ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐഐഎ) കേരള ചാപ്റ്റര്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച നിവേദനം

ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ നിര്‍മ്മാണ മേഖലയിലെ ആര്‍ക്കിടെക്റ്റുകള്‍, മറ്റു പ്രൊഫഷണലുകള്‍, തൊഴിലാളികള്‍ എന്നിവര്‍ നേരിടുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐഐഎ) കേരള ചാപ്റ്റര്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചു. കെട്ടിട നിര്‍മ്മാണ വ്യവസായത്തിലെ നിലവിലെ പ്രതിസന്ധിയെ മറികടക്കുന്നതിനും ഉപജീവന മാര്‍ഗ്ഗങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ഐഐഎ കേരള ചാപ്റ്ററിന്റെ നിര്‍ദേശങ്ങളും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. കോവിഡ് 19നെതിരെ പോരാടാനുള്ള കേരള സര്‍ക്കാരിന്റെ എല്ലാ സംരംഭങ്ങള്‍ക്കും ഐഐഎ കേരള ചാപ്റ്ററിന്റെ പിന്തുണയും നിവേദനം സമര്‍പ്പിച്ച ഐഐഎ കേരള ചാപ്റ്റര്‍ ഭാരവാഹികളും ആര്‍ക്കിടെക്റ്റുകളുമായ എല്‍. ഗോപകുമാര്‍ (ചെയര്‍മാന്‍), വിനോദ് സിറിയക്ക് (വൈസ് ചെയര്‍മാന്‍), നൗഫല്‍ സി.ഹാഷിം (ട്രഷറര്‍), ബിനുമോള്‍ ടോം (ജോയിന്റ് സെക്രട്ടറി), സുധീഷ് എസ് (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു.

നിവേദനത്തില്‍ സൂചിപ്പിച്ച പ്രധാന വെല്ലുവിളികള്‍ ഇവയാണ്: കേരള മുനിസിപ്പാലിറ്റി ബില്‍ഡിങ് റൂള്‍സിലെ (കെഎംബിആര്‍) ഭേദഗതികള്‍ കാരണം കഴിഞ്ഞ ആറുമാസമായി കഷ്ടപ്പെടുന്ന കെട്ടിട നിര്‍മ്മാണ വ്യവസായത്തിന്റെ സ്ഥിതി ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ സാഹചര്യം കൂടി ആയപ്പോള്‍ കൂടുതല്‍ മോശമായി. ആര്‍ക്കിടെക്റ്റ് ഓഫീസുകളില്‍ മാത്രം എണ്ണായിരത്തോളം ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടേയും ഉപജീവനത്തേയും നിലനില്‍പ്പിനേയും കൂടാതെ ബില്‍ഡേഴ്‌സ,് എഞ്ചിനീയറിങ് വിഭാഗങ്ങളിലായി പതിനായിരക്കണക്കിന് തൊഴിലാളികളെയും ലക്ഷക്കണക്കിന് ദിവസവേതന തൊഴിലാളികളെയും പ്രത്യക്ഷമായോ പരോക്ഷമായോ ഇത് ബാധിച്ചു കഴിഞ്ഞു. നിരോധനം നീക്കിയാലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതു നീളും. ഇത് അസംഘടിതമേഖലയില്‍ ജോലിചെയ്യുന്ന സംസ്ഥാനത്തൊട്ടാകെയുള്ള പ്രതിദിന വേതന തൊഴിലാളികളെയാകും കൂടുതല്‍ ബാധിക്കുക.പ ദ്ധതികളുടെ പുരോഗതിയിലെ കാലതാമസം ആര്‍ക്കിടെക്റ്റുകളുടെ ഫീസിലൂടെ സര്‍ക്കാരിന് ലഭിക്കുമായിരുന്ന (ജിഎസ്ടി 18%) വരുമാനത്തില്‍ വലിയ കുറവു വരുത്തിയിട്ടുണ്ടാകും. കഴിഞ്ഞ നവംബറിലെ കെഎംബിആറിലെ പുതിയ ഭേദഗതി നിര്‍മ്മാണ മേഖലയേയും വ്യാവസായിക പുരോഗതിയേയും ഓണ്‍ലൈന്‍ സമര്‍പ്പണത്തിന്റെ ഫോര്‍മാറ്റുകളേയും സാരമായി ബാധിച്ചിരുന്നു. കൂടാതെ പ്രാദേശിക
അതോറിറ്റി തലത്തിലുള്ള പൊരുത്തക്കേടുകളേയും കൈക്കൂലിയേയും ഇത് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
കെട്ടിട നിര്‍മ്മാണ വ്യവസായത്തിലെ നിലവിലെ പ്രതിസന്ധിയെ മറികടക്കുന്നതിനും ഉപജീവനമാര്‍ഗ്ഗങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഐഐഎ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ ഇവയാണ്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുന്നതോടെ പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയെത്താനും ഇതു മൂലം ഭവന ആവശ്യകതയില്‍ വര്‍ധനയുണ്ടാകാനും ഇടയുണ്ട്. കോവിഡ് പ്രതിസന്ധിക്കു ശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഭവന നിര്‍മ്മാണ മേഖലയ്ക്ക് മതിയായ ഉത്തേജനം നല്‍കിയില്ലെങ്കില്‍ സാധാരണക്കാരുടെ സ്വപ്‌നങ്ങളുടെ ശ്മശാനഭൂമിയായി കേരളം മാറിയേക്കും. ഒരു സാമ്പത്തിക പാക്കേജ് ഇപ്പോള്‍ പ്രായോഗികമല്ലെങ്കിലും മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുന്നതിനു വേണ്ട നടപടികളെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയും. ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കുന്ന കെട്ടിടങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ചാര്‍ജ്, നികുതി തുടങ്ങിയവയില്‍ പ്രായോഗിക ഇളവ് പ്രഖ്യാപിക്കുകയാണെങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ കഴിഞ്ഞേക്കും. ഇതിനൊപ്പം കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുകയും, അന്‍പത് ശതമാനം ജീവനക്കാര്‍ക്കെങ്കിലും ആര്‍ക്കിടെക്്റ്റ് ഓഫീസുകളില്‍ ജോലിചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കുകയും വേണം. സാഹചര്യത്തിന്റെ അടിയന്തിരതയും വ്യവസായത്തെ വീണ്ടും ഊര്‍ജ്ജസ്വലമാക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് കെഎംബിഅര്‍. ഭേദഗതികളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി തീരുമാനമെടുക്കുന്നതു വരെ പുതിയ ഭേദഗതികള്‍ തത്ക്കാലം നിര്‍ത്തി വച്ച് പഴയ നിയമങ്ങള്‍ വീണ്ടും സ്ഥാപിക്കണം. കെഎംബിആറിലോ വ്യവസായങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ കൂടുതല്‍ ഭേദഗതികള്‍ വരുത്തുന്നതു സംബന്ധിച്ച ചര്‍ച്ചകളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്്റ്റ്‌സിനെ ഒരു നിര്‍ണ്ണായക പങ്കാളിയായി പരിഗണിക്കണം. 3000 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ക്ക് നികുതി ഇളവു നല്‍കുന്ന കാര്യം പരിഗണിക്കുകയും ജിഎസ്ടി പതിനെട്ട് ശതമാനത്തില്‍ നിന്നും പന്ത്രണ്ട് ശതമാനം ആയി കുറയ്ക്കാന്‍ കേന്ദ്ര ജിഎസ്ടി കമ്മറ്റിയില്‍ ശുപാര്‍ശ ചെയ്യുകയും വേണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ വ്യവസായത്തിന്റെ പുനരുജ്ജീവനത്തില്‍ ഇത് നിണ്ണായകമാകും. പദ്ധതികളുടെ നടത്തിപ്പിലും ആസൂത്രണത്തിലും കാലതാമസം ഒഴിവാക്കുവാന്‍ റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നടപടികള്‍ നടപ്പിലാക്കുന്നത് ചുരുങ്ങിയത് 6 മാസം കൂടി നീട്ടുന്നത് പരിഗണിക്കണം. ഒട്ടു മിക്ക ആര്‍ക്കിടെക്റ്റ് ഓഫീസുകളുടെയും വര്‍ക്ക് സൈറ്റ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായിരിക്കും. അതിനാല്‍ സൈറ്റില്‍ ജോലി പുനരാരംഭിക്കാനുള്ള അനുമതി ആയാല്‍ റെഡ് അലര്‍ട്ട് ഇല്ലാത്ത ജില്ലകളിലേക്ക് യാത്രചെയ്യാന്‍ കമ്പനികള്‍ക്ക് പ്രത്യേക പാസ് അനുവദിക്കണം. എല്ലാ പ്രാദേശിക അനുമതി അതോറിറ്റികളിലും പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ച് 6 മാസത്തേക്ക് എല്ലാ കെട്ടിട അനുമതികള്‍ക്കും ഏക ജാലക ക്ലിയറന്‍സ് നല്‍കുന്ന കാര്യം പരിഗണിക്കണം. സംസ്ഥാനത്ത് നിര്‍ണ്ണായക നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം. ലോക്ക്ഡൗണ്‍ വെല്ലുവിളികള്‍ കൂടുതല്‍ വ്യാപിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ സ്വകാര്യ ആര്‍ക്കിടെക്ചര്‍ സ്ഥാപനങ്ങളിലെ എണ്ണായിരം ജീവനക്കാരെ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണം.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*