Project Specifications

ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മയില്‍ ജീവിക്കുന്ന ഓരോ പ്രവാസി മലയാളിക്കും തന്റെ നാടും വീടും എപ്പോഴും പ്രിയപ്പെട്ടതായിരിക്കും. വീടോ, സ്വപ്‌നങ്ങള്‍ കൊണ്ടു പണിതീര്‍ത്തവയും. പ്രവാസിയായ ഉബൈദുള്ള തന്റെ വീടു നിര്‍മ്മിക്കാന്‍ ആര്‍ക്കിടെക്റ്റ് അബ്ദുള്ളക്കുട്ടിയെ സമീപിച്ചതും ഇതേ സ്വപ്‌നങ്ങളും പേറിയാണ്. ആ സ്വപ്‌നങ്ങള്‍ക്ക് സാക്ഷാത്ക്കാരം നല്‍കി, ആര്‍ക്കിടെക്റ്റ്. അകത്തളങ്ങളിലെ ഒരുക്കങ്ങളെപ്പറ്റിയും മൊത്തം ഘടനയെപ്പറ്റിയും പറഞ്ഞപ്പോള്‍ പരമ്പരാഗത ശൈലികളോടൊപ്പം പുതിയ രീതികള്‍ കൂടെ കൂട്ടിച്ചേര്‍ക്കണം എന്നതായിരുന്നു ആവശ്യം. വീടു പണിയുന്നുണ്ടെങ്കിലും കുറച്ചുകഴിഞ്ഞേ സ്ഥിര താമസ മാക്കുകയുള്ളൂ എന്നതിനാല്‍ എന്നും പുതുമ തോന്നിക്കുന്നതും എളുപ്പത്തിലുള്ള പരിപാലനത്തിനുതകുന്നതുമായ ഇന്റീരിയറിനെപ്പറ്റി ചിന്തിക്കാന്‍ ഉബൈദുള്ളയും ആര്‍ക്കിടെക്റ്റ് അബ്ദുള്ളക്കുട്ടിയും തയ്യാറാവുകയായിരുന്നു. അങ്ങനെ 70 സെന്റ് പ്ലോട്ടില്‍ 4200 സ്‌ക്വയര്‍ഫീറ്റുള്ള വീടുയര്‍ന്നു.

സമ്മിശ്ര ശൈലി

ഒരു സാധാരണ നാടന്‍ വീട്; എന്നാല്‍ നൂതന ശൈലികളുടെ സംയോജനം സ്പഷ്ടം. ഇങ്ങനെ പൊതുവേ ഒരു സമ്മിശ്രശൈലിയിലാണ് വീടിന്റെ ഘടന. പഴയ നടുമുറ്റം എന്ന ആശയത്തെ കാലികപ്രസക്തിയുള്ള രീതിയിലേക്ക് മാറ്റിയാണ് ഈ ആശയത്തിന്റെ തുടക്കം. എക്‌ സ്റ്റേണ ലായും ഇന്റേണലായും കണക്കാക്കാവുന്ന രീതിയിലാണ് കോര്‍ട്ട്‌യാര്‍ഡിന്റെ സ്ഥാനം. പൂമുഖത്തുനിന്നും, ഡൈനിങ് ഹാളില്‍ നിന്നും നേരിട്ട് കോര്‍ട്ട്‌യാര്‍ഡിലേക്ക് പ്രവേശനമുണ്ട്. ഡൈനിങ്‌റൂമിന്റെ വാതില്‍ അടച്ചിട്ടാല്‍ കോര്‍ട്ട്‌യാര്‍ഡ് എക്സ്റ്റീരിയര്‍ വിഭാഗത്തിലും തുറന്നിട്ടാല്‍ ഇന്റീരിയര്‍ വിഭാഗത്തിലുമായി മാറുമെന്നതാണ് സവിശേഷത. ഡൈനിങ്, ലിവിങ്, മാസ്റ്റര്‍ ബെഡ്‌റൂം, സിറ്റൗട്ട്, ഫസ്റ്റ് ഫ്‌ളോര്‍ എന്നിവിടങ്ങളില്‍ നിന്നും കാഴ്ചയെത്തുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. മാത്രമല്ല, ഇവിടങ്ങളിലേക്കുള്ള വെളിച്ചത്തിന്റെ പ്രധാന ഉറവിടവും പുറത്തായിട്ടു സജ്ജീകരിച്ചിരിക്കുന്ന കോര്‍ട്ട്‌യാര്‍ഡ് തന്നെയാണ്. മുകള്‍ഭാഗം പര്‍ഗോള ചെയ്ത്, സുരക്ഷാപ്രശ്‌നങ്ങളൊന്നും വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ള ഇവിടം മോഡേണ്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്നു. നീല നിറത്തില്‍ രണ്ടിഞ്ച് വലിപ്പമുള്ള മൊസൈക്കാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ചെറിയൊരു ജലപാതവും കോര്‍ട്ട്‌യാര്‍ഡില്‍ ഒരുക്കിയിട്ടുണ്ട്. സിറ്റൗട്ടിനോടു ചേര്‍ന്നുള്ള ഭാഗത്ത് ഒരു പുല്‍ത്തകിടി സജ്ജീകരിച്ചിരിക്കുന്നു. സിറ്റൗട്ടിലൂടെ വീടിനകത്തേക്കുള്ള പ്രവേശനത്തിനു പുറമേ കോര്‍ട്ട്‌യാര്‍ഡിലൂടെ ഡൈനിങ് ഏരിയയിലേക്കും പ്രവേശിക്കാന്‍ ഒരു മാര്‍ഗ്ഗം കൂടി ഒരുക്കിയിട്ടുണ്ട്. നല്ല വായുസഞ്ചാരത്തിനും, കാലാവസ്ഥയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും പ്രാപ്തമാണിവിടെ. പേവിങ്ങിന് ബാംഗ്ലൂര്‍ സ്റ്റോണ്‍ ഉപയോഗിച്ചിരിക്കുന്നു. ഇങ്ങനെ നടുമുറ്റം എന്ന ആശയത്തെ മോഡേണ്‍ കോര്‍ട്ട്‌യാര്‍ഡാക്കി അവതരിപ്പിച്ചിരിക്കുന്നു

നാടന്‍ രീതികളില്‍

”പരിപാലിക്കാനും പുതുമ നിലനിര്‍ത്താനും എളുപ്പമായ രീതിയിലായിരിക്കണം വീടിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യേണ്ടത്. ആ ഒരു ആശയത്തിന്റെ മനോഹരമായ ആവിഷ്‌ ക്കരണമാണ് ഈ ഡിസൈനിന് ആധാരം. വീടിന്റെ മുക്കും മൂലയും വരെ എളുപ്പത്തിലുള്ള പരിപാലനം എന്ന ലക്ഷ്യം വച്ചാണ് ഒരുക്കിയിരിക്കുന്നത്. തടി കൊണ്ടുള്ള അലങ്കാര പ്പണികളാണ് കൂടുതലായും ഉപയോഗിച്ചിട്ടുള്ളത്. പരമ്പരാഗത ശൈലിയുടെയും നൂതന ശൈലിയുടെയും മിശ്രണത്തേയും കൂട്ടുപിടിച്ചിട്ടുണ്ട്”. ആര്‍ക്കിടെക്റ്റ് അബ്ദുള്ളക്കുട്ടി പറയുന്നു.

പഴയ ഓര്‍മ്മകളെ അടിസ്ഥാനമാക്കിയുള്ള മാസ്റ്റര്‍ ബെഡ്‌റൂം, പരമ്പരാഗത തറവാട്ടിലെ കിടപ്പുമുറി കണക്കെയാണ് ഒരുക്കിയിരിക്കുന്നത്. കട്ടിലുകളിലും മറ്റും പരമ്പരാഗത ശൈലി വ്യക്തമാണ്. വെള്ളയും കറുപ്പും ചേര്‍ന്ന നിറസംയോജനവും പഴമയുടെ പ്രൗഢി വിളിച്ചോതുന്നു. എന്നാല്‍ മറ്റു ബെഡ്‌റൂമുകളില്‍ മോഡേണ്‍ ശൈലിക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

പൂമുഖത്തെ ‘കോലായ്’ എന്നു വിളിക്കുന്നതില്‍ തന്നെ നാടന്‍രീതികളുടെ ഓര്‍മ്മകള്‍ പ്രതിഫലിക്കുന്നുണ്ട്. ഇവിടെ കോലായയുടെ റൂഫ് മരം ഉപയോഗിച്ച് ഒരു മച്ചിനെ അനുസ്മരിപ്പിക്കും വിധം പണി കഴിപ്പിച്ചിരിക്കുന്നു. നൂതന തരത്തിലുള്ള ചാരുപടികളെ ഒഴിവാക്കി തേക്കുപയോഗിച്ച് പഴയ ശൈലിയിലുള്ള ഇരിപ്പിടം ഒരുക്കിയിരിക്കുകയാണ്. ഫാമിലി ലിവിങ് റൂം, ഡൈനിങ് റൂം എന്നിവ തീര്‍ത്തും കന്റംപ്രറിശൈലിയില്‍ പണിതിരിക്കുന്നു. രണ്ടും ഡബിള്‍ഹൈറ്റ് റൂഫിലാണ് ചെയ്തിട്ടുള്ളത്. ഫാമിലി റൂമില്‍ സോഫാസെറ്റിക്കു പിറകിലെ ഭിത്തിയില്‍ കുറച്ചുഭാഗം മാത്രം ഹൈലൈറ്റ് ചെയ്തിരിക്കുന്നു. പഠനമുറിയുടെ ബുക്ക് ഷെല്‍ഫിന്റെ പുറകുവശമാണ് ഈ രീതിയില്‍ “മഞ്ഞ’ നിറത്താല്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. മോഡേണ്‍ രീതിക്ക് പ്രാധാന്യം നല്‍കി ടിവി സജ്ജീകരിച്ചിരിക്കുന്ന റൂം കിച്ചണോടു ചേര്‍ത്തു നല്‍കിയിട്ടുണ്ട്. ഈ റൂമിലൂടെ മാത്രമേ കിച്ചനിലേക്ക് പ്രവേശനമുള്ളൂ. പൂര്‍ണ്ണമായും പേഴ്‌സണല്‍ ഫാമിലി റൂം എന്നു വിളിക്കാവുന്ന ഈ മുറി ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുക എന്ന ഉദ്ദേശ്യത്തില്‍ നിന്നും രൂപം കൊണ്ടതാണ്. അടുക്കള കൂടാതെ വര്‍ക്ക് ഏരിയയില്‍ പഴയ വീട്ടടുക്കളകളെ അനുസ്മരിപ്പിക്കുന്ന അടുപ്പുകളും മറ്റും ഒരുക്കിയിരിക്കുന്നു.

സിംപിള്‍ ഇന്റീരിയര്‍

എളുപ്പത്തിലുള്ള ഉപയോഗവും ഭംഗിയായ പരിപാലനവും ഉടമയുടെ ആവശ്യമായതിനാല്‍ വളരെ ലളിതമായ രീതിയിലാണ് ഇന്റീരിയര്‍ ഒരുക്കിയിട്ടുള്ളത്. അനാവശ്യമായ അലങ്കാരപ്പണികളും ഡിസൈന്‍ എലമെന്റുകളും പാടെ ഒഴിവാക്കിയാണ് നിര്‍മ്മാണം. ആര്‍ട്ടിഫിഷ്യല്‍ ലൈറ്റുകള്‍ക്ക് അധികം പ്രാധാന്യം നല്‍കാതെ സിഎഫ്എല്‍ ലൈറ്റുകളും, കുറച്ച് എല്‍ഇഡിയും ഉപയോഗിച്ചിരിക്കുന്നു. വെള്ളയും, തടിയുടെ ബ്രൗണ്‍ നിറവും ചേര്‍ന്ന കളര്‍ തീമാണ് വീടിന്റെ ഇന്റീരിയറിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കര്‍ട്ടനുകളും സോഫാസെറ്റുകളും പക്ഷേ, നീല നിറത്തിന് പ്രാധാന്യം നല്‍കിയവയാണ്. മകനായി നീക്കി വെച്ചിരിക്കുന്ന മുറിയില്‍ നീലനിറമാണ് ഉപയോഗിച്ചത്. മകളുടേത് പര്‍പ്പിള്‍ നിറത്തിലും ഒരുക്കിയിരിക്കുന്നു. കിഡ്‌സ് റൂം എന്നു വിളിക്കുന്ന ഈ മുറികള്‍ മക്കളുടെ വളര്‍ച്ചയ്ക്കും, ഇഷ്ടങ്ങള്‍ക്കുമനുസരിച്ച് എളുപ്പം മാറ്റാവുന്ന രീതിയിലാണ്.

അടുക്കള ഏറ്റവും ഒതുങ്ങിയ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്നു. വിദേശത്ത് ചെറിയ കിച്ചന്‍ ഉപയോഗിച്ച് ശീലമായതിനാല്‍ അത്തരത്തില്‍ തന്നെയുള്ള അടുക്കള മതി എന്നായിരുന്നു വീട്ടുടമയുടെ ആഗ്രഹം. ഒരു ബ്രേക്ക് ഫാസ്റ്റ് ടേബിളിനും അടുക്കളയില്‍ സ്ഥാനം കണ്ടെ ത്തിയിട്ടുണ്ട്. പൊതുവേ സീലിങ്ങില്‍ അധികം അലങ്കാരപ്പണികളൊന്നും ചെയ്തിട്ടില്ല. എന്നാല്‍ ഫാമിലി കം ടിവി റൂമിലും, ലിവിങ് റൂമിലും ജിപ്‌സം ഉപയോഗിച്ച് ഭംഗി വരുത്തിയിട്ടുണ്ട്. വാതിലുകളെല്ലാം തേക്കിലും കട്ടിളകള്‍ ഇരുള്‍ തടിയിലും പണിതവയാണ്. ക്രീം നിറത്തിലുള്ള ടൈലാണ് ഫ്‌ളോറില്‍ ഉപയോഗിച്ചിട്ടുള്ളത്. ലിവിങ് റൂമില്‍ സിറ്റിങ് ഏരിയയും, ഡൈനിങ് റൂമില്‍ ടേബിള്‍ ഏരിയയും വുഡ് ടൈല്‍ ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ബ്രൗണ്‍-വൈറ്റ് കോമ്പിനേഷനൊപ്പം വിശാലമായ പുല്‍ത്തകിടിയും വീടിനെ കൂടുതല്‍ പ്രൗഢമാക്കിയിട്ടുണ്ട്. എല്ലാം കൊണ്ടും സമ്മിശ്രശൈലിയുടെ ഉചിതമായ പ്രയോഗമാണ് ഈ ഡിസൈനിന്റെ വിജയം. ‘വീടിനകത്തു ജീവിക്കുക’ എന്ന കാഴ്ചപ്പാടിനു പകരം ‘വീടിനൊപ്പം ജീവിക്കുക’ എന്ന സൗഹൃദപരമായ നിലപാടാണ് ഡിസൈനിന് ആധാരം.

Comments are closed.