ആര്‍ക്കിടെക്റ്റ് സച്ചിന്‍ രാജ് എഴുതുന്നു: ആസുര കാലത്തെ ആര്‍ക്കിടെക്ചര്‍. ചില വിചിന്തനങ്ങള്‍ :

കുടുംബാംഗങ്ങള്‍ക്കിടയിലെ അടുപ്പവും ആശയവിനിമയവും ഊട്ടിയുറപ്പിക്കുന്ന ആരോഗ്യകരമായ ജീവിത ഇടങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട കടമ ആര്‍ക്കിടെക്റ്റുകള്‍ക്കുണ്ട്. സര്‍ഗ്ഗാത്മകതയെ വളരാനും വികസിക്കാനും അനുവദിക്കുന്ന ഇടങ്ങള്‍ പുതിയ ഡിസൈനുകളുടെ അവിഭാജ്യ ഘടകമായിരിക്കുകയും വേണം.

ഏകദേശം ഒരു മാസം മുന്‍പു വരെ ഞങ്ങള്‍ ആര്‍ക്കിടെക്റ്റുകളെല്ലാം അവരവരുടെ ഓഫീസുകളില്‍ ഡിസൈനിങ്, ഡ്രോയിങ്ങുകള്‍ തയ്യാറാക്കല്‍, സൈറ്റ് സന്ദര്‍ശനം മുതലായ പതിവു ജോലികളുമായി തിരക്കിലായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അതിവേഗം പുരോഗമിച്ചിരുന്നു. ക്‌ളയന്റുകളാകട്ടെ മഴക്കാലമെത്തും മുന്‍പേ തങ്ങളുടെ സ്വപ്‌ന ഭവനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള നെട്ടോട്ടത്തിലുമായിരുന്നു. അങ്ങനെ കാര്യങ്ങളെല്ലാം ഒരു വിധം നന്നായി പോകുന്നതിനിടയിലാണ് കോവിഡ് 19 എന്ന മഹാമാരി ഞങ്ങള്‍ ആര്‍ക്കിടെക്റ്റുകളുടെ ആ സുവര്‍ണ്ണ കാലത്തെ തച്ചുടച്ചത്. ഞങ്ങളെ മാത്രമല്ല, ഗ്രാമങ്ങളിലെ കര്‍ഷകര്‍ മുതല്‍ നഗരങ്ങളിലെ ബിസിനസ്സുകാര്‍ വരെയുള്ള ആരെയും അത് വെറുതെ വിട്ടില്ല. ജനജീവിതം മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധം നിശ്ചലമായി. ക്വാറന്റീന്‍, ലോക്ക്ഡൗണ്‍ എന്നീ പദങ്ങളാണ് എങ്ങും മുഴങ്ങുന്നത്. എന്നാല്‍ മഞ്ഞുമലയുടെ ഒരു തുമ്പ് മാത്രമാണിത്. ഈ വിപത്തിന്റെ അനിവാര്യമായ അനന്തരഫലങ്ങള്‍ നേരിടാനുള്ള കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയില്ലെങ്കില്‍ കോവിഡ് 19 അക്ഷരാര്‍ത്ഥത്തില്‍ ഒരു ദുരന്തമായി മാറിയേക്കാം.

ആര്‍ക്കിടെക്റ്റ് സച്ചിന്‍ രാജ്

ആസന്നമായ ആഗോള സാമ്പത്തിക മാന്ദ്യവും വലിയ തോതിലുള്ള തൊഴിലില്ലായ്മയും ഒരു ഉല്‍ക്കാവര്‍ഷം പോലെ സമൂഹത്തില്‍ പെയ്തിറങ്ങുമെന്നുറപ്പാണ്. കെട്ടിട നിര്‍മ്മാണ വ്യവസായത്തെ ഇത് ഗുരുതരമായി തന്നെ ബാധിക്കും. ജിഎസ്ടിക്കും നോട്ട് നിരോധനത്തിനും ശേഷം ഇടിഞ്ഞു പോയ റിയല്‍ എസ്റ്റേറ്റ് മേഖല കൂടുതല്‍ തകര്‍ന്നടിയുകയും മെച്ചപ്പെടാന്‍ വര്‍ഷങ്ങളെടുക്കുകയും ചെയ്യും. പുതിയ പ്രോജക്റ്റുകള്‍ ആരംഭിക്കുന്നതിന് മുമ്പ് നിക്ഷേപകര്‍ പലവട്ടം ചിന്തിക്കും, അല്ലെങ്കില്‍ ഒരുപക്ഷേ വിപണി വീണ്ടും തഴച്ചുവളരുന്ന കാലഘട്ടം വരെ നിലവിലുള്ള പ്രോജക്റ്റുകള്‍ നിര്‍ത്തിവയ്ക്കാനും ഇടയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ എന്തുചെയ്യാന്‍ കഴിയും? ഈ ദുരവസ്ഥയില്‍ നിന്ന് ലോകം എങ്ങനെ കരകയറും? ഞങ്ങളെപ്പോലുള്ള ആര്‍ക്കിടെക്റ്റുകളുടെ സമീപവും വിദൂരവുമായ ഭാവി എന്തായിരിക്കും? ഇത്തരമൊന്ന് വീണ്ടും നേരിടാന്‍ ലോകത്തിന് കഴിയുമോ? ഇത് ആഗോളതലത്തിലുള്ള വാസ്തുവിദ്യയിലും രൂപകല്‍പ്പനയിലും എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുമോ?

സാമൂഹിക ഇടപെടലുകള്‍ ഊര്‍ജ്ജം നല്‍കിയ ബാഹ്യലോകത്തു നിന്നകന്ന് പതിവില്ലാത്ത വിധം കുടുംബാംഗങ്ങളുമായി അടുത്തിടപഴകിക്കൊണ്ട് കര്‍ശനമായ ക്വാറന്റൈന്‍ ചിട്ടകള്‍ക്ക് വിധേയമായി, ഒരു മാസത്തിലധികം നാമെല്ലാം സ്വന്തം വീടുകളില്‍ ചെലവഴിച്ചു കഴിഞ്ഞു. മതിയാവോളം കിട്ടിയ സമയം, അടച്ചിട്ട കിടപ്പുമുറികളുടെ / തടവറകളുടെ തടവില്‍ നിന്ന് പുറത്തുകടക്കാന്‍ നമ്മളെ മിക്കവരെയും പ്രേരിപ്പിച്ചിട്ടുണ്ടോ? ആളുകള്‍ യഥാര്‍ത്ഥത്തില്‍ ഫോണ്‍ സ്‌ക്രീനുകള്‍ക്ക് പുറത്ത് അവരുടെ പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ കാണാന്‍ തുടങ്ങി. അലസമായി പോകുന്ന ശരീരങ്ങളെയും മനസ്സുകളെയും സജീവമാക്കാന്‍ അവരവരില്‍ അന്തര്‍ലീനമായ സര്‍ഗ്ഗശേഷിയെ പുറത്തെടുക്കേണ്ടതുണ്ട്. അപ്പാര്‍ട്ടുമെന്റുകളില്‍ അടച്ചുപൂട്ടിയിരുന്നിരുന്ന ആളുകള്‍ അവരുടെ ബാല്‍ക്കണികളിലെത്തി പാടാനും, പാട്ടുകള്‍ കേള്‍ക്കാനും, കളിക്കാനും മറ്റു വിനോദങ്ങളില്‍ ഏര്‍പ്പെടാനും തുടങ്ങിയിരിക്കുന്നു. അന്താരാഷ്ട്ര നിലയങ്ങളിലെ ബഹിരാകാശയാത്രികര്‍ പലപ്പോഴും മാസങ്ങളോളം പരിമിതവും ഒറ്റപ്പെട്ടതുമായ സ്ഥലങ്ങളില്‍ താമസിക്കുന്നതിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിടാറുണ്ട്.

വരാനിരിക്കുന്ന ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍, കുടുംബാംഗങ്ങള്‍ക്കിടയിലെ അടുപ്പവും ആശയവിനിമയവും ഊട്ടിയുറപ്പിക്കുന്ന ആരോഗ്യകരമായ ജീവിത ഇടങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട കടമ ആര്‍ക്കിടെക്റ്റുകള്‍ക്കുണ്ട്. സര്‍ഗ്ഗാത്മകതയെ വളരാനും വികസിക്കാനും അനുവദിക്കുന്ന ഇടങ്ങള്‍ പുതിയ ഡിസൈനുകളുടെ അവിഭാജ്യ ഘടകമായിരിക്കുകയും വേണം.


ഒറ്റപ്പെട്ട് അഥവാ വിദൂരങ്ങളിലിരുന്ന് ജോലി ചെയ്യാനുള്ള പുതിയ സാദ്ധ്യതകള്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ കാലങ്ങളില്‍ പോലും ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുള്ള നല്ലൊരു മാര്‍ഗ്ഗം നമുക്ക് കാണിച്ചുതന്നു. പ്രയാസകരമായ ഇത്തരം സാഹചര്യങ്ങളില്‍ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതെങ്ങനെ? എന്നതായിരിക്കും ഏവരുടേയും പ്രധാന ആശങ്ക. ലോകമെമ്പാടുമുള്ള കമ്പനികളും ഓഫീസുകളും ഈ സവിശേഷ സാഹചര്യത്തില്‍് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവരുടെ സ്റ്റാഫിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ പുതിയ തൊഴിലിടത്തെ മുമ്പത്തേതു പോലെ സര്‍ഗ്ഗാത്മകവും ഉല്‍പ്പാദനക്ഷമവുമാക്കുക എന്നതാണ് പൊടുന്നനെയുള്ള ഈ മാറ്റത്തിലെ യഥാര്‍ത്ഥ വെല്ലുവിളി. ഉല്‍പ്പാദനക്ഷമമായ ജോലിസ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തില്‍ സ്വന്തം വീടുകള്‍ മികച്ച രീതിയില്‍ പുനക്രമീകരിക്കുകയാണ് വേണ്ടത്. നിര്‍ജ്ജീവമായ പരമ്പരാഗത തൊഴിലിടങ്ങളും ക്യുബിക്കിളുകളും രൂപാന്തരപ്പെട്ട്്് നമ്മുടെ സ്വീകരണ മുറികളുടേയോ, കിടപ്പുമുറികളുടേയോ ബാല്‍ക്കണികളുടെയോ അവിഭാജ്യ ഘടകമായ ജീവസ്സുറ്റ ഇടങ്ങളായി പരിണമിക്കപ്പെടേണ്ടതുണ്ട്്്. കൊറോണയ്ക്കു ശേഷമുള്ള വാസ്തുവിദ്യ കുറഞ്ഞ ചെലവിലും കുറഞ്ഞ ബജറ്റിലുമുള്ള ഡിസൈനുകളില്‍ നിക്ഷേപങ്ങള്‍ നടത്തിക്കൊണ്ട് അനിശ്ചിതകാല ആഗോള മാന്ദ്യത്തെ നേരിടും. ആഗോള പ്രതിസന്ധി നേരിടുമ്പോള്‍ ആഡംബര ഇടങ്ങള്‍ അര്‍ത്ഥരഹിതമായ നിശൂന്യതയായി മാറും. മറ്റെന്തിനേക്കാളും കൂടുതല്‍ പണം തങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടി ചെലവഴിക്കാന്‍ ആളുകള്‍ ശ്രദ്ധിക്കും. ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന നഗരങ്ങളിലൊന്നും, ആഡംബരത്തിന്റെ അമേരിക്കന്‍ കവാടവുമായ ന്യൂയോര്‍ക്കിന്റെ സ്ഥിതി കണക്കിലെടുത്താല്‍, 8 ദശലക്ഷം ജനങ്ങള്‍ അവരുടെ വീടുകളില്‍ അടച്ചു പൂട്ടിയിട്ടിരിക്കുന്ന നിര്‍ജ്്ജീവ നഗരമായി അത് മാറിയിരിക്കുകയാണ്. ലളിതവും അര്‍ത്ഥപൂര്‍ണ്ണവുമായ ഇടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കുറഞ്ഞ ചെലവിലുള്ള വാസ്തുവിദ്യ വളര്‍ത്തിയെടുക്കുന്നതില്‍ നാം കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പ്രകൃതിദത്ത പ്രകാശവും മികച്ച വായുസഞ്ചാരവും അണുബാധ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നതിനാല്‍ അകത്തളങ്ങളില്‍ ശാസ്ത്രീയവും ജൈവപരവുമായ അന്തരീക്ഷം ഉറപ്പാക്കാന്‍ കഴിയേണ്ടതുണ്ട്. ചികിത്സാലയങ്ങളിലെ മികച്ച പ്രകൃതിദത്ത വെളിച്ചവും വായുസഞ്ചാരവും രോഗശമനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുമെന്ന് പല ശാസ്ത്രീയ പഠനങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഇത് കെട്ടിടങ്ങളിലെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുകയും ചെയ്യും. മലിനമായ വായുവിന്റെ പുനര്‍ചംക്രമണവും, ഐസൊലേഷന്‍ വാര്‍ഡുകളിലെ സ്വാഭാവിക വെളിച്ചത്തിന്റേയും സാഹചര്യങ്ങളുടേയും അസാന്നിധ്യവും ചികിത്സാ ഘട്ടത്തില്‍ രോഗികള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമായിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങുന്നവരെല്ലാം ശരിയായ സാമൂഹിക അകലവും സുരക്ഷിതത്വബോധവും നിലനിര്‍ത്തുന്നതിനേ കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. വെളിയില്‍ ചെലവഴിക്കുന്ന സമയം ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ രോഗം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. പക്ഷേ ആളുകള്‍ക്ക് അവരുടെ വീടുകളില്‍ നിന്ന് പുറത്തുപോയി ആവശ്യമുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങേണ്ടി വരുന്നുമുണ്ട്. നമ്മുടെ വീടുകളെല്ലാം സ്വയംപര്യാപ്തമായിരുന്നുവെങ്കില്‍? ദീര്‍ഘകാലത്തേക്ക് വീടുകളില്‍ ഒറ്റപ്പെട്ടാലും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ സ്വയംപര്യാപ്തമായിരുന്നുവെങ്കില്‍? നമുക്ക് ആവശ്യമായതെല്ലാം സ്വന്തം പാര്‍പ്പിടങ്ങളില്‍ നിര്‍മ്മിച്ചിരുന്നുവെങ്കില്‍? ‘അഭയം’ എന്ന വാക്ക് അര്‍ത്ഥവത്താക്കുന്ന വിധത്തില്‍ ബാഹ്യ കാലാവസ്ഥ, താപനില, എന്നിവയില്‍ നിന്നും മാത്രമല്ല, പകര്‍ച്ചവ്യാധികള്‍, ക്ഷാമം എന്നിവയില്‍ നിന്നു കൂടി വീട് നമ്മെ സംരക്ഷിച്ചിരുന്നെങ്കില്‍? ഇത് ഒരിക്കലും നടക്കാന്‍ ഇടയില്ലാത്ത ഒരു ഉട്ടോപ്യന്‍ ദര്‍ശനമായി കണക്കാക്കേണ്ടതില്ല. നല്ല വാസ്തുവിദ്യയ്ക്ക് യഥാര്‍ഥത്തില്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നത് എന്താണെന്ന് മനസിലാക്കുന്നതിലാണ് കാര്യം. പച്ചക്കറികള്‍ ഓരോ വീട്ടിലും കൃഷി ചെയ്യണം. വിവിധ വലുപ്പങ്ങളിലുള്ള ചെടിച്ചട്ടികള്‍ വീടുകള്‍ക്ക് അകത്തും പുറത്തും വശങ്ങളിലും സ്ഥാപിക്കണം. ഒരു കുടുംബത്തിന് ആവശ്യമായ ഭക്ഷണം എക്കാലവും് ഉത്പാദിപ്പിക്കത്തക്ക വിധത്തില്‍ വിവിധ കാലങ്ങളില്‍ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന സസ്യങ്ങളും വൃക്ഷങ്ങളും ആവശ്യാനുസരണം നട്ടു വളര്‍ത്താം. സ്വയം പര്യാപ്ത ഭവനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഫോംസെറോ രൂപകല്‍പ്പന ചെയ്ത ക്വാലാലംപൂരിലെ പ്ലാന്റര്‍ ബോക്‌സ് ഹൗസ്. ഭക്ഷണം, വെള്ളം സംഭരണം, ഊര്‍ജ്ജ ഉപഭോഗം, പ്രവര്‍ത്തന ക്ഷമത എന്നിവയില്‍ ഇത് സ്വയം പര്യാപ്തമാണ്. ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഉപോത്പ്പന്നമായ മാലിന്യത്തെ ഉചിതമായ സംസ്‌ക്കരണ പ്രക്രിയയിലൂടെ ജൈവവളത്തിന്റേയും ഊര്‍ജ്ജത്തിന്റേയും ശ്രോതസ്സാക്കി മാറ്റാന്‍ കഴിയും.


കോവിഡ് 19 പോലുള്ള വൈറസുകള്‍ തുടര്‍ച്ചയായ പരിവര്‍ത്തനത്തിന് വിധേയമാണ്. അത്തരം പകര്‍ച്ചവ്യാധികള്‍ ഭാവിയില്‍ നിരന്തരം പ്രത്യക്ഷപ്പെടാനിടയുണ്ട്. പുതിയ വാക്‌സിനുകളും മരുന്നുകളും വികസിപ്പിച്ചെടുക്കാന്‍ വര്‍ഷങ്ങളെടുക്കും. സാമൂഹിക അകലം പാലിക്കുന്നതും വീണ്ടും ക്വാറന്റൈന്‍ ചെയ്യുന്നതുമാണ് നമുക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ചികിത്സ. എന്തിനും നാം തയ്യാറായിരിക്കണം, അത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ പോലും ഫലപ്രദമായി പ്രവര്‍ത്തിക്കത്തക്ക വിധം നമ്മുടെ ഇടങ്ങള്‍ പുനക്രമീകരിക്കണം. മെച്ചപ്പെട്ട രോഗശാന്തി ഉറപ്പാക്കുന്ന ആശുപത്രികള്‍, പുനര്‍ക്രമീകരിച്ച ജോലിസ്ഥലങ്ങളുള്ള വീടുകള്‍, തിരക്ക് കുറവുള്ളതും വൃത്തിയുള്ളതുമായ പൊതു ഇടങ്ങള്‍ തുടങ്ങിയവയെല്ലാം സമീപഭാവിയില്‍ ദ്രുതഗതിയില്‍ യാഥാര്‍ത്ഥ്യമാകും. നൂതന വാസ്തുവിദ്യ തീര്‍ച്ചയായും കൊറോണാനന്തര ലോകത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കും.

ആര്‍ക്കിടെക്റ്റ് സച്ചിന്‍ രാജ് , എലൈന്‍ സ്റ്റുഡിയോ, കാഞ്ഞങ്ങാട്

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*