിനിഷുള്ള ആര്‍ട്ടിഫിഷ്യല്‍ കാലിബറേറ്റഡ് വൈറ്റ് മാര്‍ബിളാണ് ഫ്‌ളോറിങ്ങിന്. ഇതിന്റെ തുടര്‍ച്ച ഭിത്തിയിലുമുണ്ട്. റോള്‍-അപ്പ് ബ്ലൈന്റുകളാണ് ജനലിന്.

 

ഭിത്തിയില്‍ നിന്ന് ആരംഭിക്കും വിധമുള്ള ക്രമീകരണമാണ് ഡൈനിങ് ടേബിളിന്റേത്. കൊറിയന്‍ മെറ്റീരിയലിലാണ് ഇത് ചെയ്തിരിക്കുന്നത്. കസേരകള്‍ തടിയില്‍ തീര്‍ത്തവയും. ഫ്‌ളോറിങ്ങിലൂടെ ടേബിള്‍ ഏരിയ ഹൈലൈറ്റ് ചെയ്തിരിക്കുന്നു. 2:2 അളവിലുള്ള ബൗണ്‍ നിറത്തിലുള്ള ഹൈഗ്ലോസ് ടൈലും അതിനു ചുറ്റുമായി 4:4 അളവിലുള്ള വെള്ള ടൈലുകളുമാണ് ഇതിനുപയോഗിച്ചത്. ഡൈനിങ് ടേബിളിന്റെ തുടര്‍ച്ച ഭിത്തിയിലേക്കും അവിടെ നിന്ന് സീലിങ്ങിലേയ്ക്കും നല്‍കിയിരിക്കുന്നു. ഡൈനിങ്ങില്‍ നിന്നും പുറത്തെ പച്ചപ്പിലേയ്ക്ക് വരാന്ത ഉള്‍പ്പെടെ ഒരു ബാല്‍ക്കണി ഒരുക്കി. ഡൈനിങ്ങിന്റെ ഒരു വശത്ത് വാഷ്‌ബേസിനോട് കൂടിയ പാന്‍ട്രി ടേബിളിനും ഇടം കൊടുത്തു. കൊറിയന്‍ മെറ്റീരിയലാണ് ടോപ്പിന്. താഴെ ചെറിയൊരു സ്റ്റോറേജ് യൂണിറ്റ് കൂടി ഉള്‍പ്പെടുത്തി.

സ്റ്റെയര്‍കേസിലും കര്‍വ്വ്

സ്റ്റെയര്‍കേസിന്റെ കൈവരികള്‍ക്ക് കര്‍വ്വ് ആകൃതിയില്‍ മുറിച്ചെടുത്ത ഗ്ലാസും സ്റ്റീലിന്റെ ഹാന്റ് റെയ്‌ലുകളുമാണ്. ലാന്റിങ് സ്‌പേസിലുള്ള ജനാലയ്ക്ക് കര്‍വ്വ് ആകൃതിയിലുള്ള ഗ്ലാസ് ഷട്ടറുകളാണ്. കൂടാതെ ഗ്ലാസ് പില്ലറുകളും ഗ്രില്‍ പോലെ നല്‍കി. സ്റ്റെയര്‍ ഏരിയക്ക് നേരെ മുകളിലായി വൃത്താകൃതിയില്‍ ഓപ്പണിങ് കൊടുത്തു. ഗ്ലാസിട്ടിരിക്കുന്ന ഇവിടം സൂര്യപ്രകാശം ആവോളം കടത്തി വിടുന്നു. ചൂടിനെ പ്രതിരോധിക്കുന്ന തരം ഗ്ലാസാണ് ഇവിടെ ഉപ യോഗി ച്ചിരി ക്കുന്നത്. ഓപ്പണിങ്ങിലൂടെ എത്തുന്ന വെളിച്ചവും സ്‌കൈലൈറ്റും ഈ ഏരിയയെ സദാ പ്രഭാ പൂരിതമാക്കുന്നു. സ്റ്റെയറിന്റെ ഇടയ്ക്കുള്ള ലാന്റിങ് സ്‌പേസ് വരെ പടികള്‍ക്ക് പോളിഷ്ഡ് ഗ്രനൈറ്റും അവിടെ നിന്ന് മുകളിലേക്ക് തടിയുമാണ് ഉപയോഗിച്ചത്. ഇവിടം ഫ്‌ളോറിങ്ങിന്റെ ഒരു ഭാഗം കര്‍വ്വാകൃതിയില്‍ പെബിള്‍ വിരിച്ച് നടപ്പാതയും നല്‍കി ഭംഗിയാക്കി.

ഉപയോഗമറിഞ്ഞ് ഡിസൈന്‍

ബ്ലാക്ക്, ഓഫ് വൈറ്റ് തീമിലാണ് ഫാമിലി ലിവിങ് ഏരിയ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ തീമിനെ പിന്തുണച്ചാണ് ചെയ്‌സ് സോഫയും സെന്‍ട്രല്‍ ടേബിളും ഇട്ടിരിക്കുന്നത്. ഫ്‌ളോറിങ്ങും ഇതേ പാറ്റേണില്‍ തന്നെ. സോഫ കിടക്കുന്ന ഭാഗത്ത് നേരെ മുകളില്‍ ഗ്ലാസിന്റെ ഓപ്പണിങ് കൊടുത്തിരിക്കുന്നു. മുകളിലെ ഗസ്റ്റ് ബെഡ്‌റൂമിലേക്കുള്ള പാസേജിന്റെ ഇടയ്ക്കായി ഒരു ബാല്‍ക്കണിയുണ്ട്. ഇവിടെ നിന്നും ഫാമിലി ലിവിങ്ങിലെ ടിവി കാണാവുന്ന വിധം ഡിസൈന്‍ ചെയ്തു.

മുകളിലും താഴെയുമായി 4 കിടപ്പുമുറികളാണ് ഈ വീട്ടില്‍ ഉള്ളത്. മാസ്റ്റര്‍ ബെഡ്‌റൂം,മകളുടെ മുറി, എന്നിവ താഴത്തെ ഫ്‌ളോറിലും ഗസ്റ്റ് റൂം, മകന്റെ മുറി എന്നിവ മുകളിലും ഒരുക്കി. കസ്റ്റമൈസ്ഡ് വാഡ്രോബുകളും, സ്ലൈഡിങ് ഡോറുകളും, ബെഡ്‌റൂമില്‍ നല്‍കിയിരിക്കുന്ന ടെക്‌സ്ചറുകളും, സീലിങ് പാറ്റേണുകളും, ഫ്‌ളോറിങ്ങിലെ വൈവിധ്യവും എല്ലാം കിടപ്പുമുറികളെ ആഡംബരപൂര്‍ണ്ണമാക്കുന്നു.

വര്‍ക്കിങ് കിച്ചന്‍, ബ്ലാക്ക് ആന്റ് വൈറ്റ് കോംപിനേഷനിലാണ്. കൗണ്ടര്‍ ടോപ്പിന് ബ്ലാക്ക് ഗ്രനൈറ്റാണ്. ഇതിന് കോണ്‍ട്രാസ്റ്റായി വരുന്ന വൈറ്റ് ഹൈഗ്ലോസ് ഫിനിഷ് ലാമിനേറ്റ് പതിച്ച കബോഡുകള്‍ കിച്ചന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു. ബാക്ക് സ്പ്ലാഷിന് പകുതി ഭാഗത്ത് ഗ്രനൈറ്റും പകുതി ഭാഗത്ത് വൈറ്റ് ആര്‍ട്ടിഫിഷ്യല്‍ മാര്‍ബിളും ഉപയോഗിച്ചിരിക്കുന്നു. ഇങ്ങനെ മേന്മയേറിയ സാമഗ്രികളുടേയും, ഉല്‍പ്പന്നങ്ങളുടെയും ചിട്ടയായ ക്രമീകരണം അകത്തളത്തിന് പ്രൗഢി കൂട്ടുന്നു. സ്ട്രക്ചറിനൊത്ത ഇന്റീരിയര്‍ ഡിസൈന്‍ തീമിന്റെ സ്വീകരണം വഴി ഒരു ഡിസൈന്‍ പിന്തുടര്‍ച്ച ഉറപ്പാക്കാന്‍ രാംഗോപാലിന് കഴിഞ്ഞിരിക്കുന്നു.

Comments are closed.