Last Updated: October 06, 2024
സ്യൂഡോ സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍

സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍ എന്ന പ്രയോഗം ഇന്ന് ആര്‍ക്കിടെക്ചര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുകയും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുകയും ചെയുന്ന ഒന്നാണ്. എന്താണ് സസ്റ്റൈനബിലിറ്റി എന്ന ധാരണയില്ലാതെ സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍ എന്ന പേരില്‍ നിര്‍മിക്കപ്പെടുന്ന പ്രോജക്റ്റുകള്‍ ഒട്ടനവധിയാണ്. കൂടുതല്‍ സ്ഥലവും പണവും നിര്‍മ്മാണ സാമഗ്രികളും ദുരുപയോഗം ചെയ്യുകയും ധൂര്‍ത്തടിക്കുകയും ചെയ്തിരിക്കുന്ന പ്രോജക്റ്റുകള്‍ അടക്കം സസ്റ്റൈനബിള്‍ എന്ന ലേബലില്‍ മാര്‍ക്കറ്റ് ചെയ്യുന്നതായി പലയിടത്തും കാണുന്നു. ഇതിനെപ്പറ്റി ആഴത്തില്‍ മനസ്സിലാക്കാത്ത പൊതുജനങ്ങള്‍ അത് കാണുകയും അതാണ് ശരി എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. അതിനൊരു മാറ്റം വരേണ്ടതുണ്ട്.

ഇന്നത്തെ ആവശ്യങ്ങളെ പരിഗണിക്കുകയും അതേ സമയം ഭാവിയെക്കുറിച്ചുള്ള കരുതല്‍ ഉണ്ടായിരിക്കുകയും ചെയ്യുക എന്നതാണ് സുസ്ഥിര വാസ്തുവിദ്യയുടെ അടിസ്ഥാനം. പ്രകൃതിയെ മുറിവേല്പിക്കാത്തതും പ്രകൃതിയുടെ സ്വാഭാവിക പ്രക്രിയകളെ തകിടം മറിക്കാത്തതും അതേ സമയം ആധുനിക ജീവിതരീതിയിലെ ആവശ്യങ്ങളോട് മുഖം തിരിക്കാത്തതുമായ രൂപകല്‍പ്പനയാണ് ഹരിത-സുസ്ഥിര വാസ്തുവിദ്യയുടെ മുഖമുദ്ര. ഭൂപ്രകൃതിക്ക് അനുയോജ്യമായി പരിസരത്തെയും ആവാസവ്യവസ്ഥയെയും പരമാവധി പരിരക്ഷിച്ച് കെട്ടിടങ്ങളൊരുക്കുകയും, തനത് നിര്‍മ്മാണ രീതികളെ ശാസ്ത്രീയമായ അറിവുകളുടെ വെളിച്ചത്തില്‍ പുനര്‍നിര്‍വചിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇങ്ങനെ നമുക്ക് സുസ്ഥിര വാസ്തുവിദ്യ എന്തെന്ന് മനസിലാക്കാം. ഏറ്റവും കൂടുതല്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് വാസ ഗൃഹങ്ങളാണ്. മറ്റേതു കെട്ടിടങ്ങളെക്കാളും ഏറ്റവും കൂടുതല്‍ മുളച്ചു പൊന്തുന്നത് വീടുകളാണെന്നു പറയാം. അവിടെ ഇത് എങ്ങനെ പ്രോജക്റ്റിലേക്കു കൊണ്ടുവരണം എന്ന് ചോദിച്ചാല്‍ നമ്മള്‍ ആദ്യം ചെയ്യേണ്ടത് നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ സ്ഥലവും നിര്‍മ്മാണ സാമഗ്രികളും മാത്രം ഉപയോഗിച്ചുകൊണ്ട് രൂപകല്‍പന നടത്തുക എന്നതാണ്. ഉദാഹരണത്തിന് 4000 ചതുരശ്രയടി മാത്രം ആവശ്യമായ ഒരു പ്രോജക്റ്റ് അനാവശ്യമായി 5500 ചതുരശ്രയടി വരെ വലിച്ചു നീട്ടുമ്പോള്‍ തന്നെ അതിന്റെ ആദ്യ ഘട്ടം താളം തെറ്റുന്നു. പ്ലാനിങ്ങിലും ബാഹ്യഭംഗിയിലും അനാവശ്യമായി സങ്കീര്‍ണത കൊണ്ട് വരുന്നതിലൂടെ കൂടുതല്‍ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിക്കേണ്ടി വരികയും ഒപ്പം പരിപാലന ചെലവ് വര്‍ധിക്കുകയും ചെയ്യും. ഇതോടെ രണ്ടാം ഘട്ടവും താറുമാറാകും. ഇങ്ങനെ ഒരു ഗൃഹ നിര്‍മാണത്തിന്റെ ആദ്യ ഘട്ടങ്ങള്‍ എല്ലാം തന്നെ അശ്രദ്ധമായി കൈകാര്യം ചെയ്തുകൊണ്ടാണ് പലപ്പോഴും നിര്‍മാണ ഘട്ടത്തിലേക്ക് എത്തുന്നത്.

നിര്‍മ്മാണത്തിന് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ അംഗീകരിച്ച സാമഗ്രികള്‍ ഉപയോഗിച്ചതുകൊണ്ടു മാത്രം അത് സസ്റ്റൈനബിള്‍ ആവില്ല. ഗ്രീന്‍ ബില്‍ഡിങ് ഗൈഡ് ലൈന്‍സ് പ്രകാരമുള്ള സാമഗ്രികള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുകയും വ്യയക്ഷമമായി ഉപയോഗിക്കുകയുമാണ് വേണ്ടത്. Igbc / griha എന്നിവയോ മറ്റു സ്ഥാപനങ്ങളോ നല്‍കുന്ന ഗ്രീന്‍ റേറ്റിങ്ങിന് പ്ലാനിങ് ഘട്ടം എളുപ്പം പരിശോധിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ അതിനു പ്രത്യേകം നിയമങ്ങള്‍ ഇല്ല. രൂപകല്‍പന തയ്യാറാക്കുന്നവര്‍ കൂടുതല്‍ കൃത്യതയോടെ അതിനെ സമീപിച്ചാല്‍ മാത്രമാണ് അത് ഭംഗിയായി ചെയ്യാന്‍ കഴിയുക.ബാഹ്യ ഘടനയ്ക്ക് മാത്രം പ്രാധാന്യം നല്‍കി വീട്ടുകാരുടെ ആവശ്യങ്ങള്‍ പോലും വിട്ടുവീഴ്ച ചെയ്തുകൊണ്ട് ട്രെന്‍ഡ് അനുസരിച്ചു ഡിസൈന്‍ ചെയ്യുന്ന രീതി അടുത്തിടെയായി വ്യാപകമാകുന്നുണ്ട്. ഇത്തരം നിര്‍മ്മിതികളില്‍ പ്ലാനിങ് ഘട്ടത്തിന് പ്രാധാന്യം കുറവാണ്. ഇത് നമ്മള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറം പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

കാലത്തിന്റെ ആവശ്യത്തിന് അനുസരിച്ചു മാറ്റം വരുത്താനാവാത്ത വീടുകള്‍ ഇനിയങ്ങോട്ടുള്ള സമൂഹത്തിനു വലിയ ബാധ്യതയാണ്. 15 ലക്ഷത്തിലധികം കെട്ടിടങ്ങള്‍ കേരളത്തില്‍ ഉപയോഗശൂന്യമായി കിടക്കുന്നു എന്ന് പറയപ്പെടുന്നു. വില്ക്കാനാകാത്തതും ഒരുപാടു കിടക്കുന്നു. വളരെ കുറച്ചു മാത്രം പഴക്കമുള്ള കെട്ടിടങ്ങള്‍ പോലും വാങ്ങാന്‍ ആള്‍ക്കാരില്ല. കാരണം ആവശ്യത്തിന് സൗകര്യങ്ങള്‍ ഇല്ല എന്ന് മാത്രമല്ല വില കൂടുതലുമാണ് എന്നത് തന്നെ. പ്ലാനിങ് ശ്രദ്ധിക്കാതെ വീട് പണിയുകയും ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു സൗകര്യം പോരെന്നു തോന്നുമ്പോള്‍ കൂട്ടിച്ചേര്‍ക്കാനോ മാറ്റം വരുത്താനോ ആകാതെ വരികയും പൊളിച്ചു പുതിയത് പണിയുകയും ചെയ്യുന്നു. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും അശാസ്ത്രീയമായതും അസൗകര്യം സമ്മാനിക്കുന്നതുമായ പല നിര്‍മ്മിതികളും ഇങ്ങനെ വില്‍ക്കാന്‍ കഴിയാതെ കിടക്കുന്നതു കാണുമ്പോള്‍ പേടി തോന്നുന്നു. സമീപ ഭാവിയില്‍ ഇതൊക്കെ വലിയൊരു മലിനീകരണ പ്രശ്‌നമായി വരാനുള്ളതാണെന്നു കൂടെ ഓര്‍ക്കണം.

സുരക്ഷിതമായ സ്റ്റീല്‍ ഇല്ലെങ്കില്‍ കോണ്‍ക്രീറ്റ് ഘടനയ്ക്കു ഭാവിയില്‍ ആവശ്യത്തിനനുസരിച്ചു മാറ്റം വരുത്താന്‍ കഴിയും എന്ന ഒരു പ്രത്യേകതയുണ്ട്. അതിനനുസരിച്ചു രൂപകല്‍പന ചെയ്താല്‍ മാത്രം. ഒരുപാടു മടക്കുകളും കൂട്ടിച്ചേര്‍ക്കലുകളും വരുന്ന രീതിയില്‍ കെട്ടിടം പ്ലാന്‍ ചെയ്യുമ്പോള്‍ ഭാവിയില്‍ അത് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. വില്‍ക്കാനാകാത്ത ഈ വീടുകളൊക്കെയും സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി രൂപകല്‍പന ചെയ്ത അല്ലെങ്കില്‍ ഭാവി കൂടെ മുന്നില്‍ കണ്ടു പണിതിരുന്നതാണെങ്കില്‍ ഇത്രയും മാലിന്യം ഇവിടെ ഉണ്ടാവാന്‍ സാധ്യതയില്ല. കേരളത്തിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ശാരദ മുരളീധരന്‍ IAS പറഞ്ഞത് ഓര്‍ക്കുന്നു. വലിയ പ്രശ്‌നങ്ങളിലേക്കാണ് നമ്മള്‍ കാലെടുത്തു വയ്ക്കാന്‍ പോകുന്നത് എന്നൊരു തിരിച്ചറിവ് കൂടെ കെട്ടിട രൂപകല്‍പന ഘട്ടത്തില്‍ ഉണ്ടാവട്ടെ.

കോസ്റ്റ് എഫക്റ്റീവ് ആയി പ്രോജക്റ്റ് ചെയ്യുന്നു എന്ന് പറയുമ്പോഴും പലരും അറിയാതെ തന്നെ ട്രെന്‍ഡ് പിന്തുടരാനായി അതെല്ലാം മറക്കുന്നു എന്നത് മറ്റൊരു സത്യം. 50 ലക്ഷം രൂപ വിലമതിപ്പു കാണുന്ന ഒരു കെട്ടിടത്തിന് ഒരു കോടിയിലേറെ രൂപ ചിലവായിട്ടുണ്ടെന്നു പറയുമ്പോള്‍ അത്ഭുതം തോന്നിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങള്‍ ഒട്ടും ഇല്ലാതെ ആധുനിക സാങ്കേതിക വിദ്യകള്‍ വേണ്ട വിധം ഉപയോഗിക്കാതെ കോടിയിലേറെ രൂപ മുടക്കി ശില്പങ്ങള്‍ പോലെ വീടുകള്‍ പണിയുന്നത് വലിയ സാമൂഹിക പ്രശ്‌നമുണ്ടാക്കുന്ന പ്രവണതയാണ്.

ഒരു വ്യക്തി തങ്ങളുടെ വീടിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ എല്ലാം അറിയുന്നത് റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റില്‍ എത്തുമ്പോഴാണ്. അതുവരെ അതിന്റെ കുറവുകള്‍ ആള്‍ക്കാര്‍ മനസ്സിലാക്കാറില്ല, അതിനു ശ്രമിക്കാറില്ല എന്നതാണ് സത്യം. കോടികള്‍ മുടക്കി ഒരു നിര്‍മാണം നടത്തുമ്പോള്‍ അത് മനുഷ്യനോ സമൂഹത്തിനോ പരിസ്ഥിതിക്കോ ഒരു ബാധ്യതയാകാതെ ശ്രദ്ധിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്, ഉത്തരവാദിത്തമാണ്.

ഭൂകമ്പ സാധ്യതാ മേഖലയായ സോണ്‍ 3 യില്‍ ആയിട്ടുപോലും കെട്ടിടത്തിന്റെ ഘടനയുടെ സുരക്ഷയ്ക്ക് പ്രാധാന്യമില്ലാതെയാണ് വലുപ്പമുള്ള വീടുകള്‍ പോലും കേരളത്തില്‍ നിര്‍മ്മിക്കപ്പെടുന്നത്. കെട്ടിട ഘടനയുടെ സുരക്ഷയ്ക്കായി ഇവിടെ നിയമം ഒന്നും തന്നെ ഇല്ല. നമ്മള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് കൊള്ളാം എന്ന രീതിയില്‍ ആലോചിക്കേണ്ടി വരും. ഒരു കെട്ടിടത്തിന്റെ സ്ട്രക്ചര്‍ വളരെ താങ്ങാവുന്ന ചിലവില്‍ തന്നെ സുരക്ഷയുള്ളതോടു കൂടെ നിര്‍മ്മിക്കാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ഭംഗിയും ക്രിയാത്മകതയും സാങ്കേതികത്വവും സൗകര്യങ്ങളും സുരക്ഷയും സമന്വയിപ്പിക്കുമ്പോള്‍ മാത്രമേ നല്ല കെട്ടിടങ്ങള്‍ ഉണ്ടാവുകയുള്ളു. ബാലന്‍സ്ഡ് അല്ലാത്ത എല്ലാ സൃഷ്ടികളും പരിസ്ഥിതിക്ക് ഭാരമാണ്. ഇനിയൊരു ദുരന്തം വന്നു കഴിയുമ്പോള്‍ നമുക്ക് വലിയ നഷ്ടമാണ് സംഭവിക്കാന്‍ പോവുന്നത്. പരിഹരിക്കാനാവാത്ത മലിനീകരണ പ്രശ്‌നങ്ങളടക്കം. അത്യാവശ്യ സ്ഥലവും അത്യാവശ്യ സാമഗ്രികളും ഉപയോഗിച്ചുകൊണ്ട് സുരക്ഷയോടു കൂടെ ഭാവി മുന്നില്‍ കണ്ടുകൊണ്ടു തന്നെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാനായി ശ്രമിക്കുക എന്നുള്ളതാണ് പോംവഴി.

- VIPIN PADMANABHAN

BFA, M.Sc, PGDESD, APGDRE

Director of design,

Vipin arathi architects

Founder & design director

Mouris mansions

Newsletter

Subscribe our latest news/publications.

www.designerpublications.com
CERA

Quick Links

2022-2023 © Designer Publications Kerala Pvt.Ltd.. All Rights Reserved.