ഗ്ലാംപിങ് @ യെല്ലപ്പെട്ടി

ആകര്‍ഷകമായ ഈ കോട്ടേജ് ഗ്ലാമറസ് ക്യാംപിങ് എന്ന ആശയത്തിലാണ് ഒരുക്കിയത്

ആര്‍ക്കിടെക്റ്റ് ബെര്‍നാഡ് റെബിന്‍

കോടമഞ്ഞും തണുപ്പും നിമ്‌നോന്നതമായ മലനിരകളും കൊണ്ട് അനുഗ്രഹീതമായ മൂന്നാറിന്റെ മണ്ണിലെ കാനന സുന്ദരിയാണ് കേരള – തമിഴ്‌നാട് അതിര്‍ത്തിയിലുള്ള യെല്ലപ്പെട്ടി. ക്യാംപിങ്ങിനും ട്രക്കിങ്ങിനും പേരുകേട്ട, സഞ്ചാരികളുടെ സ്വപ്‌ന ഭൂമി. സന്ദര്‍ശകരുടെ ക്യാംപിങ് സ്വപ്‌നങ്ങളെ ഒന്നു പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഗ്ലാമറസ് ക്യാംപിങ് എന്ന ആശയത്തിലുള്ള നിര്‍മ്മിതി ഒരു സ്വകാര്യ ഗ്രൂപ്പിന് കീഴില്‍ ഇവിടെ തുടങ്ങിയത്.

സുസ്ഥിരമായ വിനോദസഞ്ചാര രംഗത്തെ ഈ പൂത്തന്‍ ആശയത്തിന് പേര് ഗ്ലാംപിങ്. ആര്‍ക്കിടെക്റ്റ് ബെര്‍നാഡ് റെബിന്‍ ആണ് (ബീസ് ഡിസൈന്‍ ലാബ്, എറണാകുളം, മൂന്നാര്‍)

മൂന്നാറില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെയുള്ള ഗ്ലാംപിങ് കോട്ടേജുകളുടെ വാസ്തുശില്‍പ്പി. നിര്‍മ്മാണരീതിയിലെ സങ്കീര്‍ണതയും വിദഗ്ദ്ധ തൊഴിലാളികളുടെ കുറവും വെല്ലുവിളിയായിരുന്നെങ്കിലും അതെല്ലാം അതിജീവിച്ചാണ് വ്യത്യസ്തമായ ക്യാംപിങ് അനുഭവം ഇവിടെ ഒരുക്കിയിട്ടുള്ളത്.


സ്വാഭാവികതയും
ആധുനികതയും

കയറ്റിറക്കമുള്ള എട്ടേക്കര്‍ ഭൂമിയുടെ ഭാഗമാണ് മലനിരകളിലേക്ക് മുഖംനോക്കി നില്‍ക്കുന്ന മൂന്നു ഹട്ടുകള്‍. പരമ്പരാഗത രീതിയിലുള്ള ക്യാംപുകളുടെ സമകാലിക രൂപമാണ് ആധുനിക സൗകര്യങ്ങളും ആര്‍ക്കിടെക്ചര്‍ മേന്‍മയുമുള്ള ഗ്ലാം ക്യാംപുകള്‍.

പരിസ്ഥിതി പ്രാധാന്യമുള്ളതു കൊണ്ട് തന്നെ പ്രസ്തുത സ്ഥലത്തിന്റെ വിശകലനത്തിനും പഠനത്തിനുമായി ഒരു വര്‍ഷത്തോളം ചെലവഴിച്ച ശേഷമാണ് ഇത്തരമൊരു പ്രോജക്റ്റിലേക്ക് എത്തിയത്. കുടിലു പോലെയുള്ള ത്രികോണാകൃതിയില്‍ നിന്നു തുടങ്ങുന്നു ഈ നിര്‍മ്മിതിയുടെ പാരമ്പര്യാംശങ്ങള്‍. എന്നാല്‍ കാലത്തോട് ചേരുന്നതാണ് സൗകര്യങ്ങളെല്ലാം.

ബെഡ്‌സ്‌പേസ്, ടോയ്‌ലറ്റ്, ഡൈനിങ്- റീഡിങ് ഏരിയകള്‍, പാന്‍ട്രി സ്‌പേസ് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഓരോ ക്യാംപും. കോറുഗേറ്റഡ് ഷീറ്റ്, ജി.ഐ പൈപ്പ് ബോക്‌സ് സെക്ഷനുകള്‍ എന്നിവയാണ് റൂഫ് ഒരുക്കാന്‍ ഉപയോഗിച്ചത്. ത്രികോണാകൃതിയായതു കൊണ്ട് റൂഫ് തന്നെ ഭിത്തിയായി മാറുന്നു. മറ്റു ഭിത്തികളെല്ലാം ബോക്‌സ് സെക്ഷന്‍ ഫ്രെയ്മുകളില്‍ ബന്ധിപ്പിച്ച ടഫന്‍ഡ് ഗ്ലാസ് ആണ്. മുഴുനീളത്തിലുളള ജാലകവിരികള്‍ സ്വകാര്യത ഉറപ്പാക്കുന്നു. വുഡന്‍ പാറ്റേണ്‍ ടൈല്‍ കൊണ്ട് ഫ്‌ളോറിങ് ഒരുക്കി. പ്ലൈവുഡിനും സിമന്റ് ബോര്‍ഡ് ഫാള്‍സ് സീലിങ്ങിനും ഇടയില്‍ നല്‍കിയ ട്രീ രൂപത്തിലുള്ള എല്‍.ഇ.ഡി ലൈറ്റിങ് വിന്യാസം രാത്രിയില്‍ അത്യാകര്‍ഷകമാണ്.സീലിങ്ങിനും റൂഫിനും ഇടയില്‍ ഗ്ലാസ് വൂള്‍ പാക്കിങ് നല്‍കിയിട്ടുണ്ട്. ബെഡ്‌സ്‌പേസിന്റെ ഭാഗമായുള്ള ഫയര്‍സ്‌പേസ് ഇന്റീരിയറിലെ ഉചിതമായ തീരുമാനമായിരുന്നു. പ്രദേശത്ത് വാഹനങ്ങള്‍ ചെല്ലാത്തതിനാല്‍ നിര്‍മ്മാണസാമഗ്രികളെല്ലാം ആളുകള്‍ തന്നെ സ്ഥലത്തെത്തിക്കുകയും സൈറ്റില്‍ വെച്ചു തന്നെ കസ്റ്റമൈസ് ചെയ്യുകയുമായിരുന്നു.


പ്രകൃതിയോടലിഞ്ഞ്
വൈദ്യുതി ഇല്ലാത്ത ഇവിടെ സോളാര്‍ എനര്‍ജി ഉപയോഗിച്ചാണ് ഊര്‍ജ്ജാവശ്യങ്ങളെല്ലാം നടപ്പാക്കുന്നത്. മലയിലെ ഉറവയില്‍ നിന്ന് ലഭിക്കുന്ന വെള്ളം സംഭരിച്ച് കുടിക്കാനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. നിര്‍മ്മാണത്തിന് ഉപയോഗിച്ച 50 ശതമാനം സാമഗ്രികളും ഇതേ സ്ഥലത്ത് ലഭ്യമായിരുന്നതാണ്. പലതട്ടിലുള്ള താങ്ങുമതിലുകള്‍ എല്ലാം ഭൂമിയുടെ 45 ഡിഗ്രി കോണളവില്‍ ചെരിച്ചാണ് കെട്ടിയിരിക്കുന്നത്. പ്രകൃതിക്ക് ദോഷമുണ്ടാക്കാത്ത രീതിയാണിത്. കാട്ടുകല്ലുകള്‍ അടുക്കി ഉണ്ടാക്കിയ മതിലുകളും കയ്യാലകളും മരത്തിന്റെ ഇന്‍ബില്‍റ്റ് ഇരിപ്പിടങ്ങളും മണ്‍വഴികളും പ്രദേശത്തോട് ലയിച്ചു ചേര്‍ന്നിരിക്കുന്നു. കാട്ടുപൊന്തകളും വന്‍വൃക്ഷങ്ങളും അതിരിടുന്നു. പക്ഷികളെയും ചിത്രശലഭങ്ങളെയും ആകര്‍ഷിക്കുന്ന പൂച്ചെടികളും സസ്യങ്ങളും പ്രത്യേകം നട്ടുവളര്‍ത്തിയിട്ടുണ്ട്. രാത്രിയുടെ തണുപ്പില്‍ തീ കായാം, മഴപൊടിയുന്ന സന്ധ്യകളില്‍ കട്ടന്‍ ചായ കുടിച്ചിരിക്കാം, പാതിരാവില്‍ നക്ഷത്രങ്ങളെണ്ണാം. പ്രകൃതിയുടെ ഭാവങ്ങളോരോന്നും ആസ്വദിക്കാം, അനുഭവിക്കാം ഈ ഗ്ലാമറസ് ക്യാംപിങ്ങിലൂടെ.

Project Facts

  • Architect : Ar.Bernard Rebin KJ (Bees Design Lab, Ernakulam)
  • Project Type : Residential house
  • Owner : Senthil Kumar
  • Location : Yellapatti
  • Year Of Completion : 2018
  • Area : 1800 Sq.Ft
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*