മഹാമാരികള്‍ ആര്‍ക്കിടെക്ചര്‍ സങ്കല്‍പ്പങ്ങളെ തിരുത്തുമോ ? : ആര്‍ക്കിടെക്റ്റ് മിദ്‌ലാജ് ജമീല്‍

പ്രകൃതിയിലെയും മനുഷ്യ സമൂഹത്തിലെയും യാഥാര്‍ത്ഥ്യങ്ങളുമായി അടുത്ത ബന്ധമുള്ള ഒരു മേഖല എന്ന നിലയില്‍, ‘വാസ്തുവിദ്യ’ ഒരു പകര്‍ച്ചവ്യാധിയെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നത് ആഴത്തിലുള്ള പഠനങ്ങള്‍ക്കും സംവാദങ്ങള്‍ക്കും വിധേയമാക്കേണ്ട ബൃഹത്തായ ഒരു വിഷയമാണ്. മുമ്പെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തിലുള്ള പ്രയാസങ്ങളും വെല്ലുവിളികളുമാണ് കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം ലോകം നേരിട്ടു കൊണ്ടിരിക്കുന്നത്. സ്വാഭാവികമായും ഡിസൈനിങ് മേഖലയേയും അത് സ്വാധീനിച്ചിട്ടുണ്ട്.

ഈ പ്രതിസന്ധിയില്‍ നിന്ന് ആര്‍ക്കിടെക്റ്റുകള്‍ക്ക് എന്താണ് പഠിക്കാന്‍ കഴിയുക, തൊഴിലില്‍ വരുത്താന്‍ കഴിയുന്ന ഗുണപരമായ മാറ്റങ്ങള്‍ എന്തൊക്കെയാണ്, എന്താണ് ആര്‍ക്കിടെക്ചറല്‍ പ്രൊഫഷന്റെ ഇപ്പോഴത്തെ അവസ്ഥ ഇത്തരത്തിലുള്ള വസ്തുതകള്‍ വിശകലനം ചെയ്യാനുള്ള പരിശ്രമമാണ് ഈ ലേഖനത്തിനു പിന്നിലുള്ളത്. ഹൈദരാബാദ് നഗരം സ്ഥാപിതമായതിനെ കുറിച്ച് പൈതൃക സംരക്ഷണ പ്രവര്‍ത്തകന്‍ സഞ്ജാദ് ഷാഹിദിനെ ഉദ്ധരിച്ച് ഒരു റിപ്പോര്‍ട്ട് അടുത്തിടെ ദി ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു.

പകര്‍ച്ച വ്യാധികളും ജലദൗര്‍ലഭ്യവും മൂലം കഷ്ടപ്പെട്ടിരുന്ന ഗോല്‍ക്കോണ്ടയിലെ ജനങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനാണ് 1591-ല്‍ ഹൈദരാബാദ് നഗരം സൃഷ്ടിച്ചത്. ഇതിന്റെ തുടര്‍ച്ചയെന്നോണം പുതിയ നഗരത്തിലും പലപ്പോഴായി ആവര്‍ത്തിച്ച വിപത്തുകളാണ് ഹൈദരാബാദിന്റെ ഭൂപ്രകൃതിയിലുണ്ടായ മാറ്റങ്ങള്‍ക്ക് കാരണം.

1800-കളില്‍ കോളറ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് പാരീസ്, ലണ്ടന്‍ എന്നീ നഗരങ്ങള്‍ പുനക്രമീകരിക്കപ്പെട്ടിരുന്നു. പ്രശസ്ത വാസ്തുവിദ്യാ വിദ്യാഭ്യാസ വിചക്ഷണയായ സാറാ ജെന്‍സന്‍ കാര്‍, ‘ദി ടോപ്പോഗ്രഫി ഓഫ് വെല്‍നെസ’് എന്ന പുസ്തകത്തില്‍ മഹാമാരികളും ആരോഗ്യപ്രതിസന്ധികളും മൂലം നഗരങ്ങള്‍ക്കുണ്ടായ മാറ്റങ്ങളെയും ഡിസൈനില്‍ അവ ചെലുത്തിയ സ്വാധീനത്തെയും അവ അമേരിക്കന്‍ നഗരങ്ങളുടെ ഭൂപ്രകൃതിയില്‍ വരുത്തിയ മാറ്റങ്ങളെയും കുറിച്ച് വര്‍ണ്ണിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, വാസ്തുവിദ്യ ഒരു പകര്‍ച്ചവ്യാധിയെ നേരിടുന്നത് ഇത് ആദ്യമല്ല. എന്നാല്‍ കോവിഡ്-19 ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ കേവലം ശുചിത്വക്കുറവോ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമോ മൂലമുള്ളതല്ലെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

ഇന്നത്തെ സവിശേഷ സാഹചര്യത്തില്‍ അമേരിക്കയും കേരളവും തമ്മിലുള്ള താരതമ്യത്തിന് പ്രസക്തിയുണ്ട്. ലോകത്തെ അതിനൂതനമായ എല്ലാ മെഡിക്കല്‍ സജ്ജീകരണങ്ങളുമുള്ള അമേരിക്കയില്‍ വൈറസിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ വലിയ പിഴവ് സംഭവിക്കുന്നതിന്റെ പിന്നിലെ പ്രധാന കാരണം അവിടെ സാമൂഹിക അധികാര വികേന്ദ്രീകരണം ദയനീയമാണ് എന്നത് തന്നെയാണ്. അതേസമയം തദ്ദേശ ഭരണ സ്ഥാപനങ്ങളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സംവിധാനവും കൂടുതല്‍ കരുത്തോടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ പകര്‍ച്ചവ്യാധിയെ ഫലപ്രദമായി നേരിടാന്‍ കേരളത്തിന് കഴിയുന്നുണ്ട്.

വാസ്തുവിദ്യ സാധാരണക്കാരുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നുണ്ട് എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. ഇന്ത്യയിലെ നിര്‍മ്മാണ മേഖലയില്‍ നടക്കുന്ന മൂന്നു ശതമാനം പ്രവര്‍ത്തനങ്ങളില്‍ മാത്രമേ ആര്‍ക്കിടെക്റ്റുകള്‍ ഇടപെടുന്നുള്ളൂ എന്നതും വിസ്മയകരമാണ്. രാജ്യത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ പശ്ചാത്തലമാകാം ഇതിനു പിന്നില്‍. തദ്ദേശ ഭരണത്തില്‍ ആര്‍ക്കിടെക്റ്റുകള്‍ കാര്യമായി ഇടപെടാത്തതും ഇതിന് കാരണമായിട്ടുണ്ട്. വിമര്‍ശനാത്മകമായി വിശകലനം ചെയ്താല്‍, ചെലവ് കുറഞ്ഞ നിര്‍മാണങ്ങളെ പരിചയപ്പെടുത്തുന്ന ‘എല്ലാവര്‍ക്കും വീട്’ (ഹൗസിങ് ഫോര്‍ ഓള്‍) പോലുള്ള ആര്‍ക്കിടെക്റ്റുകളുടെ ആശയങ്ങളും സെമിനാറുകളും താഴെത്തട്ടിലുള്ള ഭൂരിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്നില്ലെന്ന് മനസ്സിലാക്കാന്‍ കഴിയും.


വളരെയധികം അഭിനന്ദനം അര്‍ഹിക്കുന്ന ഇടപെടലുകളാണ് കോവിഡ് -19 നെ പ്രതിരോധിക്കാന്‍ ആര്‍ക്കിടെക്റ്റുകളുടെയും നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരുടേയും ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേവലം പത്ത് ദിവസത്തിനകമാണ് ചൈനയില്‍ പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കപ്പെട്ടത്. കേവലം ഒരു ദിവസത്തിനകം നാന്‍ജിങ്ങിലെ ഹോസ്പിറ്റലിന്റെ ലക്ഷണമൊത്ത രൂപരേഖയും മൂന്ന് ദിവസങ്ങള്‍ക്കകം വര്‍ക്കിങ് ഡ്രോയിങ്ങും പൂര്‍ത്തിയായി. സാധാരണ ഗതിയില്‍ മാസങ്ങളുടെ അധ്വാനം വേണ്ടിവരുന്ന ജോലിയാണ് ഇതെന്നോര്‍ക്കണം. കണ്‍വെന്‍ഷന്‍ സെന്ററുകളും സ്റ്റേഡിയങ്ങളും താല്‍ക്കാലിക ആശുപത്രികളാക്കി മാറ്റിയതും, പിപിഇ കിറ്റുകളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ കണ്ടെത്തിയ ബദല്‍ മാര്‍ഗ്ഗങ്ങളും, ത്രീഡി പ്രിന്ററുകള്‍ ഉപയോഗിച്ച് മാസ്‌കുകളും ഫ്‌ളാറ്റ് ഫെയ്‌സ് ഷീല്‍ഡുകളും വികസിപ്പിച്ചെടുത്തതും വളരെ അഭിമാനകരമാണ്.

കോവിഡ് -19 വ്യാപനം തടയാനായി ലോകമെമ്പാടുമുള്ള പൊതു പാര്‍ക്കുകളും പൂന്തോട്ടങ്ങളും അടച്ചു പൂട്ടിയപ്പോള്‍, ഓ്‌സ്ട്രിയയിലെ സ്റ്റുഡിയോ പ്രെച്റ്റ് ശാരീരിക അകലം പാലിക്കുന്നതിനുള്ള നിയമങ്ങള്‍ കൂടി പരിഗണിച്ചു കൊണ്ടുള്ള ഒരു ഹരിത ഇടത്തിന്റെ രൂപകല്‍പ്പനയുമായി മുന്നോട്ടു വന്നിരുന്നു. ‘പാര്‍ക്ക് ഡി ലാ ഡിസ്റ്റന്‍സ്’ (‘ജമൃര റല ഹമ ഉശേെമിരല’) എന്നു പേരിട്ട ഈ പ്രോജക്റ്റ് സാമൂഹിക അകലത്തിനൊപ്പം ഏകാന്തത കൂടി ഉറപ്പു വരുത്തുന്ന ഒരു ഔട്ട്‌ഡോര്‍ സ്‌പേസായിരുന്നു. ലോക്ക്ഡൗണ്‍ കാരണം മാറ്റിവച്ച എക്‌സിബിഷനുകള്‍ക്കും യാത്രകള്‍ക്കും പകരം ചിലര്‍ നടത്തിയ വെര്‍ച്വല്‍ ടൂറുകളും വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോമിന്റെ പ്രസക്തി ഏറി വരുന്നുണ്ട്. വരും കാലങ്ങളില്‍ ആര്‍ക്കിടെക്ചര്‍ ഓഫിസുകളുടെ നിലനില്‍പ്പ് വെര്‍ച്വല്‍ ഓഫീസ് പോലെയുള്ള നൂതന ആശയങ്ങളില്‍ ആണെന്നത് കൊണ്ട് തന്നെ ഈ ഒരു സമയത്തെ വര്‍ക്ക് ഫ്രം ഹോം അതിലേക്കുള്ള ഒരു വാതായനം കൂടിയാണ്.

നിര്‍മ്മാണ ബുദ്ധിയിലും വിവിധ പ്രൊഫഷനുകളിലും സംഭവിച്ചിട്ടുള്ള വികാസങ്ങള്‍ മനുഷ്യന്റെ സ്വാഭാവിക കഴിവുകള്‍ക്കു പകരം ബി ഐ എം പോലെയുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് സാമ്പത്തികനേട്ടവും സമയലാഭവും കൈവരിക്കാന്‍ സഹായിക്കും എന്നതാണ് വസ്തുത. ഇത് മുന്‍നിര്‍ത്തി നിലവില്‍ തന്നെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ അവരുടെ ഭാഷയില്‍ വൈദഗ്ധ്യം കുറഞ്ഞ തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നേരത്തെ തന്നെ ഉടലെടുത്തിരുന്നു.

അത്തരം പ്രതിസന്ധികള്‍ ഇനിയും വ്യാപകമാവും. വീടുകളില്‍ നിന്നും മാറി മറ്റ് സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതില്‍ ഒരു സ്ത്രീ വിരുദ്ധ സമീപനം കൂടി ഉണ്ടായിരുന്നു എന്ന ഫെമിനിസ്റ്റുകളുടെ നിരീക്ഷണം കണക്കിലെടുക്കുമ്പോള്‍ മാറി വരുന്ന സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം മുന്നോട്ടു വെക്കുന്നത് ഒരു നയപരമായ ഉന്നമനം കൂടിയാണ് എന്നതാണ് രസകരമായ കാര്യം. ഇത് ജോലി എളുപ്പമാക്കുന്നതിനൊപ്പം കുടുംബാംഗങ്ങള്‍ക്കൊപ്പം ധാരാളം സമയം ചെലവഴിക്കാനും അവസരം നല്‍കുന്നു. ഓഫീസിലേക്ക് പോകുന്നതിനു വേണ്ട പണവും സമയവും ലാഭിക്കാനും ഇതിലൂടെ കഴിയും.

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടക്കുന്ന ഓണ്‍ലൈന്‍ മീറ്റിങ്ങുകളും ഇപ്പോള്‍ സാര്‍വത്രികമായിട്ടുണ്ട്. വീട്ടകങ്ങള്‍ പൊടുന്നനെ ഓഫിസുകളായി മാറിയതിനാല്‍ മധ്യവര്‍ഗ്ഗ കുടുംബങ്ങളില്‍ വീടിനകത്ത് സ്വസ്ഥമായിരുന്ന് വര്‍ക്ക് ചെയ്യാനുള്ള ഒരു അന്തരീക്ഷമില്ല എന്നതും, ഒരേസമയം ഗാര്‍ഹിക കാര്യങ്ങളിലും ജോലിക്കാര്യങ്ങളിലും ഇടപെടേണ്ടി വരുന്നു എന്നതും ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനു പുറമേ ഇന്റര്‍നെറ്റിന്റെ കാര്യക്ഷമതയില്ലായ്മയും മറ്റൊരു പ്രശ്‌നമാണ്. സൈറ്റുകളില്‍ നിര്‍മ്മാണങ്ങളൊന്നും ഇല്ലാതിരിക്കുമ്പോള്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സുഗമമായി നടക്കും എന്നതാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ നേരിടേണ്ടി വരുന്ന മറ്റൊരു വലിയ വെല്ലുവിളി. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ അവസാനിച്ചതിനെ തുടര്‍ന്ന് നിര്‍മ്മാണ മേഖല പതുക്കെ സജീവമാകുന്നതേയുള്ളൂ.

ഡിസൈനിങ് പൂര്‍ത്തിയായ പല വന്‍കിട പദ്ധതികളുടെയും നിര്‍മ്മാണം ഇതു വരെ തുടങ്ങിയിട്ടില്ല. പണമിടപാടുകളുടെ കാര്യത്തിലും ആശങ്കയുണ്ട്. സാമ്പത്തിക അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ നിര്‍മ്മാണ മേഖലയിലെ നിക്ഷേപത്തെക്കുറിച്ചുള്ള ആശങ്കകളും ശക്തമാണ്.

നഗരങ്ങളില്‍ വാഹനങ്ങളും തിരക്കും കുറഞ്ഞതോടെ മലിനീകരണവും കുറഞ്ഞിട്ടുണ്ട്. ഓഫീസിലേക്കും മറ്റിടങ്ങളിലേക്കുമുള്ള യാത്രകള്‍ കുറഞ്ഞതിനാല്‍ കാര്‍ബണ്‍ വികിരണത്തിലും കുറവ് വന്നിട്ടുണ്ട്. ബുദ്ധിപരമായ നീക്കങ്ങളിലൂടെ പൊതുജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞാല്‍ ഗുണകരമായ ഈ മാറ്റങ്ങള്‍ കുറച്ചുനാള്‍ കൂടി നിലനിര്‍ത്താന്‍ കഴിയും. ആളുകളുടെ രോഗപ്രതിരോധ ശേഷിക്ക് മാത്രമേ ഇനിയും മരുന്നു കണ്ടെത്തിയിട്ടില്ലാത്ത കോവിഡ് -19നെ ചെറുക്കാന്‍ കഴിയൂ. പരിസ്ഥിതിയെ മലിനപ്പെടുത്താതിരുന്നെങ്കിലേ ഈ മഹാമാരിയെ അതിജീവിക്കാനാകൂ. ലാഭക്കൊതിക്കും സ്വാര്‍ത്ഥതയ്ക്കും പകരം മാനുഷികമൂല്യങ്ങള്‍ക്കും പ്രകൃതി സൗഹാര്‍ദ്ദത്തിനും മുന്‍തൂക്കം നല്‍കുന്ന നാഗരികതയാണ് ഇനി വളരേണ്ടത്. ലോക്ക്ഡൗണിനെ തുടന്ന് വേനല്‍ക്കാലത്ത് വീടുകളില്‍ അടച്ചു പൂട്ടിയിരിക്കേണ്ടി വന്നത് ആളുകള്‍ക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുകളും സൃഷ്ടിച്ചു. അങ്ങനെ വീടുകളുടെ അകവും പുറവും തമ്മില്‍ ബന്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ പൊതുജനങ്ങള്‍ നൂതന ഡിസൈനുകളില്‍ അത്തരം മാറ്റങ്ങള്‍ വരുത്തുന്നതിനെ സ്വാഗതം ചെയ്‌തേക്കാം. കൊറോണാനന്തര ലോകത്തെ നിര്‍മ്മാണ സൈറ്റുകളില്‍ തൊഴിലാളികളുടെ എണ്ണം കുറച്ചു കൊണ്ട് മേല്‍നോട്ടത്തിനായി ഡ്രോണുകളേയും സാധനങ്ങള്‍ കൈമാറ്റം ചെയ്യാനായി റോബോട്ടുകളേയും നിയോഗിക്കാന്‍ ഇടയുണ്ട്.

ഭാവിയില്‍ ഒരു പക്ഷേ പൊതു ഇടങ്ങളില്‍ മെറ്റല്‍ ഡിറ്റക്റ്റര്‍ നിര്‍ബന്ധമായത് പോലെ താപനില പരിശോധിക്കാനുള്ള സംവിധാനങ്ങളും ഇനി വ്യാപകമായേക്കും. മനുഷ്യര്‍ തമ്മില്‍ നേരിട്ടുള്ള ഇടപെടലുകള്‍ പരമാവധി കുറയ്ക്കുന്ന മുഖം തിരിച്ചറിഞ്ഞ് തുറക്കുന്ന വാതിലുകള്‍, ക്ലൗഡ് സാങ്കേതിക വിദ്യയാല്‍ നിയന്ത്രിക്കപ്പെടുന്ന സ്വിച്ചുകള്‍ തുടങ്ങിയ യന്ത്രവത്കൃത സംവിധാനങ്ങളും നഗരത്തില്‍ ഇനി സര്‍വ്വസാധാരണമാകും. പുതിയ ദിശയിലുള്ള ഒട്ടേറെ മാറ്റങ്ങള്‍ കൊറോണാനന്തര ആര്‍ക്കിടെക്ചര്‍ ലോകത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.


‘വീട്ടിലിരിക്കൂ സുരക്ഷിതരാകൂ’ എന്ന് ആവര്‍ത്തിക്കുമ്പോഴും നിസ്സഹായരും ഭവനരഹിതരുമായി തെരുവില്‍ അലയുന്നവരുടെ നിലവിളികളും കോവിഡ് ബാധിച്ചു മരിച്ച ലക്ഷക്കണക്കിന് സാധാരണ മനുഷ്യരുടെയും പ്രതിഭാധനരായ ആര്‍ക്കിടെക്റ്റുകളായ വിട്ടോറിയോ ഗ്രിഗോറ്റി, മൈക്കല്‍ സോര്‍ക്കിന്‍, റിഫാറ്റ് ചാദിര്‍ജി എന്നിവരുടെയും വിയോഗവും ലോകമനസ്സാക്ഷിയെ സങ്കടപ്പെടുത്തുക തന്നെ ചെയ്യും.

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*