ഉത്തരവാദിത്വമുള്ള ആര്‍ക്കിടെക്റ്റായും പൗരനായും പകര്‍ച്ചവ്യാധിയോടുള്ള പോരാട്ടം : ആര്‍ക്കിടെക്റ്റ് ഇസ്ര ഗാലിബ്

കോണ്‍ക്രീറ്റ് പൈപ്പുകള്‍ ഉപയോഗിച്ച് ചുരുങ്ങിയ സമയം കൊണ്ട് കോവിഡ് 19 ബാധിച്ച രോഗികള്‍ക്കായി ഐസൊലേഷന്‍ ക്യാമ്പുകളും ക്വാറന്റൈന്‍ ഇടങ്ങളും കെട്ടിപ്പടുക്കാനാകും. ഭവനരഹിതര്‍ക്ക് അഭയസ്ഥാനം ഒരുക്കാനും ഈ മാതൃക ഉപയോഗിക്കാം.

. കോവിഡ് രോഗബാധ തടയാനായി 21 ദിവസം ദേശീയതലത്തില്‍ നടപ്പാക്കിയ ലോക്ക്്ഡൗണിന്റെ സമയത്ത് ന്യൂഡല്‍ഹിയിലെ ഭവനരഹിതര്‍ തെരുവോരത്ത് ഭക്ഷണത്തിനായി കാത്തിരിക്കുന്നു. (2020 മാര്‍ച്ച് 30ന് റോയിട്ടേഴ്‌സിനു വേണ്ടി ഡാനിഷ് സിദ്ധിഖി പകര്‍ത്തിയ ചിത്രം.)

ഒട്ടും നിലവാരമില്ലാത്തതോ സുരക്ഷിതമല്ലാത്തതോ ആയ ഭവനങ്ങളില്‍ താമസിക്കുന്നവരെ ഭവനരഹിതര്‍ ആയി കണക്കാക്കാം. തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവരും സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയോ വീടുകള്‍ ഉള്‍പ്പെടെ താല്‍ക്കാലിക ഇടങ്ങളില്‍ മാറി മാറി താമസിക്കുന്നവരും, സ്വകാര്യ ശുചിമുറിയോ മതിയായ സുരക്ഷയോ ഇല്ലാതെ സ്വകാര്യ ഭവനങ്ങളില്‍ താമസിക്കുന്നവരും ഇതില്‍ പെടുന്നു.
പകര്‍ച്ചവ്യാധിയായ കോവിഡ് 19 ബാധിച്ച രോഗികള്‍ക്കായി ദിവസങ്ങള്‍ക്കുള്ളില്‍ ചൈന ഒരു പുതിയ ആശുപത്രി എങ്ങനെ നിര്‍മ്മിച്ചു എന്നതിനെക്കുറിച്ചുള്ള വിവിധ വീഡിയോകളും ചിത്രങ്ങളും വാര്‍ത്തകളും നമ്മളെല്ലാം കണ്ടിരുന്നു എന്ന് തീര്‍ച്ചയാണ്. അസംഖ്യം ഭവനരഹിതരുള്ള ഇന്ത്യയില്‍ അവര്‍ക്കെല്ലാം വീടൊരുക്കുക എന്ന ദൗത്യം ഇതു പോലെ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാകാത്തത് എന്തു കൊണ്ടായിരിക്കും. അതെന്തു തന്നെയായാലും ഈ പകര്‍ച്ചവ്യാധിയോട് പൊരുതാന്‍ പല മാര്‍ഗങ്ങളുമുണ്ട്.
ഡല്‍ഹി, ചെന്നൈ മുതലായ ചില പട്ടണങ്ങളില്‍ ഭവനരഹിതര്‍ക്ക് താമസിക്കാന്‍ വിവിധ ഇടങ്ങളുണ്ട്. മുംബൈ പോലുള്ള മറ്റിടങ്ങളിലാകട്ടെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവരാണ് അധികവും. ചില സംസ്ഥാനങ്ങള്‍ ഭവനരഹിതരെ പാര്‍ക്കുകളിലോ സ്‌കൂളുകളിലോ മറ്റ് ഒഴിഞ്ഞ സ്ഥലങ്ങളിലോ കൂടാരങ്ങളില്‍ പാര്‍പ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോള്‍.
നഗരങ്ങളിലുടനീളമുള്ള 200 ഓളം രാത്രി ഷെല്‍ട്ടറുകളില്‍ സാമൂഹ്യ അകലം പാലിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സഹായം തേടിയെത്തുന്നവരുടെ ബാഹുല്യം മൂലം ഈ നിയമങ്ങള്‍ പാലിക്കാന്‍ പാടുപെടുകയാണ് ഷെല്‍ട്ടറുകളുടെ നടത്തിപ്പുകാര്‍. ഭവനരഹിതരില്‍ പലരും ഇതിനകം തന്നെ ക്ഷയരോഗം പോലുള്ള അസുഖങ്ങളാല്‍ വലയുന്നതിനാല്‍ ഇവര്‍ക്ക് രോഗം ബാധിക്കാനും അത് ഗുരുതരമാകാനുമുള്ള സാദ്ധ്യത സാധാരണ ജനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ദാരിദ്യവും ജനപ്പെരുപ്പവുമാണ് രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നത്.
ഉത്തരവാദിത്തമുള്ള ഒരു പൗരനും വാസ്തുശില്പിയും എന്ന നിലയില്‍, നിലവിലുള്ള രോഗസാദ്ധ്യതയെ മറികടക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ.കെ.ശൈലജ എന്നിവരുടെ നേതൃത്വത്തിലുളള രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനും പകര്‍ച്ചവ്യാധിയോടുള്ള ഈ പോരാട്ടത്തില്‍ ലോകത്തിന് തന്നെ മാതൃകയാകാനും കേരളത്തിന് കഴിഞ്ഞു. ഭവനരഹിതര്‍ക്ക് അഭയസ്ഥാനം ഒരുക്കാനുള്ള ഈ ചിന്ത ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ പങ്കെടുത്ത ‘ഇന്‍സൈഡ് ദി സര്‍ക്കിള്‍’ എന്ന മത്സരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഒരു കോണ്‍ക്രീറ്റ് പൈപ്പിനകത്ത് സ്വീകരണ സ്ഥലം, ഉറങ്ങുന്ന സ്ഥലം, അടുക്കള, ഒരു കുളിമുറി എന്നിവയുള്ള താമസസ്ഥലം ഭവനരഹിതര്‍ക്കായി സജ്ജീകരിക്കുക എന്നതായിരുന്നു അടിസ്ഥാന ആശയം.


സ്ഥലലഭ്യതയ്ക്കനുസരിച്ച് ഇവ സംയോജിപ്പിക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം. ഓരോരുത്തര്‍ക്കും അവരവരുടെ ഭാവനയനുസരിച്ച് എത്ര പൈപ്പുകള്‍ വേണമെങ്കിലും ഉപയോഗിക്കാം.

സൂചന: പൈപ്പുകളുടെ നീളം 2.5 മീറ്ററിനും 3 മീറ്ററിനും ഇടയിലായിരിക്കും.
കോവിഡ് 19 പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ പൈപ്പുകള്‍ ഉപയോഗിച്ച് ഐസൊലേഷന്‍ ക്യാമ്പുകളും ക്വാറന്റൈന്‍ ഇടങ്ങളും കെട്ടിപ്പടുക്കുന്നതിനെ കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്. ഒരു സാങ്കല്‍പ്പിക മത്സരത്തിനു വേണ്ടി ഉണ്ടാക്കിയ കേവല മാതൃക എന്നതിലുപരി ഭവനരഹിതര്‍ക്ക് അത്താണിയൊരുക്കാന്‍ ഈ ആശയം നമുക്ക് പ്രയോജനപ്പെടുത്താന്‍ കഴിയില്ലേ? ഈ നിര്‍മ്മാണ രീതി വളരെ എളുപ്പമാണെന്നതും ഈ പ്രീകാസ്റ്റ് യൂണിറ്റുകള്‍ ഒരാഴ്ചയ്ക്കകം കൂട്ടിച്ചേര്‍ക്കാമെന്നതാണ് എന്നെ ആകര്‍ഷിച്ചത്. ഈ നിര്‍മ്മാണരീതിയുടെ വിശദാംശങ്ങളും ഇതു സംബന്ധിച്ച എന്റെ ആശയങ്ങളും ഏവരുമായി പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

വൃത്തമാതൃക
മലിനജലം ഒഴുക്കിക്കളയാനും ഖരമാലിന്യ സംസ്‌ക്കരണത്തിനുമുള്ള ക്രമീകരണങ്ങള്‍ ലാന്‍ഡ്‌സ്‌കേപ്പിന്റെ ഭാഗമാക്കാം. മഴവെള്ളക്കൊയ്ത്തും ഇവിടെ നടത്താം.
വായുസഞ്ചാരം സുഗമമാക്കുന്ന സുഷിരങ്ങളുള്ള ഗ്ലാസ്‌ പാര്‍ട്ടീഷനുകള്‍ ചൂട് വായു പുറന്തള്ളി അകത്തളാന്തരീക്ഷം ഊഷ്മളമാക്കും. ഈ മാതൃക ഏതു സൈറ്റിലും ആവശ്യാനുസാരം ക്രമീകരിക്കാം.

1. മുകളില്‍ നിന്നുള്ള ദൃശ്യം, 2. രണ്ടു കുടുംബങ്ങള്‍ക്കുള്ള പാര്‍പ്പിടം, 3. സെക്ഷണല്‍ എലിവേഷന്‍

ആവശ്യം കഴിഞ്ഞാല്‍ മടക്കി വയ്ക്കാനും ആവശ്യാനുസാരം പരിവര്‍ത്തിപ്പിക്കാനും കഴിയുന്ന ഫര്‍ണിച്ചര്‍ ഉള്‍പ്പെടുത്തി അതീവ ലളിതമായാണ് ലിവിങ്ങും ഡൈനിങ്ങും ഒരുക്കിയത്. തുറന്നു വെച്ചാല്‍ ഭക്ഷണം കഴിക്കാനുള്ള ഇടമായി കൂടി ഉപയോഗപ്പെടുത്താവുന്ന ക്യാബിനറ്റുകളാണ് ഇവിടുത്തേത്.

1.ലിവിങ് കം ഡൈനിങ്ങും കിച്ചനും, 2.പരിവര്‍ത്തിപ്പിച്ച ലിവിങ്, 3.ടോയ്‌ലറ്റും ബാത്‌റൂമും,
4.സ്ലീപ്പിങ് സ്‌പേസ്, 5.കിച്ചന്‍, 6.അടുക്കളയും വിനോദ ഇടവും

ഇത് ഭവനരഹിതര്‍ക്ക് ഒരു വീട് നല്‍കുന്നതിനായി അടിസ്ഥാനപരമായി രൂപകല്‍പ്പന ചെയ്ത ഒരു പോഡ് ഹൗസ് യൂണിറ്റായിരുന്നു. ഇന്നത്തെ സവിശേഷ സാഹചര്യത്തില്‍ ഐസൊലേഷന്‍ ക്യാമ്പുകളും ക്വാറന്റൈന്‍ സംവിധാനങ്ങളോ ഐസൊലേഷന്‍ വാര്‍ഡുകളോ ആക്കി ഇതിനെ മാറ്റാം. കോവിഡ് 19 എന്ന പകര്‍ച്ച വ്യാധിയെ അതിജീവിച്ച് ഈ ഭൂമിയില്‍ സുരക്ഷിതമായി ജീവിക്കാന്‍ നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു. # വീട്ടിലിരിക്കൂ # സുരക്ഷിതരാകൂ # പോരാട്ടം തുടരൂ #

ചിത്രങ്ങള്‍ക്ക് കടപ്പാട് : ആര്‍ക്കിടെക്റ്റ് ഇസ്ര ഗാലിബ്, ഇസ്ര ഇര്‍ഫാന്‍ ആര്‍ക്കിടെക്റ്റ്‌സ്, കോഴിക്കോട്

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*