വീട് ഒരു അനുഭവം

കന്റംപ്രറി ഡിസൈന്‍ നയത്തിലെ നേര്‍രേഖകളുടെ സംയോജനത്തിലൂടെ ഉരുത്തിരിഞ്ഞ സൗന്ദര്യമാണ് എക്സ്റ്റീരിയറിന്

മതിയായ പ്രകാശം, പരസ്പര ബന്ധിതമായ അകത്തളം, ആവശ്യത്തിനു സ്വകാര്യത. വീട്ടിനുള്ളിലെ ഓരോ ഇടവും അറിഞ്ഞ് ജീവിക്കുവാന്‍ ഉതകുന്ന, സന്തോഷവും ഐക്യവും പ്രദാനം ചെയ്യുന്ന ഒരു അഭയസങ്കേതം. ഈ സങ്കല്പത്തിലാണ് ഗുരുവായൂരിനു സമീപം തമ്പുരാന്‍പടിയില്‍ ഒരുക്കിയിരിക്കുന്ന ഈ വീട്. ശിവപ്രസാദിനും വിജയലക്ഷ്മിക്കും വേണ്ടി ഈ വീടൊരുക്കിയിരിക്കുന്നത് ആര്‍ക്കിടെക്റ്റ് ശ്രീനാഥ് പൊന്നേത്ത് ആണ്.


കന്റംപ്രറി ഡിസൈന്‍ നയത്തിലെ നേര്‍രേഖകളുടെ സംയോജനത്തിലൂടെ ഉരുത്തിരിഞ്ഞ സൗന്ദര്യമാണ് എക്സ്റ്റീരിയറില്‍. ഗ്രേ, വൈറ്റ് നിറങ്ങള്‍ക്ക് ഇടയില്‍ ക്ലാഡിങ്ങിന്റെ ഇരുണ്ട നിറത്തിനും ലാന്‍ഡ്‌സ്‌കേപ്പിലെയും ടെറസിലെയും പച്ചപ്പിനും ചെറുതല്ലാത്ത സ്ഥാനമുണ്ട്. വീടിനുള്ളിലേക്ക് കടന്നാല്‍ വെള്ളനിറത്തിനാണ് എങ്ങും പ്രാധാന്യം.

വെളിച്ചം, വെണ്‍മ ഈ ഘടകങ്ങളെ ഇന്റീരിയറൊരുക്കുവാന്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്നു കാണിച്ചുതരുന്നു, ഈ അകത്തളം. മിനിമലിസ്റ്റിക് നയത്തെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും നടപ്പിലാക്കിയിരിക്കുന്ന കോര്‍ട്ട്‌യാര്‍ഡുകള്‍ കൊണ്ട് പരസ്പരവും പ്രകൃതിയുമായും ബന്ധിപ്പിച്ചിരിക്കുന്ന അകത്തളം കൂടിയാണിത്. വെണ്‍മയ്ക്കും വെളിച്ചത്തിനും ഒപ്പം പ്രാധാന്യം പച്ചപ്പിനും നല്‍കിയിരിക്കുന്നു.

ഗ്രൗണ്ട് ഫ്‌ളോറില്‍ തന്നെ നാല് ഗ്രീന്‍സ്‌പേസുകള്‍ നല്‍കിയിരിക്കുന്നു. ഫോയര്‍, ലിവിങ്, സ്റ്റെയര്‍കേസ്, ഡൈനിങ് ഏരിയ പുറത്ത് പാഷ്യോ; ഈ നാല് ഗ്രീന്‍ സ്‌പേസുകള്‍ അകത്തളത്തിലെ എല്ലായിടത്തും സാന്നിധ്യമാവുന്നു.

പച്ചപ്പിന്റെ സാന്നിധ്യമുള്ളതു കൊണ്ടു തന്നെ ഏറെ പുതുമയും, അടുപ്പവും അനുഭവപ്പെടുന്നുണ്ട് ഓരോ ഏരിയകളിലും. സ്റ്റെയര്‍കേസിനടിയില്‍ തീര്‍ത്തിട്ടുള്ള കോര്‍ട്ട്‌യാര്‍ഡാണ് ഡൈനിങ്ങില്‍ പച്ചപ്പു നിറയ്ക്കുന്നത്. ലിവിങ്ങിനു കാഴ്ചവിരുന്നേകാന്‍ കോര്‍ട്ട്‌യാര്‍ഡുമുണ്ട്.

ഗ്ലാസ് ചുമരുകള്‍ക്കും സ്‌കൈലിറ്റിനും അകത്തളത്തില്‍ വെളിച്ചമെത്തിക്കുന്നതില്‍ സുപ്രധാന സ്ഥാനമുണ്ട്. ലിവിങ്, ഡൈനിങ്, സ്റ്റെയര്‍കേസ് ഏരിയ എന്നിവയെല്ലാം തുറന്ന സമീപനത്തോടെയാണ്.

കൗതുകവസ്തുക്കളോ, ഫര്‍ണ്ണിച്ചറോ ഒന്നും അമിതമായി കുത്തിനിറച്ചിട്ടില്ല. ഈ മിനിമലിസ്റ്റിക് നയം അകത്തളം വിശാലമാക്കുന്നു. ഡൈനിങ്ങിന്റെ പുറത്ത് ഒരുക്കിയിരിക്കുന്ന ഡൈന്‍ ഔട്ട് ഏരിയ ക്ലാഡിങ്ങിനാല്‍ ശ്രദ്ധേയമാണ്.

പുറംകാഴ്ചകള്‍ ആസ്വദിച്ചിരിക്കുവാനും ഒരു അനൗപചാരിക സിറ്റിങ് ഏരിയയായും ഇവിടം ഉപയോഗിക്കാം. മുകളിലും താഴെയുമായി നാലുകിടപ്പുമുറികള്‍ ഫാമിലി ലിവിങ്ങിനും ബാര്‍ ഏരിയയ്ക്കും സ്ഥാനം മുകള്‍നിലയിലാണ്.

കുടുംബത്തിലെ ഓരോരുത്തരുടെയും ആവശ്യങ്ങളെ മാനിച്ചു കൊണ്ടാണ് കിടപ്പുമുറികള്‍ തയ്യാറാക്കിയിട്ടുള്ളത്. പൂജാ ഏരിയ മ്യൂറല്‍ പെയിന്റിങ്ങിന്റെ ഭംഗി നിറച്ചുകൊണ്ടാണ്;

കിച്ചന്‍ ധാരാളം സ്റ്റോറേജ് സൗകര്യത്തോടെ തീര്‍ത്തിരിക്കുന്നു. അടുക്കളയ്ക്ക് ഇന്റീരിയര്‍ ഒരുക്കുവാന്‍ രണ്ടുതരം കളര്‍ടോണുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ബ്ലൂ, റെഡ്, ഗ്രീന്‍ എന്നീ നിറങ്ങള്‍ മൊത്തത്തിലുള്ള വെണ്‍മയ്ക്കും വെളിച്ചത്തിനുമിടയില്‍ കോണ്‍ട്രാസ്റ്റായി വര്‍ത്തിച്ചുകൊണ്ട് എടുപ്പുനല്‍കുന്നു.

സ്റ്റീല്‍, പ്ലൈവുഡ്, വൈറ്റ് ലാമിനേറ്റ് എന്നിവയാണ് മറ്റ് പ്രധാന സാമഗ്രികള്‍. വീടിന്റെ അകവും പുറവും അതില്‍ താമസിക്കുന്നവര്‍ക്ക് ഒരു അനുഭവമായി ആസ്വദിക്കുവാന്‍ കഴിയുന്നു.

ഏതൊരു വീടിനും അതിന്റേതായ ഒരു താളവും ഭാവവും ഉണ്ടാവും. അതിരിക്കുന്ന സ്ഥലത്തിനനുസരിച്ചാണിത് രൂപപ്പെടുക. അങ്ങനെയുള്ള അതിന്റെ സ്വാഭാവികത, തനിമ ഇവയൊക്കെ ഉള്‍ക്കൊണ്ടുള്ള തനിമയാര്‍ന്ന നിര്‍മ്മിതിയാണ് ഈ വീട്.

FACT FILE

  • Architect: Ar.Sreenadh Ponneth
  • Project Type : Residential house
  • Owner : Sivaprasad & Vijayalakshmi
  • Location : Guruvayur
  • Year Of Completion : 2019
  • Area : 3150 Sq.Ft
  • Photography : Shijo Thomas
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*