പുതുചിന്തകളുടെ ലോക്ക്ഡൗണ്‍ കാലം: മുഹമ്മദ് മിര്‍ഷാദ് എം

ലോകം മുഴുവന്‍ കൊറോണയെന്ന മഹാമാരിക്ക് മുന്‍പില്‍ പകച്ചുനില്‍ക്കുകയാണ് നമ്മുടെ കൊച്ചു കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മരുന്നു കണ്ടെത്താന്‍ സാധിക്കാതെ ലോകം കൊറോണക്ക് മുന്‍പില്‍ ഭയത്തോടെ നില്‍ക്കുക തന്നെയാണ്. എല്ലാ വിഭാഗങ്ങളില്‍ പെട്ടവരും വളരെ വലിയ വിഷമഘട്ടത്തിലൂടെ കടന്ന് പോവുന്ന ഈ സാഹചര്യത്തില്‍ വാസ്തുശില്‍പ്പ രംഗത്തുള്ള നമ്മളും അതിജീവനത്തിന്റെ പാതയില്‍ തന്നെയാണ്.
ഈ ലോക്ക്ഡൗണ്‍ കാലത്തെ പോസിറ്റീവ് ആയി കാണാനും പുത്തന്‍ ആശയങ്ങള്‍ വികസിപ്പിച്ചെടുക്കാനും ശ്രമിച്ചാല്‍ നമുക്ക് ഈ കാലയളവ് നഷ്ടദിനങ്ങളായി മാറില്ല. ചില മാറ്റങ്ങള്‍ അനിവാര്യമായിരിക്കുന്നു. പ്രകൃതിയില്‍ ഇക്കാലമത്രയും ഉണ്ടായിട്ടുള്ള മാറ്റങ്ങളില്‍ നിര്‍മ്മാണ മേഖലയ്ക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. പല മാറ്റങ്ങളും പ്രകൃതിയെ നോവിച്ചിട്ടുണ്ടെന്നതാണ് വാസ്തവം. പ്രകൃതിയെ സംരക്ഷിക്കേണ്ട നമ്മള്‍ അത് ചെയ്യാത്തത് കൊണ്ട് ഇപ്പോള്‍ പ്രകൃതി സ്വയം ഒരു റിഫ്രഷിങ് നടത്തുകയാണെന്ന് കരുതാം.

ALSO READ: ഗ്രീന്‍ ലോക്കര്‍ സംവിധാനവുമായി കോറല്‍ ഹോം

നമ്മള്‍ മാറേണ്ടത് എങ്ങനെ
സമ്പൂര്‍ണ്ണ മാറ്റം ഈ സാഹചര്യത്തില്‍ അനിവാര്യമാണ്. മിതത്വത്തിലൂന്നിയ ഡിസൈനുകളാണ് ഉരുത്തിരിയേണ്ടത്. സാമ്പത്തിക മേഖലയില്‍ വലിയ ഞെരുക്കങ്ങളാണ് ഇനി വരാന്‍ പോകുന്നതെന്നാണ് വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നത്. നമ്മുടെ മുന്‍പില്‍ വീട് എന്ന സ്വപ്നവുമായി വരുന്ന ക്ലയന്റിന്റെ ആവശ്യങ്ങളും അവരുടെ ബഡ്ജറ്റും തമ്മില്‍ താരതമ്യപ്പെടുത്താനും ഏറ്റവും നല്ല രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും നമുക്ക് സാധിക്കണം. വ്യത്യസ്തമായ അഭിരുചികളുള്ളവരാകും നമ്മുടെ മുന്‍പില്‍ വരുന്നത്. ഓരോ ക്ലയന്റിന്റെയും ആവശ്യങ്ങളും സാമ്പത്തിക സ്ഥിതിയും വ്യത്യസ്തമായിരിക്കും എന്ന് നാം മനസ്സിലാക്കണം. ക്ലയന്റിനോട് തന്നെ നേരിട്ട് ചോദിച്ചു ബോധ്യപ്പെടുന്നത് തന്നെയാവും അഭികാമ്യം. ഇങ്ങനെ ചെയ്താല്‍ വീട് എന്ന സ്വപ്നം ക്ലയന്റിന് ഒരിക്കലും ഒരു ഭാരമാകില്ല.

പ്രവാസികളുടെ തിരിച്ചു വരവ് നിര്‍മ്മാണ മേഖലക്ക് കനത്ത പ്രഹരമാകും എന്നത് യാഥാര്‍ഥ്യമാണെങ്കിലും അത്തരത്തിലുള്ള നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കി മുന്‍പോട്ട് പോവാന്‍ നമുക്ക് ശ്രമിക്കാം. കാരണം ഇതിനേക്കാള്‍ വലിയ വെല്ലുവിളികള്‍ ഉണ്ടായപ്പോഴും ഈ മേഖല മുന്‍പോട്ട് പോവുകയും അതിജീവിക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ ചിന്തകള്‍

  • റസിഡന്‍ഷ്യല്‍ കം കമേഴ്‌സ്യല്‍ പ്രോജക്റ്റുകള്‍ പ്രോത്സാഹിപ്പിക്കണം. ഇത്തരത്തില്‍ വീടിനൊപ്പം വരുമാനവും ഉണ്ടാക്കാവുന്ന ആശയം മുന്നോട്ട് വയ്ക്കുകയും പരമ്പരാഗത രീതിയില്‍ നിന്നും മാറി സമകാലിക ശൈലിയിലോ മറ്റ് പുതിയ ശൈലികളിലോ അവ രൂപകല്‍പ്പന ചെയ്യുകയും വേണം.
  • പുതിയ സമയക്രമങ്ങള്‍ പരീക്ഷിക്കാം. ലോക്ക്ഡൗണ്‍ ഭാഗികമായി അവസാനിച്ച് നമ്മുടെ ജോലികളിലേക്ക് തിരികെ പോകുമ്പോള്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് നാം പല മേഖലകളില്‍ ശീലിച്ചു പോന്ന സമയക്രമങ്ങള്‍ തുടര്‍ന്ന് നമ്മുടെ ജോലി സമയങ്ങളില്‍ പരീക്ഷിച്ചു നോക്കാം. ദിവസത്തിന്റെ വലിയ ഭാഗം ജോലിക്ക് വേണ്ടി മാത്രം മാറ്റി വെക്കാതെ കുറച്ചു സമയം വായനക്കും, ചിന്തകള്‍ക്കും, കുടുംബത്തിനും, മെഡിറ്റേഷന്‍ തുടങ്ങി നമുക്ക് ഇതുവരെ സമയം കിട്ടാതിരുന്ന പലതിനും വേണ്ടി മാറ്റി വെക്കാം.
  • ജോലികളിലേക്ക് തിരികെ പ്രവേശിക്കുമ്പോള്‍, ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മൂലം നമ്മുടെ മേഖലയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രതിസന്ധികളെ കുറിച്ചു നല്ല രീതിയില്‍ മനസ്സിലാക്കാനും അതിനെ തരണം ചെയ്യാനുള്ള വഴികള്‍ കണ്ടെത്താനും ഇപ്പോഴുള്ള ഒഴിവുസമയം ഉപയോഗപ്പെടുത്തണം .
  • പ്രോജക്റ്റിനും വരുമാനത്തിനും ആനുപാതികമായി ഓഫീസ്, സ്റ്റാഫ്, മറ്റു ചെലവുകള്‍ എന്നിവയില്‍ കാര്യക്ഷമമായ ക്രമീകരണം കൊണ്ടുവരണം.

ഇത്തരത്തില്‍ ഉള്ള മാറ്റങ്ങളും ക്രമീകരണങ്ങളും നല്ല രീതിയില്‍ നമ്മുടെ പ്രൊഫഷനില്‍ കൊണ്ടു വരുകയാണെങ്കില്‍ വരാനിടയുള്ള പ്രതിസന്ധികളെ വളരെ എളുപ്പത്തില്‍ മറികടക്കാവുന്നതാണ്. തീര്‍ച്ചയായും നമുക്കതിനു സാധിക്കും.

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട്: മുഹമ്മദ് മിര്‍ഷാദ് എം, മിര്‍ഷ & അസോസിയേറ്റ്‌സ് ആര്‍ക്കിടെക്ചറല്‍ കണ്‍സല്‍ട്ടന്‍സി, കോഴിക്കോട്

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*