29 ലക്ഷത്തിന് കാലിക വസതി

എന്താണോ ഉള്ളത് അതിന്‍റെ പരിധിയിലും പരിമിതിയിലും ഒതുങ്ങി നിന്നുകൊണ്ട് ജീവിക്കുവാനാവശ്യമായ വീടു നിര്‍മ്മിക്കുക. വരുംകാല വസതികള്‍ ഇങ്ങനെയുള്ളതായിരിക്കും

കൊല്ലത്ത് കടവൂരിലുള്ള ശര്‍മ്മ ചന്ദ്രന്‍റെയും ആഷാദേവിയുടെയും വീട് പണിയെക്കുറിച്ചു പറഞ്ഞാല്‍ ഇവര്‍ക്ക് ആകെയുണ്ടായിരുന്നത് വീടു പണിയുക എന്ന ലക്ഷ്യത്തോടെ താമസിക്കുന്ന വീടിനോട് ചേര്‍ന്ന് ഇവരുടെ പിതാവ് കെട്ടിയിരുന്ന തറ മാത്രമായിരുന്നു (ഫൗണ്ടേഷന്‍).

അത് കുറച്ചുകാലം പണി തടസ്സപ്പെട്ട് കിടന്നു. ഇതിനിടയില്‍ പിതാവ് മരണപ്പെട്ടു. പിന്നീട് ശര്‍മ്മ ചന്ദ്രന്‍ വീടുപണിയേക്കുറിച്ച് ഗൗരവമായി ആലോചിച്ചപ്പോള്‍ തന്‍റെ അച്ഛന്‍ തനിക്കുവേണ്ടി തുടങ്ങിവച്ച അടിത്തറ എന്ന പരിഗണന അവിടെ തന്നെ വീടുകെട്ടുവാന്‍ പ്രേരിപ്പിച്ചു.

കയ്യിലുള്ള ഏതാനും ലക്ഷങ്ങളുമായി വീടുപണിക്ക് ഇറങ്ങിത്തിരിക്കുമ്പോള്‍ ഈ കുടുംബം ഏറെയൊന്നും ആലോചിച്ചില്ല. തങ്ങളുടെ സുഹൃത്തിന്‍റെ പരിചയത്തിലുള്ള ആര്‍ക്കിടെക്റ്റ് വിദ്യാ കമ്മത്തിനെ സമീപിക്കുകയാണ് ചെയ്തത്.

“ഞങ്ങള്‍ക്ക് ഒരു കൊച്ചുവീടു വേണം പ്രകൃതിയോട് ഇണങ്ങുന്നതായാല്‍ നല്ലത്. ആര്‍ഭാടം ഒട്ടും വേണ്ട.

അച്ഛനും അമ്മയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബമാകയാല്‍ മൂന്നു കിടപ്പുമുറികള്‍ വേണം.” എന്നീ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ആര്‍ക്കിടെക്റ്റ് വിദ്യയും എഞ്ചിനീയര്‍ പ്രമോദും ചേര്‍ന്ന് നിലവിലുള്ള തറയില്‍ തന്നെ വീടുപണിയാരംഭിച്ചു.

ALSO READ: 4 സെന്റില്‍ കോംപാക്റ്റ് ഹോം

ചെലവു ചുരുക്കലിന്‍റെ വഴികള്‍ ഞങ്ങളും ഗൃഹനാഥനും ഒരുമിച്ചിരുന്നു കൂടിയാലോചിച്ചു. എന്തൊക്കെ തനിയെ ചെയ്യാനാകും എന്ന് കണ്ടെത്തി. വേണ്ടതും, വേണ്ടാത്തതും ഉള്ളതും ഇല്ലാത്തതും എല്ലാം വേര്‍തിരിച്ച് ഒരു തീരുമാനത്തിലെത്തി.

ചെലവു കുറയ്ക്കാനായി സ്റ്റീല്‍ സ്ട്രക്ചര്‍ മാതൃകയാണ് സ്വീകരിച്ചത്. ഗൃഹനാഥന്‍ സ്റ്റീല്‍ വര്‍ക്കര്‍ ആയിരുന്നതുകൊണ്ട് സ്റ്റെയര്‍കേസ്, ഫര്‍ണിച്ചര്‍, പാര്‍ട്ടീഷന്‍ ഷെല്‍ഫുകള്‍, ജനലുകള്‍ അങ്ങനെയുള്ളതെല്ലാം സ്വയം ഫ്രെയിം വര്‍ക്ക് ചെയ്ത് എടുക്കാമെന്നതായിരുന്നു കൂടിയാലോചനയിലൂടെ വെളിവായ വലിയൊരു സാധ്യത.

സ്റ്റീല്‍ ഫ്രെയിം നല്‍കി കോറുഗേറ്റഡ് ഷീറ്റ് വിരിച്ച് അതിനു മുകളില്‍ കോണ്‍ക്രീറ്റ് ചെയ്താണ് ഫസ്റ്റ് ഫ്ളോര്‍ നിര്‍മ്മിച്ചത്. ഇങ്ങനെ ചെയ്തതുമൂലം മെറ്റീരിയല്‍ കോസ്റ്റ്, ലേബര്‍ കോസ്റ്റ്, സീലിങ് വര്‍ക്ക്, പ്ലാസ്റ്ററിങ് എന്നിവയ്ക്കെല്ലാം വരുമായിരുന്ന ചെലവുകള്‍ ഒഴിവാക്കാനായി.

സ്റ്റീല്‍ ഫ്രെയിമും ‘ഐ’ സെക്ഷനുകളും ചേര്‍ന്നുള്ള സ്ട്രക്ചറില്‍ ഹുരുഡീസ് ബ്ലോക്കുകള്‍ കൊണ്ട് ചുമരുകള്‍ തീര്‍ത്തു. റൂഫിന് ഷീറ്റാണ് തെരഞ്ഞെടുത്തത്.

ലിവിങ്, ഡൈനിങ്, കിച്ചന്‍, വര്‍ക്കേരിയ, മൂന്നു കിടപ്പുമുറികള്‍, അപ്പര്‍ലിവിങ്, ബാത്റൂമുകള്‍ എന്നിങ്ങനെയാണ് വീടിന്‍റെ ഏരിയകള്‍. സ്ട്രക്ചര്‍ ഡിസൈനിങ്ങു കൊണ്ട് രൂപപ്പെട്ടു വന്ന അകത്തള ഭംഗി മാത്രമാണ് വീടിനുള്ളത്.

YOU MAY LIKE: അരസെന്റില്‍ 8 ലക്ഷത്തിന് കിടിലന്‍ വീട്

വീടിന്‍റെ ഓരോ ഭാഗവും വീട്ടുകാരുടെ കരവിരുതിലും ഉത്സാഹത്തിലും രൂപകൊണ്ടവയാണ്. ഹുരുഡീസ് ബ്ലോക്കുകളുടെ സ്വാഭാവിക നിറങ്ങള്‍ക്കിടയില്‍ ചാരനിറമുള്ള തറയും വാതിലുകളും ജനാലകളും ഷെല്‍ഫുകളും കോണ്‍ട്രാസ്റ്റായി നില്‍ക്കുന്നു.

ഇതൊരു മൊഡ്യൂള്‍ഡ് ഹൗസാണ് എന്നു വേണമെങ്കില്‍ പറയാം. എല്ലാവിധ ഇന്‍റീരിയര്‍ എക്സ്റ്റീരിയര്‍ വര്‍ക്കുകളും ഉള്‍പ്പെടെ ചെലവു വന്നത് 29 ലക്ഷമാണ്.

സ്ട്രക്ചര്‍ മാത്രം 22 ലക്ഷത്തിനു തീര്‍ന്നു; സ്റ്റീല്‍ ഫാബ്രിക്കേറ്റഡ് വര്‍ക്കുകളെല്ലാം ഗൃഹനാഥന്‍ സ്വയം ചെയ്തതുകൊണ്ട് ഒരുപാട് പണവും, ലേബര്‍കോസ്റ്റും ലാഭിക്കുവാനായി.

പ്ലോട്ടിലേക്ക് വാഹനസൗകര്യം, പ്രത്യേകിച്ച് ലോറി കയറാനുള്ള സൗകര്യമില്ലാതിരുന്നതിനാല്‍ മെറ്റീരിയല്‍ ഇറക്കുവാനും മറ്റുമായി വേണ്ടി വന്ന അധികച്ചെലവുകള്‍ക്ക് എല്ലാം പരിഹാരമായത് വീട്ടുകാര്‍ വീടുപണിയില്‍ സഹകരിച്ചത് കൊണ്ടാണ്.

ALSO READ:പഴയ തറവാട് പോലെ

ക്ലയന്‍റിന്‍റെ ധനസ്ഥിതി മാത്രമല്ല അയാള്‍ക്ക് വീടുപണിയില്‍ മറ്റെങ്ങനെയെല്ലാം സംഭാവന ചെയ്യാന്‍ കഴിയും എന്നു കൂടി കണ്ടറിഞ്ഞ് ഉപയോഗപ്പെടുത്തുവാനുള്ള ആര്‍ക്കിടെക്റ്റിന്‍റെ മനസ്, കുറവുകളെ നിറവുകളാക്കാനുള്ള വിവേകം, പണിക്കൂലി കുറഞ്ഞ മെറ്റീരിയലുകളുടെ തെരഞ്ഞെടുപ്പ്, അവയുടെ ഫലപ്രദമായ ഉപയോഗം, ഇവയൊക്കെയാണ് ഈ വീടു നിര്‍മ്മാണം വിജയകരമാക്കിത്തീര്‍ത്തത്.

എന്താണോ ഉള്ളത് അതിന്‍റെ പരിധിയിലും പരിമിതിയിലും ഒതുങ്ങി നിന്നുകൊണ്ട് ജീവിക്കുവാനാവശ്യമായ വീടു നിര്‍മ്മിക്കുക. വരുംകാല വസതികള്‍ ഇങ്ങനെയുള്ളതായിരിക്കും.

Project Details

  • Architect & Engineer: Ar. Vidya Kammath & Er. Pramod Kumar B (DRF, Kollam)
  • Project Type: Budget Home
  • Client: V R Sharma Chandran & Ashadevi
  • Location: Kadavur, Kollam
  • Area: 1600 Sq.Ft
പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*